വായനയുടെ ലോകത്ത് നിരന്തരം സഞ്ചരിക്കുന്ന പലരും അറിയാതെ പോകുന്നൊരു പേരുണ്ട്; രാജലക്ഷ്മി. കേവലം മൂന്നു നോവലുകളും ഏതാനും ചെറുകഥകളും മാത്രം മലയാള സാഹിത്യത്തിന് സംഭാവന നൽകിയ എഴുത്തുകാരി. സാമൂഹിക വിഷയങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള നോവൽ സാഹിത്യത്തെ വ്യക്തിയുടെ ആത്മനൊമ്പരങ്ങളുടെയും, പ്രത്യാശകളുടെയും ലോകത്തേക്ക് ആദ്യമായി കൊണ്ടുപോയ അതുല്യ പ്രതിഭ. എഴുതുന്ന വ്യക്തിയുടെ ആത്മകഥാംശത്തിലൂടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന നോവലുകളും, കഥകളും സൃഷ്ടിച്ച കഥാകാരി. മനസ്സിൻറെ ആഴങ്ങളെ ആവാഹിച്ചെടുത്ത് വരകളിലൂടെ പുതുജീവൻ നൽകിയ അക്ഷര മാന്ത്രിക. ചുരുക്കം ചില രചനകൾമാത്രം നടത്തി വായനയുടെ ലോകത്ത് ഇളം തെന്നൽ പരത്തി കടന്നു പോയ സ്വപ്‌നാടക. ഇങ്ങനെ പോകുന്നു നമ്മിൽ പലരും അറിയാതെപോയ രാജലക്ഷ്മിയുടെ വിശേഷങ്ങൾ.

1930 – ജൂൺ 2 ന് പാലക്കാട് ജില്ലയിലെ ചേർപ്പളശ്ശേരി തേക്കത്ത് അമയങ്കോട്ടു തറവാട്ടിൽ ആയിരുന്നു രാജലക്ഷ്മിയുടെ ജനനം. അച്ഛൻ അച്യുതമേനോൻ എറണാകുളത്ത് അഭിഭാഷകനായിരുന്നതിനാൽ ബിരുദ പഠനം മഹാരാജാസ് കോളേജിൽ ആയിരുന്നു. തുടർന്ന് ബനാറസ് സർവകലാശാലയിൽ നിന്നും ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി. പഠന ശേഷം തിരുവനന്തപുരം പെരുന്താന്നി എൻ.എസ്സ്.എസ്സ്. കോളേജിൽ അദ്ധ്യാപികയായി. പന്തളം, ഒറ്റപ്പാലം കോളേജുകളിലും സേവനം അനുഷ്ഠിച്ചു.

കുട്ടിക്കാലം മുതലേ കഥകളും കവിതകളും വായിച്ചിരുന്ന രാജലക്ഷ്മി അദ്ധ്യാപക ജീവിതത്തിനിടയിൽ എഴുത്തിൻറെ ലോകത്തേക്ക് പ്രവേശിച്ചു. ‘ഒരു വഴിയും, കുറേ നിഴലുകളും’ എന്ന നോവലാണ് ആദ്യ കൃതി. ‘ഉച്ചവെയിലും ഇളം നിലാവും’, ‘ഞാനെന്ന ഭാവം’ എന്നീ രണ്ടു നോവലുകൾ കൂടി അവർ എഴുതി. പിന്നെ ഏതാനും ചെറുകഥകളും. ആദ്യ നോവലായ ‘ഒരുവഴിയും കുറെ നിഴലുകളും’ എന്ന നോവലിന് കേരളം സാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചു. സ്ത്രീ മനസ്സിൻറെ ഒറ്റപ്പെടലും, തീക്ഷണമായ വേദനകളും ആവാഹിച്ചെഴുതിയ രാജലക്ഷ്മിയുടെ സൃഷ്ടികൾ മലയാള മനസ്സിൽ ഏറെ ചലനങ്ങൾ സൃഷ്ടിക്കുവാൻ തക്ക ശക്തിയുള്ളവയായിരുന്നു. ഈ ലേഖനം യോഗ്യതയുള്ള ഉൽപ്പന്നങ്ങൾക്ക് സൗജന്യ ഷിപ്പിംഗ് വാഗ്ദാനം ചെയ്യുന്നു, അല്ലെങ്കിൽ ഓൺലൈനായി വാങ്ങുക, മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റിൽ ഇന്ന് സ്റ്റോറിൽ നിന്ന് വാങ്ങുക.

