- dennyvattakunnel
- February 10, 2021
- Uncategorized
ബ്രിട്ടീഷ് ഭരണം അവസാനിച്ചതുമുതൽ മ്യാൻമറിലെ റോഹിൻഗ്യൻ വിഭാഗത്തിനെതിരെ നിരവധി സംഘടിതവും, ആസൂത്രിതവുമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പട്ടാള ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുള്ള ആക്രമണങ്ങൾക്കു പുറമെ ഭൂരിപക്ഷ വിഭാഗത്തിന്റെ ആക്രമണങ്ങൾക്കും ഈ വിഭാഗം ഇരയായിക്കൊണ്ടിരിക്കുന്നു. ആയിരങ്ങൾ നിരന്തരം കൊലചെയ്യപ്പെടുന്നു. രാജ്യത്തിലെ പൗരന്മാരായി റോഹിൻഗ്യൻ വിഭാഗത്തെ പരിഗണിക്കുവാൻ തലമുറകളായി ഭൂരിപക്ഷ വിഭാഗം തയ്യാറാകുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് എത്തിയവരെല്ലാം തങ്ങളുടെ ശത്രുക്കളാണെന്ന് അവർ തലമുറകളെ നിരന്തരം പഠിപ്പിക്കുന്നു. ഭൂരിപക്ഷത്തിന്റെ ഈ സമീപനത്തിന്റെ ഫലമായി ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ സ്വാതന്ത്ര്യത്തിന് മുൻപായി മ്യാന്മാർ ഉപേക്ഷിച്ചതുപോലെ റോഹിൻഗ്യൻ വിഭാഗം ജന്മരാജ്യം ഉപേക്ഷിക്കാത്തതാകണം തലമുറകളിലേയ്ക്ക് പകർന്ന ഈ വൈരത്തിന്റെ കാതൽ.
1978, 1991, 1992, 2011, 2012, 2015, 2016 കാലഘട്ടങ്ങളിലുണ്ടായ വംശീയ ആക്രമണങ്ങളെ തുടർന്ന് 11 ലക്ഷത്തോളമുണ്ടായിരുന്ന റോഹിൻഗ്യൻ വിഭാഗത്തിലെ നല്ലൊരു പങ്കും ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. വിരലിലെണ്ണാവുന്ന തീവ്രവാദികളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇതിൽ പല സൈനിക നടപടികളെങ്കിലും 2012-ലെ വംശീയലഹള ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന ഒന്നായിരുന്നു. റാഖിൻ സംസ്ഥാനത്തിലെ ഭൂരിപക്ഷ വിഭാഗത്തിൽപെട്ട ഒരു സ്ത്രീയെ റോഹിൻഗ്യൻ വിഭാഗത്തിൽപെട്ട ഏതാനും യുവാക്കൾ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തെ തുടർന്ന് ഉണ്ടായ കലാപത്തിൽ നിരവധി പേർ വധിക്കപ്പെട്ടു. 354-ൽ പരം ഗ്രാമങ്ങൾ അഗ്നിക്കിരയായി. ലോകത്തിലെ ഏത് കലാപത്തിലെയും ഇരകളെപ്പോലെ ഇവിടെയും സ്ത്രീകളും, കുട്ടികളുമായിരുന്നു ആക്രമണത്തിനും, മരണത്തിനും ഇരയായവരിൽ ഏറിയ പങ്കും. “ഒരാളെ കൊന്നുകൊണ്ടാണ് വംശഹത്യ ലോകത്തെവിടെയും തുടങ്ങുക. അയാൾ എന്തുചെയ്തു എന്നല്ല, അയാൾ ആരായിരുന്നു എന്നതാണ് പ്രശ്നം”. യു എൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ വാക്കുകളാണിവ. ഈ വാക്കുകളെ അന്വർത്ഥമാക്കുന്ന വംശീയ കലാപങ്ങളാണ് മ്യാന്മറിൽ അന്ന് അരങ്ങേറിയത്.
