- dennyvattakunnel
- May 14, 2021
- Uncategorized
ലോക വോളിബോൾ ഭൂപടത്തിലേക്ക് ഇന്ത്യയെ ഉയർത്തിയ ഇതിഹാസനായകൻ, അതായിരുന്നു കണ്ണൂർ ജില്ലയിലെ പേരാവൂർകാരനായ ജിമ്മി ജോർജ്. കളിക്കളത്തിൽ നിറഞ്ഞാടിയ ജിമ്മി ജോർജ് എന്ന ഫുട്ബോൾ മാന്ത്രികൻറെ ജനനം തന്നെ കായിക പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ആയിരുന്നു.1955 മാർച്ച് എട്ടിന് ജോർജ് ജോസഫിനെയും മേരി ജോർജിനെയും മകനായി ജനിച്ച ജിമ്മി ജോർജ്ജ് തൻറെ ഏഴ് സഹോദരന്മാർക്കൊപ്പം അച്ഛൻറെ ശിക്ഷണത്തിലാണ് വോളിബോൾ കോർട്ടിലേക്ക് ഇറങ്ങുന്നത്. ലോകത്തിലെ ആദ്യ പത്ത് മികച്ച വോളിബോൾ അറ്റാക്കർമാരിൽ ഒരാളാകും തൻറെ രണ്ടാമത്തെ മകനായ ജിമ്മി ജോർജ് എന്ന് അന്ന് മകനെ പരിശീലനത്തിനിറക്കിയ അച്ഛൻ പോലും ഒരു പക്ഷെ നിനച്ചിരിക്കില്ല.
പരിശീലന വേളയിൽ തന്നെ വോളിബോൾ കോർട്ടിൽ തൻറെ മാന്ത്രിക സാന്നിധ്യമറിയിച്ചു തുടങ്ങിയ ജിമ്മി ജോർജ് എന്ന കായിക പ്രതിഭയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നീന്തലിലും വോളിബോളിലും ഒരുപോലെ താല്പര്യം ഉണ്ടായിരുന്നെങ്കിലും വോളിബോളാണ് തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞ ജിമ്മി 16 വയസ്സുള്ളപ്പോൾ കേരള ടീമിൽ അംഗമായി.1970-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വോളിബോൾ താരമായി. തുടർന്ന് പാലാ സെൻറ് തോമസ് കോളേജിനുവേണ്ടി കളിക്കുകയും കേരള യൂണിവേഴ്സിറ്റിക്ക് ചരിത്രം നേട്ടമുണ്ടാക്കിയ അന്തർ സർവ്വകലാശാല ഫുട്ബോൾ കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. തുടർച്ചയായ പതിനൊന്ന് വർഷമാണ് ജിമ്മി ജോർജ് കേരള ടീമിനു വേണ്ടി കളിച്ചത്. പിന്നീട് ഇന്ത്യൻ ടീമിലും അംഗമായി.
ജിമ്മി ജോർജ് എന്ന വോളിബോൾ ഇതിഹാസത്തെ ലോകമറിഞ്ഞു തുടങ്ങുന്നത് 1976 മുതലാണ്. അബുദാബിയിലെ പ്രമുഖ സ്പോർട്സ് ക്ലബ്ബിനായി കളിക്കുവാൻ ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിലെ നാട്ടിൻപുറത്തുദിച്ചുയർന്ന മഹാപ്രതിഭയുടെ കുതിപ്പിന്റെ മറ്റൊരു അധ്യായത്തിന്റെ തുടക്കം അന്നുമുതൽ ആയിരുന്നു. മികച്ച വോളിബാൾ അറ്റാക്കറായ ജിമ്മി അറേബ്യൻ ജനതയുടെ മനസ്സിൽ ഇടം പിടിക്കാൻ പിന്നെ അധികനാൾ വേണ്ടി വന്നില്ല. ജിമ്മിയുടെ കളിക്കളങ്ങളിൽ ആരാധകകർ ആരവത്തോടെ നിറഞ്ഞൊഴുകി. അറേബ്യൻ നാടുകളിൽ ഇഷ്ട താരമായി മാറിയ ജിമ്മിയുടെ കളിയുടെ കരുത്ത് കണ്ടറിഞ്ഞ ഇറ്റലിയിലെ ക്ലബ്ബുകാർ ജിമ്മിയെ ഇറ്റലിയിലേക്ക് ക്ഷണിച്ചു. പിന്നെ അവിടെയായി ജിമ്മിയുടെ കോർട്ടുകൾ.
വിദേശത്തെ കോർട്ടുകളിൽ നിറഞ്ഞാടുമ്പോൾപോലും തികഞ്ഞ ഇന്ത്യക്കാരനായ ജിമ്മി ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് 1976 സോൾ 1978 ബാങ്കോക്ക് 1986 ലെ സോൾ ഏഷ്യൻ ഗെയിംസു കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട്പങ്കെടുത്തു. ഇതിൽ1986 ഏഷ്യാഡിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ നേടിക്കൊടുത്ത പ്രഥമസ്ഥാനീയരിൽ ഒരാൾ ജിമ്മി ജോർജ്ജ് ആയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ അർജുന അവാർഡ് നേടിയ വോളിബോൾ താരമെന്ന ഖ്യാതിയും ഇരുപത്തിയൊന്നാം വയസ്സിൽ ജിമ്മി ജോർജ് സ്വന്തമാക്കി.
