2013-ൽ മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവിലഭിച്ചു. ഇന്ത്യയിൽ നിലനിന്നിരുന്ന 2000 വർഷത്തിൽ കൂടുതൽ ചരിത്രപാരമ്പര്യമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. കേരളത്തിലും , ലക്ഷദ്വീപിലും പുതുച്ചേരിസംസ്ഥാനത്തിന്റെ ഭാഗമായ മയ്യഴിയിലും സംസാരിക്കുന്ന ഭാഷയാണ് മലയാളം. ഭാഷാപണ്ഡിതനായ പ്രൊഫ. ഏ. ആർ. രാജരാജവർമ്മ കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യഘട്ടം – ബാല്യാവസ്ഥ: കരിന്തമിഴുകാലം (കൊല്ലവർഷം 1 – 500വരെ; എ. ഡി. 825–1325വരെ) മദ്ധ്യഘട്ടം – കൗമരാവസ്ഥ: മലയാണ്മക്കാലം (കൊല്ലവർഷം 500 – 800വരെ; എ. ഡി. 1325–1625വരെ) അധുനികഘട്ടം – യൗവനാവസ്ഥ: മലയാള കാലം (കൊല്ലവർഷം 800 മുതൽ; എ.ഡി. 1625 മുതൽ) സഹസ്രാബ്ദങ്ങളുടെ പഴക്കം മലയാളഭാഷയ്ക്ക് ഉണ്ടായിരുന്നു എന്നാണ് ഈ വളർച്ചകാലഘട്ടങ്ങൾ വ്യക്തമാക്കുന്നത്. മാത്രവുമല്ല നമുക്ക് സ്വന്തമായി അക്കങ്ങൾക്ക് ചിഹ്നങ്ങളുമുണ്ടായിരുന്നു. ആ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അനവസരത്തിൽപോലും മലയാളം സംസാരിക്കുന്നതും ,എഴുതുന്നതും പോരായ്മയായികാണുന്ന ഒരു തലമുറയായി നമ്മൾ ഇന്നു മാറിക്കൊണ്ടിരിക്കുന്നു. അതിനൊരു മാറ്റം വേണ്ടേ ? മാതൃഭാഷ അമ്മയെപ്പോലെയാണ്. നമ്മൾ മലയാളികൾ ഉള്ളിടത്തോളം കാലം നമുക്ക് നമ്മുടെ മലയാളത്തെ വളർത്താം,സംരക്ഷിക്കാം. കാരണം അത്രമാത്രം മഹത്തും,പാരമ്പര്യമുള്ളതുമാണ് നമ്മുടെ സ്വന്തം മലയാളം.