- dennyvattakunnel
- May 15, 2021
- Uncategorized
വിവാദങ്ങളുടെ തോഴി, ലോകത്തിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളിൽ ഒരാൾ, ലോകരാജ്യങ്ങളിലെ പ്രമുഖരുടെ അടുത്ത സുഹൃത്ത്, ആയോധനകലയിൽ ബ്ലാക് ബെൽറ്റ്, വിവിധ ഭാഷകളിൽ പ്രാവീണ്യം, കവയത്രി, രാജ്യത്തിനകത്തും പുറത്തും വിപുലമായ ആരാധകവൃന്ദം, സംഗീതത്തിലും സാമൂഹ്യ സേവനത്തിലും തൽപ്പര, ഉന്നത വിദ്യാഭ്യാസം നേടി ബിസിനസ് മാനേജ്മെൻറ് മികവുതെളിയിച്ചവൾ, ഒറ്റ പരിചയത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. എന്നിട്ടും സ്വന്തം രാജ്യത്ത് ഇരുമ്പഴിക്കുള്ളിൽ! ഭാഗ്യങ്ങളും അവസരങ്ങളും ഉന്നതിയിലെത്തിക്കുമ്പോഴും എപ്പോൾ വേണമെങ്കിലും ജീവിതം പരാജയത്തിന്റെ പടുകുഴിയിൽ വീഴാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉസ്ബക്കിസ്ഥാൻ മുൻ പ്രസിഡൻറ് ഇസ്ലാം കരിമോവിന്റെ മകളായ ഗുൽനാറ കരിമോവിന്റെ ദുരന്ത ജീവിതം.
445 മില്യൻ പൗണ്ട് അനധികൃത സ്വത്ത് സമ്പാദനം, 664 മില്യൺ ഡോളറിന് കൈക്കൂലി വാങ്ങിയ കേസ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിൽ കോടതി ഗുൽനാറ കരിമോവിനെ 13 വർഷത്തെ തടവിന് വിധിച്ചപ്പോൾ ലോകം ഒന്ന് ഞെട്ടി. കോടതി വിധി വരുന്നതിനു മുൻപുള്ള കാലഘട്ടങ്ങളിൽ പലപ്പോഴും മരിച്ചുവെന്നും കൊല്ലപ്പെട്ടു എന്ന് ലോകം പലപ്പോഴും സംശയത്തോടെ ഉദ്ധരിച്ചിരിക്കുന്ന നാമങ്ങളിൽ ഒന്നായിരുന്നു ഗുൽനാറ കരിമോവ്.
ഉസ്ബക്കിസ്ഥാൻ മുൻ പ്രസിഡന്റായ ഇസ്ലാം കരിമോവിന്റെ രണ്ടാമത്തെ ഭാര്യയുടെ പുത്രിയായി 1972 ജൂലൈ എട്ടിന് റഷ്യയിലെ ഫെർഗാന എന്ന ഗ്രാമത്തിൽ ജനിച്ച ഗുൽനാറയുടെ ജീവിതം ഉന്നതങ്ങളിലേക്ക് കുതിച്ചുയർന്നതിൻറെ കാരണം സോവിയറ്റ് യൂണിയനിൽ നിന്നും വേർപെട്ടുപോയ ഉസ്ബക്കിസ്ഥാൻ പ്രസിഡൻറ് പദവിയിലേക്ക് അച്ഛൻ കടന്നു വന്നത് കൊണ്ട് മാത്രം ആയിരുന്നില്ല. അസാമാന്യമായ പ്രവർത്തനശേഷിയും ദീർഘവീക്ഷണവും മികച്ച വിദ്യാഭ്യാസവും ഒത്തുചേർന്നപ്പോൾ അവർ ഏകാധിപതിയായ അച്ഛൻറെ തണലിൽ സ്വന്തമായി ഒരു സാമ്പത്തിക സാമ്രാജ്യം സ്ഥാപിച്ചു. അതിന് അധികാരത്തിനു ശീതള മേൽക്കൂര ഉണ്ടായിരുന്നു എന്നത് എന്നത് ഒരു യാഥാർത്ഥ്യം തന്നെ. ആ ഒരു ആരോപണം നിലനിൽക്കുമ്പോഴും മികച്ച മാനേജ്മന്റ് വിദഗ്ദ്ധയായും, കവയത്രിയായും പോപ്പ് ഗായികയായും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞിരുന്നു.
വഴിവിട്ടു വാരിക്കൂട്ടിയ സമ്പത്തിന് ഉടമയായ സ്ത്രീ എന്ന ആരോപണം നിലനിൽക്കുമ്പോഴും സ്ത്രീകളുടെ ഉന്നതി, ക്യാൻസർ ബാധിതരുടെ സംരക്ഷണം ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തനങ്ങൾ, കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പദ്ധതികൾക്കായി ആത്മാർത്ഥമായി തന്നെ ഗുൽനാറ പ്രവർത്തിച്ചിരുന്നു. ഇക്കാര്യം അവരുടെ ശത്രുക്കൾക്കു പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. മികച്ച പോപ് ഗായികയായ ഗുൽനാറക്ക് ശക്തമായ ആരാധകവൃന്ദം ഉണ്ടായിരുന്നു. പോപ്പ് ഗാനമേഖലയിൽ മാത്രം ശ്രദ്ധയൂന്നിയിരുന്നുവെങ്കിൽ ലോകത്തിന് മികച്ച ഒരു ഗായികയെ കൂടി ലഭിക്കുമായിരുന്നു. പല മേഖലകളിൽ മികവ് തെളിയിക്കാൻ ആഗ്രഹിച്ച ഗുൽനാറയുടെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവുകളിലൊന്ന് ഒരുപക്ഷെ അത് തന്നെ ആയിരിക്കാം.
കൈവച്ച മേഖലകളിലെല്ലാം സ്വന്തമായ വ്യക്തിമുദ്രപതിപ്പിച്ച ഗുൽനാറയുടെ നയതന്ത്ര മേഖലയിലെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റുന്നവയായിരുന്നു. 1998 ലും 2000 2003ലും ഉസ്ബക്കിസ്ഥാന്റെ ന്യൂയോർക്കിലെ ഉപദേഷ്ടാവായിരുന്നു. അവിടെ കഴിവുതെളിയിച്ച തോടെ ഉസ്ബക്കിസ്ഥാന്റെ ഉപദേഷ്ടാവായും, വിദേശകാര്യസെക്രട്ടറിയായും പ്രവർത്തിച്ചു. തുടർന്ന് 2010 സ്പെയിനിലെ സ്ഥാനപതിയായി ചുമതലയേറ്റു. ഏകാധിപതിയുടെ തണലിൽ വളരാൻ ആഗ്രഹിച്ച പുത്രിയായിരുന്നു എങ്കിൽ വൈദേശിക രാജ്യങ്ങളിലെ നയതന്ത്ര മേഖലകളിൽ പ്രവർത്തിക്കാതെ അച്ഛൻറെ തണലിൽ തന്നെ രണ്ടാം സ്ഥാനക്കാരായി രാജ്യത്തിൻറെ ചുക്കാൻ പിടിക്കുവാൻ കഴിയുമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് അവർ അത് ചെയ്തില്ല? അധികാരത്തിൽ ശീതളച്ഛായയിൽ നിന്നപ്പോഴും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദികളായ സാമൂഹ്യസേവനം,ആരോഗ്യപരിപാലനം,വിദേശകാര്യം, കല,സംഗീതം തുടങ്ങിയ മേഖലകളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുകയായിരുന്നു അവർ.
ലോകരാജ്യങ്ങളുടെ തലവന്മാരും അവരുടെ കുടുംബാംഗങ്ങളുമെല്ലാം ആരാധനയോടെ കണ്ടു ഗുൽനാറ കരിമോവ് എന്ന നായിക ദുരന്ത നായികയുടെ പരിവേഷം അണിയുന്നത് 2016 അച്ഛൻറെ മരണത്തോടു കൂടിയാണ്. പ്രസിഡൻറ് മരണത്തോടെ കുടുംബാംഗങ്ങളും രാഷ്ട്രീയ രാഷ്ട്രീയ നേതൃത്വവും തമ്മിൽ വടംവലി ഉണ്ടായി എന്ന വാർത്ത വന്നപ്പോഴും പ്രസിഡൻറ് സ്ഥാനത്തിനായി അവർ പ്രത്യക്ഷത്തിൽ അവകാശവാദമുന്നയിച്ചില്ല. തുടർന്ന് രാഷ്ട്രീയ രാഷ്ട്രീയനേതൃത്വത്തിൽ നിന്നും അധികാരത്തിൽവന്ന ഷാക്കത് മിർഷിയോവ് തൻറെ മുൻഗാമിയുടെ മകളെ ഭാവിയിലെ ഭീഷണിയായി കണ്ടിരിക്കാം. അവരുടെ ജനപിന്തുണ അദ്ദേഹത്തെ അസ്വസ്ഥമാക്കിയിരിക്കാം. തുടർന്ന് പ്രസിഡണ്ട് ഗുൽനാറയെ വേട്ടയാടുകയാണെന്ന് ആരോപണം പലപ്പോഴും രാജ്യത്ത് ഉയർന്നുകേട്ടു. കമ്മ്യൂണിറ്റി വാർത്തകളിൽ അവരെ ഒരു മാനസികരോഗാശുപത്രിയിൽ നിർബന്ധമായും തടവിലാക്കിയ വാർത്തകളുണ്ടായിരുന്നു. പലപ്പോഴും അവർ വീട്ടുതടങ്കലിൽ തന്നെയാണെന്ന് വാർത്തകളും കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായി.
13 വർഷത്തെ തടവ് ശിക്ഷയ്ക്ക് അഴിക്കുള്ളിൽ ആകുമ്പോൾ ഗുൽനാറയുടെ ജീവിതം തന്നെ പൂർണമായും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. 1991 മൻസൂർ മസൂദി എന്ന ആളെ വിവാഹം കഴിച്ചുവെങ്കിലും ആ വിവാഹം ഒരു പരാജയമായി അവസാനിച്ചു. രണ്ടു മക്കളും ആയി ജീവിതം തുടർന്ന ഇവരുടെ ഒരു മകൻ ബ്രിട്ടനിൽ അഭയം പ്രാപിച്ചിരുന്നു അമ്മയ്ക്കെതിരെ നടന്നത് പ്രസിഡൻറ് ഗൂഢാലോചനയാണെന്ന് അയാൾ വാദിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല.
ലോകത്തിനുമുന്നിൽ ജ്വലിച്ചു നിന്ന ശേഷം ജയിലറയിലേക്ക് വിടവാങ്ങിയ ഗുൽനാറ കരിമോവ് എന്ന വിവാദനായിക നമ്മുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു. വിവിധ മേഖലകളിൽ അസാമാന്യമായ കഴിവ് തെളിയിച്ചു ലോകത്തിലെ ആദരം പിടിച്ചുവാങ്ങിയ ഗുൽനാറക്ക് എവിടെയായിരുന്നു പിഴച്ചത്? അവർ ഒരു കലാകാരി ആയിരുന്നു. മാനേജ്മെൻറ് വിദഗ്ദ്ധയായിരുന്നു. സഹജീവികളോട് കരുണയുള്ള വ്യക്തിയായിരുന്നു.
സ്വതസിദ്ധമായ കഴിവുകളിലൂടെ ശതകോടികൾ സമ്പാദിക്കാമായിരുന്നുവെങ്കിലും രാഷ്ട്രീയക്കാരനായ അച്ഛൻറെ തണൽ തേടിയതായിരുന്നോ ഗുൽനാറയ്ക്ക് പറ്റിയ പിഴവ്? ഒരു കാര്യം ഉറപ്പിച്ചു പറയാം; പല മേഖലകളിലും കഴിവുകൾ തെളിയിക്കപ്പെട്ട ഗുൽനാറയ്ക്ക് രാഷ്ട്രീയവും ഭരണാധികാരവും ഒരിക്കലും വഴങ്ങിയിരുന്നില്ല. അവരുടെ കഴിവുകൾ സംശുദ്ധമായ സർഗാത്മകതയുടെ ലോകത്തും മാത്രമൊതുങ്ങുന്നവയായിരുന്നു. സർഗ്ഗചേതനയുടെ വിശാലമായ ഭൂമികയിൽ ഉറച്ചു നിൽക്കാതെ പലപ്പോഴും അച്ഛൻറെ തണൽതേടിയത് തന്നെയാകാം ഏറെ കഴിവുകൾ ഉണ്ടായിരുന്ന ഗുൽനാറയുടെ പരാജയകാരണം.