ഇറ്റാലിയൻ ക്ലബ്ബുകളുടെ ഇഷ്ട താരമായ ജിമ്മിക്ക് ആ രാജ്യത്ത് ദൈവിക പരിവേഷം ആയിരുന്നു. കോർട്ടിന്റെ ഏത് ഭാഗത്തുനിന്നും പറന്നുയർന്ന് സ്മാഷുകൾ സൃഷ്ടിക്കുന്ന ജിമ്മിയെ ഇറ്റലിയിലെ ആരാധകർ അത്ഭുതത്തോടെ നോക്കിക്കണ്ടു. തങ്ങളുടെ ഇഷ്ടദേവനായ ഹെർമീസ് ദേവനോട് ഉപമിച്ചുകൊണ്ടാണ് ആരാധകർ ജിമ്മിയോടുള്ള സ്നേഹം പങ്കുവച്ചത്. ഒരു വിദേശ ക്ലബ്ബിനുവേണ്ടി വോളിബോൾ കളിച്ച ഏക ഇന്ത്യക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി ആയിരുന്നു അത്.
1987 നവംബർ 30ന് ഇറ്റലിയിലെ കളിക്കളത്തിലെ പരിശീലനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ ഉണ്ടായ അപ്രതീക്ഷിതമായ കാറപകടത്തിൽ ജിമ്മി ജോർജ്ജ് എന്ന വോളിബോൾ ഇതിഹാസം ജീവിതത്തിൻറെ പകുതി വഴി എത്തുംമുമ്പേ വിട വാങ്ങുകയായിരുന്നു. ഡിജിറ്റൽ വാർത്താവിനിമയ സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ഹൃദയഭേദകമായ ആ വാർത്ത ലോകം അറിയുവാൻ മണിക്കൂറുകളെടുത്തു. ആ ദുരന്തം അറിഞ്ഞ നിമിഷം മുതൽ ജിമ്മിയുടെ ആത്മാവിന്റെ നിത്യശാന്തി വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ചത് കേരളവും ഇന്ത്യയും മാത്രമായിരുന്നില്ല, ലോകം മുഴുവനും ആയിരുന്നു.
ജിമ്മി ജോർജ് ആകസ്മികമായ വേർപാട് ഇറ്റലിയിലെ വോളിബോൾ പ്രേമികൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ ‘ഹെർമീസ് ദേവൻറെ’ ഓർമ്മകൾ നിലനിർത്താനായി ഇറ്റലിക്കാർ കാർപെൻഡോളോ എന്ന സ്ഥലത്ത് ജിമ്മി ജോർജിൻറെ പേരിൽ ഇൻഡോർ സ്റ്റേഡിയം പണിതു. കാറപകടത്തിലൂടെ അദ്ദേഹത്തിൻറെ ജീവൻ കവർന്നെടുത്ത റോഡിന് ജിമ്മി ജോർജ് റോഡ് എന്ന് പുനർനാമകരണവും ചെയ്തു. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഇൻഡോർ സ്റ്റേഡിയത്തിന് കേരളം നൽകിയ പേരും ജിമ്മി ജോർജ് ഇൻഡോർ ഹബ്ബ് എന്നാണ്. പാലാ സെൻറ് തോമസ് കോളജിലെ വോളിബോൾ സ്റ്റേഡിയവും കോഴിക്കോട് ദേവഗിരി കോളേജിൽ സ്പോർട്സ് പവലിയനും പേരാവൂർ സ്കൂളിലെ സ്റ്റേഡിയവും ഉൾപ്പെടെ ജിമ്മി ജോർജിന്റെ ഓർമ്മ പുതുക്കുന്ന ചെറുതും വലുതുമായ സ്മാരകങ്ങൾ പണിതു കൊണ്ട് കേരളത്തിലെ വോളിബോൾ പ്രേമികൾ ഇന്നും നമ്മുടെ പ്രിയപ്പെട്ട വോളിബോൾ താരത്തെ സ്മരിക്കുന്നു. കാരണം ജിമ്മി ജോർജ് എന്ന ഇതിഹാസം അത്രമാത്രം വലിയൊരു അത്ഭുതം തന്നെയായിരുന്നു. ദൈവത്തിൻറെ അനുഗ്രഹങ്ങളുടെ ഭൂമിയിലേക്ക് പറന്നിറങ്ങിയ വോളിബോൾ മാന്ത്രികൻ.
മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് വിധി ജിമ്മി ജോർജ് എന്ന ഇതിഹാസത്തെ ജീവിതത്തിൽ നിന്നും തിരിച്ചു വിളിച്ചപ്പോൾ കൂടുതൽ ഉയരങ്ങളിലേക്ക് പറയേണ്ട ഒരു വലിയ കായിക താരത്തെയാണ് ഇന്ത്യയ്ക്കും ലോകത്തിത്തിനും നഷ്ടമായത്. ആ നഷ്ടമാകട്ടെ ഇന്നും നികത്താനാവാത്ത ഒരു വിടവാണ് താനും. കോർട്ടുകളിൽ ശരവേഗത്തിൽ പറന്നുയരുന്ന ജിമ്മി ജോർജ്ജ് വിതുമ്പുന്ന ഒരു ഓർമ്മ മാത്രവും…