പുതിയൊരു ആഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യത്തിൽ വേഗത്തിൽ സ്ഥാനമുറപ്പിച്ച രാജലക്ഷ്മി വെറും പത്തു വർഷമേ എഴുത്തിൻറെ ലോകത്ത് ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായവർ എഴുത്തിൽനിന്നും , ജീവിതത്തിൽ നിന്നും വിടവാങ്ങുകയായിരുന്നു. 1965 ജനുവരി 8 ന് രാജലക്ഷ്മി ആത്മഹത്യ ചെയ്തു എന്ന വാർത്ത അറിഞ്ഞുകൊണ്ടാണ് കേരളം മിഴിതുറന്നത്. മലയാളക്കരയാകെ ദുഃഖത്തിലാഴ്‌ത്തിയ വാർത്തയായിരുന്നു അത്. വിരലിലെണ്ണാവുന്ന സൃഷ്ടികളിലൂടെ വായനയുടെ ലോകത്ത് ഇത്രയധികം ആരാധകരെ കുറഞ്ഞ കാലത്തിനിടയിൽ സൃഷ്ടിച്ച മറ്റൊരു എഴുത്തുകാരി മലയാള മലയാളസാഹിത്യത്തിൽ ഉണ്ടായിട്ടില്ല.

എന്തായിരുന്നു രാജലക്ഷ്മിയുടെ ആത്മഹത്യയുടെ പ്രേരണ? പലവാദങ്ങൾ പറഞ്ഞു കേൾക്കുന്നു. രാജലക്ഷ്മിയുടെ കഥാപാത്രങ്ങളിലേറെയും എഴുത്തുകാരിയുടെ ബന്ധുക്കളോ, മിത്രങ്ങളോ, അല്ലെങ്കിൽ രാജലക്ഷ്മിയുടെ അനുഭവങ്ങളിൽനിന്നും ഉടലെടുത്തതോ ആയിരുന്നു. നോവലുകൾ ചർച്ച ചെയ്യപ്പെട്ടതോടെ പലരും ശത്രുക്കളായി. ഇത് രാജലക്ഷ്മിയെ ഏറെ വേദനിപ്പിച്ചു. വ്യക്തി എന്ന നിലയിൽ നിർമ്മലമായ മനസ്സിനുടമയായിരുന്നു അവർ. വ്യക്തികൾ കഥാപാത്രങ്ങളായി മാറിയപ്പോൾ അത് പലരെയും വേദനിപ്പിക്കുന്നതായി അവർ തിരിച്ചറിഞ്ഞു. ഒറ്റപ്പെടലിൻറെ വേദനയിൽ ആ മനസ്സിന് പിടിച്ചുനിൽക്കുവാൻ കഴിഞ്ഞില്ലായിരിക്കാം.നിരാശയും, വിഷാദവും ആ ഹൃദയത്തെ കീഴടക്കിയിരിക്കാം. 1964 -ൽ മംഗളോദയത്തിൽ പ്രസിദ്ധീകരിച്ച ‘ആത്മഹത്യ’ എന്ന ചെറുകഥയായിരുന്നു രാജലക്ഷ്മിയുടെ അവസാനത്തെ കൃതി. അത് രാജലക്ഷ്മിയുടെ എഴുത്തിൻറെ ആത്മഹത്യയായിരുന്നു എന്ന് ആരും തിരിച്ചറിഞ്ഞില്ല. പിന്നെ ഒരക്ഷരവും രാജലക്ഷ്മി എഴുതിയില്ല. ‘ആത്മഹത്യ’ എന്ന പാത ജീവിതത്തിലും സ്വീകരിച്ചുകൊണ്ട് 1965 -ൽ അവർ ജീവിതത്തിൽ നിന്നും സ്വയം വിടവാങ്ങുകയായിരുന്നു. രാജലക്ഷ്മിയുടെ ആത്മഹത്യയിലൂടെ മലയാളസാഹിത്യത്തിന് നഷ്ടമായത് നോവൽ സാഹിത്യത്തെ പുതിയൊരു ആഖ്യാന പാതയിലൂടെ കൊണ്ടുപോയ വലിയൊരു\എഴുത്തുകാരിയെയാണ്. ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ സാഹിത്യത്തിനും, ലോക സാഹിത്യത്തിനും, തന്റേതായ സംഭാവനകൾ നൽകുവാൻ തക്ക അപൂർവ സർഗ്ഗശക്തിയുടെ ഉടമയായിരുന്നു രാജലക്ഷ്മി.