2019 ഡിസംബറിൽ സ്പെയിനിലെ മാഡ്രിഡിൽ നടന്ന കാലാവസ്ഥ ഉച്ചകോടി. വർഷാവർഷം നടക്കുന്ന ആചാരമെന്നും  പ്രഹസനമെന്നും പരിസ്ഥിതിസ്നേഹികൾ വിമർശനം ഉയർത്തുന്ന ഉച്ചകോടിയുടെ വേദിയിൽ ഒരു പെൺകുട്ടിയെ പ്രസംഗിക്കുവാൻ ക്ഷണിക്കുന്നു. പ്രസംഗപീഠത്തിൽ പിന്നിൽ സ്റ്റൂൾ ഇട്ടു അതിനു മുകളിൽ കയറി നിന്ന് ആ പെൺകുട്ടി  തൻറെ ചരിത്രപ്രസിദ്ധമായ ആ പ്രസംഗം ആരംഭിക്കുന്നു അവളുടെ പേര് ലിസി പ്രിയ കംഗുജം.  പ്രായം വെറും എട്ടു വയസ്സു മാത്രം. ജന്മദേശം ഇന്ത്യയിലെ മണിപ്പൂർ!

യുഎൻ സെക്രട്ടറി ജനറൽ അടക്കമുള്ള ലോക നേതാക്കൾ ആയിരുന്നു ആ വേദിയിൽ ഉപവിഷ്ടരായിരുന്നത്. പതിഞ്ഞ ശബ്ദത്തിൽ ആരംഭിച്ച ലിസി പ്രിയയുടെ പ്രസംഗം ക്രമേണ ഒരു കൊടുങ്കാറ്റായപ്പോൾ  ലോകനേതാക്കൾ ആശ്ചര്യത്തോടെ അവളുടെ  വാഗ്ധോരണി ശ്രവിച്ചു. കഴിഞ്ഞ 25 വർഷങ്ങളായി കാലാവസ്ഥ ഉച്ചകോടി എന്ന പ്രഹസനം നടത്തി  പരിസ്ഥിതി പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടിരുന്ന ലോക നേതാക്കളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അവൾ.കാലാവസ്ഥ നിയന്ത്രണത്തിന്റെ ആവശ്യകതയെ കുറിച്ച് ആധികാരികമായി തന്നെ സംസാരിച്ചു. മൂന്ന് നിർദ്ദേശങ്ങളാണ് ലിസി പ്രിയ കാലാവസ്ഥ ഉച്ചകോടിയിൽ പ്രധാനമായും മുന്നോട്ടുവച്ചത്. കാർബണിന്റെ ബഹിർഗമനം ക്രമാനുക്രമം കുറച്ച് പൂർണമായും ഇല്ലാതാക്കുക. കാലാവസ്ഥാ വ്യതിയാനം സ്കൂൾ പാഠ്യപദ്ധതിയിൽ ലോകമാകമാനമായി  ഉൾപ്പെടുത്തുക. പരീക്ഷ വിജയത്തിനായി സ്കൂളുകളിൽ സ്കൂൾ കുട്ടികൾ  100 മരങ്ങളും ഹയർസെക്കൻഡറി വിദ്യാർത്ഥികൾ  500 മരങ്ങളും ബിരുദ വിദ്യാർത്ഥികൾ 1000 മരങ്ങളും നടണം എന്ന നിയമം ലോകവ്യാപകമായി കൊണ്ടുവരിക എന്നിവയായിരുന്നു ലിസി പ്രിയയുടെ പ്രധാന നിർദേശങ്ങൾ. സ്കൂൾ കുട്ടികൾക്ക് പ്രകൃതിയോടുള്ള സ്നേഹം വർദ്ധിപ്പിക്കുവാനും ലോകമാകമാനം ഹരിതാഭം ആക്കുവാനും വനസമ്പത്ത് വേഗത്തിൽ ഉയർത്തുവാനുമാണ് അവസാനത്തെ നിർദ്ദേശം മുന്നോട്ടുവച്ചത്. ശക്തമായ ഉദാഹരണങ്ങളും ഉറച്ച ശബ്ദവും ചേർന്ന അവളുടെ പ്രസംഗം  സദസ്സ് ശ്വാസമടക്കിയാണ് കേട്ടിരുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി പോരാടുന്ന ഗ്രെറ്റ തുൻബർഗിന്റെ സമകാലികയും കൂട്ടുകാരിയും ആയ ലിസി പ്രിയയെ അവളുടെ പ്രസംഗത്തിനുശേഷം ഇന്ത്യയുടെ ഗ്രേറ്റ എന്നാണ് അവിടെ തിങ്ങിനിറഞ്ഞിരുന്ന ലോകമാധ്യമങ്ങൾ വിശേഷിപ്പിച്ചത്.