മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. ഒരു എഴുത്തുകാരനെന്ന നിലയിൽ ജനമനസ്സുകളിൽ അംഗീകാരം നേടിയ മുട്ടത്തുവർക്കിയെ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് സമകാലീനർ വേണ്ടരീതിയിൽ അംഗീകരിച്ചിരുന്നില്ല.മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട, പരിഹസിക്കപ്പെട്ടു സാഹിത്യകാരൻ മുട്ടത്തുവർക്കി ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഉണ്ടാവില്ല. ജനപ്രിയ നോവൽ സാഹിത്യത്തിലെ കുലപതിയായ മുട്ടത്തുവർക്കി ചങ്ങനാശ്ശേരിയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടെയും മകനായി 1915 ഏപ്രിൽ 28-ന് ജനിച്ചു.ബിരുദ പഠനത്തിനുശേഷം ചങ്ങനാശ്ശേരി എസ്. ബി. സ്കൂളിൽ അധ്യാപകനായി പ്രവേശിച്ചെങ്കിലും ആ ജോലിയിൽ അധികനാൾ തുടർന്നില്ല. 1950 -ൽ ദീപികയുടെ പത്രാധിപസമിതി അംഗമായി. ദീപിക പത്രത്തിൽ ‘നേരും,  നേരംപോക്കും’ എന്ന ജനപ്രിയകോളം എഴുതിയത് അദ്ദേഹമായിരുന്നു.  ‘ആത്മാഞ്ജലി’ എന്ന ഖണ്ഡകാവ്യത്തിലൂടെയാണ്  മുട്ടത്തുവർക്കി പുസ്തകരചനയിലേക്ക്തിരിയുന്നത്. തൻറെ വഴി കാവ്യരചന അല്ലെന്നു മനസ്സിലാക്കിയ വർക്കി പിന്നീട് ഗദ്യസാഹിത്യത്തിലേക്ക് ചുവടുറപ്പിക്കുകയായിരുന്നു. അക്ഷരം കൂട്ടിവായിക്കാൻ മാത്രമറിയാവുന്ന ഒരു ജനതയെ വായനയുടെ ലോകത്തേക്ക് മുട്ടത്തുവർക്കി എന്ന എഴുത്തുകാരൻ അനായേസേന കൈപിടിച്ചുയർത്തി കൊണ്ടു പോകുന്ന കാഴ്ചയാണ് ആ വഴി മാറ്റത്തിന് ശേഷം കേരളം കണ്ടത്. എഴുത്തിൻറെ ആദ്യ കാലഘട്ടത്തിൽ തന്നെ ജനഹൃദയങ്ങൾ കീഴടക്കിയ അദ്ദേഹത്തിൻറെ കൃതികളായി ജനം കാത്തുനിന്നു.  മധ്യതിരുവിതാംകൂറിലെ സാധാരണ ജനങ്ങളുടെ ജീവിതം പശ്ചാത്തലമാക്കിവയായിരുന്നു അദ്ദേഹത്തിൻറെ രചനകളിൽ ഏറെയും.  മലയാളികൾ അന്നുവരെ കണ്ടിട്ടില്ലാത്ത ലളിതമായ ആഖ്യാന ശൈലിയിലൂടെ വായനക്കാരെ അക്ഷര ലോകത്തിൻറെ തിരുമുറ്റത്തേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന് സാഹിത്യലോകത്ത് ശത്രുക്കളും ഉണ്ടായി. നാല് പതിറ്റാണ്ട് നീണ്ടുനിന്ന സാഹിത്യ  സപര്യയ്ക്കിടയിൽ അഴകുള്ള സെലീന, പാടാത്ത പൈങ്കിളി, ഒരു കുടയും കുഞ്ഞുപെങ്ങളും, പട്ടുതൂവാല, ആറാം പ്രമാണം, വെളുത്ത കത്രീന തുടങ്ങിയ 81  നോവലുകളും 16 ചെറുകഥാസമാഹാരങ്ങളും 12 നാടകങ്ങളും 17 വിവർത്തന കൃതികളും 5 ജീവചരിത്രങ്ങളും അദ്ദേഹത്തിൻറെ പേരിൽ പുറത്തിറങ്ങി. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങൾ തൻറെ സൃഷ്ടികളിലൂടെ മുട്ടത്തുവർക്കി വരച്ചുകാട്ടി എങ്കിലും ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ഒരു മികച്ച എഴുത്തുകാരൻ ഗണത്തിൽ പെടുത്തുവാൻ പലരും വിമുഖത കാണിച്ചു എന്നു മാത്രമല്ല  അദ്ദേഹത്തിൻറെ ആഖ്യാനശൈലിയെ പരിഹസിച്ചുകൊണ്ട് “പൈങ്കിളി സാഹിത്യകാരൻ” എന്ന പരിഹാസ വിശേഷണവും അദ്ദേഹത്തിന് ചാർത്തി നൽകി. ‘പാടാത്ത പൈങ്കിളി’ എന്ന പ്രണയനോവൽ പുറത്തിറങ്ങുമ്പോൾ മലയാളത്തിലെ അന്നത്തെ ഏറ്റവും ജനപ്രീതി നേടിയ നോവൽ അതായിരുന്നു . മാത്രവുമല്ല ‘പൈങ്കിളി സാഹിത്യം’ എന്ന വിശേഷണത്തിന്റെ തുടക്കവും ഈ നോവലിൽ നിന്നുമായിരുന്നു. .