- dennyvattakunnel
- May 14, 2021
- Uncategorized
ഭൂമിയുടെ വടക്കേയറ്റമായ ഉത്തരധ്രുവത്തിനു ചുറ്റുമുള്ള മേഖലയാണ് ആർട്ടിക്. ഡെന്മാർക്കിന്റെ അധീനപ്രദേശമായ ഗ്രീൻലൻഡ് ദ്വീപും അമേരിക്കയുടെ അലാസ്ക സംസ്ഥാനവും കാനഡ, റഷ്യ, ഐസ്‌ലൻഡ്, നോർവെ, സ്വീഡൻ, ഫിൻലൻഡ്, എന്നീ രാഷ്ട്രങ്ങളുടെ ഭാഗങ്ങളും ആർട്ടിക് സമുദ്രവും കൂടിച്ചേർന്നതാണ് ആർട്ടിക് മേഖല (arctic region). ആർട്ടിക്ക് സർക്കിളിനു (66° 33’N) വടക്കായി സ്ഥിതി ചെയ്യുന്ന പാതിരാസൂര്യനും ധ്രുവരാത്രിയും കാണാൻ പറ്റുന്ന പ്രദേശങ്ങളാണിവ. ഇവിടെ ഏറ്റവും ചൂടു കൂടിയ മാസമായ ജൂലൈയിൽ താപനില 10 °C (50 °F)നും താഴെയാണ്; വടക്കേ അറ്റത്തുള്ള ട്രീലൈൻ പൊതുവേ ഏകതാപപ്രദേശങ്ങളിലൂടെ ഈ പ്രദേശം ചുറ്റിവരഞ്ഞ് സ്ഥിതിചെയ്യുന്നു. തനതായ സംസ്കാരമുണ്ട് ആർട്ടിക്കിന്. അവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങൾ അതിശൈത്യത്തിൽ ജീവിക്കാനുള്ള ഗുണങ്ങൾ ആർജിച്ചവരാണ്. കരടി എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ആർട്ടിക്കിന്റെ നിഷ്പത്തി. നോർത്ത് സ്റ്റാറിനു സമീപമുള്ള ഗ്രേറ്റ്ബെയർ, ലിറ്റിൽ ബെയർ എന്നീ നക്ഷത്രഗണങ്ങളെ സൂചിപ്പിക്കുന്നു ഈ വാക്ക്. എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ, മത്സ്യങ്ങൾ തുടങ്ങിയവയാണ് ആർട്ടിക്കിലെ പ്രധാന പ്രകൃതിവിഭവങ്ങൾ. ആർട്ടിക് പ്രദേശത്തെ കടലിലുള്ള മഞ്ഞുകട്ടകൾ ഉരുകുന്നത് പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആർട്ടിക് പ്രദേശത്ത് ജീവജാലങ്ങളായിട്ട് മഞ്ഞുകട്ടയിൽ വസിക്കുന്ന സൂപ്ലാങ്ക്ടൺ, ഫൈറ്റോപ്ലാങ്ക്ടൺ ജീവികൾ, മീനുകൾ, ജല സസ്തനികൾ, പക്ഷികൾ, കരജീവികൾ, ചെടികൾ, മനുഷ്യസമൂഹങ്ങൾ എന്നിവയാണുള്ളത്.