- dennyvattakunnel
- May 14, 2021
- Uncategorized
ഹാസ്യ കവിതാരംഗത്തെ ശൂന്യത കാണുമ്പോൾ ചെമ്മനം ചാക്കോ എന്ന കാവ്യരംഗത്തെ കുലപതിയെ സ്മരിച്ചുപോകുന്നു ഒരു മലയാളകവിയും അധ്യാപകനുമാണ് ചെമ്മനം ചാക്കോ (1926 മാർച്ച് 7 – 2018 ഓഗസ്റ്റ് 14). വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.2018 ആഗസ്റ്റ് 14-നു അർധരാത്രി അന്തരിച്ചു. 1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ “പ്രവചനം “എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു. 1965-ൽ പ്രസിദ്ധീകരിച്ച “ഉൾപ്പാർട്ടി യുദ്ധം” കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്. ഹാസ്യകവിതാകുലപതിയായ കുഞ്ചൻ നമ്പ്യാർ കഴിഞ്ഞാൽ , മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആണെന്നു പറയാം. ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല . വിമർശസാഹിത്യത്തിലൂടെ ചെമ്മനം ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്. പത്രലോകത്തെ തെറ്റുകുറ്റങ്ങൾ വിമർശന വിധേയമാക്കിയതിനെത്തുടർന്ന് കേരളത്തിലെ, ഏറ്റവും പ്രചാരമേറിയ പ്രസിദ്ധീകരണങ്ങൾ ഏറെക്കാലം ചെമ്മനത്തിന്റെ കൃതികൾ തമസ്കരിച്ചിരുന്നു.