- dennyvattakunnel
- December 6, 2020
- Uncategorized
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ്, ഉന്നത ബിരുദങ്ങൾ, രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബവേരുകൾ, 15 വർഷങ്ങൾക്കിടയിൽ നിരന്തരമായുണ്ടായ വീട്ടുതടങ്കലിനിടയിൽ പട്ടാള ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയ സമാധാനത്തിന്റെ പോരാളി, സ്വന്തം രാജ്യത്തെ ജനാധിപത്യപാതയിലേക്ക് തിരികെ കൊണ്ടുവന്ന ജനനായിക, ഇതൊക്കെയാണ് രണ്ടാം പ്രാവശ്യവും മ്യാൻമറിലെ ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ എൽ ഡി)യുടെ നേതാവും സ്റ്റേറ്റ് കൗൺസിലറുമായ ഓങ് സാൻ സ്യൂചി.
സ്യൂചി എന്ന ജനനേതാവിന്റെ വിപുലമായ ജനപിന്തുണയുടെ തെളിവാണ് 2020 ലെ തിരഞ്ഞെടുപ്പ്വിജയവും. പക്ഷെ വിജയത്തിളക്കത്തിനിടയിലും മ്യാൻമറിലെ ന്യൂനപക്ഷ പീഡനങ്ങളെ കണ്ടില്ലെന്നു നടിച്ചു എന്ന ആരോപണത്തെ തുടർന്ന് നഷ്ടപ്പെട്ട സൂചിയുടെ അന്താരാഷ്ട്ര പ്രതിച്ഛായ ഉയർന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. പട്ടാള ഭരണകൂടത്തിനെതിരെ നടത്തിയ സമരങ്ങളിലൂടെ ലോകമെമ്പാടും നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു സ്യൂചിയുടേത്. ജനാധിപത്യ അവകാശങ്ങൾക്കായി ഗാന്ധിമാർഗ്ഗത്തിലൂടെ അവർ നടത്തിയ സമാധാനപരമായ പോരാട്ടം സ്യൂചിയ്ക്ക് അന്ന് സാർവ്വദേശിയ തലത്തിൽ നേടിക്കൊടുത്തത് സമാനതകളില്ലാത്ത പ്രതിച്ഛായയാണ്. ആ പ്രതിച്ഛായ തന്നെയാണ് അവരെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാക്കിയതും.
സ്യൂചിയുടെ പിതാവ് ഓങ് സാൻ മ്യാന്മാറിന്റെ (ബർമ്മ) സ്വാതന്ത്ര്യ സമര നായകനും, രക്തസാക്ഷിയും, രാഷ്ട്രപിതാവുമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ പോരാടിയ അച്ഛന്റെ സമരവീര്യം ഒട്ടും കുറയാതെ തന്നെ സ്യൂചിയ്ക്കുമുണ്ടായിരുന്നു. 1962 മുതൽ അട്ടിമറിയിലൂടെ അധികാരം കൈവശപ്പെടുത്തിയ പട്ടാള ഭരണകൂടത്തിനെതിരെ 1988 മുതൽ സമരമുഖത്തെത്തിയതോടെയാണ് ഓങ് സാൻ സ്യൂചി ലോക ശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്. 1960-കളിൽ സ്യൂചിയുടെ മാതാവ് മാ കിൻ ചി ഇന്ത്യയിൽ അംബാസിഡർ ആയിരുന്നു. അവർക്കൊപ്പം ഡൽഹിയിൽ താമസമാക്കിയ സ്യൂചി ഡൽഹി ലേഡി ശ്രീറാം കോളേജിൽ നിന്നും ബിരുദമെടുത്തശേഷം ഓക്സ്ഫോർഡിൽ നിന്നും രണ്ട് ബിരുദങ്ങൾ കൂടിയെടുത്തു. 1972-ൽ ബ്രിട്ടീഷ് പൗരനായ മൈക്കിളിനെ വിവാഹം കഴിച്ചു. രണ്ട് ആൺമക്കളുടെ അമ്മയായി.
