- dennyvattakunnel
- May 14, 2021
- Uncategorized
ജനപ്രതിനിധികൾ പരിമിതമായ തോതിൽ മാത്രം ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ട് എങ്ങനെ ജനങ്ങളെ സേവിക്കാം എന്നതിൻറെ മികച്ച ഉദാഹരണമാണ് സ്വീഡനിലെ പാർലമെൻറ് അംഗങ്ങൾ. ജനപ്രതിനിധികൾ ജനങ്ങളുടെ സേവകരാണ് എന്ന വാക്കുതന്നെ അന്വർത്ഥമാക്കിക്കൊണ്ടാണ് സ്വീഡിഷ് പാർലമെൻറ് അംഗങ്ങൾ പരിമിതമായ തോതിൽ മാത്രം ആനുകൂല്യങ്ങൾ കൈപ്പറ്റി ക്കൊണ്ട് ജനസേവനം നടത്തുന്നത്. ആ രാജ്യത്തെ പാർലമെൻറ് അംഗങ്ങൾ കൈപ്പറ്റുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ ആണെന്ന് അറിഞ്ഞാൽ നാം ആശ്ചര്യപ്പെട്ടു പോകും സ്വീഡനിലെ പാർലമെൻറ് അംഗങ്ങൾക്ക് സഹായികളെ അനുവദിച്ചിട്ടില്ല. എന്നാൽ ഓരോ പാർട്ടികൾക്കും ഒരു നിശ്ചിത തുക സെക്രട്ടറിമാർക്കുള്ള അലവൻസായി കൊടുക്കുന്നുണ്ട്. ഈ തുക എംപിമാർക്ക് വ്യക്തിപരമായി സേവനക്കാരെ വയ്ക്കാനുള്ളതല്ല. പാർലമെൻറ് ആവശ്യങ്ങൾക്കായി ആകെ മൂന്നു കാറുകൾ മാത്രമാണ് സ്വീഡനിൽ ഉപയോഗിക്കുന്നത്. ഈ കാറുകൾ ഉപയോഗിക്കുന്നതിന് വ്യക്തമായ നിബന്ധനകളുമുണ്ട്. അടിയന്തര ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഈ കാറുകൾ ഉപയോഗിക്കുന്നത്.എംപിമാരുടെ യാത്രകൾക്കായി പൊതുഗതാഗത സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. പൊതുഗതാഗത സംവിധാനം ഒരുവർഷം ഉപയോഗിക്കുവാനുള്ള മുൻകൂർ ടിക്കറ്റ് എം.പിമാർക്ക് ലഭിക്കും.അടിയന്തര ആവശ്യങ്ങൾക്ക് കാർ വാടകയ്ക്കെടുത്താണ് യാത്രയെങ്കിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലുള്ള വഴികളിലൂടെയേ യാത്ര ചെയ്യാവൂ. ഏറ്റവും കുറഞ്ഞ ദൂരമുള്ള വഴികൾ എം.പിമാർ സ്വയം കണ്ടെത്തി യാത്ര ചെയ്യണം. ഔദ്യോഗിക വിദേശ യാത്രകൾക്ക് 5400 ഡോളർ മാത്രമേ ഈ രാജ്യത്തെ എംപിമാർക്ക് അനുവദിച്ചിട്ടുള്ളൂ.നീണ്ട അക്കങ്ങളുള്ള യാത്രാബത്ത ലഭിക്കില്ലെന്ന് സാരം. ജനസേവകരായ പാർലമെൻറ് അംഗങ്ങൾക്ക് സ്വന്തമായി വരുമാനമുണ്ടാക്കാൻ സ്വീഡനിൽ അനുവാദമില്ല.പരിമിത വേതനം എന്ന നിലയിൽ ഒരുമാസം 4300 ഡോളർ ഇവർക്ക് ലഭിക്കും. ഇതാകട്ടെ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകൻറെ വേതനത്തെക്കാൾ കുറവാണ്. എം.പിമാർക്ക് ആജീവാനന്ത പെൻഷൻ എന്ന വാക്ക് സ്വീഡൻകാരുടെ സ്വപ്നത്തിൽ പോലുമില്ല. പകരം റിട്ടയർ ചെയ്ത ഒരു എം.പിക്ക് രണ്ടുവർഷത്തേക്ക് അയാൾ വാങ്ങിക്കൊണ്ടിരുന്ന വേതനത്തിന്റെ 85% ലഭിക്കും. ഇക്കാലയളവിനുള്ളിൽ അയാൾ പുതിയ ജോലിയിൽ പ്രവേശിച്ചിരിക്കണം. തലസ്ഥാനമായ സ്റ്റോക്ക് ഹോമിന് പുറത്തുനിന്നും വരുന്ന എംപിമാർക്ക് അപ്പാർട്ട്മെന്റുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ സൗകര്യങ്ങൾ പരിമിതമാണ്. ചെറിയ ഒറ്റമുറി ഫ്ളാറ്റുകളാണ് ഇവർക്കായി നൽകുന്നത്. ഒരു ബെഡ്റൂം പോലും പ്രത്യേകമായി അനുവദിച്ചിട്ടില്ല. വാഷിംഗ് മെഷീൻ ഉൾപ്പെടെയുള്ള ഒരു ആധുനിക സൗകര്യങ്ങളും ഈ റൂമിൽ സജ്ജീകരിച്ചിട്ടില്ല. പാർലമെൻറ് അംഗങ്ങളുടെ ബന്ധുജനങ്ങൾക്കും സുഹൃത്തുക്കൾക്കും അപ്പാർട്ട്മെന്റിൽ താമസിക്കുവാൻ അനുവാദമില്ല. അഥവാ ആരെങ്കിലും സ്വീകരിക്കണന്നുണ്ടെങ്കിൽ അതിഥികളുടെ ഭക്ഷണ ചെലവുകൾ സ്വീകരിക്കുന്ന എം.പി തന്നെ വഹിക്കണം. ചുരുക്കിപ്പറഞ്ഞാൽ സർക്കാർ ചെലവിൽ ചായസൽക്കാരം നടക്കില്ല. പാർലമെൻറിലെ കഫറ്റേരിയയിൽ വെയ്റ്റർമാർ ഉണ്ടാകില്ല. ഓരോ എംപിയും ഭക്ഷണം സ്വയം വാങ്ങി കഴിക്കുകയും ഭക്ഷണം കഴിച്ച് പാത്രം സ്വയം വൃത്തിയാക്കി വയ്ക്കുകയും വേണം. സ്വീഡനിലെ ഓരോ എംപിമാരും തങ്ങളുടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളുടെ രൂപരേഖ സ്വയം തയ്യാറാക്കണം .മാത്രവുമല്ല അവ സമയബന്ധിതമായി നടപ്പിലാക്കുകയും വേണം. എംപിമാർക്ക് വരുന്ന ഫോൺ കോളുകൾ അവർ നേരിട്ട് എടുക്കുകയും സംസാരിക്കുകയും ചെയ്യണം. പൗരന്മാരുടെ കോളുകൾക്ക് വ്യക്തമായ ഉത്തരം നൽകുവാൻ എംപിമാർ ബാധ്യസ്ഥരാണ്. സ്വീഡനിൽ പൊതുജനസേവനം ലാഭകരമല്ലാത്ത ഒരു ബിസിനസ് ആണ്! രാഷ്ട്ര നന്മയും ജനം നന്മയും ആഗ്രഹിക്കുന്ന വ്യക്തികൾക്ക് സേവനം ചെയ്യാനുള്ള മാർഗ്ഗം മാത്രമാണ് അവിടെ രാഷ്ട്രീയ പ്രവർത്തനം. ലോകം അക്ഷരാർത്ഥത്തിൽ മാതൃകയാക്കേണ്ടവർ …