- dennyvattakunnel
- May 15, 2021
- Uncategorized
വിശ്വ സാഹിത്യകാരനായ ഗബ്രിയേൽ ഗർഡിയ മാർക്വേസിന് നൊബേൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവൽ. 1967 ൽ സ്പാനിഷ് ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ നോവൽ ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവൽ കൂടിയാണ്.
എന്താണ് ഏകാന്തതയുടെ നൂറുവർഷങ്ങൾ ഇത്രയധികം ശ്രദ്ധിക്ക പ്പെടുവാനുള്ള കാരണങ്ങൾ? ഒരു എഴുത്തുകാരനെന്ന നിലയിൽ അതീവ പ്രതിഭാശാലിയായിരുന്നു ഗബ്രിയേൽ മാർക്വേസ്. കൊളംബിയയിലെ അറകാറ്റക്ക എന്ന ഗ്രാമത്തിൽ ഗബ്രിയ എലിനിയോ ഗാർഡിയ, ലൂയിസ് സാന്റിയാഗ എന്നവരുടെ മകനായി 1927 -ൽ ആയിരുന്നു മാർക്വേസിന്റെ ജനനം. (മരണം 2017 – ഏപ്രിൽ 17 ). എതിർപ്പുകളെ അവഗണിച്ച് പ്രണയ വിവാഹം നടത്തിയ അച്ഛനമ്മമാരെ മാർക്വേസ് ഏറെ സ്നേഹിച്ചിരുന്നു. അച്ഛനമ്മമാരുടെ പ്രണയകഥ മനസ്സിൽ കൊണ്ട് നടന്ന മാർക്വേസ് കുട്ടിക്കാലം മുതൽക്കേ യാഥാർഥ്യവും, സാങ്കൽപ്പികവുമായ ദൃശ്യ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഈ ഒരു മനസികതലം ഏറെ ചർച്ചചെയ്യപ്പെട്ട ഏകാന്തതയുടെ നൂറുവർഷങ്ങൾ , കോളറാ കാലത്തെ പ്രണയം എന്നീ കൃതികൾ ഉൾപ്പെടെ മാർക്വേസിന്റെ എല്ലാ രചനകളെയും സ്വാധീനിച്ചു.
യാഥാർഥ്യവും, സാങ്കൽപ്പികവുമായ ചിന്താധാരകൾ ഒത്തുചേർന്നപ്പോൾ മാജിക്കൽ റിയലിസം എന്ന രചനാസങ്കേതത്തിൽ പിറന്ന മനോഹര രചനകൾ മാർക്വേസിന് സൃഷ്ടിക്കുവാൻ കഴിഞ്ഞു. യഥാർത്ഥ കഥാപാത്രങ്ങൾക്കൊപ്പം സാങ്കൽപ്പിക കഥാപാത്രങ്ങളും നോവലിൽ ഇടം പിടിച്ചപ്പോൾ മാജിക്കൽ റിയലിസം എന്ന രചനാരീതിയുടെ മനോഹാരിതയുടെ ആഴം എന്താണെന്ന് ലോകം അറിഞ്ഞു.
