- dennyvattakunnel
- May 14, 2021
- Uncategorized
ലോകവ്യാപകമായി 28,000 ജീവിവർഗ്ഗങ്ങൾ വംശനാശഭീഷണി നേരിടുന്നതായുള്ള പുതിയ കണ്ടെത്തൽ തികച്ചും നിരാശാജനകവും ആശങ്കാജനകവുമാണ്. ഭൂമിയിൽ വംശനാശം നേരിടുന്ന ജീവി വർഗ്ഗങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എത്രമാത്രം പ്രതികൂലമായി ബാധിച്ചു എന്ന കാര്യം ഉഹാപോഹങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ ഇത്രയധികം ജീവിവർഗ്ഗങ്ങൾ സമീപഭാവിയിലോ വിദൂരഭാവിയിലോ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകും. പ്രകൃതിയുടെ മൊത്തത്തിലുള്ള ആവാസവ്യവസ്ഥയെ ഈ ‘വിടവാങ്ങൽ’ എത്രമാത്രം പ്രതികൂലമായി ബാധിക്കുമെന്ന കാര്യം പ്രകൃതിയുടെ സ്പന്ദനം അറിയുന്നവക്ക് ഉൽക്കണ്ഠ ഉളവാക്കുന്ന ഒന്നാണ്. പ്രകൃതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന International Union for Conservation of Nature (IUCN)ന്റെ പട്ടികയിലാണ് വിപുലമായ തോതിലുള്ള ഈ വംശനാശത്തെപ്പറ്റിയുള്ള പുതിയ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ശാസ്ത്രീയമായ അളവുകോൽ പ്രകാരം പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ വംശനാശം സംഭവിച്ചവ, തീവ്ര വംശനാശഭീഷണി നേരിടുന്നവ, വംശനാശഭീഷണി നേരിടുന്നവ, വംശനാശ സാധ്യതയുള്ളവ, വംശനാശഭീഷണിയിലേക്ക് അടുക്കുന്നവ,ആശങ്കപ്പെടേണ്ട ആവശ്യമില്ലാത്തവ എന്നിങ്ങനെ ജീവജാലങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഈ തരംതിരിവുപ്രകാരം ഏകദേശം 873 വർഗ്ഗങ്ങൾക്ക് വംശനാശം സംഭവിച്ചതായും 73 വർഗ്ഗങ്ങൾക്ക് വന്യതയിൽ നാശം സംഭവിച്ചതായും 1127 ജീവിവർഗ്ഗങ്ങൾ വംശനാശത്തിനു സമീപമാണെന്നും കണ്ടെത്തിയിട്ടുണ്ട്. തീവ്ര വംശനാശം നേരിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമാണ് മുന്നിൽ നിൽക്കുന്നത്. ഇവിടെ 35 ജീവിവർഗ്ഗങ്ങൾ തീവ്ര വംശനാശഭീഷണി നേരിടുന്നു. 24 സസ്യങ്ങളും നാല് ഉപയജീവികളും ഉൾപ്പെടെ 11 ജന്തുവർഗങ്ങൾ ആണ് ഈ പട്ടികയിൽ കേരളത്തിൽ നിന്നുമുള്ളത്. ഈ വിഭാഗത്തിൽ 169 ജീവിവർഗ്ഗങ്ങൾ ആണ് ഇന്ത്യയിൽ നിന്നുമുള്ളത്.വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലും ഇന്ത്യയിൽ കേരളം തന്നെയാണ് മുന്നിൽ നിൽക്കുന്നത്. വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ 392 ജീവി വർഗ്ഗങ്ങളിൽ 139 കേരളത്തിൽ നിന്നുമാണ്. വംശനാശ ഭീഷണി നേരിടാൻ സാധ്യതയുള്ള വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും 548എണ്ണമുണ്ട്. ഇതിൽ 115 ജീവിവർഗ്ഗങ്ങങ്ങളും കേരളത്തിൽ നിന്നു തന്നെയാണ്. ഈ വിഭാഗത്തിലും കേരളം മുന്നിൽ തന്നെ. ലോകത്തിലെ സസ്യസമ്പത്തിനെ പ്രധാന കേന്ദ്രമായിരുന്ന കേരളം ഇപ്പോൾ ഏത് ദിശയിലേക്കാണ് നീങ്ങുന്നത്? ഒരു ജീവിവർഗ്ഗം വംശനാശത്തിന്റെ പടിവാതിൽക്കൽ എത്തുന്നത് ഒറ്റദിവസം കൊണ്ടല്ല എന്ന് ഏവർക്കുമറിയാം. കാലാവസ്ഥാ വ്യതിയാനമാണ് ലോകത്തിൽ പ്രധാനമായും ജീവ വർഗ്ഗങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളിയായി നിലനിൽക്കുന്നത്. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളൂ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ പ്രത്യക്ഷത്തിൽ എത്തുന്നതിനു മുൻപേ തന്നെ കേരളത്തിൽ പല ജീവികളും വംശനാശഭീഷണി നേരിട്ട് തുടങ്ങിയിരുന്നു എന്നതാണ് യാഥാർത്ഥ്യം. അനിയന്ത്രിതമായ തോതിലുള്ള വനം കൈയേറ്റങ്ങളും വന്യജീവികളെയും നാട്ടു ജീവികളെയും നിരന്തരമായി വേട്ടയാടിയതും വന്യജീവികളുടെ ആവാസവ്യവസ്ഥ തകർത്തുകൊണ്ട് നടത്തിയ വികസന പ്രവർത്തനങ്ങളും കാരണം നമ്മുടെ നാട്ടിലെ സമ്പന്നമായ അപൂർവ്വമായ ജീവിവർഗ്ഗങ്ങൾ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. വേണ്ടത്ര മുൻകരുതലുകൾ എടുത്തുകൊണ്ട് ഇനിയെങ്കിലും നമ്മുടെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന ജീവിവർഗ്ഗങ്ങളെ വേണ്ടവിധത്തിൽ സംരക്ഷിക്കാനുള്ള നടപടികൾ എടുത്തില്ലെങ്കിൽ നമ്മുടെ അടുത്ത തലമുറകളാകും ദുരന്തങ്ങൾ ഏറ്റുവാങ്ങുക. മലകളും മരങ്ങളും സസ്യങ്ങളും പക്ഷി വർഗ്ഗങ്ങളും ശലഭങ്ങളും മറ്റു ജീവജാലങ്ങളും നമുക്കു ചുറ്റും നിന്നും അപ്രത്യക്ഷമാകുമ്പോൾ മാത്രമേ അവ പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് മനസ്സിലാകുകയുള്ളു. ആ ദുരന്തങ്ങൾ ഏറ്റുവാങ്ങുക നമ്മളെക്കാൾ ഉപരി നമ്മുടെ അടുത്ത തലമുറകൾ തന്നെയാണ്. വരണ്ട പുഴകൾക്കു സമീപം ആ നിരപരാധികൾ ദാഹജലം കിട്ടാതെ മരിച്ചു വീഴുമ്പോഴും പേമാരിയിലും മഹ പ്രളയത്തിലും അവർ മുങ്ങിത്താഴുമ്പോഴും അവർ ഓർക്കുക പൂർവികർ തങ്ങളോടു ചെയ്ത കൊടുംചതിയെപ്പറ്റി ആയിരിക്കും. അങ്ങനെ നമ്മൾ ചെയ്ത കൊടുംപാപത്തിന്റെ ഫലം അനുഭവിക്കുന്ന ഒരു ജനതയായി വരും തലമുറ മാറാതിരിക്കട്ടെ… നമുക്ക് നമ്മുടെ പ്രകൃതിസമ്പത്തിനെ സംരക്ഷിക്കാം… അതിലൂടെ വരും തലമുറകളെയും …