തുടർന്ന് 2015-ലും 2016-ലും ആസൂത്രിതമായ വംശീയ ആക്രമണങ്ങൾ തുടർന്നു. ഒപ്പം പലായനങ്ങളും. ഭീതിയുടെ മുൾമുനയിൽ നിർത്തി റോഹിൻഗ്യൻ വംശജരെ ഘട്ടംഘട്ടമായി മ്യാന്മറിൽനിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഭൂരിപക്ഷ വിഭാഗത്തിന്റെ പിന്തുണയോടെയായിരുന്നു ഈ ആസൂത്രിത ആക്രമണങ്ങൾ. ഭരണകൂടവും, ഭൂരിപക്ഷ ജനതയും ഒത്തുചേർന്ന് ഒരു ജനതയെ നിരന്തരം ആക്രമിക്കുമ്പോൾ പലായനങ്ങൾ തീർച്ചയായും തുടർക്കഥകളാകും. 2017-ൽ റോഹിൻഗ്യൻ തീവ്രവാദികൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന കാരണത്താൽ സൈന്യവും, പോലീസും ഭൂരിപക്ഷ വിഭാഗത്തിന്റെ പിന്തുണയോടെ നടത്തിയ ആക്രമണത്തിൽ നിരവധി റോഹിൻഗ്യൻ ഗ്രാമങ്ങൾ ചാമ്പലാക്കി. അനവധി പേർ കൊല്ലപ്പെട്ടു. ഈ കൊലകളെ യു എൻ ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തിരുന്നു. ഏകദേശം ഇരുപതിനായിരത്തോളം നിരപരാധികൾ ഈ വംശീയ ആക്രമണത്തെത്തുടർന്ന് കൊലചെയ്യപ്പെടുകയും ജനലക്ഷങ്ങൾ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു.
2017 കലാപകാലത്ത് റോഹിൻഗ്യൻ വംശജരെ കൂട്ടക്കൊല നടത്തിയതിൽ രണ്ട് സൈനികർ നടത്തിയ കുറ്റസമ്മത വീഡിയോ ലോകവ്യാപകമായി ശ്രദ്ധനേടിയ നേർസാക്ഷ്യങ്ങൾ ആയിരുന്നു. കലാപകാലത്ത് സർക്കാരിൽനിന്നും തങ്ങൾക്ക് കിട്ടിയ ഉത്തരവ് ‘കാണുന്നവരെയും കേൾക്കുന്നവരെയും’ വെടി വച്ചിടുക എന്നതായിരുന്നു. തങ്ങൾ ആ ഉത്തരവ് അക്ഷരം പ്രതി അനുസരിച്ചു. മ്യോ വിൻ ടുൻ എന്ന സൈനികൻ പറയുന്നത് നിരപരാധികളായ മുപ്പതോളം പുരുഷന്മാരെയും, സ്ത്രീകളെയും, കുട്ടികളെയും താനും സഹസൈനികരും ചേർന്ന് ഒരു ടവറിനു കീഴിൽ കൊന്നു കുഴിച്ചിട്ടു എന്നാണ്. സാങ് നൈംഗ് ടുൻ എന്ന സൈനികന്റെ കുറ്റസമ്മതമാകട്ടെ ഏതാണ്ട് 20 ഗ്രാമങ്ങൾ താനും സഹസൈനികരും ചേർന്ന് ചുട്ടെരിച്ചു എന്നാണ്. എത്ര പേരെ കൊലപ്പെടുത്തി എന്ന് പറയുവാൻ കഴിയില്ല. കണ്ണിൽ പെട്ട മൃതശരീരങ്ങൾ ഒരുമിച്ച് സംസ്കരിച്ചു. ഈ രണ്ടു സൈനികരും ഇന്ന് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കുറ്റവിചാരണയുടെ വക്കിലാണ്.
വംശീയതയുടെയും, മതത്തിന്റേയും, ദേശീതയുടെയും പേരിൽ നടമാടാറുള്ള കലാപങ്ങൾക്കും, കൂട്ടക്കുരുതികൾക്കും എന്ത് യുക്തിയാണുള്ളത്? മനുഷ്യോൽപ്പത്തിയ്ക്കുശേഷമുള്ള ചരിത്രം തന്നെ പലായനങ്ങളുടെ ചരിത്രമാണ്. കാർഷികവൃത്തി, കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, ഗോത്രങ്ങൾക്കിടയിലുള്ള സംഘർഷം, മത്സരബുദ്ധി തുടങ്ങിയ കാരണങ്ങളിലൂടെ സഹസ്രാബ്ധങ്ങളായി പല പ്രാവശ്യം ലോകത്തിന്റെ പല ഭാഗങ്ങളിലായി പല ആവർത്തികളിലായി പലായനം ചെയ്ത് കുടിയേറിയ സ്ഥലങ്ങളിലാണ് ഇന്ന് കാണുന്ന ആധുനിക ജനസമൂഹം നിലകൊള്ളുന്നത്. വംശീയതയും മതവുമൊക്കെച്ചേർന്ന മിഥ്യാബോധത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ടാണ് തങ്ങൾ ഈ കൂട്ടക്കുരുതികൾ നടത്തുന്നതെന്ന കാര്യം ആധുനിക ലോകത്തിലെ വംശീയവാദ ജനസമൂഹങ്ങൾ അറിയാതെപോകുന്നു. തന്റെ വംശം മാത്രമാണ് കുലീനം എന്ന ബോധമാണ് അവനെ വംശീയവെറി എന്ന തിന്മയുടെ ലോകത്തേയ്ക്ക് നയിക്കുന്നത്.
സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ അവഗണയുടെ കയ്പുനീർ അനുഭവിക്കുന്ന വിഭാഗമായ ഈ ജനതയ്ക്കിടയിൽ തീവ്രവാദി സംഘങ്ങൾ മുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുക സ്വാഭാവികമാണ്. ലോകത്തെവിടെയെല്ലാം സാമൂഹിക അസ്വസ്ഥതകൾ ദീർഘനാൾ നിലനിൽക്കുമോ അവിടെയെല്ലാം വിധ്വംസകശക്തികൾ ബുദ്ധിപൂർവ്വം മുതലെടുപ്പ് നടത്താറുണ്ട്. ഒരു ദശലക്ഷത്തിൽപരം റോഹിൻഗ്യൻ വിഭാഗങ്ങൾക്കിടയിൽ ആയിരത്തിനും താഴെയാണ് തീവ്രവാദികൾ. ഒരു പ്രദേശത്ത് ആസൂത്രിത ആക്രമണങ്ങൾ നടത്തുവാൻ ഈ സംഖ്യ ധാരാളം തന്നെയാണ്. പക്ഷെ മ്യാന്മറിൽ എന്താണ് സംഭവിക്കുന്നത്? തീവ്രവാദികൾ നടത്തുന്ന ഒറ്റപ്പെട്ട ആക്രമണങ്ങളെ നേരിടാതെ തീവ്രവാദികൾ എന്ന പേരിൽ ഒരു ജനതയെ ഒന്നടങ്കം ആക്രമിക്കുന്ന രീതിയാണ് കാലാകാലങ്ങളായി ഭരണകൂടം ആ രാജ്യത്ത് പിന്തുടരുന്നത്. വംശീയ നശീകരണം തന്നെയാണ് ഇതുകൊണ്ട് പട്ടാളം അർത്ഥമാക്കുന്നത് എന്ന് വ്യക്തം.
ആരാണ് റോഹിൻഗ്യൻ തീവ്രവാദികൾ? ആരാണവരെ പിന്തുണയ്ക്കുന്നത്? മ്യാന്മാറിൽ തീവ്രവാദത്തിന്റെ വേരറുക്കാൻ എളുപ്പമാണ്. ആയിരത്തിനു താഴെ മാത്രം സംഖ്യ വരുന്ന തീവ്രവാദികളെ പൂർണ്ണമായും ഇല്ലായ്മ ചെയ്യാൻ വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ ആവശ്യകത ഇല്ലെന്നും ഏവർക്കുമറിയാം. പാകിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അജ്ഞാത ഉറവിടങ്ങളാണ് മ്യാൻമറിലെ ഭീകരവാദികൾക്ക് ആയുധവും പണവും നൽകുന്നതെന്ന ആരോപണം ശക്തമാണ്. മ്യാൻമറിലെ ഭീകര സംഘടനയായ അറാക്കൻ റോഹിൻഗ്യൻ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിന്റെ നിയന്ത്രണം കറാച്ചിയിൽ താമസിക്കുന്ന റോഹിൻഗ്യൻ നേതാക്കൾക്കാണ് എന്ന ആരോപണവും നിലനിൽക്കുമ്പോൾ റോഹിൻഗ്യൻ പ്രശ്നം അക്രമവൽക്കരിക്കുവാൻ രാജ്യത്തിനകത്തു ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നു എന്ന അനുമാനിക്കേണ്ടി വരും. കുൽസിത ലക്ഷ്യങ്ങളുള്ള തീവ്രവാദികൾക്കും ഭൂരിപക്ഷ വംശീയ വാദികൾക്കും ഇടയിൽ ആക്രമണങ്ങൾ മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ജനതയായി റോഹിൻഗ്യൻ ജനവിഭാഗം നിലകൊള്ളുന്നു എന്നതാണ് കഴിഞ്ഞ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ദുരന്ത യാഥാർഥ്യം. ലോകത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിക്കുന്ന ന്യൂനപക്ഷം എന്നാണ് ഐക്യരാഷ്ടസഭ തന്നെ റോഹിൻഗ്യകളെ വിശേഷിപ്പിച്ചത്.
പട്ടാള ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിരന്തരമായ പോരാട്ടം നടത്തി സമാധാനത്തിനുള്ള നോബൽ സമ്മാനം വരെ കരസ്ഥമാക്കിയ ഓങ് സാൻ സ്യൂചി അധികാര കസേരയിൽ ഉപവിഷ്ടയായിരിക്കുമ്പോഴാണ് 2017-ൽ റോഹിൻഗ്യൻ വംശജർക്കെതിരെ പട്ടാളഭരണകൂടവും ഭൂരിപക്ഷ വംശീയ വിഭാഗവും ഒത്തുചേർന്ന് ആക്രമണങ്ങൾ നടത്തിയത്. ഇത് റോഹിൻഗ്യൻ വംശീയ പ്രശ്നകാലത്തെ ഏറ്റവും വലിയ കാപട്യം നിറഞ്ഞ വിരോധാഭാസം തന്നെയാണ്. ലോകത്തിലെ ഏറ്റവും ആരാധ്യയായ മനുഷ്യാവകാശ പ്രവർത്തകയെന്ന് ലോകമാധ്യമങ്ങൾ കൊണ്ടാടിയ സ്യൂചി, തന്റെ ഭരണകാലത്ത് നടന്ന നരനായാട്ടിനെതിരെ ശബ്ദിക്കുവാൻ വിമുഖത കാട്ടുന്നത് ലോകം ഞെട്ടലോടെയാണ് കണ്ടുനിന്നത്. ആയിരക്കണക്കിന് നിരപരാധികളായ അമ്മമാർ മാനഭംഗത്തിനിരയായിക്കൊണ്ടിരുന്നപ്പോഴും, കുഞ്ഞുങ്ങളുടെ ചോര തന്റെ മണ്ണിൽ അലിഞ്ഞുചേർന്നപ്പോഴും, ഗ്രാമങ്ങൾ വെന്തു വെണ്ണീറായപ്പോഴും പതിനായിരങ്ങൾ അയൽരാജ്യങ്ങളിലേക്ക് പ്രാണരക്ഷാർദ്ധം പലായനം ചെയ്തപ്പോഴും സമാധാനത്തിന്റെ കാവൽമാലാഖ അധികാരത്തിന്റെ ശീതളച്ഛായയിൽ എന്തുകൊണ്ട് നിദ്രയിലാണ്ടു?
