- dennyvattakunnel
- May 15, 2021
- Uncategorized
അശാന്തിയുടെ പൂമരം എന്ന എൻ്റെ പുസ്തകത്തിലെ ആഗോളതാപനം ഉയർത്തുന്ന ആശങ്കകൾ എന്ന ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു .ആഗോളതാപനം ഉയർത്തുന്ന ഭീഷണികളെ അനാഗണിച്ചാൽ ഉണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ലേഖനം .വായിക്കുക …ഭൂമിക്കായി കൈകോർക്കുക … സസ്നേഹം, ടെന്നി തോമസ് വട്ടക്കുന്നേൽ ആഗോളതാപനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ശാസ്ത്ര സംഘം നിരവധി പഠനങ്ങൾ നടത്തി കഴിഞ്ഞു. ഭൂമിയിലെ ഓരോ കോണിലും വ്യത്യസ്ഥ രീതിയിലും, വ്യത്യസ്ഥ തോതിലുമാകും ഫലങ്ങൾ രൂപം കൊള്ളുക. അടിസ്ഥാനപരമായ മാറ്റം പ്രകടമാകുന്നത് ഓരോ മേഖലയിലെയും കാലാവസ്ഥകളിലാണ്. ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ പൂർണ്ണ അർത്ഥത്തിൽ ഭീഷണിയായിത്തീരും. കടുത്ത പേമാരിയും, വെള്ളപ്പൊക്കവും ഭൂമിയുടെ ഒരു ഭാഗത്ത് സംഹാര താണ്ഡവമാടുമ്പോൾ മറു ഭാഗത്ത് ക്രമാതീതമായി ചൂട് കൂടി ജീവജാലങ്ങൾക്ക് ജലം ലഭിക്കാതെ മരിച്ചു വീഴുന്ന അവസ്ഥ സംജാതമാകും. ചുഴലി കാറ്റുകൾക്കൊപ്പം വരുന്ന താപ തരംഗത്തിൽ ലോകത്തിലെ ജീവജാലങ്ങളിലും, വനസമ്പത്തിലും നല്ലൊരു പങ്കും നശിക്കും. ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകുന്നതോടെ സമുദ്ര നിരപ്പ് ഉയരും. 21-)o നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്ര നിരപ്പ് 18 cm മുതൽ 59 cm വരെ ഉയരും. ചൂടിന്റെ കാഠിന്യം 3.5 ഡിഗ്രി സെൽഷ്യസ് കൂടുകയാണെങ്കിൽ 2100-)൦ ആണ്ടോടെ ഉപരിതല ഭൂമിയുടെ 43 ശതമാനവും പ്രളയ ഭീഷണിയിലാകുമെന്ന് ടോക്കിയോ സർവ്വകലാശാലയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്തെ 2400 ശാസ്ത്രജ്ഞന്മാർ ഉൾപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര പാനൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ ഹരിത വാതകങ്ങളുടെ അന്തരീക്ഷത്തിലെ സാന്ദ്രത 30 ശതമാനമെങ്കിലും കുറയ്ക്കാത്ത പക്ഷം 2100 ആകുമ്പോഴേയ്ക്കും സാന്ദ്രതയുടെ തോത് ഇരട്ടിയാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അന്ന് അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതൽ 3.5 ഡിഗ്രി വരെ കൂടും. ടോക്കിയോ സർവ്വകലാശാലയുടെ പഠന റിപ്പോർട്ട് ശരി വയ്ക്കുന്നതാണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഈ റിപ്പോർട്ടും. ലോകം ഭാവിയിൽ വൻ പ്രളയ ഭീഷണി നേരിടേണ്ടി വരുമെന്നാണ് ഈ രണ്ട് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ ദീർഘ കാല , ഹ്രസ്വ കാല പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. സമകാലിക ലോകം ആഗോളതാപനത്തിന്റെ ഫലമായി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ശുദ്ധ ജല ക്ഷാമം. മുപ്പതിലധികം രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങൾ ആണ് ശുദ്ധ ജല ക്ഷാമം അനുഭവിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വികസ്വര രാജ്യങ്ങളിലെ ദരിദ്ര ജനങ്ങളാണെന്ന് ഐക്യരാഷ്ട്ര സംഘടനനയുടെ മനുഷ്യ വികസന റിപ്പോർട്ടിൽ പറയുന്നു. നാം വസിക്കുന്ന ഭൂമി ജല സമൃദ്ധമാണ്. പക്ഷേ ഭൂമിയിലെ ജലത്തിന്റെ 2.5 ശതമാനം മാത്രമാണ് ശുദ്ധ ജലം. ബാക്കി 97.5 ശതമാനവും കടൽ ജലമാണ്. 2.5 ശതമാനം വരുന്ന ശുദ്ധ ജലത്തിന്റെ 70 ശതമാനവും ഐസ് പാളിയുടെ രൂപത്തിലുമാണ്. ബാക്കി വരുന്ന 30 ശതമാനം മാത്രമാണ് ഉപയോഗാവസ്ഥയിലുള്ള ശുദ്ധ ജലം. ഈ ശുദ്ധ ജലത്തിന്റെ അര ശതമാനം മാത്രമേ നദികളിലും, തടാകങ്ങളിലും അവശേഷിക്കുന്നുള്ളൂ. 30 ശതമാനത്തിൽ ബാക്കി ഭൂഗർഭ ജലമാണ്. ആഗോളതാപനത്തിന്റെ ഫലമായി പരിമിതമായ തോതിൽ മാത്രം ലഭ്യമായിക്കൊണ്ടിരിക്കുന്ന ശുദ്ധ ജലത്തിന്റെ ലഭ്യത അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ശുദ്ധ ജലത്തിന്റെ ലഭ്യത കുറവു മൂലമുണ്ടാകുന്ന രോഗങ്ങളും, മരണങ്ങളും നാൾക്കുനാൾ ഏറിവരുകയും ചെയ്യുന്നു. ശുദ്ധ ജലത്തിന്റെ ക്ഷാമം ഭാവിയിൽ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്ക് വരെ കരണമായേക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാത്രവുമല്ല ശുദ്ധജല ക്ഷാമം മൂലം ഭാവിയിൽ മരിക്കുക ജനകോടികൾ ആയിരിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോള തലത്തിൽ അനുഭവപ്പെടുന്ന ശുദ്ധജല ക്ഷാമത്തിന്റെ പ്രധാന കാരണം വന നശീകരണമാണ്. പ്രകൃതിയിലെ ആവാസ വ്യവസ്ഥ സന്തുലിതപ്പെടുത്തുന്നതിൽ സ്വാഭാവിക വനങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ശുദ്ധ ജലത്തിന്റെ നല്ലൊരു പങ്കും ഭൂമിയിൽ നിലനിർത്തുന്നതും വനങ്ങളാണ്.
2016 മാർച്ച് 27 ന് ലോക ജല ദിനത്തിൽ യു. എൻ. ആസ്ഥാനത്ത് യോഗം ചേർന്ന വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ ശുദ്ധ ജല ദൗർ ലഭ്യത്തിനുള്ള ഏക പരിഹാര മാർഗ്ഗം വന സംരക്ഷണം മാത്രമാണെന്നാണ്. യു. എന്നിന്റെ കണക്ക് പ്രകാരം ഓരോ വർഷവും ലോകത്തിലാകമാനമായി 70 ലക്ഷം ഹെക്ടർ വനഭൂമിയാണ് മനുഷ്യൻ അവന്റെ സ്വകാര്യ ആവശ്യത്തിനായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേ അളവിൽപോലും പകരം വനഭൂമി സൃഷ്ടിക്കപ്പെടുന്നുമില്ല. ഇത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലോകത്തെ ജനസംഖ്യയിൽ നാലിൽ മൂന്നു ഭാഗവും ജീവിത വൃത്തിക്കായി വനവുമായി ബന്ധപ്പെട്ട ജല സ്രോതസ്സുകളെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്. ലോകമാകമാനമുള്ള 160 കോടി ജനങ്ങളുടെ നിലനിൽപ്പ് തന്നെ പൂർണ്ണമായും വനങ്ങളെ ആശ്രയിച്ചാണ്. ഭക്ഷണം, ശുദ്ധ ജലം, ഊർജ്ജം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ജനങ്ങൾ പ്രധാനമായും വനങ്ങളെ ആശ്രയിക്കുന്നത്. വന നശീകരണം നിലവിലുള്ള രീതിയിൽ തുടരുകയാണെങ്കിൽ ഭാവിയിൽ ഈ ജനവിഭാഗങ്ങളുടെ ജീവിതവും, ജീവനും വലിയ പ്രതിസന്ധിയിലകപ്പെടുവാനുള്ള സാധ്യത യു. എൻ -ന്റെ ശാസ്ത്ര സംഘം തള്ളിക്കളയുന്നില്ല. ആഗോള താപനത്തിന്റെ ഫലമായി സമകാലികമായി രൂപം കൊണ്ട മറ്റൊരു പ്രതിസന്ധിയാണ് കടുത്ത വരൾച്ച. താപനത്തിന്റെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനത്തിലൂടെ വൻ വരൾച്ചയെയാണ് ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും അഭിമുഖീകരിക്കുന്നത്. താപ്പാനന്തിന്റെ ഏറ്റവും വലിയ വർദ്ധനവിനെയാകും വരും കാലങ്ങളിൽ’നേരിടേണ്ടി വരിക. 2016-ൽ കഴിഞ്ഞ ആദ്യ വർഷത്തിനിടയിലെ ഏറ്റവും വലിയ അന്തരീക്ഷ താപ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാസയുടെ കണക്കുകൾ പ്രകാരം മുൻ കാലങ്ങളെ അപേക്ഷിച്ച് 1.28 താപവർദ്ധനവാണ് 2016-ൽ രേഖപ്പെടുത്തിയത്. ഭാവിയിൽ താപനില വീണ്ടും കൂടുവാനാണ് സാധ്യത. ഇത് ആശങ്കാജനകമായ കാര്യമാണ്. പതിവിനു വിപരീതമായി ഗ്രീൻ ലാന്റിലെ മഞ്ഞു പാളികൾ മൂന്നുമാസം നേരത്തെ ഉരുകി തുടങ്ങിയതും, ആഗോള താപനത്തിലെ സമീപകാല വർദ്ധനവും കൂടി വായിക്കുമ്പോൾ ഭാവിയിൽ ലോകത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങൾ തന്നെയാകും എന്ന കാര്യത്തിൽ സംശയമില്ല. ആഗോള താപനത്തിലെ ഫലമായുള്ള വരൾച്ച കാരണം ലോകം ഉഷ്ണ തരംഗ പ്രവാഹത്തിന്റെ പിടിയിലമരുന്ന തിന്റെ സൂചനകൾ ഇപ്പോഴേ ലഭിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തും ഉഷ്ണതരംഗമേറ്റും, സൂര്യതാപമേറ്റുമുള്ള മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. ഭാവിയിൽ മരിച്ചു വീഴുന്നവരുടെ സംഖ്യ ലക്ഷങ്ങളും, കോടികളും കഴിഞ്ഞേക്കാം. താപന വർദ്ധനവ് ഈ നിലയിൽ തുടർന്നാൽ 2100-)൦ ആണ്ട് ആകുന്നതോടെ ഭൂമിയിലെ 74 ശതമാനം ജനങ്ങളും, മറ്റു ജീവജാലങ്ങളും ഉഷ്ണ തരംഗത്തിന്റെ പിടിയിലമരുമെന്ന് ഹവായ് സർവ്വകലാശാലയിലെ ശാസ്തജ്ഞനായ കാമിലോ മോറ (Camilo Mora) നേച്ചർ ക്ലൈമറ്റ് ചെയ്ഞ്ച് ജേർണലിൽ (Nature Climate Change) എഴുതിയ പ്രബന്ധത്തിൽ വ്യക്തമാക്കുന്നു. ആഗോള താപനം അടിയന്തിരമായി നിയന്ത്രിച്ചില്ലെങ്കിൽ 2100 ഓടു കൂടി സംഭവിക്കുക മനുഷ്യരാശി കണ്ട ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്നാണ് കാമിലോ മോറ നൽകുന്ന മുന്നറിയിപ്പ്. വരാൻ പോകുന്ന ഒരു ദുരന്തത്തെ ആലസ്യത്തോടെ കാത്തിരുന്ന് തത്സമയം നേരിടുന്നതിനേക്കാൾ അഭികാമ്യം മുന്നറിയിപ്പുകളെ വിശകലനം ചെയ്ത് വേണ്ടത്ര മുൻകരുതലുകൾ എടുക്കുന്നത് തന്നെയായിരിക്കും. 2014 സെപ്റ്റംബറിൽ ജേർണൽ ഓഫ് ക്ലൈമറ്റ് പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിൽ ആഗോളതാപനത്തെ തുടർന്നുണ്ടാകുന്ന വരൾച്ചകളെ പറ്റി ഗൗരവമേറിയ മുന്നറിയിപ്പുകൾ ആണ് നൽകുന്നത്. 21-)൦ നൂറ്റാണ്ടിനെ മെഗാ വരൾച്ചകളുടെ നൂറ്റാണ്ടായാണ് പ്രസിദ്ധീകരണം വിശേഷിപ്പിച്ചത്. ‘മെഗാ വരൾച്ച’ കളുടെ വേദിയായി ലോകം മാറുമെന്നാണ് പ്രസിദ്ധീകരണത്തിന്റെ വിലയിരുത്തൽ. 35 വർഷത്തിലേറെ നീണ്ടു നിൽക്കുന്ന, ദീർഘ കാലം ദുരിതങ്ങൾ വാരി വിതറുന്ന വരൾച്ചകളെയാണ് മെഗാ വരൾച്ചകൾ എന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്ക, ചൈന, ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ ദീർഘനാൾ വരൾച്ചയുടെ പിടിയിലമരും. ചരിത്രം രേഖപ്പെടുത്തിത്തുടങ്ങിയ ശേഷമുണ്ടാകുന്ന കൊടും വരൾച്ചകളാകും ഈ രാജ്യങ്ങളിലെ പല ഭാഗങ്ങളിലും അനുഭവപ്പെടുക. ചൂടും, വരൾച്ചയും കൂടുന്നതോടെ അന്തരീക്ഷത്തിന്റെ സ്വഭാവം തന്നെ മാറി മറിയും. ചൂട് കൂടുന്നതോടെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം വർദ്ധിക്കും. നീരാവിയുടെ വർദ്ധിത സാന്നിധ്യം ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഇടിമിന്നലുകൾക്ക് കാരണമാകും. അതീവ മാരക ശേഷിയോടെ സംഹാര താണ്ഡവമാടുന്ന തുടർച്ചയായുള്ള ഈ ഇടിമിന്നലുകൾ ജീവനാശവും, കാട്ടു തീയുമുൾപ്പെടെയുള്ള വൻ ദുരന്തങ്ങൾ തുടർച്ചയായി സൃഷ്ടിക്കപ്പെടും. കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡേവിഡ് റോംപ്സും (David Romps) സഹപ്രവർത്തകരും നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. 2100-ൽ ഭൂമിയിലെ താപനില 4ഡിഗ്രി വർദ്ധിച്ചാൽ മിന്നലിന്റെ ശേഷിയുടെ വർദ്ധനവ് 50 ശതമാനം ആയിരിക്കുമെന്നും റോംപ്സിന്റെ പഠനങ്ങൾ കണ്ടെത്തി. ഭാവിയിൽ വരാൻ പോകുന്നത് പ്രവചനാതീതമായ ദുരന്തങ്ങളായിരിക്കുമെന്നാണ് വരൾച്ചകളെ പറ്റി നടത്തിയ പഠനങ്ങൾ നൽകുന്ന സൂചനകൾ. അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി ഉയരുന്നത് ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിനും സമുദ്ര ജലനിരപ്പ് ഉയരുന്നതിനും കാരണമാകുന്നുണ്ട്. ഉത്തര ധ്രുവ പ്രദേശത്തെ മഞ്ഞിന്റെ ഘനം ഇപ്പോൾ തന്നെ 40% കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. മഞ്ഞു മൂടി കിടക്കുന്ന പ്രദേശത്തിന്റെ വിസ്തൃതിയിലാകട്ടെ 6ശതമാനം കുറവും വന്നു കഴിഞ്ഞു. ഇത് സമുദ്ര ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നു. ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകൽ ഈ നിലയിൽ തുടർന്നാൽ 2100 ആകുമ്പോഴേയ്ക്കും സമുദ്ര ജലനിരപ്പ് ൮൮ സെന്റിമീറ്റർ വരെ ഉയരാം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഉണ്ടാകുന്ന ദുരന്തങ്ങൾ ഏറെയാണ്. ദ്വീപു രാജ്യങ്ങളിൽ ഏറെക്കുറെ തന്നെ സമുദ്ര ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് നാമവിശേഷമാകും. മാലിദ്വീപ് പോലുള്ള രാജ്യങ്ങൾ ഇപ്പോൾ തന്നെ ഈ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അസ്വാഭാവികമായ മഞ്ഞുരുക്കം പെറു എന്ന രാജ്യത്തെ പ്രതിസന്ധിയിൽ എത്തിച്ചു കഴിഞ്ഞു. മുപ്പത്തിയൊന്ന് ചെറു ദ്വീപ് രാഷ്ട്രങ്ങളാണ് പൂർണ്ണമായ കടലേറ്റ ഭീഷണി മുന്നിൽ കണ്ടുകൊണ്ട് നിലനിൽക്കുന്നത്. മഞ്ഞുരുക്കത്തെയും ഇടിമിന്നലിനെയും തുടർന്ന് ഇന്ത്യയിൽ 2013-ൽ ഉത്തരാഖണ്ഡിലും, 2014-ൽ കാശ്മീരിലും സംഭവിച്ച പ്രാളങ്ങൾ ഭാവിയിൽ തുടർക്കഥകൾ ആയി മാറുവാനാണ് സാധ്യത. സമുദ്രജലം ഉയരുന്നതു കാരണം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം സമീപഭാവിയിൽ കടലെടുക്കുമെന്ന് എർത്ത് ആക്ഷൻ എന്ന പരിസ്ഥിതി സംഘടന നടത്തിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. മാത്രവുമല്ല മൂന്നുകോടി ഇന്ത്യക്കാരും മൂന്നുകോടി ചൈനക്കാരും, ഒന്നരക്കോടി ബംഗ്ലാദേശുകാരും തീരദേശങ്ങളിൽ നിന്നും പാലായനം ചെയ്യേണ്ടി വരും. മുംബൈ, ന്യൂയോർക്ക് തുടങ്ങിയ മഹാനഗരങ്ങളുടെ നല്ലൊരു പങ്ക് വെള്ളത്തിനടിയിലാകും. മെഡിറ്ററേനിയൻ പ്രദേശങ്ങൾ അപ്രത്യക്ഷമാകും. ഉപ്പുവെള്ളം കയറുന്നതോടെ ലോകത്തെ നദികളിൽ നല്ലൊരു പങ്കും ഉപയോഗ ശൂന്യമാകും. പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം ജീവജാലങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങും. ആഗോളതാപനത്തിന്റെ ഫലമായുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും കാരണം കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ 727 ജീവവർഗ്ഗങ്ങളാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. അപൂർവ്വ ഇനം ദേശാടന പക്ഷികളും, കടൽ മൽസ്യങ്ങളുമൊക്കെ ഇതിൽപ്പെടും. അമിത തോതിലുള്ള താപവും, കാലാവസ്ഥാ വ്യതിയാനവുമായിരുന്നു ഇത്രയധികം ജീവ വർഗ്ഗങ്ങൾ ചത്തൊടുങ്ങുവാനുള്ള കാരണങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഏഷ്യയിലെ പവിഴപുറ്റുകളിൽ 80 ശതമാനവും 2100 -ഓടെ നശിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തെ പല പ്രധാന നദികളും വെള്ളപൊക്ക ഭീഷണി നേരിടുകയും, മറ്റു പ്രധാന നദികൾ പൂർണ്ണമായും വറ്റിവരളുകയും ചെയ്യും. നദികളിൽ ഉണ്ടാകുന്ന അമിത പ്രളയവും, നദീ ജല ശോഷണവും ജനങ്ങളുടെ കൂട്ട പലായനത്തിനും, സാംസ്കാരിക അധിനിവേശങ്ങൾക്കും കാരണമാകും. മുൻപ് പല നദീ തട സംസ്കാരങ്ങളുടെയും നശീകരണത്തിന് കാരണമായത് നദികൾ കരകവിഞ്ഞൊഴുകിയതും, നദികൾ പൂർണ്ണമായും നഷ്ടപ്പെട്ടതും കാരണമായിരുന്നു.
ആഗോളതാപനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ശാസ്ത്ര സംഘം നിരവധി പഠനങ്ങൾ നടത്തി കഴിഞ്ഞു. ഭൂമിയിലെ ഓരോ കോണിലും വ്യത്യസ്ഥ രീതിയിലും, വ്യത്യസ്ഥ തോതിലുമാകും ഫലങ്ങൾ രൂപം കൊള്ളുക. അടിസ്ഥാനപരമായ മാറ്റം പ്രകടമാകുന്നത് ഓരോ മേഖലയിലെയും കാലാവസ്ഥകളിലാണ്. ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ പൂർണ്ണ അർത്ഥത്തിൽ ഭീഷണിയായിത്തീരും. കടുത്ത പേമാരിയും, വെള്ളപ്പൊക്കവും ഭൂമിയുടെ ഒരു ഭാഗത്ത് സംഹാര താണ്ഡവമാടുമ്പോൾ മറു ഭാഗത്ത് ക്രമാതീതമായി ചൂട് കൂടി ജീവജാലങ്ങൾക്ക് ജലം ലഭിക്കാതെ മരിച്ചു വീഴുന്ന അവസ്ഥ സംജാതമാകും. ചുഴലി കാറ്റുകൾക്കൊപ്പം വരുന്ന താപ തരംഗത്തിൽ ലോകത്തിലെ ജീവജാലങ്ങളിലും, വനസമ്പത്തിലും നല്ലൊരു പങ്കും നശിക്കും. ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകുന്നതോടെ സമുദ്ര നിരപ്പ് ഉയരും. 21-)o നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്ര നിരപ്പ് 18 cm മുതൽ 59 cm വരെ ഉയരും. ചൂടിന്റെ കാഠിന്യം 3.5 ഡിഗ്രി സെൽഷ്യസ് കൂടുകയാണെങ്കിൽ 2100-)൦ ആണ്ടോടെ ഉപരിതല ഭൂമിയുടെ 43 ശതമാനവും പ്രളയ ഭീഷണിയിലാകുമെന്ന് ടോക്കിയോ സർവ്വകലാശാലയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്തെ 2400 ശാസ്ത്രജ്ഞന്മാർ ഉൾപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര പാനൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ ഹരിത വാതകങ്ങളുടെ അന്തരീക്ഷത്തിലെ സാന്ദ്രത 30 ശതമാനമെങ്കിലും കുറയ്ക്കാത്ത പക്ഷം 2100 ആകുമ്പോഴേയ്ക്കും സാന്ദ്രതയുടെ തോത് ഇരട്ടിയാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അന്ന് അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതൽ 3.5 ഡിഗ്രി വരെ കൂടും. ടോക്കിയോ സർവ്വകലാശാലയുടെ പഠന റിപ്പോർട്ട് ശരി വയ്ക്കുന്നതാണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഈ റിപ്പോർട്ടും. ലോകം ഭാവിയിൽ വൻ പ്രളയ ഭീഷണി നേരിടേണ്ടി വരുമെന്നാണ് ഈ രണ്ട് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്തു അനിയന്ത്രിതമായ തോതിൽ വളർന്ന ഉപഭോഗ സംസ്കാരമാണ് ആഗോളതാപനത്തിൻറെ പ്രധാന കാരണം എന്ന് നേരത്തെ പറഞ്ഞുവല്ലോ ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിൻറെ ഉല്പാദന തോത് വര്ധിപ്പിച്ച് ശരാശരി വളർച്ച വർഷം തോറും കൂട്ടുവാൻ ശ്രമിക്കുമ്പോൾ പുറം തള്ളുന്ന വാതകങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല എന്നതാണ് യാഥാർഥ്യം. വേൾഡ് റിസോഴ്സ്ഡ് ഇൻസ്റ്റിട്യൂട്ടി ൻറെ (world resources institute) ൻറെ 2013 -ലെ കണക്കു പ്രകാരം ഏറ്റവും അധികം ഹരിതവാതകങ്ങൾ പുറംതള്ളുന്ന രാജ്യം ചൈനയാണ്. 25.93 ശതമാനകണക്കുമായി ചൈന ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അമേരിക്ക 13.87 ശതമാനമായി രണ്ടാം സ്ഥാനത്തുണ്ട്. 9 .33 ശതമാനം ഹരിതവാതകങ്ങൾ യൂറോപ്യൻ യൂനിയനാണ് മൂന്നാം സ്ഥാനം. 6.4 ശതമാനമായി ഇന്ത്യ നാലാം സ്ഥാനത്തും, 4.86 ശതമാനമായി റഷ്യ അഞ്ചാം സ്ഥാനത്തും നിൽക്കുമ്പോൾ 2.99 ശതമാനമുള്ള ജപ്പാനാണ് ആറാം സ്ഥാനത്തുള്ളത്.