- dennyvattakunnel
- May 15, 2021
- Uncategorized
വായു മലിനീകരണത്തിന്റെ കാര്യത്തിൽ ഇന്ത്യൻ നഗരങ്ങൾ തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ വിവിധ അംഗീകൃത ഏജൻസികൾ നടത്തിയ പഠനങ്ങളിങ്ങളിലെല്ലാം ഇന്ത്യൻ നഗരങ്ങൾ മുന്നിട്ടു നിൽക്കുന്നു എന്നത് ഇന്ന് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നതും ഭാവിയിൽ കൂടുതൽ രൂക്ഷതയോടെ നേരിടേണ്ടി വരുന്നതുമായ ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുപലകകളാണ്.
പരിസ്ഥിതി സംഘടനയായ ഗ്രീൻപീസും ഐക്യു എയർ വിഷ്വൽ ഏജൻസിയും 2018 നടത്തിയ പഠനങ്ങൾ തന്നെ ഇന്ത്യയ്ക്ക് നൽകിയ വലിയ മുന്നറിയിപ്പുകൾ ആയിരുന്നു. ഈ സംഘടനകൾ അന്ന് നൽകിയ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള ആദ്യ 10 നഗരങ്ങളും ഇന്ത്യയിലാണെന്ന് തെളിവുകൾ സഹിതം സമർഥിച്ചിരിക്കുന്നു. ഇന്ത്യൻ നഗരമായ ഗുരുഗ്രാം ആണ് അന്തരീക്ഷ മലിനീകരണം വിഷയത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഘടനകളുടെ റിപ്പോർട്ടിലുള്ള ആദ്യ 30 നഗരങ്ങളുടെ പട്ടികയിൽ ഇരുപത്തിരണ്ടും ഇന്ത്യൻ നഗരങ്ങൾ ആയിരുന്നു എന്നതും നമ്മുടെ അന്തരീക്ഷ മലിനീകരണത്തിന് തീവ്ര അപകടാവസ്ഥ വെളിവാക്കുന്നു. മേൽപ്പറഞ്ഞ 30 നഗരങ്ങളുടെ പട്ടികയിൽ ബാക്കിയുള്ളത് ചൈനയിലെ അഞ്ച് . നഗരങ്ങളും പാകിസ്ഥാനിലെ രണ്ട് നഗരങ്ങളും ബംഗ്ലാദേശിലെ ഒരു നഗരവുമാണ്. ഇവയെല്ലാം നമ്മുടെ അയൽരാജ്യങ്ങളുമാണ്.
ഈ സംഘടനകളുടെ പഠനങ്ങളനുസരിച്ച് നഗരങ്ങളുടെ അനുപാതം മാറ്റിവച്ചുകൊണ്ട് രാജ്യങ്ങളുടെ പട്ടിക എടുത്താലും ലോകത്തിലെ ഏറ്റവും രൂക്ഷമായ മലിനീകരണം ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. രാജ്യങ്ങളുടെ കണക്ക് പ്രകാരം ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബംഗ്ലാദേശാണ്. രണ്ടാം സ്ഥാനം പാകിസ്ഥാനും നാലാം സ്ഥാനം അഫ്ഗാനിസ്ഥാനുമാണ്.
ഈ റിപ്പോർട്ടിൽ പറയുന്ന ആശങ്കാജനകമായ മറ്റൊരുകാര്യം വായു മലിനീകരണം മൂലം ഉണ്ടാകുന്ന ജീവഹാനി ആണ്. ഭാവിയിൽ ലോകത്താകമാനമായി എഴുപതുലക്ഷം ജീവഹാനികൾ അന്തരീക്ഷ മലിനീകരണം മൂലം സംഭവിക്കുമെന്നാണ് ഈ സംഘടനകളുടെ പഠനം നൽകുന്ന സൂചനകൾ. പ്രവചനാത്മകമായ കണക്കുകൾ ആണെങ്കിലും അതിൻറെ ഗൗരവത്തെ ലാഘവത്തോടെ കാണാതിരിക്കുകയാകും നല്ലത്. അന്തരീക്ഷ മലിനീകരണ തോത് കൂടുതലുള്ള ഇന്ത്യപോലുള്ള രാജ്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നതും മുൻകരുതലുകൾ എടുക്കുന്നതും നന്നായിരിക്കും.
2019ൽ ഇന്ത്യയിലെ തന്നെ ഒരു സ്വകാര്യ ഏജൻസിയായ സ്കൈമെറ്റ് നടത്തിയ പഠനങ്ങളും അന്തരീക്ഷ മലിനീകരണത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്ന് വാദത്തെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചത്. ഈ റിപ്പോർട്ട് പ്രകാരം ലോകത്തിലെ വായു മലിനീകരണമുള്ള നഗരങ്ങളിൽ 3 നഗരങ്ങൾ ഇന്ത്യയിൽ നിന്നുമാണ്. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവയാണ് ഈ നഗരങ്ങൾ. ഡൽഹിയാണ് വായു മലിനീകരണത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഒന്നാമത് നിൽക്കുന്നത്. പാകിസ്താനിലെ ലാഹോറിനാണ് രണ്ടാംസ്ഥാനം. മൂന്നാം സ്ഥാനത്ത് ഉസ്ബക്കിസ്ഥാനിലെ താഷ്കന്ടും, ഈ ഏജൻസിയുടെ എയർ കോളിറ്റി ഇൻഡക്സ് പ്രകാരം 527 എ. ക്യു. ഐ ആണ് ഡൽഹിയിലെ മലിനീകരണത്തിന്റെ അളവ്. ലാഹോറിൽ 234 എ. ക്യു. ഐ രേഖപ്പെടുത്തിയപ്പോൾ താഷ്കന്റിൽ രേഖപ്പെടുത്തിയത് 185 എ. ക്യു. ഐ ആണ്.
ഈ രണ്ടു പഠനങ്ങളിലും ഒളിഞ്ഞിരിക്കുന്ന ചില സൂചനകൾ ഉണ്ട്. സൗത്ത് ഏഷ്യയിലും പരിസരങ്ങളിലുമുള്ള രാജ്യങ്ങളിലാണ് വായു മലിനീകരണതോത് കൂടുതലായി കണ്ടുവരുന്നത് എന്ന് കാണാം. ഇവ ഏറെക്കുറെ വികസ്വര രാജ്യങ്ങളും ആണ്. നിലവാരം കുറഞ്ഞതും പഴക്കമേറിയതുമായ വാഹനങ്ങളിൽ നിന്നും വമിക്കുന്ന പുകയും അശാസ്ത്രീയമായി ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന പുകയും ഭൂമിയിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളുമെല്ലാം ഈ രൂക്ഷമായ മലിനീകരണത്തിൻറെ ചില കാരണങ്ങൾ മാത്രമാണ്. സൗത്ത് ഏഷ്യയെ പൂർണ്ണമായും ഈ മലിനീകരണത്തിൽ നിന്നും മുക്തമാക്കണം എങ്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള സാർക്ക് രാജ്യങ്ങൾ ഒത്തൊരുമയോടെ കൈകോർത്തു കൊണ്ടുള്ള ഹ്രസ്വകാല ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് പ്രാവർത്തികമാക്കുക തന്നെ വേണം. ഭൂമിയിൽ നാം വരച്ച അതിരുകൾ വായുവിൽ പടർന്നു പന്തലിക്കുന്ന മലിനീകരണത്തിന് ബാധകമല്ല എന്ന കാര്യം ഏവരും മനസ്സിലാക്കണം. സൗത്ത് ഏഷ്യയുടെ അന്തരീക്ഷം ശുദ്ധമാക്കുന്നതിലൂടെ ലോകത്തിന് തന്നെ നമുക്ക് മാതൃകയാകാം. നമ്മുടെ വഴിയിലൂടെ മറ്റു രാജ്യങ്ങളും സഞ്ചരിക്കട്ടെ. അതിലൂടെ ഭൂമിയുടെ അന്തരീക്ഷം പൂർണമായും സംശുദ്ധം ആകട്ടെ. ലോകം ശുദ്ധവായു ശ്വസിക്കട്ടെ…