ഓങ് സാൻ സ്യൂചി എന്ന ഗാന്ധിമാർഗ്ഗി, തെരുവിൽ നിറഞ്ഞു നിന്ന സമരനായിക എന്ന ജനഹൃദയ സ്ഥാനത്തുനിന്നും, ഭരണമാളികയിലേയ്ക്ക് പ്രവേശനം നടത്തിയപ്പോൾ എന്താണ് ആ വ്യക്തിത്വത്തിന് സംഭവിച്ചത്? കലാപ സമയത്ത് സ്യൂചി പുലർത്തിയ നിശബ്ദത അർദ്ധമാക്കുന്നതെന്താണ്? 25 ശതമാനം പാർലമെന്റ് സീറ്റുകളിൽ പട്ടാളം നിർദ്ദേശിക്കുന്ന വ്യക്തികൾക്കുള്ള അവകാശവും പട്ടാള നിയന്ത്രണത്തിലുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലൊപ്മെന്റ് പാർട്ടിയുടെ പാർലമെന്റിലെ സജീവ സാന്നിധ്യവും എക്കാലവും അസ്ഥിരതയിൽ ആടിയുലഞ്ഞുനിൽക്കുന്ന പാർലമെന്റ് സംവിധാനവും അതിലുപരി ആഭ്യന്തരവും പ്രതിരോധവും ഉൾപ്പെടെയുള്ള പ്രധാന അധികാരങ്ങൾ പട്ടാള വിഭാഗം പൂർണ്ണമായും നിയന്ത്രിക്കുന്ന ഒരു ഭരണ സംവിധാനത്തിൽ സ്റ്റേറ്റ് കൗൺസിലർ എന്ന പദവിയിൽ അധികാര മോഹത്തിന്റെ ദൗർബല്യത്താൽ ഉപവിഷ്ടയായതും ആ അധികാരസ്ഥാനത്ത് തുടർന്നും നിലനിൽക്കുവാനുള്ള അടങ്ങാത്ത വ്യഗ്രതയുമാണ് സ്യൂചി എന്ന ജനനായികയ്ക്കും ഭരണാധികാരിയ്ക്കും പറ്റിയ ഏറ്റവും വലിയ പിഴവ്. ആ പിഴവ് തന്നെയാകണം അവരുടെ നിശ്ശബ്ദതയുടെ മുഖ്യകാരണം.
2015-ൽ അധികാരമേറ്റെടുത്ത ഓങ് സാൻ സ്യൂചിയെപ്പറ്റി മ്യാൻമറിലെ സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനായ യാൻ മ്യോ തെയ്ൻ ഇപ്രകാരം വിലയിരുത്തുന്നു. 2015-ലെ തിരഞ്ഞെടുപ്പിനുശേഷം സ്യൂചി അധികാരമേൽക്കുമ്പോൾ അത് സമ്പൂർണ്ണ ജനാധിപത്യത്തിലേക്കുള്ള അവസാനത്തെ കാൽവയ്പ്പല്ലെന്ന് ഏവർക്കുമറിയാമായിരുന്നു. എന്നാൽ സ്യൂചി എന്ന മനുഷ്യാവകാശ പ്രവർത്തകയ്ക്കും, ജനസേവന തല്പരയായ നേതാവിനും ചെയ്യുവാൻ കഴിയുന്ന ധാരാളം കാര്യങ്ങൾ ഉണ്ടായിരുന്നു. പട്ടാള ഭരണകൂടം തടവിലാക്കിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, മാധ്യമങ്ങൾക്കും പൗരാവകാശ പ്രവർത്തകർക്കും കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുക, ജനക്ഷേമപദ്ധതികൾ വേഗത്തിൽ നടപ്പിൽ വരുത്തുക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ആക്കം കൂട്ടുക തുടങ്ങിയ തീരുമാനങ്ങൾ സ്യൂചിയിൽനിന്നും പ്രതീക്ഷിച്ചവരെ പൂർണ്ണമായും നിരാശരാക്കുന്ന സമീപനമാണ് അധികാരമേറ്റശേഷം സ്യൂചിയിൽ നിന്നുമുണ്ടായത്. ജയിലായ പലരെയും മോചിപ്പിക്കുവാൻ ശ്രമിച്ചില്ല എന്നു മാത്രമല്ല സ്യൂചിയുടെ ഭരണകാലത്ത് സൈന്യം റോഹിൻഗ്യൻ വംശജർക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ അധികരിച്ചുകൊണ്ട് വിമർശനാത്മക റിപ്പോർട്ട് തയ്യാറാക്കിയ റോയിട്ടേഴ്സിന്റെ പത്രപ്രവർത്തകരെ തുറുങ്കിലടയ്ക്കുകയുമാണ് സ്യൂചിയുടെ ഭരണകൂടം ചെയ്തത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയും പതിറ്റാണ്ടുകളോളം പട്ടാള ഭരണകൂടത്തോട് നിരന്തരം പോരാടിയിരുന്ന സ്യൂചി അധികാരമേറ്റപ്പോൾ മാധ്യമപ്രവർത്തകരെ ജയിലടച്ചത് ലോകമാധ്യമ രംഗത്തെ അപ്പാടെ അമ്പരപ്പിച്ചു.
ഓങ് സാൻ സ്യൂചിയെ തീവ്ര ഭൂരിപക്ഷ ജനതയുടെ വക്താവായല്ല ന്യൂനപക്ഷ റോഹിൻഗ്യൻ ജനത കണ്ടിരുന്നത്. ഏതു സമരമുഖത്തും സ്യൂചിയുടെ പാർട്ടിയായ എൻ എൽ ഡിയെ പിന്തുണയ്ക്കുന്നവരായിരുന്നു റോഹിൻഗ്യൻ വിഭാഗങ്ങൾ. സ്യൂചി എന്ന നിഷ്പക്ഷ നേതാവിലും മനുഷ്യാവകാശ പ്രവർത്തകയിലും ഭൂരിപക്ഷം റോഹിൻഗ്യൻ വിഭാഗത്തിന് അത്രയധികം വിശ്വാസം ഉണ്ടായിരുന്നു. ഒരു മതവിഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാതെ നിഷ്പക്ഷത്തു നിന്നുകൊണ്ട് ന്യായമായ തങ്ങളുടെ മനുഷ്യാവകാശങ്ങൾ അനുവദിച്ച് തരുമെന്നും രാജ്യത്തിൻറെ മുഖ്യ ധാരയിലേക്ക് തങ്ങളെയും സ്യൂചി ക്ഷണിക്കുമെന്നും ആ ജനം പൂർണ്ണമായും വിശ്വസിച്ചു. രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സംരക്ഷണം നൽകുന്ന ഒരു വിഗ്രഹമായിരുന്നു അവർക്ക് സ്യൂചി. എന്നാൽ അധികാരമേറ്റതോടെ ആ ജനവിശ്വാസത്തെ സ്യൂചി പൂർണ്ണമായും തകിടം മറിച്ചു. സ്യൂചിയുടെ ഭരണത്തിൽ മ്യാന്മറിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും, വംശീയ കൂട്ടക്കൊലകളും നടന്നു. അതുകൊണ്ടാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഭരണാധികാരമേൽക്കുന്നതിനു മുൻപ് സ്യൂചിയ്ക്ക് നൽകിയ പരമോന്നത ബഹുമതി അവർ അധികാരമേറ്റെടുത്തശേഷം നടന്ന കലാപത്തെത്തുടന്ന് തിരിച്ചെടുത്തത്. സ്യൂചിയുടെ ഭരണത്തിൽ മ്യാന്മറിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും, വംശീയ കൂട്ടക്കൊലകളും നടന്നു എന്നും സ്യൂചി ശക്തമായ നടപടികളെടുത്തില്ല എന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഈ ബഹുമതി പിൻവലിച്ചത്. സ്യൂചിയ്ക്കെതിരെയുള്ള ഈ റിപ്പോർട്ടിനെ തുടർന്ന് പാരീസും, കാനഡയും തങ്ങൾ സ്യൂചിയ്ക്ക് നൽകിയിരുന്ന ബഹുമതികൾ പിൻവലിക്കുകയും സ്യൂചിയ്ക്ക് നൽകിയ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന്റെ പ്രഭ നഷ്ടപ്പെട്ടതായി ലോക മാധ്യമങ്ങൾ വിധിയെഴുതുകയും ചെയ്തു.
മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പ് ശക്തമാവുകയും മ്യാന്മറിനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തണമെന്നുമുള്ള അഭിപ്രായം ശക്തമാകുകയും ചെയ്തതോടെയാണ് സ്യൂചി മൗനം വെടിഞ്ഞ് റോഹിൻഗ്യൻ വംശജരുടെ പ്രശ്നത്തിൽ ദുഃഖമുണ്ടെന്ന് പറയുവാൻ തയ്യാറായത്. തന്റെ രാജ്യം ജനാധിപത്യത്തിന്റെ ശൈശവദശയിലാണ്. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ ഒന്നുമാത്രമാണ് റോഹിൻഗ്യകളുടേത്. സമാധാനം നിലനിർത്തുവാൻ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ രാജ്യാന്തര സമൂഹം തനിക്കെതിരെ ഉയർത്തുന്ന ചോദ്യങ്ങളെ താൻ ഭയക്കുന്നില്ല. റാഖിനിൽ നടന്ന സംഭവവികാസങ്ങളിൽ അതീവ ദുഃഖമുണ്ട്. റോഹിൻഗ്യൻ ജനതയുടെ കഷ്ടത താൻ മനസ്സിലാക്കുന്നു. റാഖിനിൽ സമാധാനം സ്ഥാപിക്കുവാനായി കോഫി അന്നൻ കമ്മീഷൻ നൽകിയ റിപ്പോർട്ട് നടപ്പിൽ വരുത്തുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്യൂചി വ്യക്തമാക്കി.
