ആമസോൺ കാടുകൾ നിരന്തരം കത്തുന്ന കാര്യം പലപ്പോഴും നാം മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. നമ്മളെ ബാധിക്കാത്ത ഒരു വിഷയം എന്ന നിസ്സംഗതയോടെയാണ് നാം ഈവാർത്തകൾ വായിച്ചു പോകാറുള്ളത്. ആമസോൺ മേഖലയിലുണ്ടാകുന്ന കാട്ടു തീയും വനനാശവും ലോകത്തിൻറെ മൊത്തം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്നു മാത്രമല്ല ലോകകാർഷിക മേഖലയെയും അതിലുപരി സമ്പദ് വ്യവസ്ഥയെയും, മനുഷ്യരു ടെ നിത്യജീവിതത്തെപ്പോലും ഈ കാട്ടുതീ തകിടംമറിക്കും എന്ന കാര്യം പലരും മനസ്സിലാക്കാതെ പോകുകയാണ്.

55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ആമസോൺ കാടുകൾക്ക് പ്രകൃതിയുടെ മൊത്തത്തിലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളിലും, ജീവജാലങ്ങളുടെ നിലനിൽപ്പിലും പ്രമുഖ സ്ഥാനമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ.വിസ്തൃതമായ ഈ മഴക്കാടുകളാണ് ഭൂമിയിലെ ജീവജാലങ്ങൾക്ക് ആവശ്യമായ ഓക്സിജന്റെ ഇരുപത് ശതമാനവും കാർബൺ ഡൈ ഓക്സൈഡിനെ ആഗീരണം ചെയ്തുകൊണ്ട് നൽകിക്കൊണ്ടിരിക്കുന്നത്. ഇതു നഷ്ടപ്പെട്ടാൽ എന്താകും ഭൂമിയിൽ സംഭവിക്കുക? ആമസോൺ മഴക്കാടുകൾ വ്യാപിച്ചു കിടക്കുന്ന ബ്രസീൽ, ബൊളീവിയ, ഇന്വസോർ, ഗയാന, പെറു, ഫ്രഞ്ച് ഗയാന, സുറിനേം, വെന സ്വേല തുടങ്ങിയ രാജ്യങ്ങളെ മാത്രമായിരിക്കില്ല ഈ മഴക്കാടു കളുടെ നാശം പ്രതികൂലമായി ബാധിക്കുക. കാലാവസ്ഥയിലുണ്ടാകുന്ന അനുകൂലവും, പ്രതികൂലവുമായ വ്യതിയാനങ്ങൾ രാജ്യങ്ങളുടെ അതിർത്തികളിൽ ഒതുങ്ങുന്ന പ്രതിഭാസമല്ല. മറിച്ച് പ്രകൃതിയുടെ എല്ലാ ഭാഗത്തും ഏറ്റക്കുറച്ചിലുകളോടെ അതിൻറെ ഗുണദോഷഫലങ്ങൾ പ്രകടമാകും.

2019 മുതൽ 74, 155 കാട്ടുതീകളാണ് ആമസോൺ മഴക്കാടുകളിൽ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ എൺപത്തിയഞ്ച് ശതമാനം കൂടുതൽ കാട്ടുതീകളാണ് 2019 -ൽ ഇതുവരെയായി സംഭവിച്ചുകൊണ്ടിരുന്നത്. നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത വരൾച്ചയാണ് മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും, ഈ മേഖലയിൽ നടക്കുന്ന വ്യാപകമായ വനനശീകരണവും, അനധികൃത ഖനങ്ങളും ഈ മേഖലയിൽ നിരന്തരം നടക്കുന്നുണ്ട്. ഇവയും, കാട്ടുതീയും ഒത്തുചേർന്ന് നഷ്ടപ്പെടുത്തുന്ന വനസമ്പത്ത് ഭൂമിയിലെ ജീവജാലങ്ങളെ ആഗോളമായിത്തന്നെ പ്രതികൂലമായി ബാധിക്കും.

ആമസോൺ മഴക്കാടുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങൾ ഈ വാസസമ്പത്ത് സംരക്ഷിക്കുന്ന കാര്യത്തിൽ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല എന്ന കാര്യവും ഇവിടെ എടുത്തു പറയേണ്ടതായിട്ടുണ്ട്. മഴക്കാടുകൾ കത്തുമ്പോൾ ഒത്തൊരുമയോടെ അതിനെ നിയന്ത്രണ വിധേയമാക്കുവാൻ ഈ രാജ്യങ്ങൾ ശ്രമിക്കുന്നില്ല. വനമാഫിയകളുടെ സ്വാധീനം ഇക്കാര്യത്തിൽ പലപ്പോഴും സംശയങ്ങൾക്ക് ഇടനൽകുന്നുമുണ്ട്. ആമസോൺ മഴക്കാടുകൾ സാങ്കേതികമായി ചില രാജ്യങ്ങളുടെ അതിർത്തികൾക്കുള്ളിലായിരിക്കാം. ‘ഭൂമിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന ഈ മഴക്കാടുകൾ ലോകത്തിന്റെ നിലനിൽപ്പിന്റെ പ്രധാന ഘടകമായതിനാൽ ഐക്യരാഷ്ട്ര സഭയും, ലോകരാജ്യങ്ങളും ഒത്തുചേർന്ന് ഈ വനസമ്പത്തിനെ സംരക്ഷിക്കുവാൻ മുന്നോട്ടു വന്നില്ലെങ്കിൽ ലോകം കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെയും അനന്തര ദൂഷ്യഫലങ്ങളെയും നേരിടേണ്ടിവരും. പ്രകൃതിയുടെ നിലനിൽപ്പിനെ പൂർണ്ണമായും പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയത്തിൽ ഒത്തൊരുമയോടെ അടിയന്തര തീരുമാനമെടുക്കുകയാകും അഭികാമ്യം.