- dennyvattakunnel
- May 14, 2021
- Uncategorized
തായ്വാൻ. കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ്വാൻ അഥവാ റിപ്പബ്ലിക് ഓഫ് ചൈന. പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ഫോർമോസ എന്നും തായ്വാൻ അറിയപ്പെട്ടിരുന്നു. ചൈനീസ്, തായ്വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്വാനിലെ കറൻസി ന്യൂ തായ്വാൻ ഡോളർ (NT Dollar) ആണ്. തായ്പേയി, തയ്ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. ചൈനീസ് ന്യൂ ഇയർ, മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ്വാനിലെ പ്രധാന ദ്വീപാണ് ഫൊർമോസ. തായ്വാനും ചൈനയും തമ്മിലുള്ള തർക്കത്തിന് വർഷങ്ങൾ പഴക്കമുണ്ട്. 1949 ഒക്ടോബർ 1-നാണ് വിപ്ലവം ജയിച്ച് ചൈന നിലവിൽ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്ളവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. തുടർന്ന് തായ്പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു. തായ്വാനാണ് യഥാർഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങൾ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തായ്വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നു. തായ്വാൻ ഒരു രാജ്യമായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. തായ്പേയ്101 എന്ന 101 നിലകളുള്ള കെട്ടിടം മുൻപ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ഇന്ത്യാ-തായ്പേയി അസോസിയേഷൻ എന്നാണ് ഇവിടുത്തെ ഇന്ത്യൻ എംബസി അറിയപ്പെടുന്നത്. തായ്വാൻ പ്രത്യേക രാജ്യമായി യു.എൻ. അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാലാണ് എംബസി ഈ പേരിൽ അറിയപ്പെടുന്നത്. ലോങ്ഷാൻ ടെമ്പിൾ ഇവിടുത്തെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്