ചരിത്രനിയോഗം പോലെയായിരുന്നു സ്യൂചിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. രോഗബാധിതയായ അമ്മയെ പരിചരിക്കാനായി മ്യാന്മറിലേയ്ക്ക് 1985-ൽ തിരിച്ചെത്തിയതായിരുന്നു സ്യൂചി. 1988 ആഗസ്റ്റ് 8 ന് ആരംഭിച്ച ഈ പ്രക്ഷോഭം ‘8888 revolution ‘എന്ന പേരിലാണ് അറിയപ്പെട്ടത് .പട്ടാള ഭരണത്തിന്റെ അടിച്ചമർത്തലുകളും അവയ്ക്കെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങളും നേരിട്ട് കാണുവാനും, അനുഭവിച്ചു മനസിലാക്കുവാനും കഴിഞ്ഞ സ്യൂചി സമരമുഖത്തേയ്ക്ക് ജനങ്ങൾക്കൊപ്പം അവർക്ക് നേതൃത്വം നൽകിക്കൊണ്ട് പെട്ടെന്ന് ഉയർന്നു വരികയായിരുന്നു. ശക്തിയും, വ്യക്തിപ്രഭാവവുമുള്ള ഒരു നേതാവിന്റെ നേതൃത്വത്തിന്റെ അഭാവത്തിൽ സമരങ്ങൾ നയിച്ചിരുന്ന മ്യാന്മാർ ജനതയ്ക്ക് തങ്ങളുടെ രാഷ്ട്രപിതാവിന്റെ മകളും, വിദ്യാസമ്പന്നയുമായ സ്യൂചിയുടെ നേതൃത്വം ഒരു വലിയ മുതൽക്കൂട്ടായിരുന്നു.
രാഷ്ട്രീയവും, സാമ്പത്തിക ശാസ്ത്രവുമെല്ലാം രക്തത്തിൽ അലിഞ്ഞുചേർന്നിരുന്ന സ്യൂചിയ്ക്ക് മ്യാന്മാർ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യയും, ബ്രിട്ടനും ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളിൽ ജീവിയ്ക്കാൻ അവസരം ലഭിച്ചതിനാൽ ജനാധിപത്യത്തിന്റെ മഹത്വം എന്താണെന്ന വ്യക്തമായ തിരിച്ചറിവും അവർക്കുണ്ടായിരുന്നു എന്ന് വേണം കരുതുവാൻ. 1988 സെപ്റ്റംബർ 27 ന് നാഷണൽ ലീഗ് ഫോർ ഡെമോക്രസി എന്ന സംഘടന അവർ രൂപീകരിച്ചു. പട്ടാള ഭരണകൂടത്തിനെതിരെ ജനാധിപത്യ രാഷ്ട്രീയ ശക്തിയായി ഉയരുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. സ്യൂചിയുടെ രാഷ്ട്രീയ രംഗപ്രവേശം പട്ടാള ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുവാൻ പിന്നെ അധികനാൾ വേണ്ടിവന്നില്ല. ഗാന്ധിജിയുടെ അഹിംസ സമരപാതയിലുറച്ച് നിന്നുകൊണ്ട് ഭരണകൂടത്തിനെതിരെ അവർ നിരന്തരം പ്രക്ഷോഭങ്ങൾ നടത്തി. പട്ടാള ഭരണകൂടത്തിനെതിരെ അഹിംസാ സമരമാർഗ്ഗം സ്വീകരിച്ചതോടെ സ്യൂചി എന്ന ജനനേതാവിനെ ലോകം ശ്രദ്ധിച്ചുതുടങ്ങി. ഒപ്പം മ്യാന്മറിൽ അവർ നടത്തിയ ജനകീയ പ്രക്ഷോഭങ്ങളും വിദേശരാജ്യങ്ങളിൽ വൻ പ്രാധാന്യത്തോടെ ഇടം നേടി.
