തികച്ചും ദരിദ്രമായ സാഹചര്യത്തിൽ ജനിച്ച് ഒരു രാജ്യത്തിൻറെ പ്രസിഡന്റാകുകയും, പ്രസിഡന്റ് പദവിയിലിരുന്ന അഞ്ചു വർഷം കൊണ്ട് ആ രാജ്യത്തെ സാമ്പത്തിക ഉന്നതിയിലെത്തിക്കുകയും, പ്രസിഡണ്ടിന്റെ ശമ്പളത്തിലൊരുവിഹിതം പാവപ്പെട്ടവർക്കായി ദാനം ചെയ്യുകയും, ഔദ്യോഗിക കാലാവധിക്കുശേഷം വീണ്ടും ദരിദ്രനായി ജീവിക്കുകയും ചെയ്യുന്ന ഒരു വേറിട്ട വ്യക്തിത്വത്തിനുടമയാണ് തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയുടെ പ്രസിഡന്റായിരുന്ന യോസെ മുയിക്ക (Jose Mujica).

ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവനെന്ന് അധികാരം ഒഴിയുന്നതുവരെയും അറിയപ്പെട്ട യോസെ മുയിക്കയുടെ ജനനം 1935 മെയ് 20 -ന് ആയിരുന്നു. മുയിക്ക പ്രസിഡന്റ് ആകുന്നതുവരെയും ആ രാജ്യം ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു. ലാറ്റി നമേരിക്കൻ രാജ്യങ്ങളിൽ അലയടിച്ച ക്യൂബൻ വിപ്ലവത്തിന്റെ ധ്വനികൾ ഉറുഗ്വേയുടെ മണ്ണിലും പ്രതിധ്വനിച്ചപ്പോൾ മുയിക്ക വിമോ ചന സമരത്തിലെ നായകരിലൊരാളായി. ഉറുഗ്വേയിലെ ഗറില്ലാ സംഘടനയായ തുപമാരോസയുടെ പോരാളിയായി ഗറില്ലാ യുദ്ധത്തിൽ പങ്കെടുക്കവേ ആറ് പ്രാവശ്യമാണ് മുയിക്കക്ക് വെടിയേറ്റത്. മരണത്തിൻറെ മുന്നിൽ നിന്നും പലപ്രാവശ്യം രക്ഷപ്പെട്ട മുയിക്കയെ 14 വർഷം ഉറുഗ്വൻ ഭരണകൂടം ജയിലിലടച്ചു. ഭരണകൂടത്തിൻറെ ചെയ്തികളൊന്നും അദ്ദേഹത്തിൻറെ ഉറച്ച മനസ്സിനെ തളർത്തുവാൻ പ്രാപ്തിയുള്ളവയായിരുന്നില്ല. മറിച്ച് ജയിൽവാസ കാലത്തെ പീഠനങ്ങൾ മുയിക്ക എന്ന ആദർശ ധീരനായ മനുഷ്യനെ കൂടുതൽ കരുത്തുറ്റ മനസ്സിൻറെ ഉടമയാക്കി മാറ്റുകയാണുണ്ടായത്.

നിരന്തരമായ പോരാട്ടങ്ങൾക്കൊടുവിൽ ഉറുഗ്വേയിൽ ജനാധിപത്യം പുന:സ്ഥാപിതമായപ്പോൾ 1985 -ൽ മുയിക്ക ജയിൽമോചിതനായി. തുടർന്ന് 2009 -ൽ രാജ്യത്തിൻറെ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. തൻറെ ഭരണകാലത്ത് വിപ്ലവകരമായ പരിഷ്കാരങ്ങളാണ് മുയിക്ക ഉറുഗ്വയിൽ നടപ്പിൽ വരുത്തിയത്. കാർഷിക മേഖലയിലും, വ്യവസായ മേഖലയിലും അദ്ദേഹം ഭരിച്ച അഞ്ചു വർഷക്കാലം രാജ്യം വൻകുതിച്ചുകയറ്റമാണ് നടത്തിയത്. ഇത് രാജ്യത്തെ പതിറ്റാണ്ടു കളായി അലട്ടിക്കൊണ്ടിരുന്നതൊഴിലില്ലായ്മ പരിഹരിക്കുവാൻ ഏറെ സഹായകമായി. ‘സത്ഭരണം’ എന്ന മാന്ത്രിക വടികൊണ്ട് മുയി ക്ക നടത്തിയ പ്രവർത്തനങ്ങൾ കേവലം അഞ്ചു വർഷം കൊണ്ട് ആ രാജ്യത്തെ സമ്പന്നതയുടെ മുകൾത്തട്ടിലേയ്ക്ക് അതിവേഗം കൊണ്ടു ചെന്നെത്തിക്കുന്നത് ലോകം അദ്‌ഭുതത്തോടുകൂടിയാണ് നോക്കിക്ക ണ്ടത്.

