ലീനസ് മരിയ സുക്കോള്‍ എന്ന പേര് കേട്ടാല്‍ ചിലപ്പോള്‍ അറിഞ്ഞെന്ന് വരില്ല. എന്നാല്‍ സുക്കോളച്ചന്‍ എന്ന് ഒറ്റവാക്കില്‍ പറഞ്ഞു നോക്കൂ, പ്രത്യേകിച്ച് കണ്ണൂർക്കാരോട് അവരുടെ മുഖത്ത് ആദരവും സ്‌നേഹവും ഒരുപോലെ നിറയുന്നത് കാണാം. കാരണം സുക്കോളച്ചന്‍ എന്ന പേരിന് കാരുണ്യമെന്നും സ്‌നേഹമെന്നും അര്‍ത്ഥമുണ്ട്. സുക്കോളച്ചന്‍ കേരളക്കരയ്ക്ക് പ്രിയപ്പെട്ടതായതിന്റെ കഥ ഇപ്രകാരമാണ്:
ജപ്പാനിലോ, ആഫ്രിക്കയിലോ പോയി മിഷണറി പ്രവര്‍ത്തനം നടത്തുവാന്‍ ആഗ്രഹിച്ച ഒരാള്‍ ഇറ്റലിയില്‍ ഉണ്ടായിരുന്നു. പക്ഷെ ദൈവം അദ്ദേഹത്തെ കൊണ്ടുവന്നെത്തിച്ചത് കേരളത്തിലെ കോഴിക്കോട്ടാണ്. ലീനസ് മരിയ സുക്കോള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഇറ്റലിയില്‍ ജനിച്ച ലീനസ് മരിയ സുക്കോള്‍ എന്ന സുക്കോളച്ചന്‍ മലബാറിലെ പാവങ്ങളുടെയും അശരണരുടെയും ആലംബമായി മാറിയത് പിന്നീടുള്ള ചരിത്രം.

ദൈവത്തെ അറിഞ്ഞ ജീവിതം

സുക്കോളച്ചനെ കാണുവാന്‍ എത്തുന്നവരെ സ്വാഗതം ചെയ്യുക ‘അച്ചനെ കാണുന്നതിനു മുമ്പ് ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുക’എന്ന ലിഖിതമാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ക്കു മറുപടി നല്‍കുന്നവന്‍ അവിടെയാണ് എന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു ആ വാചകം. ദേവാലയത്തില്‍ എത്തുന്നവര്‍ ദൈവത്തെ കാണുന്നു, തനിക്കരുകില്‍ എത്തുന്ന അശരണരില്‍ താന്‍ ദൈവത്തെ കാണുന്നു എന്ന് തന്റെ ജീവിതം കൊണ്ട് അച്ചന്‍ പഠിപ്പിച്ചു.
‘നിങ്ങള്‍ എന്റെ ഈ സഹോദരിലൊരുവനോട് ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തത്’ എന്ന ബൈബിള്‍ വചനത്തെ ഏറെ ഇഷ്ടപ്പെട്ട സുക്കോളച്ചന്‍ കഷ്ടപ്പെടുന്ന അപരനില്‍ ദൈവത്തെ കണ്ടു. അതുകൊണ്ടു തന്നെയാവാം തന്റെ മുറിയിലേക്കുള്ള വാതിലിനോട് ചേര്‍ന്ന ഭിത്തിയില്‍ തന്റെ പേരെഴുതിയ ഫലകത്തിനു തൊട്ടു മുകളിലായി ഈ വാക്കുകള്‍ രേഖപ്പെടുത്തി വച്ചത്.