സ്പാനിഷ് മാധ്യമങ്ങളാകട്ടെ ഈ കൊച്ചുമിടുക്കിയെ വിശേഷിപ്പിച്ചത് തെക്കിന്റെ ഗ്രെറ്റ (Greta of global south) എന്നാണ്. മണിപ്പൂർ സ്വദേശിയായ കെകെ സിംഗിന്റേയും  ബിദ്‌യരെണി ദേവിയുടേയും  മകളായി ജനിച്ച ലിസി പ്രിയയുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുന്നത്  2018 നടന്ന ലോക ദുരന്ത ലഘൂകരണ സമ്മേളനത്തിൽ പങ്കെടുത്തതോടുകൂടിയാണ്. പ്രകൃതിദുരന്തങ്ങൾ ക്കിരയായി എല്ലാം നഷ്ടപ്പെട്ട നിരവധി പേരെ അന്ന് അവൾ അവിടെ കണ്ടുമുട്ടി. അവരുടെ വേദനകൾ അവളറിഞ്ഞു. പ്രകൃതിക്ഷോഭങ്ങളുടെ പ്രധാന ഉറവിടങ്ങളിൽ ഒന്നാണ് കാലാവസ്ഥാവ്യതിയാനം എന്ന് അവൾ തിരിച്ചറിഞ്ഞു. ഇനിയും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ  കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിച്ചേ മതിയാകൂ എന്ന ഒരു തീരുമാനം  അന്നവൾ എടുത്തു. മനുഷ്യവംശത്തെ പ്രകൃതിദുരന്തങ്ങൾക്ക് ഇരയാവാൻ അനുവദിച്ചുകൂടാ. കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുവാൻ പോരാടിയേ മതിയാകൂ… ലോക നേതാക്കൾ ഈ വിഷയം ഏറ്റെടുക്കുന്നത് വരെ തൻറെ പോരാട്ടം തുടരണം…ഉറച്ച തീരുമാനവുമായി മംഗോളിയയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ ലിസി പ്രിയ  കാലാവസ്ഥ നിയന്ത്രണത്തിന് വേണ്ടി ശബ്ദമുയർത്താൻ ‘ദി ചൈൽഡ് മൂവ്മെൻറ്’ എന്ന പേരിൽ ഒരു ചെറിയ സംഘടന രൂപീകരിച്ചു. ജന്മനാടായ ഇന്ത്യയിൽ തൻറെ സമരപാത തുറന്നുകൊണ്ട് ഇന്ത്യൻ പാർലമെൻന്റിനു മുന്നിൽ ആഴ്ചയിലൊരു ദിവസം അവൾ പ്രതിഷേധം ആരംഭിച്ചു. തൻറെ കൂട്ടുകാരി ഗ്രേറ്റയുടെ സമരമാണ് അവൾക്ക് ഈ സമരത്തിന് പ്രചോദനമായത്. ലിസി പ്രിയയുടെ ഈ പ്രതിഷേധ സമരത്തെ തുടർന്നാണ് 2018 ജൂൺ 24ന് രാജ്യസഭ ഈ വിഷയം ചർച്ചക്കെടുത്തത്. ഇന്ന് വിവിധ രാജ്യങ്ങൾ  കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രഭാഷണങ്ങൾ നടത്തുവാൻ ലിസി പ്രിയയെ ക്ഷണിക്കുന്നു. അവളുടെ ശബ്ദത്തിനായി ലോകം കാതോർക്കുന്നു. ഇന്ത്യയുടെ മകൾ ലോകത്തിൻറെ രക്ഷക്കായി ശബ്ദം ഉയർത്തുമ്പോൾ ലോക നേതാക്കൾ പോലും അവളുടെ പ്രഭാഷണം ശ്രദ്ധയോടെ കേൾക്കുന്നു.  കാലാവസ്ഥാവ്യതിയാനത്തിത്തിന്റെ   തിക്തഫലങ്ങളിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളുമായി ലോകമാകമാനം ഓടി നടക്കുന്ന ഈ കുഞ്ഞു മകളെ ഓർത്ത് നാം ഓരോ ഇന്ത്യക്കാർക്കും അഭിമാനിക്കാം. അവളുടെ തുടർപോരാട്ടങ്ങൾക്ക് പിന്നിൽ ലോകം മുഴുവൻ അണിനിരക്കട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം.