ചന്ദ്രായൻ-2 ൻറെ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ചില സാങ്കേതിക തകരാറുകൾ പരിഹരിച്ച് കൊണ്ടുള്ള ബഹിരാകാശ റോക്കറ്റ് വിക്ഷേപിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ ശാസ്ത്രജ്ഞർ. ഈ അവസരത്തിൽ നമ്മൾ നന്ദിയോടെ സ്മരിക്കേണ്ട ഒരാളുണ്ട്. പേര് വിക്രം സാരാഭായി. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ പിതാവായിരുന്നു അദ്ദേഹം. ലോകത്തിലെ മികച്ച ബഹിരാകാശ ശാസ്ത്രജ്ഞരിൽ ഒരാളും ആയിരുന്നു.

1919 ഓഗസ്ററ് 12 ന് ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു ധനിക ജൈന കുടുംബത്തിൽ ആയിരുന്നു സാരാഭായിയുടെ ജനനം. വിദ്യാഭ്യാസത്തിൽ അതീവ തൽപരനായിരുന്ന സാരാഭായി കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും പി എച്ച് ഡി കരസ്ഥമാക്കിയ ശേഷം ഫിസിക്കൽ റിസേർച്ച് ലബോറട്ടറിയിൽ പ്രഫസർ ആകുകയും, ഡയറക്ടർ ആകുകയും ചെയ്തു. ബഹിരാകാശഗവേഷണത്തിലും, ഉപഗ്രഹവിക്ഷേ പണത്തിലും അദ്ദേഹം അതീവ തൽപരൻ ആയിരുന്നു. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് തുടക്കമിട്ട പ്രതിഭാശാലിയും സാരാഭായി ആയിരുന്നു.

ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ അംഗമായിരുന്ന വിക്രം സാരാഭായിയാണ് ഇന്ന് കാണുന്ന ബഹിരാകാശ ശക്തിയായ ഇന്ത്യയെ വാർത്തെടുക്കുവാൻ ശില പാകിയത്. 1963 നവംമ്പർ 21 -ന് തിരുവനന്തപുരത്തെ തുമ്പയിലുള്ള സ്പെയ്സ് സെന്ററിൽ നിന്നും ‘നൈക്-അപ്പാച്ചി’ എന്ന ചെറു റോക്കറ്റ് ഇന്ത്യ വിക്ഷേപിച്ചപ്പോൾ പലരാജ്യങ്ങളും ഇന്ത്യയെ പരിഹസിച്ചു. പക്ഷേ അത് നാളെയിലെ വലിയ യാത്രകൾക്കുള്ള ചെറിയ അറിയിപ്പാണെന്ന് സാരാഭായിക്കറിയാമായിരുന്നു.

ഡോ. അബ്ദുൽ കലാം ഉൾപ്പെടെയുള്ള പ്രഗൽഭരായ പ്രതിഭകളെ കണ്ടെത്തി അവരുടെ ബുദ്ധി വൈഭവത്തെ രാഷ്ട്ര പുരോഗതിക്കായി രൂപപ്പെടുത്തിയെടുക്കുവാൻ കഴിഞ്ഞു എന്നത് സാരാഭായിയുടെ ദീർഘ വീക്ഷണത്തിന്റെ മികച്ച ഉദാഹരണമാണ്. ഉപഗഹ വിക്ഷേപത്തിലും, വാർത്താവിനിമയത്തിലും നാം ഇന്നു കൈവരിച്ചിരിക്കുന്ന പുരോഗതിക്ക് നമ്മൾ കടപ്പെട്ടിരിക്കുന്നത് ഈ വലിയ മനുഷ്യനോടാണ്. ഇന്ത്യയുടെ ബഹിരാകാശ വിജയങ്ങളെ ഇന്ന് ലോകം മുഴുവൻ അത്ഭുതത്തോടും, ആദരവോടും, അൽപം അസ്സൂയയോടും നോക്കി കാണുമ്പോൾ വിക്രം സാരാഭായി എന്ന ശാസ്ത്ര പ്രതിഭയെയോർത്ത് നമുക്ക് അഭിമാനിക്കാ.

1971-ഡിസംബർ 30 -ന് കോവളത്ത് വിശ്രമിക്കവേ ആകസ്മികമായി ഹൃദയാഘാതം അദ്ദേഹത്തെ മരണത്തിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു.