ചരിത്ര വിസ്മൃതികളിൽ ആണ്ടുപോകാൻ പാടില്ലാത്തതാണ്  നമ്മുടെ സൈനികരുടെ ജീവത്യാഗങ്ങൾ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നമ്മുടെ രാജ്യത്തിൻറെ അതിർത്തി കാത്തുകൊണ്ട് സ്വന്തം ജീവൻ രാഷ്ട്ര സുരക്ഷയ്ക്കായി സമർപ്പിച്ചവരാണ് നമ്മുടെ സൈനികർ.  അവരുടെ ജീവത്യാഗങ്ങൾ തന്നെയാണ് ഇന്നും ഓരോ ഇന്ത്യക്കാരനും സ്വസ്ഥമായി ഉറങ്ങുന്നതിന്റെ ഒരേയൊരു കാരണം. രാജ്യത്തിൻറെ സുരക്ഷക്കായി പോരാടി ജീവത്യാഗം ചെയ്യുകയും ശത്രുവിന്റെ പോലും ആദരവ് പിടിച്ചുവാങ്ങുകയും ചെയ്ത സൈനികൻ ആയിരുന്നു ജസ്വന്ത് സിംഗ് റാവത്.  റാവത് ഒരു സാധാരണ സൈനികൻ അല്ലെന്നും ദൈവിക പരിവേഷം ഉള്ള ഒരു സൈനികൻ ആണെന്നും ഇന്നും ഇന്ത്യയിലെ സൈനികരും സാധാരണ ജനങ്ങളും വിശ്വസിക്കുന്നു. അത്രമാത്രം ആവേശം നിറഞ്ഞതായിരുന്നു ജസ്വന്ത് സിംഗ് റാവത് എന്ന സൈനികന്റെ  പോരാട്ടവീര്യം. അതിർത്തി തർക്കങ്ങളെ തുടർന്ന് ചൈന ഇന്ത്യയെ 1962-ൽ ആക്രമിച്ചതോടെയാണ്  ജസ്വന്ത് സിംഗ് റാവത് എന്ന സൈനികനെ രാജ്യം അറിയുന്നത്. സുഹൃത് രാജ്യമായി ഇന്ത്യ കരുതിയിരുന്ന ചൈനയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണമായിരുന്നു അത്. അക്കാരണത്താൽ തന്നെ അതിർത്തിയിൽ ഇന്ത്യ വേണ്ടത്ര സൈനികരെ സജ്ജീകരിച്ചിരുന്നു മില്ല. ചൈനയുടെ ഏകപക്ഷീയമായ ഈ കടന്നുകയറ്റത്തെ തുടർന്ന് ഇന്ത്യൻ സൈന്യം അതിർത്തി മേഖലകളിൽ നിന്നും പിൻവാങ്ങാൻ തുടങ്ങി.നിരവധി സൈനികർ കൊല്ലപ്പെട്ടു.  തന്ത്രപ്രധാനമായ പല ഭൂപ്രദേശങ്ങളും ചൈനയുടെ നിയന്ത്രണത്തിലും ആയി. യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന അവസരത്തിൽ അതിർത്തിയിലെ തവാങ് പോസ്റ്റിൽ ആയിരുന്നു ജസ്വന്ത് സിംഗ് റാവത് എന്ന് സാധാരണ സൈനികന് ഡ്യൂട്ടി. സമുദ്രനിരപ്പിൽ നിന്നും 10000 അടി മുകളിൽ ആയിരുന്നു ഈ സൈനിക പോസ്റ്റ്. തണുത്തു മരവിക്കുന്ന അന്തരീക്ഷം.  വളരെ കുറച്ചുമാത്രം സൈനികർ. ഏതുനിമിഷവും ചൈനയുടെ കടന്നുകയറ്റം ഉണ്ടാകാം.  ആക്രമണമുണ്ടായാൽ പിടിച്ചു നിൽക്കുവാൻ സാധ്യത കുറവ്. സൈനികരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഉന്നത സൈനിക അധികാരികൾ തവാങ് പോസ്റ്റിൽ നിന്നും എത്രയും പെട്ടെന്ന് പിൻവാങ്ങാൻ സൈനികരോട്  ആവശ്യപ്പെട്ടു. തുടർന്ന് ചൈനയുടെ ആക്രമണം ഉണ്ടാകുന്നതിനു മുൻപ് തന്നെ അധികാരികളുടെ ഉത്തരവ് പാലിച്ച് ഇന്ത്യൻ സൈനികർ പിൻവാങ്ങി തുടങ്ങി. എന്നാൽ ഒരാൾ മാത്രം പിൻവാങ്ങിയില്ല. അത്  ജസ്വന്ത് സിംഗ് റാവത് ആയിരുന്നു. അതിർത്തി കടന്നു വരുന്ന ശത്രുസൈനികരിൽ ഒരാളെയെങ്കിലും കൊല്ലുക, അതിനുശേഷം മരിക്കുക.അതായിരുന്നു റാവതിന്റെ തീരുമാനം  .ആ തീരുമാനം ശക്തമായിരുന്നു. സൈനികരുടെ നിർബന്ധത്തിനു വഴങ്ങാതെ ആ സൈനിക പോസ്റ്റിൽ ജസ്വന്ത് സിംഗ് ഒറ്റയ്ക്ക് ശത്രുവിന്റെ വരവും കാത്ത്   നിലകൊണ്ടു. ശത്രുസൈന്യത്തിന്റെ കാലൊച്ച കാത്തു റാവത് നിൽക്കുമ്പോൾ തദ്ദേശീയരായ മോൺപ്പ വിഭാഗത്തിൽപ്പെട്ട രണ്ട് പെൺകുട്ടികളും ക്യാമ്പിൽ ഉണ്ടായിരുന്നു. യുദ്ധമുന്നണിയിൽ പൊരുതുവാൻ കാത്തുനിൽക്കുന്ന സൈനികന് കൂട്ട് സേലയും,നൂറയും എന്ന ആ രണ്ടുപേർ മാത്രം.  ബാക്കി തദ്ദേശീയർ സൈനികർക്കൊപ്പം  പാലായനം ചെയ്തു കഴിഞ്ഞിരുന്നു. കൈവശമുള്ള പരിമിതമായ വെടിക്കോപ്പുകളുമായി  ജസ്വന്ത് സിംഗ് റാവത് ശത്രു സൈന്യത്തെ കാത്ത് മലമുകളിൽ നിലയുറപ്പിച്ചു.  ചൈനീസ് പട ഇരമ്പിയെത്തിയതോടെ റാവത് തന്റെ യുദ്ധതന്ത്രം പുറത്തെടുത്തു.  മലമുകളിലെ നിരവധി ബങ്കറുകളിൽ ഓടിക്കയറി അയാൾ ശത്രുവിനെതിരെ പലഭാഗങ്ങളിൽനിന്നും നിറയൊഴിച്ചു.  ചൈനീസ് സൈന്യത്തിൻറെ മനോവീര്യം തകർക്കുന്ന പ്രതിരോധം ആയിരുന്നു അത്.  നിരവധി ഇന്ത്യൻ സൈനികർ മലമുകളിൽ പല ഭാഗങ്ങളിൽ ഉള്ളതായി ചൈനീസ് സംഘം തെറ്റിദ്ധരിച്ചു. അത്രമാത്രം ആസൂത്രിതമായ വെടിവയ്പ്പാണ് റാവത് നടത്തിയത്. നൂറുകണക്കിന് അംഗബലമുള്ള ചൈനീസ് പടയുടെ ആക്രമണത്തിന് റാവത്  ഒറ്റയ്ക്ക് ചെറുത്ത് നിന്നപ്പോൾ  നിരവധി ചൈനീസ് സൈനികർ മരിച്ചു വീണു. യുദ്ധമുന്നണിയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ചൈനീസ് സേന ആൾനാശം കുറയ്ക്കുവാനായി യുദ്ധമുന്നണിയിൽ നിന്നും പിൻവാങ്ങിയാലോ എന്നുപോലും ചിന്തിച്ചുപോയി. ജസ്വന്ത് സിംഗിന്  രഹസ്യമായി ഭക്ഷണം കൊണ്ടുവരുന്ന വ്യക്ത്തിയെ ചൈനീസ് സൈനികർ യാദൃശ്ചികമായി പിടിച്ചതോടെ മലമുകളിൽ ഉള്ളത് റാവത് എന്ന ‘ഒറ്റയാൾ സൈന്യം’ ആണെന്ന് ചൈനീസ് ഭടന്മാർക്ക് ബോധ്യമായി.  