സമരമുഖത്തേയ്ക്ക് സഹനസമരം എന്ന പുതിയ പന്ഥാവിലൂടെ കൊടുങ്കാറ്റായി ഇരച്ചുകയറിയ ഗാന്ധിജി എന്ന അർദ്ധനഗ്നനായ മനുഷ്യനെ ബ്രിട്ടീഷുകാർ ഭയന്നതുപോലെ സ്യൂചി എന്ന സഹന സമരനായികയെ ബർമ്മീസ് പട്ടാളഭരണകൂടവും ഭയന്നുതുടങ്ങി. ഗാന്ധിമാർഗ്ഗ സമരത്തിന്റെ തീഷ്ണത എന്തായിരുന്നുവെന്ന് ഭരണകൂടത്തിന് നന്നായി അറിയാമായിരുന്നു.സ്യൂചിയുടെ ജനപിന്തുണയിൽ വ്യാകുലരായ ഭരണകൂടം തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചുകൊണ്ട് 1989-ൽ സ്യൂചിയെ വീട്ടുതടങ്കലിലാക്കി. പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിശ്ച്ഛേദിച്ചുകൊണ്ടുള്ള സമ്പൂർണ്ണ വീട്ടുതടങ്കലായിരുന്നു അത്. ഒപ്പമുള്ള രണ്ട് പരിചാരകർക്കുമാത്രമേ കൂടെ താമസിക്കുവാൻ അനുമതി നൽകിയുള്ളൂ. ഇന്റർനെറ്റ്, ഫോൺ തുടങ്ങിയവ വിശ്ച്ഛേദിച്ചു. സ്വന്തം വീട്ടുമുറ്റത്തുപോലും ഇറങ്ങുവാൻ പട്ടാളം സ്യൂചിയെ അനുവദിച്ചില്ല. വീട്ടിൽ പാചകം ചെയ്യുവാൻ അനുവാദം ഇല്ലായിരുന്നു. പട്ടാളം എത്തിച്ചുകൊടുക്കുന്ന ഭക്ഷണം മാത്രമേ അവർക്ക് കഴിക്കുവാൻ അനുവാദം ഉണ്ടായിരുന്നുള്ളു. വൈദ്യപരിശോധന നിരന്തരം ആവശ്യപ്പെട്ടാൽ മാത്രം. വീട്ടുതടങ്കലിൽ കിടക്കവേ സ്യൂചിയ്ക്ക് ബന്ധുമിത്രാദികളെ കാണുവാൻ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഭർത്താവായ മൈക്കിളിനുപോലും വെറും അഞ്ചുപ്രാവശ്യം മാത്രമേ നീണ്ട ഇക്കാലയളവിൽ സ്യൂചിയെ കാണുവാൻ അനുവാദം കിട്ടിയുള്ളൂ. 1995-ലെ ക്രിസ്തുമസ്സിനാണ് സ്യൂചി മൈക്കിളിനെ അവസാനമായി കാണുന്നത്. പിന്നൊരു കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് സൂചിയും മൈക്കിളും അറിഞ്ഞിരുന്നില്ല. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചുപോയ മൈക്കിളിന് അർബുദരോഗം പിടിപെട്ടു. അദ്ദേഹത്തെ മ്യാന്മറിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന് ചികിത്സിപ്പിക്കണമെന്നും, പരിചരിക്കണമെന്നുമുള്ള സ്യൂചിയുടെ ആഗ്രഹത്തിന് ഭരണകൂടം അനുമതി നൽകിയില്ല. പകരം അവർ മറ്റൊരു നിർദ്ദേശം മുന്നോട്ടുവച്ചു. മ്യാന്മറിൽ ചികിത്സാസൗകര്യങ്ങൾ പരിമിതമാണ്. സ്യൂചിയ്ക്ക് വിദേശത്തുപോയി ഭർത്താവിനെ പരിചരിക്കുകയും ചികിത്സിയ്ക്കുകയും ചെയ്യാം.രണ്ടാഴ്ചയിലൊരിക്കൽ സ്വന്തം അഭിഭാഷകനെ കാണുവാനുള്ള അനുമതി മാത്രമായിരുന്നു സ്യൂചിയുടെ ഏക ആശ്വാസം. തന്റെ രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാൻ കഴിയുന്നത് ആ അൽപ സമയപരിധിക്കുള്ളിൽ മാത്രം. അഭിഭാഷകനെ കാണാനനുവദിക്കുന്നതിന് പട്ടാളഭരണകൂടത്തിന് മൂന്ന് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, സ്യൂചിയ്ക്ക് എല്ലാ നിയമ പരിരക്ഷയും ലഭിക്കുന്നു എന്ന് മ്യാന്മാർ ജനതയെയും, ലോകത്തെയും ബോധ്യപ്പെടുത്തുക. രണ്ട്, അഭിഭാഷകൻ വിചാരിച്ചാൽ പട്ടാള നിയന്ത്രണത്തിലുള്ള കോടതിയിൽ നിന്നും ഒരു ആനുകൂല്യവും ലഭിക്കുകയില്ല എന്ന പൂർണ്ണ ഉറപ്പ്. മൂന്ന് വീട്ടുതടങ്കലിലുള്ള സ്യൂചിയെ ഭയക്കേണ്ട കാര്യവുമില്ലെന്ന വിശ്വാസം.
