- dennyvattakunnel
- May 15, 2021
- Uncategorized
മരണം പതിയിരിക്കുന്ന വഴിയിടങ്ങളിൽ നേരറിയാതെ ആഘോഷങ്ങളിൽ ആറാടി യൂറോപ്പ് !
കോവിഡ് എന്ന മഹാമാരിയുടെ സംഹാരശേഷി മുൻകൂട്ടി അറിയാൻ കഴിയാതെപോയി എന്നതാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്. അതിനവർ വലിയ വില കൊടുത്തുകൊണ്ടിരിക്കുന്നു. ചൈനയിൽ നിന്നും തുടങ്ങി യൂറോപ്പിലേക്ക് കോവിഡ് വ്യാപിച്ചപ്പോൾ ശക്തമായ പ്രഹരം ഏറ്റുവാങ്ങിയ രാജ്യങ്ങളിലൊന്ന് ഇറ്റലിയിലാണ്. ഇറ്റലിയെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ഒന്നൊന്നായി കോവിഡ് മഹാമാരിക്ക് കീഴടങ്ങുകയായിരുന്നു. ബ്രിട്ടനും സ്പെയിനും ഉൾപ്പെടെ മരണസ്പർശമേറ്റ് വിറങ്ങലിച്ച് നിന്നപ്പോൾ അതുവരെ കോവിൽ ബാധ സ്ഥിരീകരിക്കാത്ത റഷ്യയ്ക്കും രോഗബാധ സ്ഥിരീകരിക്കേണ്ടി വന്നു. ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3245 പേർ മാത്രം എന്നാണ് ചൈനയുടെ വാദം. എന്നാൽ ഇറ്റലിയിൽ രോഗവ്യാപനം പ്രവചനാതീതം ആയിരുന്നു. ആഴ്ചകൾക്കുള്ളിൽ പതിനായിരത്തിലധികം പേർ രാജ്യത്ത് മരിച്ചു വീണു. കോവിഡ് ലോകം തകർക്കാൻ കെൽപ്പുള്ള ഒരു ഭീകര മഹാമാരി ആണെന്ന് ലോകം തിരിച്ചറിയുന്നതുതന്നെ ഇറ്റലി എന്ന ജനാധിപത്യ രാജ്യത്ത് ആ പകർച്ചവ്യാധി വ്യാപകമായപ്പോൾ മാത്രമാണ്.
മഹാമാരിയെ ഗൗരവമായി കാണാത്ത ലോക രാജ്യങ്ങളിൽ പലതും കോവിഡിനു കീഴടക്കിയതോടെ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പക്ഷേ അപ്പോഴേക്കും സമയം ഏറെ വൈകികഴിഞ്ഞിരുന്നു. പലരാജ്യങ്ങളും അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കുകൾ ഏർപ്പെടുത്തി. വിലക്കുകളെയെല്ലാം നിരർത്ഥകമാക്കികൊണ്ട് അപ്പോഴേക്കും കോവിഡ് ലോകത്തിൻറെ എല്ലാ കോണുകളിലും വ്യാപിച്ചു കഴിഞ്ഞിരുന്നു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു വളരെ മുൻപുതന്നെ നിശബ്ദനായ കൊലയാളി ലോകം കീഴടക്കി എന്നതാണ് യാഥാർത്ഥ്യം. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരവും ഹ്യുബെ പ്രവശ്യയും ചൈന പൂർണമായും അടയ്ക്കുന്നത് ജനുവരി 23നാണ്. രോഗാരംഭത്തിനും ഹ്യുബെ പ്രവശ്യ പൂർണമായും അടയ്ക്കുന്നതിനുമിടയിലുമുള്ള സമയങ്ങളിൽ ഏകദേശം 50 ലക്ഷം പേർ ചൈനയ്ക്ക് അകത്തും പുറത്തുമായി വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ചൈനീസ് അധികൃതർ തന്നെ പിന്നീട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുടെ വാക്കുകളെ വിശ്വസിച്ചതും അമിതമായ ആത്മവിശ്വാസവും മുൻകരുതൽ ഇല്ലായ്മയുമാണ് ഇറ്റലിയെ ശവപ്പറമ്പ് മാറ്റിയതിന്റെ പ്രധാന കാരണങ്ങൾ. ആഘോഷങ്ങൾ ശീലമാക്കിയ ഈ സമ്പന്ന രാജ്യത്തിലെ ഭരണകൂടവും രാഷ്ട്രീയ നേതാക്കന്മാരും രോഗവ്യാപന സാധ്യതാ സമയത്ത് ജനങ്ങൾക്ക് നേരായ നിർദേശങ്ങളല്ല നൽകിയത്എന്നത് ഏറെ വിചിത്രമായ കാര്യമാണ്. മദ്യവും സുഖലോലുപതയും പൊതുഇടങ്ങളിലെ കൂടിച്ചേരലുകളും കുറക്കേണ്ട എന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ ജനങ്ങളിൽ അമിതമായ ആത്മവിശ്വാസവും കരുതലില്ലായ്മയും സൃഷ്ടിച്ചു. കോവിഡ് എന്നത് ഒരു മഹാമാരി ആണെന്നും അത് തങ്ങളെ അനുദിനം കൊന്നുതിന്നുമെന്നും വിശ്വസിക്കുവാനുള്ള തെളിവുകളൊന്നും ഇറ്റലിയുടെ കൈവശം ഇല്ലായിരുന്നു. രാഷ്ട്രീയനേതൃത്വവും ഭരണനേതൃത്വവും പറയുന്നത് ആ ജനത അപ്പാടെ വിശ്വസിച്ചു. മരണസംഖ്യ ഉയർന്നു തുടങ്ങിയതോടെയാണ് ഇറ്റലിക്കാർക്ക് രോഗവ്യാപനത്തിന്റെ തീവ്രതയും മരണ സാധ്യതയും മനസ്സിലാകുന്നത്. അപ്പോഴേക്കും ഭരണനേതൃത്വവും രാഷ്ട്രീയനേതൃത്വവും മാപ്പ് പറഞ്ഞ് മാളങ്ങളിൽ അഭയം പ്രാപിച്ചു കഴിഞ്ഞിരുന്നു. ജനങ്ങളാകട്ടെ ചികിത്സ കിട്ടാതെ ആശുപത്രി വരാന്തകളിൽ മരിച്ചു വീണുകൊണ്ടിരുന്നു. അവരിലേറെയും വൃദ്ധജനങ്ങൾ ആയിരുന്നു.
ജപ്പാൻ കഴിഞ്ഞാൽ വൃദ്ധജനങ്ങൾ ഏറ്റവുമധികമുള്ള രാജ്യമാണ് ഇറ്റലി. രാജ്യത്തെ ജനസംഖ്യയുടെ 23% വൃദ്ധജനങ്ങൾ ആണ്. വൃദ്ധജനസംരക്ഷണത്തിന് നൽകിവന്നിരുന്ന പ്രാധാന്യമെല്ലാം ഈ അവസരത്തിൽ ഇറ്റലിയുടെ ആരോഗ്യ വകുപ്പ് മറന്നു. യുവജനങ്ങളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ അവർ പരക്കം പാഞ്ഞു. വൃദ്ധജനക്ഷേമം എന്ന വാക്ക് തന്നെ ആരോഗ്യവകുപ്പിന് പൂർണമായും മറക്കേണ്ട സാഹചര്യമുണ്ടായി. മരണാസന്നനായി കിടക്കുന്ന വൃദ്ധജനങ്ങളുടെ വെൻറിലേറ്ററുകപോലും പല അവസരങ്ങളിലും യുവജനങ്ങളുടെ ജീവൻ രക്ഷിക്കുവാനായി മാറ്റിവെക്കേണ്ടതായും വന്നു. മരണക്കിടക്കയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു ജീവൻ വെടിയുന്ന വൃദ്ധജനങ്ങളും ജീവൻ തിരിച്ചു പിടിക്കാൻവേണ്ടി വേണ്ടി പിടയുന്ന യുവജനങ്ങളും ഇറ്റലിയിലെ ആശുപത്രികളിലെ ദുരന്ത കാഴ്ചകൾ ആയി മാറി.