അവർ ഭയം വെടിഞ്ഞ്  മലമുകളിലേക്ക്  കുതിച്ചു. തുടർന്നു നടന്ന ഗ്രനേഡ് ആക്രമണത്തിൽ സേല കൊല്ലപ്പെട്ടു.  നൂറയെ അവർ തടവിലാക്കി.  അപ്പോഴും മനോവീര്യം ചോരാതെ റാവത് ശത്രുവിനെതിരെ നിരന്തരം വെടിയുതിർത്തുകൊണ്ടിരുന്നു. 72 മണിക്കൂർ നീണ്ടുനിന്ന ഘോരയുദ്ധത്തിനൊടുവിൽ റാവതിന് ചില കാര്യങ്ങൾ ബോധ്യമായി. വെടിക്കോപ്പുകൾ തീർന്നിരിക്കുന്നു. സുശക്തമായ  ശത്രുസേന  സമീപം എത്തിയിരിക്കുന്നു. ഏതുനിമിഷവും തൻറെ ശരീരം ശത്രുവിന്റെ വെടിയുണ്ടകളേറ്റ് ഛിന്ന ഭിന്നമാകാം. അതിന് അനുവദിച്ചുകൂട. അങ്ങനെ സംഭവിച്ചാൽ അത് തനിക്കും തൻറെ രാജ്യത്തിനും അപമാനമാണ്. പിന്നെ ഒന്നും ആലോചിച്ചില്ല. ശത്രു സൈന്യത്തിന്റെ  വെടിയേല്ക്കും മുൻപ് ജസ്വന്ത് സിംഗ് റാവത്  തൻറെ നേർക്ക് സ്വയം നിറയൊഴിച്ചു. റാവതിന്റെ ജീവനുവേണ്ടി പാഞ്ഞടുത്ത ചൈന സൈന്യത്തിന് ലഭിച്ചത് അദ്ദേഹത്തിൻറെ ജീവനറ്റ ശരീരം ആണ്.  നിരാശ പൂണ്ട  കലിയടങ്ങാത്ത ചൈനീസ് സൈന്യം റാവത്തിന്റെ തല അറുത്തു മാറ്റി കൊണ്ടുപോയി അവരുടെ പക തീർത്തു.  പക്ഷേ അപ്പോഴേക്കും മുന്നൂറിൽപ്പരം ചൈനീസ് സൈനികരെ ജസ്വന്ത് സിംഗ് റാവത് എന്ന ഒറ്റയാൾ പോരാളി വധിച്ചു കഴിഞ്ഞിരുന്നു! ചൈനയുടെ യുദ്ധ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ നിമിഷങ്ങളായിരുന്നു അത്. ഇന്ത്യയ്ക്ക് കടുത്ത നാശനഷ്ടങ്ങൾ വരുത്തികൊണ്ടു യുദ്ധം അവസാനിച്ചപ്പോൾ ജസ്വന്ത് സിംഗ് റാവതിനെ ആദരിക്കുവാൻ  ചൈന തന്നെ മുന്നോട്ടു വന്നു. ചൈനയുടെ കാഴ്ചപ്പാടിൽ റാവത്ത് ഒരു സാധാരണ സൈനികൻ ആയിരുന്നില്ല. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധ തന്ത്രജ്ഞനും ധീരനും ആയിരുന്നു റാവത്. ലോകത്തിലെ ഏതു രാജ്യത്തെയും സൈനികർ മാതൃകയാക്കേണ്ട ധീരനായ രാജ്യസ്നേഹി.  യുദ്ധാനന്തരം അവർ ജസ്വന്ത് സിംഗിന്റെ ഒരു വെങ്കലപ്രതിമ ഉണ്ടാക്കിയശേഷം അദ്ദേഹത്തിന്റെ വെട്ടിയെടുത്ത തലയോടൊപ്പം എല്ലാ ആദരവോടും കൂടി അവ ഇന്ത്യയ്ക്ക് കൈമാറി. യുദ്ധമുന്നണിയിൽ വീരമൃത്യു വരിച്ച ഒരു സൈനികന്  ശത്രുപക്ഷത്ത് നിന്നും  ഒരിക്കലും ലഭിക്കാത്ത ഏറ്റവും വലിയ ആദരവ്! രാജ്യത്തിൻറെ മാനം കാക്കാൻ പോരാടി മരിച്ച റാവത് എന്ന സാധാരണ സൈനികന് ഇന്ത്യ  രാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയായ മഹാ വീര ചക്രം