എന്നാൽ പട്ടാള ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ചെറുതും വലുതുമായ നിരവധി പ്രക്ഷോഭങ്ങൾ പലയാവർത്തി മ്യാന്മറിൽ അരങ്ങേറി. മാത്രവുമല്ല സ്യൂചി എന്ന ഗാന്ധി പ്രതീകം ലോകത്തിലെ ഏറ്റവും വലിയ സമരപോരാളികളിൽ ഒരാൾ എന്ന തലത്തിലേയ്ക്ക് വളർന്നു. പല ലോകരാജ്യങ്ങളും സ്യൂചിയുടെ മോചനത്തിനായി ഭരണകൂടത്തിനുമേൽ സമ്മർദ്ദം ചെലുത്തിത്തുടങ്ങി. സ്യൂചിയെ മോചിപ്പിക്കണമെന്ന ശക്തമായ നിർദ്ദേശവുമായി ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി രാജ്യങ്ങളും, സംഘടനകളും മുറവിളി ഉയർത്തിയതോടൊപ്പം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും സ്യൂചിയെ തേടിയെത്തി. അതിൽ ഏറ്റവും പ്രധാനം സമാധാനത്തിനുള്ള നോബൽ പുരസ്കാരമായിരുന്നു.രാജ്യം വിട്ടുപോയാൽ സ്വതന്ത്രയാക്കാം എന്ന പട്ടാള ഭരണകൂടത്തിന്റെ വാഗ്ദാനവും സ്യൂചി നിരസിച്ചു. വീട്ടുതടങ്കലിൽ കിടന്നു മരിച്ചാലും രാജ്യം വിട്ടുപോകുകയോ, സമരപാതയിൽനിന്ന് പിന്മാറുകയോ ചെയ്യില്ല എന്ന ഉറച്ച തീരുമാനമാണ് സ്യൂചി കൈക്കൊണ്ടത്.
സഹന സമരത്തിന്റെ ഊർജ്ജവും ഇച്ഛാശക്തിയും ഒത്തുചേർന്നപ്പോൾ സ്യൂചി ലോകത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിമോചന നായികയായി മാറുമെന്ന കാര്യം ഭരണകൂടം മനസിലാക്കാതെ പോയി. ഗാന്ധിജി എന്ന പ്രതിഭാസത്തെ ബ്രിട്ടീഷുകാർ മനസിലാക്കാതെ പോയതിന്റെ തനിയാവർത്തനമായിരുന്നു അത്. അന്താരാഷ്ട്ര രംഗത്തുനിന്നും സമ്മർദ്ദമേറിയതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുവാൻ ഭരണകൂടം നിർബന്ധിതമാവുകയും ചെയ്തു.
ആദ്യ തടങ്കൽകാലത്തുതന്നെ 1990-ൽ പട്ടാളം നടത്തിയ തിരഞ്ഞെടുപ്പിൽ സ്യൂചിയുടെ പാർട്ടിയും പങ്കെടുത്തു. ആ തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായിരുന്നു എന്നറിഞ്ഞിട്ടുകൂടി. എന്നാൽ തിരഞ്ഞെടുപ്പിലെ ജനഹിതം സ്യൂചിയ്ക്ക് അനുകൂലമായത് ഏവരെയും അത്ഭുതപ്പെടുത്തി. ആകെയുള്ള 485 സീറ്റുകളിൽ 392-ഉം സ്യൂചിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി തൂത്തുവാരി. പട്ടാള ഭരണകൂടം നീതിപൂർവ്വമായ തിരഞ്ഞെടുപ്പ് നടത്തില്ല എന്ന് വ്യക്തമായിരുന്നിട്ടും എങ്ങനെ സ്യൂചിയുടെ കക്ഷി ബഹുപൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കി?
തിരഞ്ഞെടുപ്പിനെ സ്യൂചിയുടെ പാർട്ടിയും ജനങ്ങളും നിസ്സംഗതയോടെ സമീപിക്കുമെന്ന് പട്ടാള ഭരണകൂടം കരുതിയിരുന്നേക്കാം. അല്ലെങ്കിൽ സ്യൂചിയുടെ ജനപിന്തുണ എത്രയുണ്ടെന്ന് മനസിലാക്കുവാൻ വേണ്ടി പട്ടാള ഭരണകൂടം ആസൂത്രണം ചെയ്ത തിരഞ്ഞെടുപ്പായിരുന്നേക്കാമത്. എന്തുതന്നെയായാലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും അധികാരം വിട്ടുകൊടുക്കുവാൻ പട്ടാളം തയ്യാറായില്ല. എന്നാൽ മറ്റൊന്ന് ഈ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചു. ജനാധിപത്യ പ്രക്രിയയിലൂടെ കൈവശം വരേണ്ട അധികാരം സ്യൂചിയ്ക്ക് ഭരണകൂടം നിഷേധിച്ചതോടെ അവരുടെ മ്യാൻമറിലെ ജനപിന്തുണ വീണ്ടും വർദ്ധിച്ചു. അധികാരം നിഷേധിച്ചപ്പോൾ സംയമനത്തോടെ നേരിട്ട സ്യൂചിയോട് ലോകജനതയ്ക്കുള്ള അനുകമ്പ വീണ്ടും വർദ്ധിച്ചു. ഈയൊരു സാഹചര്യത്തിലാണ് 1994-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സ്യൂചിയെ തേടിയെത്തിയത്. എന്നാൽ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങാൻ സ്യൂചിയെ ഭരണകൂടം അനുവദിച്ചില്ല. സ്യൂചിയെ പ്രതിനിധീകരിച്ചുകൊണ്ട് മക്കളായ അലക്സാണ്ടറും കി ഉം ആണ് നോബൽ സമ്മാനം ഏറ്റുവാങ്ങിയത്. രാജ്യം വിട്ടുപോയാൽ തിരികെവരുവാൻ കഴിയില്ലെന്ന് സ്യൂചിയ്ക്കും അറിയാമായിരുന്നു.
1989-ൽ തുടങ്ങിയ വീട്ടുതടങ്കൽ 1995 വരെ നീണ്ടു. ജനാധിപത്യ രാജ്യങ്ങളുടെ നിരന്തരമായ സമ്മർദ്ദങ്ങളെ തുടർന്ന് സ്യൂചി 1995-ൽ ജയിൽ മോചിതയായി. പക്ഷെ ആ മോചനത്തിന് കർക്കശമായ നിബന്ധനകളുമുണ്ടായിരുന്നു. തടങ്കൽ അവസാനിപ്പിച്ചാലും യാങ്കോങിന് പുറത്തേയ്ക്ക് രാജ്യത്തിൻറെ ഒരു ഭാഗത്തേക്കും യാത്ര ചെയ്യുവാൻ പാടില്ല. അണികളുമായി കൂടിച്ചേരുവാനോ, ഭരണകൂടത്തിനെതിരെ പൊതുവേദിയിൽ സംസാരിക്കുവാനോ പാടില്ല. ചുരുക്കിപ്പറഞ്ഞാൽ എന്ത് ആവശ്യങ്ങൾക്കുവേണ്ടി മോചനം ആഗ്രഹിച്ചുവോ ആ ആഗ്രഹങ്ങൾ നടക്കില്ല. സാങ്കേതിക മോചനത്തിലൂടെ ഒരു സാധാരണ പൗരജീവിതം മാത്രമേ നയിക്കാവൂ. സ്യൂചി പട്ടാളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് മോചിതയായെങ്കിലും വിമോചന സമരം തന്നെയായിരുന്നു അവരുടെ മുഖ്യലക്ഷ്യം. ഒളിഞ്ഞും തെളിഞ്ഞും അവർ സർക്കാരിനെതിരെ പ്രവർത്തിച്ചിരിക്കാം.1997 -ൽ ബ്രിട്ടനിൽ വച്ച് കാൻസർ ബാധിതനായി ഭർത്താവ് മൈക്കിൾ മരിക്കുമ്പോൾ അന്ത്യചുംബനം നൽകുവാനുള്ള അവസരം പോലും സ്യൂചിയ്ക്ക് ലഭിച്ചില്ല. അന്ത്യകർമ്മങ്ങളിൽ പങ്കുചേരാൻ പട്ടാളത്തിന്റെ അനുമതി ഉണ്ടായിരുന്നു. എന്നാൽ ആ അനുമതിയ്ക്ക് ഒരു നിബന്ധനയും ഉണ്ടായിരുന്നു. പിന്നെ മ്യാന്മറിലേയ്ക്ക് തിരിച്ചുവരുവാൻ പാടില്ല. എന്ന് രാജ്യത്തിൻറെ പുറത്തുപോകുന്നുവോ അന്ന് തന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് മനസിലാക്കിയ സ്യൂചി അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാതെ വീട്ടുതടങ്കലിൽ തന്നെ തുടർന്നു.
