- dennyvattakunnel
- May 15, 2021
- Uncategorized
അസർബെയ്ജാൻ (Azerbaijan). യൂറോപ്പിലും വടക്കു കിഴക്കൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യം യൂറോപ്പിലും വടക്കു കിഴക്കൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ് അസർബെയ്ജാൻ മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസർബെയ്ജാൻ ഇപ്പോൾ ഒരു സ്വതന്ത്ര രാജ്യമാണ്. റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, ടർക്കി എന്നിവയാണ് അയൽരാജ്യങ്ങൾ. പുരാതന സംസ്കാരവും ചരിത്രവുമുള്ള രാജ്യമാണിത്. ഓപ്പറ, അരങ്ങ്, നാടകം മുതലായ കലാരൂപങ്ങൾ ആദ്യം നടപ്പിൽ വന്ന മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് അസർബെയ്ജാൻ. അസർബെയ്ജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് 1918ൽ നിലവിൽ വന്നു. 1920ൽ ഇത് സോവിയറ്റ് യൂണിയനിൽ ലയിച്ചു. 1991ലാണ് സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്.
ആറു സ്വതന്ത്ര ടർക്കിക് രാഷ്ട്രങ്ങളിൽ ഒന്നും, ടർക്കിക് കൗൺസിലിൽ സജീവ അംഗവുമാണ് അസർബെയ്ജാൻ. 158 രാജ്യങ്ങളുമായി നയതന്ത്രബന്ധം പുലർത്തുന്ന അസർബെയ്ജാൻ 38 അന്തർദേശീയ സംഘടനകളിൽ അംഗത്വമുള്ള രാഷ്ട്രവുമാണ്. ഗുവാം ഓർഗനൈസേഷൻ ഫോർ ഡെമോക്രസി ആന്റ് എക്കോണോമിക് ഡവലപ്മെന്റ്, കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ്, ഓർഗനൈസേഷൻ ഫോർ പ്രോഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് എന്നീ സംഘടനകളുടെ സ്ഥാപക അംഗമാണ് അസർബെയ്ജാൻ. 2006 മേയ് 9നു ഐക്യരാഷ്ട്ര സംഘടനയുടെ പുതുതായി സൃഷ്ടിച്ച മനുഷ്യാവകാശ കൗൺസിൽ അംഗത്വം അസർബെയ്ജാനു ലഭിച്ചു. അസർബെയ്ജാന്റെ ഭരണഘടന ഔദ്യോഗിക മതം പ്രഖ്യാപിച്ചിട്ടില്ല, കൂടാതെ എല്ലാ പ്രധാന രാഷ്ടീയ കക്ഷികളും മതേതര സ്വഭാവം പുലർത്തുന്നവയാണ്. ഭൂരിപക്ഷം വരുന്ന ജനവിഭാഗം ഷിയാ ഇസ്ലാം അനുയായികളാണ്. മറ്റുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളോടും സി.ഐ.എസ് രാജ്യങ്ങളോടും തട്ടിച്ചുനോക്കുമ്പോൾ അസർബെയ്ജാൻ മാനവവിഭവശേഷി, സാമ്പത്തിക വികസനം, സാക്ഷരത എന്നീ കാര്യങ്ങളിൻ മുന്നിട്ടു നിൽക്കുന്നതോടൊപ്പം താഴ്ന്ന തൊഴിലില്ലായ്മ നിരക്കും കാഴ്ച വെക്കുന്നു.
2012 ജനുവരി 1 മുതൽ 2 വർഷത്തേക്ക് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ അസ്ഥിരാംഗമാണ് അസർബെയ്ജാൻ. 10000 ബിസിയിൽ നിർമ്മിതമായ പെട്രോഗ്ലിഫ്സ്. ഗോബുസ്താൻ സ്റ്റേറ്റ് റിസർവിലുള്ള ഇത് യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. അസർബെയ്ജാനിലെ ജനവാസത്തിനെപ്പറ്റി ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ തെളിവുകൾ വെളിച്ചം വീശുന്നത് ശിലായുഗം മുതൽക്കു തന്നെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണ്. അസിഖ് ഗുഹ(Azykh Cave)യിൽ നിന്നു ലഭിച്ച ഗുരുചയ് സംസ്ക്കാരത്തിന്റെ തെളിവുകളാണ് ഇതിലേക്ക് വെളിച്ചം വീശിയത്. നവീന ശിലായുഗത്തിന്റെയും വെങ്കലയുഗത്തിന്റെയും അവശിഷ്ടങ്ങൾ അസർബെയ്ജാനിലെ ടകിലർ, ദംസിലി, സാർ, യതക് യെരി എന്നിവിടങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്.