ഏകദേശം മൂന്നു ലക്ഷത്തി പതിനായിരത്തിലധികം ചൈനീസ് വംശജർ ഇറ്റലിയിൽ ഉള്ളതായി കരുതപ്പെടുന്നു. ഇവരിൽ പലരും ടെക്സ്റ്റൈൽ മേഖലകൾ ഉൾപ്പെടെയുള്ള അസംഘടിത മേഖലകളിൽ തൊഴിലെടുക്കുന്നവരാണ്. ചൈനയിലെ പുതുവർഷ ആഘോഷ പരിപാടികളിൽ ഇവരുടെ പങ്കാളിത്തവും ചാമ്പ്യൻസ് ലീഗ് മത്സരം കാണുവാൻ സ്റ്റേഡിയത്തിൽ ജനങ്ങൾ ഒത്തുചേർന്നതും സാമൂഹികവ്യാപനത്തിനു മുഖ്യ കാരണങ്ങളായതായി നിരീക്ഷകർ വിലയിരുത്തുന്നു. .സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന അമിതമായ ആത്മവിശ്വാസവും യുവജനതയുടെ ജീവിത ആഘോഷങ്ങളും ജീവിതരീതിയുടെ ഭാഗമായ പൊതുവായ ആലിംഗനങ്ങളും ആ രാജ്യത്തെ പകർച്ചവ്യാധിയുടെ യൂറോപ്പിലെ മുഖ്യ വേദിയാക്കിയപ്പോൾ ആചാരങ്ങളും സാമ്പത്തികസ്ഥിരതയിൽ നിന്നും ഉടലെടുക്കുന്ന ആഘോഷങ്ങളുമല്ല, വ്യക്തിജീവിതത്തിലെ നിയന്ത്രണങ്ങളും ആരോഗ്യകാര്യത്തിലെ മുൻകരുതലുകളുമാണ് ഒരു ജനത ആദ്യം ആര്ജിച്ചെടുക്കേണ്ടതെന്ന് ഇറ്റലിയുടെ അനുഭവം ലോകത്തോട് പറയുന്നു.
ഇറ്റലി അക്ഷരാർത്ഥത്തിൽ ഒരു മരണ വീടായി മാറിയപ്പോഴാണ് പല യൂറോപ്യൻ രാജ്യങ്ങളും ആലസ്യം ഉപേക്ഷിച്ചു അടിയന്തര പ്രതിരോധമാർഗങ്ങൾ തിരഞ്ഞു തുടങ്ങിയത്. കോവിഡ് ഇറ്റലിയിൽ മരണവ്യാപാരം ആരംഭിച്ച അവസരത്തിൽ തന്നെ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ആ മഹാമാരി സംഹാരതാണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നു.ബ്രിട്ടനും സ്പെയിനും എല്ലാം കോവിഡിനു മുന്നിൽ മൂക്കുകുത്തി. ചാൾസ് രാജകുമാരനും പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെ ആയിരങ്ങൾ ആഴ്ചകൾക്കുള്ളിൽ രോഗബാധിതരായി. പകർച്ചവ്യാധിയുടെ ആക്രമണം ആരംഭിച്ച ഘട്ടത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ടും സമ്പദ്വ്യവസ്ഥയെ പിന്നോട്ട് വലിച്ചു കൊണ്ടുമുള്ള ‘നിശ്ചലാവസ്ഥ’ പ്രഖ്യാപിക്കുവാൻ പല യൂറോപ്യൻ രാജ്യങ്ങളും മടിച്ചു. ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കാൻ അവർക്കും മടിയായിരുന്നു പകർച്ചവ്യാധിയുടെ വേഗവും വ്യാപ്തിയും ഭരണാധികാരികളുടെയും ആരോഗ്യ വിദഗ്ധരുടെയും ജനങ്ങളുടെയും ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു. അയൽരാജ്യങ്ങളുമായി ഒത്തുചേർന്ന് കോവിഡിനെതിരെ പോരാടുവാൻ ഇന്ത്യ മുന്നോട്ടുവന്നത്പോലുള്ള ഒരു ശ്രമം യൂറോപ്പിയൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് വലിയൊരു ദുര്യോഗമാണ്. മഹാമാരിയുടെ ഗൗരവം ആദ്യം മുതൽക്കെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ യൂറോപ്പ് മരണങ്ങളുടെ മരുഭൂമിയായി മാറിയില്ലായിരുന്നു.