മക്കോണ്ടയിലെ ഏഴു തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറു വർഷങ്ങളുടെ ഇതിവൃത്തം. മാർക്വേസ് മനസ്സിൽ സൃഷ്ടിച്ചെടുത്ത സാങ്കൽ പ്പിക ഗ്രാമമായ മാക്കോണ്ടയിലെ ബുറവണ്ടിയ എന്ന കുടുംബത്തിൻറെ ഏഴു തലമുറകളുടെ കഥയുടെ ആരംഭം ജീവിതസാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ നിന്നും നിരാശപൂണ്ട ജോസ് അർക്കേഡിയോ എന്ന കഥാപാ ത്രം ഒരു പുതു ജീവിതം മനസ്സിൽ നെയ്തെടുത്തുകൊണ്ട് ഭാര്യ ഉർസ്വാല ഇഗ്വറാ നോടൊപ്പം കൊളംബിയയിൽ നിന്നും പലായനം ചെയ്യുന്നിടത്തു നിന്നും ആരംഭിക്കുന്നു. യാത്രാമധ്യേ ഒരു നദീതടത്തിൽ വിശ്രമിക്കവേ ജോസ് അർക്കേഡിയൊ കണ്ണാടികൾ മാത്രം കൊണ്ട് നിർമ്മിച്ച ഒരു മനോഹര നഗരം സ്വപ്നം കാണുന്നു. നദീതടത്തിൽനിന്നും യാത്ര തിരിച്ച ഇരുവരും ഏറെ നാളുകളുടെ അലച്ചിലിനൊടുവിൽ വീണ്ടും ആ നദീതടത്തിൽ തന്നെ എത്തിച്ചേരുന്നു. യാത്രയ്ക്കിടയിൽ തന്റെ മനസ്സിൽ പൂർണ്ണമായും രൂപം കൊണ്ടു കഴിഞ്ഞിരുന്ന മക്കോണ്ട എന്ന സ്വപ്ന നഗരം ജോസ് അർക്കേഡിയോ ആ നദീതടത്തിൽ പടുത്തുയർത്തുന്നു.അവിടെ തന്റെ സങ്കൽപ്പത്തിലുള്ള ഒരു പുതിയലോകവും സൃഷ്ടിക്കുന്നു. ആ നഗരത്തിൽ ജോസി ൻറെ ആറുതലമുറകളും, അവർക്കു ചുറ്റുമുള്ള മനുഷ്യരും ജീവിക്കുന്നു. ഏഴു തലമുറകളുടെയും, അവർക്കു ചുറ്റുമുള്ള ലോകത്തിലൂടെയും കഥ കടന്നു പോകുമ്പോൾ സാങ്കൽപ്പികവും, യാഥാർഥ്യവും ഇടകലർത്തി നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. ഒരു കുടുംബവും, അവരുടെ തലമുറകളും അവർക്കു ചുറ്റുമുള്ള മനുഷ്യരും ഒത്തുചേർന്ന് മാജിക്കൽ റിയ ലിസം എന്ന രചനാരീതിയുടെ ആസ്വാദനതലത്തിലൂടെ. കഥ മക്കോണ്ട എന്ന നഗരം ഒരു കൊടുങ്കാറ്റിനെ തുടർന്ന് നശിക്കുന്നിടത്ത് പര്യവസാനിക്കുന്നു.
വ്യക്തിയുടെയും, സമൂഹത്തിന്റെയും ആകുലതകൾ മാജിക്കൽ റിയലിസം എന്ന പാതയിലൂടെ അതിമനോഹരമായി വരച്ചുകാട്ടി എന്നതാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന സൃഷ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ആകുലതകളും, പ്രതീക്ഷകളും യാഥാർഥ്യവും സാങ്കൽപ്പികവുമായ കഥാ പാത്രങ്ങളിലൂടെ കടന്നു വന്നപ്പോൾ മാർക്വേസ് ലോകത്തോട് പറഞ്ഞത് കൊളംബിയ എന്ന രാജ്യത്തിലെ ജനങ്ങളുടെ ദുരന്ത ജീവിത സാഹചര്യങ്ങളാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം തന്നെയും, താൻ ജീവിച്ച സാഹചര്യങ്ങളെയും സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതിയേയും ആവാഹിച്ച് വിശാല അർത്ഥതലങ്ങളുള്ള ഒരു രചനാ വഴിയിലേക്ക് എത്തിക്കുകയാ യിരുന്നു. അനുഭവ യാഥാർഥ്യങ്ങളിലൂടെ തന്റെയും ഒരു ജനതയുടെയും കഥ വായനക്കാരന്റെയും, നിരൂപകന്റെയും മാനസിക തലത്തിൽ നിന്നു കൊണ്ട് മനോഹര ഭാഷയിൽ എഴുതുവാൻകഴിഞ്ഞു എന്നതാണ് ഗബ്രിയേൽ മാർക്വേസ് എന്ന എഴുത്തുകാരന്റെ പ്രത്യേകത. ആ എഴുത്തിൽ കൊളംബിയൻ ജീവിതങ്ങളാണ് മഹാനായ ആ എഴുത്തുകാരന് നൊബേൽ സമ്മാനം നേടിക്കൊടുത്തതും.