ടി. എൻ. ശേഷന്റെ നിര്യാണത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന് നഷ്ടമായത് സംശുദ്ധ ജനാധിപത്യത്തിന്റെ കാവൽ ഭടനെയാണ്. രാഷ്ട്രീയ പാർട്ടികളുടെ പേടിസ്വപ്നമായിരുന്നു എക്കാലവും ശേഷൻ എന്ന ശക്തനായ ബ്യൂറോക്രാറ്റ്. ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്നും ശമ്പളം ഒരു ഉദ്യോഗസ്ഥൻ എത്രമാത്രം ശക്തനും രാജ്യസ്നേഹിയുമായിരിക്കണം എന്നതിന്റെ മികച്ച ഉദാഹരണ മായിരുന്നു പാലക്കാട് സ്വദേശിയായ ശേഷൻ. 1955 -ൽ സിവിൽ സർവീസിൽ ചേർന്ന ടി. എൻ. ശേഷൻ ദിണ്ഡിഗലിൽ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അന്നു മുതൽ തന്നെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ മുഖ്യ ശത്രുവായി ശേഷൻ മാറി. ഒരു ദിവസം രണ്ടും, മൂന്നും സ്ഥലം മാറ്റൽ ഉത്തരവുകൾ നൽകി രാഷ്ട്രീയക്കാർ ശേഷനെ തളയ്ക്കുവാൻ ആവുന്നത്ര ശ്രമിച്ചു എങ്കിലും ഔദ്യോഗിക ജീവിതം ജനക്ഷേമത്തിന് എന്ന തത്വത്തെ മുറുകെപ്പിടിച്ചുകൊണ്ട് അദ്ദേഹം തമിഴ്‌നാട് രാഷ്ട്രീയത്തെ പലകുറി വിറപ്പിച്ചു.

തമിഴ്‌നാട്ടിലെ ഔദ്യോഗിക ജീവിതത്തിനിടയിൽ അദ്ദേഹം അമേരിക്കയിൽ പോയി. അവിടെ നിന്നും സാമൂഹിക പരിപാലനത്തിൽ ബിരുദം കരസ്ഥമാക്കിയ ശേഷം കേന്ദ്ര ഗവർമെൻറ് സർവീസിൽ പ്രവേശിച്ചു. ആണവോർജ്ജ മന്ത്രാലയത്തിലും ബഹിരാകാശ മന്ത്രാലയത്തിലും ജോയിൻറ് സെക്രട്ടറിയായി പ്രവർത്തിച്ചശേഷം വീണ്ടും ത മിഴ്‌നാട് സർവീസിലെത്തിയെങ്കിലും അനീതികളെ ചോദ്യം ചെയ്‌ത് ഗവർമെന്റിന്റെ അപ്രീതിക്കു പാത്രമായി വീണ്ടും കേന്ദ്ര സർവീ സിൽ തന്നെ എത്തിച്ചേർന്നു.

പരിസ്ഥിതി വിഷയങ്ങളിൽ തികഞ്ഞ അവബോധം ശേഷനുണ്ടായിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിൽ പ്രവർത്തിക്കവേ തെഹരി അണക്കെട്ടും, നർമദ അണക്കെട്ടും പരിസ്ഥിതിക്കു ദോഷമാണെന്ന് തിരിച്ചറിഞ്ഞ് അവയുടെ നിർമ്മാണത്തെ എതിർത്തു. എതിർപ്പുകളെ മുഖവിലയ്‌ക്കെടുക്കുവാൻ നിർബന്ധിതനായ രാഷ്ട്രീയ നേതൃത്വം ശേഷന്റെ നിർദ്ദേശങ്ങൾ പലതും അംഗീകരിച്ചുകൊണ്ടാണ് അണക്കെട്ട് നിർമ്മാണങ്ങൾ ആരംഭിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന വേളയിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള വ്യക്തികളിൽ ഒരാളായിരുന്നു ടി. എൻ. ശേഷൻ. ശേഷൻറെ സത്യസന്ധതയ്ക്കും, അർപ്പണബോധത്തിനുമുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. ഇക്കാലയളവിൽ സുപ്രധാന പദവികളായ പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യൻ ക്യാബിനറ്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ ശേഷൻ പ്രവർത്തിച്ചു.

ശേഷനെന്ന പ്രതിഭാസത്തെ ഇന്ത്യൻ ജനത പൂർണ്ണതോതിൽ നേരിട്ടറിയുന്നത് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ആയി ചുമതലയേറ്റതു മുതൽക്കാണ്. 1990 മുതൽ 1996 – വരെയായിരുന്നു അദ്ദേഹം ആ പദവിയിൽ ഇരുന്നത്. ഇന്ത്യൻ ജാനാധിപത്യത്തിന്റെ പുത്തനുണർവായിരുന്നു ആ കാലഘട്ടം. ആരുമറിയാതെ പൂഴ്ത്തിവയ്ക്കപ്പെട്ടു കിടന്നിരുന്ന ഇന്ത്യൻ സമ്മതിദായകൻറെ അവകാശങ്ങൾ ഉയർത്തിക്കാട്ടിയതോടെ ശേഷൻ ജനഹൃദയങ്ങളിൽ സ്ഥാനം നേടി. വോട്ടറുടെ അവകാശങ്ങളെപ്പറ്റി അദ്ദേഹം ജനങ്ങളെ ബോധവൽക്കരിച്ചു. വോട്ടർമാർക്ക് കാർഡ് നിർബന്ധമാക്കി. വോട്ടവകാശം തന്റെ ജന്മാവകാശമാണെന്നും അത് വേണ്ടരീതിയിൽ ഉപയോഗിക്കണമെന്നും ജനം തിരിച്ചറിഞ്ഞു. കള്ള വോട്ടുകൾ അസാധുവായി. രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പു ചട്ട ലംഘനങ്ങൾക്കെതിരെ അദ്ദേഹം വാളെടുത്തു. അതോടെ തിരഞ്ഞെടുപ്പു സമയത്തെ പണത്തിൻറെ കുത്തൊഴുക്ക് നിലച്ചു. സ്ഥാനാർത്ഥികൾ സ്വത്തു വിവരം പ്രഖ്യാപിക്കേണ്ടിയും വന്നു. പതിനാലായിരം സ്ഥാനാർത്ഥികളെയാണ് ശേഷൻറെ കാലത്ത് തിരഞ്ഞെടുപ്പുകളിൽ അയോഗ്യരാക്കപ്പെട്ടത്.

ശേഷൻറെ തിരഞ്ഞെടുപ്പു സമ്പ്രദായത്തിലെ കടുംപിടുത്തങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കടുത്ത ശത്രുതയ്ക്ക് കാരണമായി. പഞ്ചാബ്, ബീഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയതോടെ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാൻ പാർലമെന്റിൽ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തുടർന്ന് രണ്ട് അംഗങ്ങളെ കൂടി തിരഞ്ഞെടുപ്പു കമ്മീഷനിൽ ഉൾപ്പെടുത്തിക്കൊണ്ട് ശേഷന് കടിഞ്ഞാണിടുവാൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞു. പക്ഷേ അപ്പോഴേയ്ക്കും ഇന്ത്യൻ തിരഞ്ഞെടുപ്പു സമ്പ്രദായത്തെ ശേഷൻ ജനപക്ഷക്കാരനായ ഉദ്യോഗസ്ഥൻ അടിമുടി ഉടച്ചു വാർത്തു കഴിഞ്ഞിരുന്നു.

ഔദ്യോഗിക ജീവിതത്തിനുശേഷം ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ശിവസേന ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ കിട്ടാതെ ശേഷൻ തോൽക്കുകയാണുണ്ടായത്. ഇന്ത്യൻ ജനതയ്ക്ക് ശേഷൻ എന്ന പ്രസിഡന്റിനെ ലഭിച്ചില്ലായിരിക്കാം. എന്നാൽ രാഷ്ട്രീയക്കാരനല്ല സമ്മതിദായകനാണ് ജനാധിപത്യത്തിലെ രാജാവ് എന്ന ദീർഘനാൾ മറച്ചുവയ്ക്കപ്പെട്ട സത്യം ഭാരതീയന് കാട്ടിക്കൊടുത്തത് ശേഷനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്ത്യൻ ജനഹൃദയങ്ങളിലുള്ള സ്ഥാനം ഏത് അധികാരസ്ഥാനത്തേക്കാളും വലുതാണ്. ഓരോ ഭാരതീയനും വോട്ടർ കാർഡുമായി പോളിംഗ് ബൂത്തുകളിൽ ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കുമ്പോൾ അത് പ്രബുദ്ധഭാരതീയൻ ശേഷൻ എന്ന ജനസേവകന് നൽകുന്ന ആദരവാണ്. ജനാധിപത്യത്തിൻറെ കാവൽക്കാരന് വോട്ടർ എന്ന രാജാവ് നൽകുന്ന ആദരവ്!