അങ്ങനെ അവജ്ഞയിൽ പൊതിഞ്ഞ ഒരു സാഹിത്യശാഖ കൃതിമമായി സൃഷ്ടിച്ചുകൊണ്ട് മുട്ടത്തുവർക്കി എന്ന അതുല്യ പ്രതിഭയെ ആ തട്ടിൻ പുറത്തിരിത്തിക്കുക എന്നത് സാഹിത്യലോകത്തെ അസൂയാലുക്കളുടെ ആവശ്യമായിരുന്നു. ജനമനസ്സുകളിൽ ഇടം നേടിയ എഴുത്തുകാരനെ എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ അക്ഷരങ്ങളെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് സാധാരണ വായനക്കാരനായിരുന്നു മുട്ടത്തുവർക്കിയുടെ താങ്ങും തണലും. മുട്ടത്തുവർക്കിയുടെ 26 നോവലുകൾക്ക്  ചലച്ചിത്ര ഭാഷ്യങ്ങൾ ഉണ്ടായി. ‘പൈങ്കിളി സാഹിത്യം’ എന്ന് വിമർശകർ മുദ്രകുത്തിയ ‘പാടാത്ത പൈങ്കിളി’ ചലച്ചിത്രം ആയപ്പോൾ ആ ചിത്രത്തിന് മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അപ്പോഴും മുട്ടത്തുവർക്കി എന്ന എഴുത്തുകാരനെ അംഗീകരിക്കുവാൻ പലർക്കും വിമുഖതയായിരുന്നു.മുദ്രകുത്തപ്പെട്ട പൈങ്കിളി സാഹിത്യകാരൻ എന്ന പരിഹാസനാമം എടുത്തുമാറ്റാൻ ആരും മുന്നോട്ടുവന്നില്ല.എങ്കിലും വിവേകബുദ്ധിയുള്ള ചില സാഹിത്യകാരന്മാർ മാത്രം സത്യം ലോകത്തോട് വിളിച്ചു പറഞ്ഞു.  മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വര പ്രതിഭയാണ് മുട്ടത്തുവർക്കി എന്നാണ് കേസരി ബാലകൃഷ്ണപിള്ള മുട്ടത്തുവർക്കിയെ പറ്റി വിശേഷിപ്പിച്ചത്. മലയാള സാഹിത്യത്തിലെ റിയലിസ്റ്റിക് കാലഘട്ടത്തിൻറെ തുടക്കം മുട്ടത്തുവർക്കിയിൽ നിന്നും ആയിരുന്നു. ആ മഹത്വം  തന്ത്രപൂർവം മറ്റുപലരിലേക്കും മാറ്റിച്ചാർത്തിയപ്പോഴും മുട്ടത്തുവർക്കി പരിഭവങ്ങളില്ലാതെ എഴുതിക്കൊണ്ടിരുന്നു. പരിഹാസങ്ങളും വിമർശനങ്ങളും ഏറെ അതിരു കടന്നപ്പോൾ ഒരവസരത്തിൽ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു “എനിക്ക് ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്ക് മുട്ടത്തുവർക്കി ആകാനേ കഴിയുള്ളൂ. ഞാൻ ഞാനായിട്ട് തന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു. അത് മലയാളികൾ നെഞ്ചിലേറ്റി. എൻറെ ഇണപ്രാവുകളും മയിലാടും കുന്നുമെല്ലാം മുഷിഞ്ഞ കവർ ചിത്രങ്ങളുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതുമതി.” 1989 മെയ് 28ന് മുട്ടത്തുവർക്കി ജീവിതത്തിൽ നിന്നും വിടവാങ്ങി. മരണശേഷം അദ്ദേഹത്തിൻറെ സ്മരണയ്ക്കായി മുട്ടത്തുവർക്കി പുരസ്കാരം ആരംഭിച്ചു. 1992 മുതൽ നൽകി കൊണ്ടിരിക്കുന്ന ഈ അവാർഡ് ഏറ്റുവാങ്ങാൻ ജീവിച്ചിരുന്നപ്പോൾ  അദ്ദേഹത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന വരേണ്യ സാഹിത്യകാരന്മാരിൽ ചിലരെങ്കിലും ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം!