ഒരു ലോക ലഹരി വിരുദ്ധ ദിനം കൂടി കടന്നു പോയി. 1989 മുതൽ ആണ് ഐക്യ രാഷ്ട്ര സഭ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്.ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ സമൂഹത്തിൽ ലഹരി മരുന്നിൻറെ ഉപഭോഗം കൂടുന്നുണ്ട് എന്നതാണ് യാഥാർഥ്യം. എന്നാൽ മറ്റു പല രാജ്യങ്ങളും ബോധവൽക്കരണത്തിലൂടെയും, നിയമ നിർമാണങ്ങളി ലൂടെയും ഒരു പരിധിവരെയെങ്കിലും ലഹരി വിരുദ്ധരാകുവാൻ സമൂഹത്തെ പ്രാപ്തരാക്കുന്നുണ്ട്. നമുക്കു മാത്രം എന്തുകൊണ്ട് അതിന് കഴിയാതെ പോകുന്നു? എന്തുകൊണ്ട് കൂടുതൽ ആളുകൾ ലഹരി മരുന്നിന് അടിമയാകുന്നു?

കൗമാരക്കാരും ചെറുപ്പക്കാരുമാണ് ഏറ്റവും വേഗം ലഹരി മരുന്നിന് അടിമയാകുന്നത്. ആദ്യം സൗഹൃദ കൂട്ടായ്മയുടെ തണലിൽ ഒരു വിനോദത്തിനായി ലഹരി മരുന്നുപയോഗിച്ചു തുടങ്ങുന്നു. പിന്നെ അതിവേഗം അതിനടിമയാകുന്നു. പുകയില ഉൽപ്പന്നങ്ങൾ തുടങ്ങി മാരകമായ മയക്കു മരുന്ന് വരെ ഇവർ ഉപയോഗിക്കുന്നു. ഒരിക്കൽ വീണു പോയാൽ തിരികെ കയറുവാൻ കഴിയാത്ത വലിയ കെണിയായി മനസ്സിനെയും ശരീരത്തെയും അതിവേഗം കീഴ്പ്പെടുത്തുന്നു. നിഷ്കളങ്കരായ കൗമാരക്കാരും യുവാക്കളുമാണ് വളരെ വേഗം ലഹരി മരുന്നിനടിമകളാകുന്നത്. കുടുംബത്തിൽ മാതാപിതാക്കൾ സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങൾ, അപകർഷതാബോധം, സുഹൃത് വലയങ്ങളോടുള്ള വിധേയത്വം, വ്യക്തി ജീവിതത്തിലെ ഒറ്റപ്പെടൽ, ലഹരി മരുന്ന് സൃഷ്ടിക്കുന്ന ദൂഷ്യങ്ങളെ പറ്റിയുള്ള അറിവില്ലായ്മ തുടങ്ങിയവയൊക്കെ ലഹരി മരുന്നുപയോഗത്തിനു പ്രേരക ശക്തിയാകുന്നു. തൻറെ അസ്ഥിത്വ ചിന്തകളും അസ്വസ്ഥതകളും ഒഴിഞ്ഞു പോകുവാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗമായാണ് പലരും മയക്കു മരുന്നിനെ കാണുന്നത്. ഇത്തരം ആൾക്കാരെ കണ്ടെത്തി അവരുടെ കൂട്ടായ്മകൾ സൃഷ്ടിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തുവാനായി മാഫിയകളും പ്രവർത്തിക്കുന്നു.

കൗമാര പ്രായക്കാർക്ക് വ്യക്തിത്വ വികസനത്തിനും ലക്ഷ്യ ബോധം സൃഷ്ടിക്കുന്നതിനും ഉതകുന്ന പഠന ക്രമങ്ങൾ സൃഷ്ടിച്ച് ബോധവൽക്കരണം ഊർജ്ജിതമായി നടത്തിയില്ലെങ്കിൽ നമുക്ക് നമ്മുടെ വരും തലമുറയെ നഷ്ടപ്പെട്ടെന്നു വരും. ലഹരി മരുന്നുപയോഗിക്കുന്നവരെ മാത്രമല്ല ബോധവൽക്കരിക്കേണ്ടത്. ലഹരി മരുന്നുമായി വരുന്നവരോട് ആദ്യമേ തന്നെ ‘നോ ‘ പറയുവാൻ യുവതലമുറയെ പ്രാപ്തരാക്കണം. ലഹരി മരുന്നുകൾ മനസ്സിനെയും, ശരീരത്തെയും, കുടുംബത്തെയും, സമൂഹത്തെയും നശിപ്പിക്കുന്ന ഒന്നാണെന്ന ബോധം തിരിച്ചറിവു നേടുന്ന പ്രായത്തിലേ കുട്ടികൾ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ലഹരി മാഫിയകളുടെ ചതിക്കുഴികളിൽ അവർ വീഴും. ഒരിക്കൽ മയക്കുമരുന്നിനടിമയായാൽ വീണ്ടും അതു ലഭിക്കുന്നതിനു വേണ്ടി എന്തു ഹീന പ്രവർത്തി ചെയ്യുവാനും അവർ തയ്യാറാകും. ലഹരിയുടെ ഉന്മാദത്തിൽ മനുഷ്യത്വം നഷ്ടപ്പെടുന്നവർ യാതൊരു കുറ്റബോധവുമില്ലാതെ എത്ര വലിയ കുറ്റകൃത്യങ്ങളിലും ഏർപ്പെടും.മയക്കു മരുന്നിനടിമപ്പെടുന്നവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പത്രവാർത്തകളിലും ഇത്തരം കുറ്റകൃത്യങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ബോധവൽക്കരണത്തിൻറെ ആദ്യ പാഠം തുടങ്ങുന്നത് കുടുംബങ്ങളിൽ നിന്നാകണം എന്നാണ് എൻറെ അഭിപ്രായം.കുട്ടികളുടെ സ്വഭാവത്തിലെ പ്രത്യേകതകൾ, സൗഹൃദങ്ങൾ, അവരുടെ വിഷമതകൾ തുടങ്ങിയവയൊക്കെ മാതാപിതാക്കൾ നിരന്തരം വീക്ഷിക്കണം. കുടുംബ ബന്ധങ്ങൾക്ക്‌ ആഴത്തിൽ വേരോട്ടമുള്ള സാഹചര്യങ്ങളിൽ നിന്നുമുള്ള കുട്ടികൾ വിരളമായേ ലഹരിമരുന്നുകളുടെ പിന്നാലെ പോകാറുളളൂ. കുട്ടിയുടെ ഏറ്റവും നല്ല സുഹൃത്തുക്കളും വഴികാട്ടികളും അച്ഛനമ്മമാരാകുമ്പോൾ അവർ ഏറ്റവും മികച്ച സൗഹൃദ സ്ഥാനമായി സ്വന്തം കുടുംബത്തെ തന്നെ കാണും. അവരുടെ കഴിവുകളും കഴിവുകേടുകളും തുറന്നു പറയാനും ആശ്വാസം കിട്ടുവാനുമുള്ള ഒരിടമായി കുടുംബം മാറും. വഴിവിട്ട സൗഹൃദങ്ങളിൽ നിന്നും അവർ മാറി നിൽക്കുവാൻ ശ്രമിക്കും. ലഹരി മരുന്നുകൾ നൽകുന്ന വിപത്തുകൾ എന്താണെന്ന് അവരെ ഇടയ്ക്കൊക്കെ സ്നേഹപൂർവ്വം ബോധ്യപ്പെടുത്തണം. തങ്ങളുടെ കുട്ടി ഒരിക്കലും ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തപ്പെടാൻ ഇടയാകരുത് എന്ന ചിന്ത മാതാപിതാക്കൾക്ക് ഇപ്പോഴുമുണ്ടാകണം.

മാരകമായ ലഹരി മരുന്നിൻറെ ഉപയോഗം കൂടുന്നു എന്നത് സൂചിപ്പിക്കുന്നത് ലഹരി മരുന്നു മാഫിയയുടെ ശക്തമായ സാന്നിധ്യമാണ്. അവയുടെ വിപണക്കാരെയും, ഉൽപ്പാദകരെയും കണ്ടെത്തി ശക്തമായ നടപടികൾ എടുത്തില്ല എങ്കിൽ കൂടുതൽ കൗമാരക്കാരും ചെറുപ്പക്കാരും ലഹരി മരുന്നിന് അടിമകൾ ആകും. വിദ്യാ ലയങ്ങളിൽ അദ്ധ്യാപകരുടെയും, പി.റ്റി. എ യുടെയും നേതൃത്വത്തിൽ തുടർ ബോധവൽക്കരണ ക്ലാസുകൾ നടത്തണം. കുട്ടികളെ നിരന്തര നിരീക്ഷണം നടത്തുകയും വേണം. കാരണം മാഫിയകൾ ലക്ഷ്യമിടുന്നത് പ്രധാന മായും സ്‌കൂളുകളും കോളേജുകളുമാണ്. അദ്ധ്യാപനം എന്നത് പുസ്തകത്തിലെ അറിവുകൾ പറഞ്ഞു കൊടുക്കുക മാത്രമല്ല. ഒരു കുട്ടിയെ മികച്ച വ്യക്തിത്വത്തിനുടമയാക്കി സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്നവനാക്കി അവനെ ഉന്നത നിലവാരത്തിലെത്തിക്കുക എന്നതു കൂടിയാണ്. വർഷത്തിലൊരിക്കൽ നടത്തുന്ന ആചാരമായി മാത്രമായി ലഹരി വിരുദ്ധ പ്രവർത്തനം മാറരുത്. നമ്മുടെ സമൂഹത്തെ രക്ഷിച്ചു നിർത്തുവാനുള്ള തുടർ പ്രക്രിയയായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ മാറണം. എങ്കിൽ മാത്രമേ നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഈ വിപത്തിൽ നിന്നും നമുക്കു രക്ഷപ്പെടുവാൻ കഴിയുകയുള്ളൂ. അതിനായി ‘ലഹരി മുക്ത കേരളം’ എന്ന മുദ്രാ വാക്യവുമായി നമുക്ക് കൈകോർക്കാം…

ലോക ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ പ്രഭാഷണത്തിൻറെ പ്രസക്ത ഭാഗങ്ങൾ