- dennyvattakunnel
- May 15, 2021
- Uncategorized
ക്രൊയേഷ്യ യൂറോപ്യൻ വൻകരയിലെ ഒരു രാജ്യമാണ്. ബാൾക്കൻ പ്രവിശ്യയിലെ ഈ രാജ്യം 1991നു മുൻപ് യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നു. സ്ലോവേനിയ, ഹംഗറി, സെർബിയ, ബോസ്നിയ-ഹെർസഗോവിന എന്നിവയാണ് അയൽ രാജ്യങ്ങൾ. ക്രിസ്തുവിനുമുമ്പ് മൂന്നാംനൂറ്റാണ്ടിൽ നോർമാഡന്മാരുടെ വർഗത്തലവനും ഇലിയർ ഗോത്രനേതാവുമായിരുന്ന അഗ്ലറാൻ സ്ഥാപിച്ചതാണ് ഇന്നത്തെ ക്രോയേഷ്യ. നാടോടിക്കൂട്ടങ്ങൾ ഇതൊരു സ്ഥിരം താവളമാക്കിയതോടെ സാവധാനമതൊരു ഗ്രാമീണനഗരമായി രൂപംകൊണ്ടു. ഒന്നാംലോക യുദ്ധത്തിനുശേഷം രൂപവത്കൃതമായ യൂഗോസ്ലാവിയൻ റിപ്പബ്ലിക്കിന്റെ ഭാഗമാകുംമുമ്പ് കൊച്ചുസ്വതന്ത്രരാജ്യമായിരുന്നു. ടിറ്റോയും സ്റ്റാലിനും കൂടിയാണതിനെ തന്ത്രപൂർവം യൂഗോസ്ലാവിയയുടെ ഭാഗമാക്കിയത്. എന്നാൽ എന്നും അതൊരു പ്രശ്നസംസ്ഥാനം തന്നെയായിരുന്നു യൂഗോസ്ലാവിയക്ക്. ചരിത്രമറിയുന്ന കാലംമുതലേ ക്രൊയേഷ്യ ഈ ‘ഖ്യാതി’ നിലനിർത്തി. എണ്ണിയാലൊടുങ്ങാത്ത കൊച്ചുരാജ്യങ്ങളുടെയൊക്കെ അതിർത്തിയായിരുന്നു അത്. അതുകാരണം എല്ലാവർക്കും എളുപ്പം കടന്നെത്താവുന്ന ഇടവും.
ഏഴാം നൂറ്റാണ്ടിലെ പ്രബല ശക്തികളായിരുന്ന റോമാനിയൻ വംശം ഇവിടം അപഹരിച്ചെടുത്ത് മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും കെട്ടിപ്പടുത്ത് ചക്രവർത്തിമാരുടെ സുഖവാസകേന്ദ്രമാക്കി. ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ജർമനിയിലെ ഫ്രാങ്കൻ രാജവംശത്തിന്റെ കണ്ണ് പതിഞ്ഞതോടെ അത് ജർമൻ പ്രവിശ്യയായി. ഹംഗറിയുടെ ഭരണകർത്താക്കളായ ഡോണാവു മോണാർക്കി (ഡാന്യൂബ് ചക്രവർത്തികുടുംബം) കടന്നാക്രമിച്ചപ്പോൾ ഫ്രാങ്കന്മാരത് കൈവിട്ടു. തുടർന്നു രാജവംശങ്ങൾ മാറിമാറി തട്ടിയിരുട്ടിയിരുന്ന ക്രൊയേഷ്യ ഒരിക്കലും സമാധാനമെന്തെന്നറിഞ്ഞിരുന്നില്ല. ഒടുവിൽ മിലോസെവിച്ചിന്റെ പതനത്തോടെ 1992ൽ സ്വതന്ത്ര രാഷ്ട്രമായി.