ഉറുഗ്വേയെ അഞ്ചു വർഷം കൊണ്ട് സമ്പന്ന രാജ്യമാക്കിയ രാഷ്ട്രത്തലവൻ എന്ന ഖ്യാദിക്കു പുറമേ മറ്റൊന്നുകൂടി മുയിക്കയെത്തേടിയെത്തി. സമ്പന്നമായ രാജ്യത്തിൻറെ ദരിദ്രനായ പ്രസിഡൻറ് എന്നതായിരുന്നു അത്. മുയിക്കയെ അങ്ങനെ ലോകം വിശേഷിപ്പി ക്കുവാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നു. പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം ഒരിക്കൽപോലും ആഢംബരം നിറഞ്ഞ പ്രസിഡ ന്റിന്റെ വസതിയിൽ താമസിച്ചിരുന്നില്ല. പകരം രണ്ടു ചെറിയ മുറികൾ മാത്രമുള്ള തൻറെ കൊച്ചുവീട്ടിൽ താമസിച്ചുകൊണ്ടാണ് മുയിക്ക രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത്. പ്രസിഡന്റിന്റെ ശമ്പളമായ 13300 ഡോളറിൽ 775 ഡോളറും അദ്ദേഹം പാവങ്ങൾക്കു ദാനം ചെയ്തു. ഓഫീസിൽ പോയിരുന്നത് തൻറെ പഴയ ഫോക്സ് വാഗൻ ബീറ്റൽ കാറിലും. സുരക്ഷയ്ക്കുണ്ടായിരുന്നത് രണ്ട് സാദാ പോലീസുകാർ മാത്രമാണ്. വീടു വൃത്തിയാക്കുന്നതും, പൂന്തോട്ടം സംരക്ഷിക്കുന്നതും, പച്ചക്കറി കൃഷിനടത്തുന്നതുമൊക്കെ പ്രസിഡന്റും, ഭാര്യയും ചേർന്നായിരുന്നു. അഞ്ചുവർഷത്തെ ഭരണകാലാവധി പൂർത്തിയാക്കിയതോടെ തൻറെ ലക്‌ഷ്യം നിർവഹിച്ച ചാരിതാർ ത്ഥ്യത്തോടെ മുയിക്ക സ്വമേധയാ പ്രസിഡന്റ് പദവി ഒഴിയുകയാ ണുണ്ടായത്. തുടർഭരണത്തിനായി ജനങ്ങളും, ലോകനേതാക്കളും സമ്മർദ്ദം നടത്തിയെങ്കിലും പുതുതലമുറയ്ക്ക് അവസരം കൊടുക്കുവാനായി അധികാരമുപേക്ഷിച്ച മുയിക്ക തുടർജീവിതത്തിന് കാർഷികവൃത്തി സ്വീകരിച്ചു.

ഇന്ന് ലോകത്ത് പല നേതാക്കൾക്കുമെതിരെ അഴിമതി ആരോപ ണങ്ങൾ ഉയർന്നു കേൾക്കുമ്പോൾ മുയിക്ക എന്ന നാമം ഓർത്തുപോകുന്നു എങ്കിൽ അത് ആ സവിശേഷ വ്യക്തിത്വത്തിന് ലോകം നൽകുന്ന ആദരവാണ്. പ്രലോഭനങ്ങൾക്കും, അഴിമതിക്കും വഴങ്ങാതെ ദീർഘ വീക്ഷണത്തോടും നിശ്ചയ ദാർഢ്യത്തോടും കൂടി ഒരു ദരിദ്ര രാജ്യത്തെ എങ്ങനെ സമ്പന്ന രാജ്യമാക്കാമെന്ന് മുയിക്ക ലോകത്തിന് കാട്ടിത്തന്നു. മുയിക്ക എന്ന ജനനേതാവിൽ നിന്നും ലോകത്തിലെ പലനേതാക്കളും ഇനിയും പലതും പഠിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം കൂടി ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.