മ്യാന്മർ ഗവണ്മെന്റിന്റെ വംശീയ ഉന്മൂലനത്തിനെതിരെ വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തപ്പോൾ സ്യൂചി വംശഹത്യക്ക് കാരണമായവരെ ന്യായീകരിച്ചുകൊണ്ടുള്ള നിലപാട് കോടതിമുൻപാകെ കൈക്കൊണ്ടതും ഏറെ വിമർശനങ്ങൾക്കിടയാക്കി. മനുഷ്യാവകാശ പ്രവർത്തകയും പട്ടാളത്തിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്ന സ്യൂചി ഇരകൾക്കൊപ്പമല്ല മറിച്ച് വേട്ടക്കാർക്കൊപ്പമാണ് എന്ന വിമർശനമാണ് അന്താരാഷ്ട്ര തലത്തിൽ അവർക്കെതിരെ ഉയർന്നത്. ആ വിമർശനങ്ങളിൽ ഏറെ സത്യമുണ്ടായിരുന്നു താനും.
എന്തായിരുന്നു ഒരിക്കൽ ലോകം അംഗീകരിച്ചിരുന്ന ഓങ് സാൻ സ്യൂചി എന്ന ജനനേതാവിന്റെ പരാജയകാരണം? അധികാരസ്ഥാനത്ത് എത്തിയ സ്യൂചി എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി മാറിയില്ല? ഉത്തരങ്ങൾ പലതുണ്ട്. മനുഷ്യാവകാശ സംഘടനകളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടെ അവയിൽ മുന്തിനിൽക്കുന്ന ചില നിരീക്ഷണങ്ങൾ ഇവയാണ്. സമരപാതയിൽ രണ്ട് പതിറ്റാണ്ടുകാലത്തോളം സ്യൂചിയെ സ്വാധീനിച്ചത് ഗാന്ധിചിന്തകളാണ്. എന്നാൽ അധികാരം വ്യക്തിയെ മലിനമാക്കും എന്ന തത്വത്തെ അന്വർഥമാക്കും വിധമായിരുന്നു അധികാരമേറ്റ നാൾ മുതൽ സ്യൂചിയുടെ പ്രവർത്തനരീതികൾ. ഭൂരിപക്ഷ വംശീയതയുടെ പിന്തുണയാണ് തിരഞ്ഞെടുപ്പുകളിലെ തന്റെ കക്ഷിയുടെ വിജയകാരണമെന്ന് അവർ ഉറച്ചുവിശ്വസിച്ചു. തനിക്കുപകരം മറ്റൊരു നേതാവ് ഭൂരിപക്ഷവിഭാഗത്തിനിടയിൽ ഉയർന്നുവരാതിരിക്കാൻ വംശീയ മേൽക്കോയ്മയെ നിശ്ശബ്ദതയോടെ അംഗീകരിച്ചു. ജനങ്ങളുടെ നീതിയ്ക്കൊപ്പം നിൽക്കുന്നതിന് പകരം അധികാര രാഷ്ട്രീയത്തെ അവർ മുറുകെപ്പിടിച്ചു. പരിമിത ജനാധിപത്യ സംവിധാനത്തിനകത്തുള്ള പരിമിത അധികാരമേ തനിക്കുള്ളൂ എന്ന് അവർക്കറിയാമായിരുന്നു. അധികാരമേറ്റാൽ സ്യൂചി പൂർണ്ണ ജനാധിപത്യത്തിനുവേണ്ടി ശ്രമിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ തനിയ്ക്കായൊരു അധികാരസ്ഥാനം സൃഷ്ടിച്ചെടുക്കുന്നതിനുമപ്പുറം ജനാധിപത്യത്തിന്റെ പൂർണ്ണ വളർച്ചയ്ക്കായി സ്യൂചി പ്രയത്നിച്ചില്ല. താൻ രാജ്യം ഭരിക്കുമ്പോഴും പ്രധാന അധികാരകേന്ദ്രം പട്ടാളം ആണെന്ന കാര്യം സ്യൂചിയിൽ ഒരു വ്യാകുലതയും ഉളവാക്കിയില്ല. പട്ടാളത്തിന്റെ ചെയ്തികളെ തെറ്റാണെന്നറിഞ്ഞുകൊണ്ടു ന്യായീകരിക്കുമ്പോഴും ജനാധിപത്യത്തെയും, ന്യൂനപക്ഷത്തേയും, പൗരാവകാശങ്ങളെയും, മാധ്യമസ്വാതന്ത്ര്യങ്ങളെയുമെല്ലാം സ്യൂചി മറന്നു. രണ്ട് പതിറ്റാണ്ട് തന്റെ അവകാശങ്ങൾ ചവിട്ടിമെതിച്ച പട്ടാളഭരണകൂടത്തിനു മുന്നിൽ കേവലമൊരു അധികാരസ്ഥാനത്തിനായി മുട്ടുമടക്കുന്ന സൂചിയെയാണ് 2015-ലെ തിരഞ്ഞെടുപ്പിനുശേഷം ലോകം കണ്ടത്. രണ്ട് പതിറ്റാണ്ടിലെ സഹനസമരത്തിലൂടെ അവർ നേടിയെടുത്തത് വലിയൊരളവുവരെ തന്റെ വ്യക്തിസ്വാതന്ത്ര്യവും, അധികാരസ്ഥാനവും മാത്രമായിരുന്നു. ജനവും ജനാധിപത്യവും ആ മനസ്സിൽനിന്ന് അകന്നുകഴിഞ്ഞിരുന്നു.
വിവിധ കാലഘട്ടങ്ങളിലെ ആക്രമണങ്ങളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളായ ജനലക്ഷങ്ങൾ കൊലചെയ്യപ്പെടുകയും, പലായനങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്ന റോഹിൻഗ്യൻ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടോ? ലോകത്തിലെ ഏറ്റവും പീഡനമനുഭവിക്കുന്ന ന്യൂനപക്ഷ ജനത എന്ന ദുരന്തവിശേഷണത്തിൽനിന്നും ആ ജനത എന്നാണ് മോചിതരാകുക? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ കഴിയുന്ന ഒരേ ഒരാളേ ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ളൂ. അത് സാക്ഷാൽ ഓങ് സാൻ സ്യൂചി തന്നെയാണ്. കാരണം മ്യാൻമറിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങിയ ഒരു വിശാല ഹൃദയം പൂർവ്വനാളുകളിൽ അവർക്കുണ്ടായിരുന്നു. നഷ്ടപ്പെട്ട ആ മാനുഷിക മുഖം അവർ വീണ്ടെടുക്കണം. ലോകം തന്നെ ആരാധനയോടെ സ്നേഹിച്ചത് തന്റെ അധികാരത്തിന്റെ ഗർവ്വിലല്ലെന്നും ഒരിക്കൽ തനിക്കുണ്ടായ മനുഷ്യസ്നേഹവും, സമത്വബോധവുമായിരുന്നു അതിന്റെ കാരണമെന്നും അവർ തിരിച്ചറിയണം. ആ തിരിച്ചറിവിൽനിന്നും പുനരാർജ്ജിക്കുന്ന സമത്വബോധത്തിൽ നിന്നുകൊണ്ട് അവർ വീണ്ടും ഉദിച്ചുയരണം. തീർച്ചയായും അത് മ്യാൻമറിലെ എല്ലാ വിഭാഗങ്ങളുടെയും ഉയർച്ചയായി പരിണമിക്കും. ആ സൂര്യോദയത്തിനായി കാത്തിരിക്കാം. അന്നും ഇന്നും സ്യൂചിയ്ക്ക് പകരം വെയ്ക്കാൻ ഒരു ജനനേതാവ് മ്യാന്മറിലില്ല. പകരമൊരാൾ ഒരു നാൾ ഉയർന്നുവരും എന്ന് പ്രത്യാശിക്കുവാനുള്ള സൂചനകളൊന്നും മ്യാന്മറിലിതുവരെയില്ല എന്ന കാര്യവും ഇവിടെ ഓർക്കുക.
(പരമ്പര അവസാനിച്ചു)