- dennyvattakunnel
- May 15, 2021
- Uncategorized
ഇന്ത്യൻ വംശജനായ അഭിജിത് ബാനർജി കരസ്ഥമാക്കിയ നോബൽ പുരസ്കാരത്തിന്റെ നിറവിലാണ് നാം ഇപ്പോൾ. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലാണ് അഭിജിത് ബാനർജിക്ക് പുരസ്കാരം ലഭിച്ചത്. ബാനർജിക്കൊപ്പം ഭാര്യ എസ്തർ ഡഫ്ളോയും, മൈക്കൽ ക്രെമർ എന്ന മറ്റൊരാളും ഈ അവാർഡ് കരസ്ഥമാക്കുവാൻ ബാനർജിക്കൊപ്പം ഉണ്ടായിരുന്നു.
ലോകത്തെ ഏറ്റവും ശ്രദ്ധാർഹമായ പുരസ്കാരങ്ങളിലൊന്നായ നോബൽ പുരസ്കാരത്തിനു പിന്നിൽ ഒരു ചരിത്രമുണ്ട്. സ്വീഡിഷ് ശാസ്ത്ര ജ്ഞനായ ആൽഫ്രഡ് ബെർണഹാർഡ് നോബൽ ആണ് നൊബേൽ സമ്മാന ത്തിന്റെ ഉപജ്ഞാതാവ്. രസതന്ത്രം, ഭൗതിക ശാസ്ത്രം, വൈദ്യ ശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ വിഭാഗങ്ങളിലായിരുന്നു ആദ്യകാലത്ത് നൊബേൽ നൽകിയിരുന്നതെങ്കിലും പിന്നീട് സാമ്പത്തിക ശാസ്ത്രത്തേയും ഉൾപ്പെടുത്തുകയായിരുന്നു. ലോകത്തിൻറെ ഗതി മാറ്റിമറിച്ച ശാസ്ത്ര പ്രതിഭയായിരുന്നു ആൽഫ്രഡ് നോബൽ. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരുന്ന ഒരു സ്വീഡിഷ് കുടുംബത്തിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. എഞ്ചിനീയറായിരുന്ന ഇമ്മാനുവൽ നോബലിന്റെയും, ആന്ദ്രാറ്റ അല്ഷെലിന്റെയും മൂന്നാമത്തെ മകനായ ആൽഫ്രഡ് നോബലിന്റെ ജനനശേഷം പിതാവിന്റെ നിർമ്മാണ മേഖലയിലെ ബിസിനസ്സുകൾ നഷ്ടത്തിലായിത്തുടങ്ങി. തുടർന്ന് അദ്ദേഹം റഷ്യയിലേക്ക് കുടിയേറി. അവിടെ ഇമ്മാനുവൽ പട്ടാളത്തിനു വേണ്ടി ഒരു വർക്ക്ഷോപ്പ് ആരംഭിച്ചു. ബിസിനസ്സ് റഷ്യയിൽ അഭിവൃദ്ധി പ്രാപിച്ചതോടെ ഭാര്യയെയും, നോബൽ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും ഇമ്മാനു വൽ റഷ്യയിലേക്ക് കൂട്ടികൊണ്ടു വന്നു.
ആൽഫ്രഡ് നോബലിന്റെ ജീവിതത്തിലെ ഒരു നിർണ്ണായകഘട്ടമായിരുന്നു റഷ്യയിലെ കുട്ടിക്കാലം. അവിടെ ആൽഫ്രഡിന് മികച്ച വിദ്യാഭ്യാസം ലഭിച്ചു. ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകൾ ഇമ്മാനുവൽ ആൽഫ്ര ഡിനെ പഠിപ്പിച്ചു. ആൽഫ്രഡിന്റെ കഴിവുകളിൽ അച്ഛന് ഏറെ പ്രതീക്ഷകളും ഉണ്ടായിരുന്നു. മകനെ ഒരു കെമിക്കൽ എഞ്ചിനീയർ ആക്ക ണമെന്നായിരുന്നു ഇമ്മാനുവലിന്റെ ആഗ്രഹം. ആ ആഗ്രഹത്തിനു പിന്നിൽ ഒരു കാരണമുണ്ടായിരുന്നു. ഇമ്മാനുവൽ സ്വീഡനിൽ – കെട്ടിട നിർമ്മാണവും, റോഡ് നിർമ്മാണവും നടത്തിയിരുന്ന കാലത്ത് വൻ പാറകളും ഖനികളും പൊട്ടിച്ചെടുക്കുന്ന കാര്യത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മാനവശേഷിക്കൊപ്പം സാങ്കേതിക വിദ്യ കൂടിയുണ്ടെങ്കിൽ അധിക തൊഴിൽ മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകുമെന്ന് അദ്ദേഹം മനസിലാക്കി. ഉഗ്രസ്ഫോടനം നടത്തിയാൽ വേഗത്തിൽ കാര്യങ്ങൾ നടക്കും. പക്ഷേ അതിനുപയോഗിക്കേണ്ട കെമിക്കലും, സാങ്കേതിക വിദ്യയും അന്ന് ലഭ്യമല്ലായിരുന്നു.
ഉപരിപഠനത്തിനായി പാരീസിൽ എത്തിച്ചേർന്ന ആൽഫ്രഡ് നോബൽ പഠനത്തോടൊപ്പം പാരീസിലെ കെമിക്കൽ എഞ്ചിനീയർ ആയി റ്റി. ജെ. പെലോസിന്റെ ലബോറട്ടറിയിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ വച്ച് പരിചയപ്പെട്ട അസ്കാനിയോ സോബ്രെറൊ അദ്ദേഹത്തിൻറെ ജീവിതം മാറ്റി മറിച്ചു. നൈട്രോ ഗ്ലിസറിൻ സ്ഫോടന ദ്രാവകം കണ്ടുപിടിച്ചത് സോബ്രെറൊ ആയിരുന്നു. ആ കണ്ടുപിടിത്തത്തെ പറ്റി ചോദിച്ചറിഞ്ഞ ആൽഫ്രഡ് ആ ദ്രാവകം ഉപയോഗിച്ച് ഉഗ്രസ്ഫോടനം എങ്ങനെ നടത്താം എന്ന് ഏറെ ചിന്തിക്കുകയും സോബ്രെറൊയുമായി ഏറെ ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ പ്രായോഗിക തലത്തിൽ നിർമ്മാണ മേഖലയിൽ നൈട്രോ ഗ്ലിസറിനെ എങ്ങനെ സ്ഫോടനങ്ങൾക്ക് ഉപയോഗിക്കാം എന്ന കാര്യം ഇരുവർക്കും അജ്ഞാതമായി തന്നെ നിലകൊണ്ടു.
പഠനശേഷം റഷ്യയിൽ തിരിച്ചെത്തിയ ആൽഫ്രഡ് അച്ഛനുമായി നൈട്രോ ഗ്ലിസറിന്റെ കാര്യം വിശദമായി സംസാരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് പരീക്ഷണങ്ങൾ നടത്തി തുടങ്ങി. പക്ഷേ വേണ്ടത്ര ഫലം കണ്ടില്ല. മാത്രവു മല്ല, ക്രിമിയൻ യുദ്ധത്തെ തുടർന്ന് ബിസിനസിൽ നഷ്ടം നേരിട്ടതിനാൽ ഇമ്മാനുവൽ മൂത്ത പുത്രന്മാരെ ബിസിനസ്സ് ഏൽപ്പിച്ചശേഷം ആൽഫ്രഡി നെയും അനുജനെയും മറ്റു കുടുംബാഗങ്ങളെയും കൂട്ടി 1863 -ൽ സ്വീഡനി ലേക്ക് മടങ്ങി. സ്വീഡനിൽ തിരിച്ചെത്തിയ ആൽഫ്രഡ് നോബൽ തന്റെ പരീക്ഷണങ്ങൾ പുനരാരംഭിച്ചു. കൂടുതൽ അപകടം നിറഞ്ഞതായിരുന്നു പുതിയ പരീക്ഷണ ങ്ങൾ. പരീക്ഷണങ്ങൾക്കിടയിലെ അപകടങ്ങളിൽ പലരും കൊല്ലപ്പെട്ടു. അവരിൽ ആൽഫ്രഡിന്റെ അനുജനും ഉണ്ടായിരുന്നു. തുടർന്ന് അപകടകര മായ ആൽഫ്രഡിന്റെ പരീക്ഷണങ്ങൾക്ക് സ്വീഡിഷ് ഗവർമെന്റ് നിയന്ത്ര ണങ്ങൾ ഏർപ്പെടുത്തി. പരീക്ഷണ ഘട്ടങ്ങളിൽ അവിചാരിതമായി സംഭവിച്ച അനുജൻ ഉൾപ്പെടെ യുള്ളവരുടെ മരണങ്ങളും, ഗവർമെന്റിന്റെ നിയന്ത്രണങ്ങളും ആൽഫ്രഡിനെ ഏറെ ദുഃഖിപ്പിച്ചു. ഏറെക്കാലത്തെ നിസംഗതയ്ക്കു ശേഷം 1866 -ൽ ദ്രാവക രൂപത്തിലുള്ള നൈട്രോ ഗ്ലിസറിനെ ഖരരൂപത്തിൽ സംരക്ഷിച്ചാൽ അപകടരഹിതമായി അതിനെ ഉപയോഗിക്കാം എന്ന് അദ്ദേഹം മനസ്സിലാക്കി. അതുമായി ബന്ധപ്പെട്ട് നടത്തിയ തുടർ പരീക്ഷണങ്ങൾ പൂർണ്ണമായും വിജയിക്കുകയും ചെയ്തു. തൻറെ പുതിയ കണ്ടുപിടിത്തത്തിന് ‘ഡൈനാമിറ്റ്’ എന്ന പേരു നൽകി അദ്ദേഹം പേറ്റൻറ്റും സ്വന്തമാക്കി.
അച്ഛന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായിരുന്നു ആൽഫ്രഡിന്റെ ഈ കണ്ടുപിടിത്തം. നിർമ്മാണ മേഖലയിലെയും, ഖനി മേഖലയിലെയും സ്ഫോടനങ്ങൾക്ക് ഡൈനാമിറ്റ് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ ലോകവ്യാപകമായി പുതിയ കണ്ടുപിടിത്തത്തിന് ആവശ്യക്കാരുണ്ടായി. വിപണനം കൂടിയതോടെ ആൽഫ്രഡിന്റെ കുടുംബം ലോകത്തെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നായി മാറി. ആൽഫ്രഡിന്റെ കുടുംബത്തിന് സാമ്പത്തിനോട് തോന്നിയ ആർത്തി ആ കുടുംബത്തെ ആയുധ നിർമ്മാണ രംഗത്ത് എത്തിച്ചു. സോഫേഴ്സ് എന്ന തങ്ങളുടെ ഉരുക്കുനിർമ്മാണ കമ്പനിയെ ആൽഫ്രഡും കുടുംബവും ആയുധ നിർമ്മാണ കമ്പനിയാക്കി മാറ്റി. സമ്പത്ത് അവർക്കുമേൽ വീണ്ടും കുമിഞ്ഞു കൂടി.
ആൽഫ്രഡിന്റെ സന്തോഷം താൽകാലികമായിരുന്നു. താൻ നടത്തിയ കണ്ടുപിടിത്തം സമ്പത്ത് ഏറെ നൽകിയെങ്കിലും ആ കണ്ടുപിടിത്തം കാരണം നിരവധിപേർ യുദ്ധഭൂമിയിൽ മരിച്ചു വീഴുന്നു എന്ന സത്യം ക്രമേണ അദ്ദേഹം ഉൾക്കൊണ്ടു. സാമ്പത്തിനേക്കാൾ വലുത് മനുഷ്യത്വമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പക്ഷേ വൈകിപ്പോയിരുന്നു. ഡയാനമിറ്റ് കൊണ്ടുള്ള സ്ഫോടക വസ്തുക്കളും, ആയുധങ്ങളും അപ്പോഴേയ്ക്കും ആർക്കും ചെറുക്കാനാകാത്തവിധം ലോകവ്യാപകമായി ഉൽപ്പാദിപ്പിച്ചും, ഉപയോഗിച്ചും തുടങ്ങിക്കഴിഞ്ഞിരുന്നു. ഒടുവിൽ കുറ്റബോധത്തിനും, വിഷാദത്തിനും അടിമപ്പെട്ട ആൽഫ്രഡ് നോബൽ 1896 ഡിസംബർ 10 -ന് ഈ ലോകത്തു നിന്നും വിടവാങ്ങി.
മരണത്തിനുശേഷം ആൽഫ്രഡ് നോബലിന്റെ മരണപത്രം പുറത്തുവന്നു. അതിൽ ഇപ്രകാരം എഴുതിയിരുന്നു. “എൻറെ മുഴുവൻ സമ്പാദ്യവും ഞാൻ ഫിസിക്സ്, കെമിസ്ട്രി, മെഡിക്കൽ, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ സമഗ്ര സംഭാവനകൾ നടത്തുന്ന വ്യക്തികൾക്ക് സമ്മാനമായി നൽകുവാൻ ആഗ്രഹിക്കുന്നു” അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പിന്നീട് നോബൽ ഫൗണ്ടേഷൻ രൂപീകൃതമാകുകയും 1901 മുതൽ നോബൽ പുരസ്കാരങ്ങൾ നൽകുവാൻ ആരംഭിക്കുകയും ചെയ്തു.