- dennyvattakunnel
- May 15, 2021
- Uncategorized
ബൂമറാങ്ങ് എന്ന വാക്ക് നാം ഏവർക്കും അറിയാവുന്ന ഒന്നാണ്. നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക നായകർ പലപ്പോഴും സന്ദർഭാനുസൃതമായി ഉപമകൾക്കായുപയോഗിക്കുന്ന ഒരു വാക്കാണ് ‘ബൂമറാങ്ങ്’. ഉപയോഗിക്കുന്ന ആളിനു നേർക്കുതന്നെ തിരികെ എത്തുന്നു എന്ന അർത്ഥ ധ്വനിയോടെയാണ് ഈ വാക്ക് ഉപയോഗിച്ചു വരുന്നത്. എന്താണ് ഈ ബൂമറാങ്ങ്? ബൂമറാങ്ങ് ഒരു ആയുധമാണ്. ഈ ആയുധത്തിനൊരു പ്രത്യേകതയുണ്ട്. അത് ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ ഉപയോഗിക്കുന്ന ആളിൻറെ അടുത്തേയ്ക്ക് തിരികെയെത്തും.
ഇരുപതിനായിരം വർഷങ്ങളുടെ ചരിത്രമുണ്ട് ബൂമറാങ്ങിന്. ആസ്ട്രേലിയയിലെ ഗോത്രവർഗ്ഗക്കാരും, തെക്കെ ഇന്ത്യൻ വംശജരും, അമേരിക്കൻ വംശജരും, പക്ഷികളെയും, മൃഗങ്ങളെയും വേട്ടയാടുവാൻ ഈ ആയുധം ഉപയോഗിച്ചിരുന്നു. ഇന്ന് ഒരു കൗതുക വസ്തുവായും, കളിക്കോപ്പുമായാണ് ബൂമറാങ്ങിനെ കണ്ടു വരുന്നത്.
ബൂമറാങ്ങ് രണ്ടുവിധത്തിൽ ഉണ്ട്. എറിഞ്ഞാൽ തിരിച്ചു വരുന്നവയും,വരാത്തവയും. തിരിച്ചു വരുന്നവ പ്രധാനമായും വിനോദത്തിനായാണ് ഉപയോഗിക്കുന്നത്. തിരിച്ചു വരാത്തവ വേട്ടയാടുവാനും. ഏകദേശം അർദ്ധവൃത്താകൃതിയുള്ള ബൂമറാങ്ങിൻറെ സഞ്ചാരപാതയും അർദ്ധവൃത്താകൃതിയിലാണ്. ബൂമറാങ്ങിൻറെ നിർമ്മിതിക്കായി തടിയാണ് ഉപയോഗിക്കുന്നത്. പ്രാകൃത ഗോത്രങ്ങൾ ഉപയോഗിച്ചിരുന്ന ബൂമറാങ്ങുകളിൽ മൃഗങ്ങളുടെയും, പക്ഷികളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ വലിപ്പങ്ങളിൽ ഇവ നിർമ്മിക്കാവുന്നതാണ്. സാധാരണയായി ഏറ്റവും വലിയ ബൂമറാങ്ങിന് രണ്ട് മീറ്ററിലധികം നീളമുണ്ടാകും. ഏറ്റവും ചെറുതിന് പത്തു സെന്റീ മീറ്ററും.
ഭൂമിയിൽ നിന്നും തൊടുത്തു വിട്ടാൽ ലക്ഷ്യം ഭേദിച്ച് തിരികെയെത്തുന്ന മിസൈൽ കണ്ടെത്തുവാനുള്ള ഗവേഷണങ്ങൾ പോലും ഈ അടുത്ത കാലത്താണ് വിജയം കണ്ടു തുടങ്ങിയത്. ഇരുപതിനായിരം വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ കണ്ടുപിടിച്ച ഈ സാങ്കേതിക വിദ്യയുടെ മുന്നിൽ ആധുനിക ശാസ്ത്രലോകം അമ്പരപ്പോടെയാണ് ഒരു കാലത്ത് നിന്നത്. അത്രമാത്രം കൃത്യത ഈ ആയുധത്തിൻറെ പ്രയോഗത്തിനും, തിരിച്ചു വരവിനും ഉണ്ടായിരുന്നു.
പ്രകൃതിയോടിണങ്ങി നിന്നുകൊണ്ട് നമ്മുടെ പൂർവികരായ മനുഷ്യര് കണ്ടെത്തിയ പല അറിവുകളും ഇന്ന് അന്യമായി കഴിഞ്ഞു. എന്നാൽ ‘ബൂമറാങ്ങ്, എന്ന വാക്കിനെ അർത്ഥമറിഞ്ഞും, അറിയാതെയും നാം ഉപയോഗിക്കുമ്പോൾ ഇരുപതിനായിരം വർഷം പഴക്കമുള്ള ഒരു മികച്ച സാങ്കേതിക വിദ്യ അറിഞ്ഞോ, അറിയാതെയോ നമ്മുടെ മനസ്സിൽ തലമുറകളായി ഇടം നേടിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം ആ സാങ്കേതിക വിദ്യ ശരാശരി മനുഷ്യൻറെ ബുദ്ധി വൈഭവത്തിനപ്പുറം നിൽക്കുന്ന ഒന്നാണ്.