സ്യൂചിയുടെ ജനപിന്തുണയും അവർ ഉയർത്തുന്ന ഭീഷണിയും മനസിലാക്കിയ പട്ടാള ഭരണകൂടം 2000-ൽ സ്യൂചിയെ വീണ്ടും വീട്ടുതടങ്കലിലാക്കി. പട്ടാളത്തിന്റെ ഈ നടപടി മ്യാൻമറിലെ ജനങ്ങളുടെ രോക്ഷം ആളിക്കത്തിച്ചു. സ്യൂചിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ഭരണകൂടത്തിനെതിരെ നിരന്തരം പ്രക്ഷോഭങ്ങൾ നടന്നു. അന്താരാഷ്ട്ര ഉപരോധങ്ങളെയും, ജനങ്ങളെയും ഭയന്ന ഭരണകൂടം 2002-ൽ സൂചിയെ തടവിൽ നിന്നും മോചിപ്പിച്ചു. തുടർന്ന് നിരവധി പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ജനാധിപത്യത്തിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ചെയ്തു. പട്ടാളം കണക്കുകൂട്ടിയതിലും വലിയ ജനപങ്കാളിത്തമായിരുന്നു സ്യൂചി പങ്കെടുത്ത പൊതുയോഗങ്ങളിൽ ഉണ്ടായിരുന്നത്. വീട്ടുതടങ്കലിലാക്കിയാലും മോചിപ്പിച്ചാലും സ്യൂചിയുടെ ജനപിന്തുണ ഒട്ടും കുറയില്ലെന്ന് പട്ടാളം മനസിലാക്കി. ഈ വർദ്ധിത ജനപിന്തുണയെ പട്ടാളം നന്നേ ഭയന്നു. 2003-ൽ ഡെപായിൻ പട്ടണത്തിൽ വച്ച് ഒരു സംഘം പട്ടാള അനുകൂലികൾ സ്യൂചിയുടെ വാഹനവ്യൂഹത്തെ അക്രമിച്ചതോടെ സ്യൂചിയെ വകവരുത്തുവാൻ പട്ടാളം ശ്രമിക്കുന്നതായി ആരോപണമുയർന്നു.പട്ടാള അനുകൂല പാർട്ടിയായ യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് അസോസിയേഷനിലെ പ്രവർത്തകർ ആയിരുന്നു ആക്രമണത്തിനു പിന്നിൽ .സ്യൂചിയെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. എന്നാൽ ഭാഗ്യം ഒന്നുകൊണ്ട് മാത്രം ആ വധശ്രമത്തിൽ നിന്ന് സ്യൂചി രക്ഷപെടുകയായിരുന്നു. ഏകദേശം 70-ൽ പരം പേർ കൊല്ലപ്പെട്ട സംഘർഷമാണ് ഈ ആക്രമണവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. സ്യൂചിയാണ് സംഘർഷത്തിന്റെ കാരണക്കാരി എന്നാരോപിച്ചുകൊണ്ട്സൈന്യം അവരെ വീണ്ടും വീട്ടുതടങ്കലിലാക്കി. സ്യൂചിയുടെ തടങ്കലോടെ പട്ടാളത്തിന്റെ ആസൂത്രണമായിരുന്നു ഈ അക്രമണമെന്ന വാദമാണ് ഏറെ ബലപ്പെട്ടത്. 2009 വരെയാണ് തടങ്കൽ എന്നാണ് ഭരണകൂടം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ആ വർഷം സ്യൂചിയെ മോചിപ്പിക്കാൻ പട്ടാളം തയ്യാറായില്ല. പകരം പുതിയൊരു തന്ത്രം അവർ പുറത്തെടുത്തു. സ്യൂചിയുടെ വസതിയിൽ ഒരു യു എസ് പൗരൻ രഹസ്യമായി കയറിയെന്നും അവരുമായി ചർച്ച നടത്തിയെന്നും ആരോപിച്ചുകൊണ്ട് സ്യൂചിയുടെ വീട്ടുതടങ്കൽ 18 മാസത്തേക്കുകൂടി നീട്ടിയതായി സൈനിക ഭരണകൂടം പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം സൈന്യം ഉയർത്തുന്ന മുടന്തൻ ന്യായങ്ങളുടെ ആവർത്തനമാണെന്ന് മ്യാൻമറിലെ ജനത്തിനും ലോകത്തിനും അറിയാമായിരുന്നു.