മരണാന്തര  ബഹുമതിയായി നൽകിക്കൊണ്ട് രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാട് എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കി. സേലയുടെയും നൂറയുടെയും ഓർമ്മകൾക്കായി തവാങ് യുദ്ധഭൂമിയിലേക്കുള്ള പാതകൾക്ക് സേല പാസ് എന്നും നൂറ പാസ് എന്നും പേരും നൽകി. അവിശ്വസനീയ പോരാട്ടം നടത്തി വീരമൃത്യു വരിച്ച ജസ്വന്ത് സിംഗ് റാവത് ഇന്ന് ഇന്ത്യൻ സൈനികരുടെ ആരാധനാ മൂർത്തിയാണ്. അദ്ദേഹത്തിൻറെ സ്മരണയ്ക്കായി ‘ജസ്വന്ത്ഘർ’ എന്ന പേരിൽ തവാങിന് സമീപം ഒരു സ്മാരകം പണിത് ആരാധന നടത്തിവരുന്നു.  അദ്ദേഹത്തിൻറെ ആത്മാവ് ഇപ്പോഴും അവിടെ ഉണ്ടെന്നാണ് സൈനികരുടെയും തദ്ദേശീയരുടെയും ഉറച്ച വിശ്വാസം. ബാബ എന്നറിയപ്പെടുന്ന ജസ്വന്ത്  സിംഗിനെ വണങ്ങുവാനായി പൊതു ജനങ്ങളും സൈനികരും നിത്യേന അവിടെ എത്തിച്ചേരുന്നു. റാവത്ൻറെ ബഹുമാനാർത്ഥം നിരവധി ആചാരങ്ങളാണ് ഇന്ത്യൻ സൈന്യം ജസ്വന്ത്ഘറിൽ നടത്തിവരുന്നത്.  സൈന്യത്തിന് അദ്ദേഹം അമരത്വം നേടിയ ധീര സൈനികൻ ആണ്. അതുകൊണ്ടുതന്നെ റാവത്ത് മരിച്ചതായി സൈന്യം വിശ്വസിക്കുന്നില്ല. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കൾ എല്ലാം ബഹുമാനാർത്ഥം ജസ്വന്ത്ഘറിൽ സൂക്ഷിക്കുന്നു. മരണ ശേഷം അദ്ദേഹത്തിന് 8 ഔദ്യോഗിക പ്രമോഷനുകളാണ്‌  ലഭിച്ചത്. ഇന്ന് അദ്ദേഹത്തിൻറെ സൈനിക റാങ്ക് മേജർ ജനറൽ ആണ് .ജീവിച്ചിരിക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥന് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇന്നും അദ്ദേഹത്തിൻറെ പേരിൽ നീക്കിവയ്ക്കുന്നു. റാവത്തിനെ പേരിൽ അവധി അപേക്ഷ നിയമാനുസൃതം നൽകുകയും അവധിദിനത്തിൽ റാവതിന്റെ ഛായാചിത്രം ജന്മനാട്ടിൽ സൈനിക ബഹുമതികളോടെ കൊണ്ടുപോവുകയും അവധി കഴിയുമ്പോൾ സൈനിക ബഹുമതികളോടെ തന്നെ തിരികെ കൊണ്ടുവരികയും ചെയ്യുന്നു. യുദ്ധത്തിൽ പൊരുതി സ്വയം വീരമൃത്യുവരിച്ച ജസ്വന്ത് സിംഗ് റാവത് എന്ന സൈനികനെ അമരത്വം നൽകി ഇന്ത്യ നെഞ്ചോട് ചേർത്ത് നിർത്തുമ്പോൾ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഓരോ സൈനികനെയുമാണ് നാം സ്മരിക്കുന്നത്.  ആ സ്മരണകൾ തന്നെയാണ് രാജ്യം കാക്കുന്ന നമ്മുടെ ധീര സൈനികരുടെ ആത്മവീര്യവും.