കോവിഡിന് അതിവേഗം കീഴ്പ്പെട്ട സ്പെയിനിലെ കാര്യങ്ങളും വ്യത്യസ്തമായിരുന്നില്ല. അലസമായ പ്രതിരോധ ചുവടുവയ്പ്പുകളും പകർച്ചവ്യാധിയെ കുറിച്ചുള്ള അവബോധം ഇല്ലായ്മയും യാതൊരു നിയന്ത്രണവുമില്ലാതെ സാമൂഹ്യ ഇടപെടലുകളും അധികാരികളുടെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് നിറഞ്ഞൊഴുകിയ നിരത്തുകളും സ്പെയിനിനു നൽകിയത് അതിവേഗത്തിലുള്ള പകർച്ചവ്യാധി വ്യാപനം ആണ്. ആരോഗ്യമേഖലയിൽ നിലനിന്നിരുന്ന അപര്യാപ്തതകളും രോഗപ്രതിരോധത്തിന് വിഘാതം സൃഷ്ടിച്ചു. തങ്ങളുടെ കരുതൽ ഇല്ലായ്മ കാരണം സ്വന്തം സഹോദരങ്ങൾ മരിച്ചു വീഴുന്നത് കണ്ടു വിലപിക്കുന്ന ഒരു ജനതയായി ആഘോഷങ്ങളുടെ രാവുകൾ മറന്ന സ്പാനിഷ് ജനത മാറി. ജീവൻ പണയപ്പെടുത്തി സ്വന്തം ജനതയ്ക്ക് വേണ്ടി പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകി ഓരോ രാത്രികളിലും അവർ വീടുകളിലിരുന്ന് കൈയ്യടിച്ചു. ആ കയ്യടിഒച്ചകളിൽ അവരുടെ വിതുമ്പലുകൾ അലിഞ്ഞുചേർന്നു. കാലാകാലങ്ങളായി ആഘോഷങ്ങളിൽ രമിച്ചുകഴിഞ്ഞിരുന്ന ജനത ക്ഷണിക ജീവിതത്തിൻറെ നേർരേഖ തിരിച്ചറിഞ്ഞു.
സ്പെയിനിൽ എന്തുകൊണ്ട് ഇത്രയധികം മരണങ്ങൾ അതിവേഗം ഉണ്ടായി? നർവാറ യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെൽത്ത് വിഭാഗം പ്രൊഫസർ സിൽവിയ കാർലോസ് ചില്ലെറോണിന്റെ വിലയിരുത്തലിൽ മരണങ്ങളുടെ പ്രധാനകാരണം ആരോഗ്യപരിപാലന രംഗത്തെ അപര്യാപ്തതകളും കരുതൽ ഇല്ലായ്മയും തന്നെയായിരുന്നു. ജനങ്ങൾ കൂട്ടത്തോടെ ആശുപത്രികളിൽ അഭയം പ്രാപിച്ചപ്പോൾ അവരെ ഉൾക്കൊള്ളുവാനുള്ള ആരോഗ്യപരിപാലന സംവിധാനങ്ങൾക്ക് അപര്യാപ്തത ഉണ്ടായിരുന്നു. രോഗികൾക്ക് അനുബന്ധമായ ആരോഗ്യപ്രവർത്തകരും ഉപകരണങ്ങളും ഇല്ലാതെ പോയത് മരണനിരക്ക് അതിവേഗമാകുവാൻ കാരണമായി. യൂറോപ്പിലെ വികസിത രാജ്യങ്ങളിൽ ഒന്നായ സ്പെയിനിലെ നിലവിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ കുറ്റമറ്റതായിരുന്നോ എന്ന ചോദ്യം ഉയർന്നതും ഈ ഘട്ടത്തിലാണ്.
വിദൂരതയിൽ കാണുന്ന അപകടങ്ങൾ തൊട്ടരികിലെത്താൻ അധിക സമയം വേണ്ടിവരില്ല എന്ന സത്യം നാം യൂറോപ്പിൽ കണ്ടുകഴിഞ്ഞു. മഹാമാരികളുടെ വേലിയേറ്റം നടക്കുമ്പോൾ അവയുടെ ആക്രമണങ്ങൾക്കു മുന്നിൽ മനുഷ്യൻ ഒന്നുമല്ല എന്ന് ഏവരും ഈ അവസരത്തിൽ മനസ്സിലാക്കുക, കാലാകാലങ്ങളായി വൈദ്യശാസ്ത്രം ആർജ്ജിച്ചെടുത്ത നേട്ടങ്ങളെല്ലാം പ്രതിസന്ധി ഘട്ടത്തിൽ നിർജ്ജീവമാകുമെന്നാണ് മഹാമാരിയുടെ പെരുമഴക്കാലം നമ്മെ ഓർമ്മപ്പെടുത്തുന്നത്.ഇത് ഇറ്റലിയുടെയോ യൂറോപ്പിന്റെയോ മാത്രം പാഠം ആകരുത്. ലോകജനതയ്ക്ക് ആകമാനമുള്ള പാഠമാകട്ടെ. ആ പാഠം ഭാവിയിലേക്കുള്ള മുൻകരുതലായി ലോകജനത മനസ്സിൽ സൂക്ഷിക്കട്ടെ…
കുത്തകകൾക്കായി വക്കാലത്തുമായി ട്രംപ്. ബിസിനസ്സുകാരൻ രാഷ്ട്രനേതാവായപ്പോൾ… (അടുത്ത ഭാഗത്തിൽ)