ജീവിതം മാതൃകയാക്കിയ വ്യക്തി

ആലംബഹീനര്‍ക്കു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും ചോര്‍ന്നൊലിക്കാതിരിക്കാന്‍ പ്ലാസ്റ്റിക് വിരിച്ച ഓടുമേഞ്ഞ കെട്ടിടത്തില്‍ രണ്ട് ബഞ്ചുകള്‍ ചേര്‍ത്തു വച്ച് അതിനു മുകളില്‍ ഒരു പായ വിരിച്ചാണ് സുക്കോളച്ചന്‍ കിടന്നുറങ്ങിയിരുന്നത്. രണ്ടു പ്രാവശ്യം തുന്നിക്കൂട്ടിയ ചെരിപ്പ് പൊട്ടിയപ്പോള്‍ മൂന്നാമതും തുന്നുന്നതിനായി അച്ചന്‍ കൈക്കാരന്‍ ജോസിനെ ഏല്‍പ്പിച്ചു. ഈ ചെരുപ്പ് ഇനിയും തുന്നാന്‍ ചെന്നാല്‍ ചെരുപ്പുകുത്തി തന്നെ കളിയാക്കും, അതുകൊണ്ട് അച്ചന് ഞാന്‍ പുതിയതൊന്നു വാങ്ങിത്തരാം എന്നു പറഞ്ഞപ്പോള്‍, ”എനിക്കു ദാരിദ്ര്യവ്രതമാണെന്നു നിനക്കറിയില്ലേ, നീ വാങ്ങിത്തന്നാലും ഞാനത് ഉപയോഗിക്കില്ല” എന്ന് അച്ചന്‍ കര്‍ശനമായി പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഫാനും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയ അച്ചന്‍ ഒരിക്കലും ഫാനിന്റെ കുളിര്‍ക്കാറ്റ് അറിഞ്ഞിട്ടില്ല.
അച്ചനുവേണ്ടി പാകം ചെയ്യുന്ന ്ഭക്ഷണം പ്രത്യേക പാത്രങ്ങളില്‍ ആക്കി മേശപ്പുറത്ത് വയ്ക്കുമായിരുന്നു. ഊണ്‍ മേശയില്‍ പാത്രങ്ങള്‍ നിറഞ്ഞപ്പോള്‍ അച്ചന്‍ അതു വിലക്കി. മറ്റുള്ളവരോടൊപ്പം മതി തനിക്കും, പുറമേനിന്നും ആരെങ്കിലും വന്നു കണ്ടാല്‍ ഇവിടെ വിഭവ സമൃദ്ധമായ സദ്യയാണെന്നു കരുതും എന്നു പറഞ്ഞു. പപ്പായയും തേനും ചെറുപഴവും തൈരും ആയിരുന്നു അച്ചന്റെ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങള്‍ എന്ന് അച്ചന് ഭക്ഷണം പാകം ചെയ്തു കൊടുത്തിരുന്ന മേരി ചേച്ചി ഓര്‍ക്കുന്നു. അതുപോലെ സമയക്രമം പാലിക്കാതെ വലിച്ചു വാരിയുള്ള കേരളീയരുടെ ഭക്ഷണരീതിയും അച്ചന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
സുക്കോളച്ചന്‍ ഉപയോഗിച്ചിരുന്ന കുടയുടെ കാല്‍ പട്ടി കടിച്ചു മുറിച്ചിട്ടും കുടയൊന്നു മാറി വാങ്ങാന്‍ അച്ചന്‍ തയ്യാറായില്ല. പുതിയൊരു കുട കൈക്കാരന്‍ ജോസ് വാങ്ങി നല്‍കിയെങ്കിലും അദ്ദേഹമത് തിരസ്‌ക്കരിച്ചു. ഒടുവില്‍ കടുത്ത നിര്‍ബന്ധത്തിനു വഴങ്ങി ആ കുടയുടെ കാല്‍ മാറ്റാന്‍ അദ്ദേഹം തയ്യാറായി. അത്രത്തോളം നിലപാ ടുകളില്‍ കാര്‍ക്കശ്യവും ബന്ധങ്ങളില്‍ ഊഷ്മളതയും പുലര്‍ത്തിയ വ്യക്തിയായിരുന്നു സുക്കോളച്ചന്‍.

അനാഥരുടെ ആലംബം

ഒരിക്കല്‍ സുക്കോളച്ചനെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു രോഗി എത്തി. തന്റെ കഷ്ടതകള്‍ അയാള്‍ വിവരിച്ചു. അച്ചന്‍ അയാള്‍ക്ക് ഒരു ചെക്കു നല്‍കി. പക്ഷെ, ചെക്കിലെ തുക കുറഞ്ഞ് പോയി എന്നു കണ്ട അയാള്‍ അത് അച്ചന്റെ മുഖത്തെറിഞ്ഞ് ക്ഷുഭിതനായി മടങ്ങി. ഇനി അയാള്‍ക്ക് പണമോ സഹായമോ നല്‍കേണ്ടതില്ലെന്ന് അച്ചനോട് എല്ലാവരും പറഞ്ഞു. എന്നാല്‍ തുക കൂട്ടിയെഴുതിയ മറ്റൊരു ചെക്ക് അച്ചനെ പതിവായി സന്ദര്‍ശിച്ചിരുന്ന ഒരാള്‍ വശം ആരും അറിയാതെ അച്ചന്‍ കൊടുത്തയച്ചു. അശരണരുടെ കണ്ണീര്‍ സുക്കോളച്ചന്റെ വലിയൊരു ബലഹീനത ആയിരുന്നു. കലങ്ങിയ കണ്ണുകളോടെ തന്റെ മുമ്പില്‍ യാചനകളുമായി എത്തുന്നവരെ അച്ചന്‍ ഒരിക്കലും കൈവിട്ടിരുന്നില്ല. നല്‍കുവാന്‍ തന്റെ കയ്യില്‍ പണം ഇല്ലെങ്കില്‍ ഊണ്‍ മേശയിലെ പഴവര്‍ഗ്ഗങ്ങള്‍ എങ്കിലും നല്‍കിയെ അച്ചന്‍ ആരെയും തിരിച്ചയച്ചിരുന്നുള്ളൂ.
7777 വീടുകള്‍ അച്ചന്‍ നിര്‍മ്മിച്ചു നല്‍കി. കിണറുകള്‍, തൊഴിലവസരങ്ങള്‍ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെ കരുപ്പിടിപ്പിക്കുവാന്‍ വേണ്ടതെല്ലാം അച്ചന്‍ നല്‍കി. അച്ചന്‍ പണിതു നല്‍കിയ വീടുകളെല്ലാം ഒരേ രീതിയില്‍ ഒരേ സൗകര്യങ്ങളില്‍ ഉള്ളവ ആയിരുന്നു. വീടിന് ആവശ്യമായ മര ഉരുപ്പിടികള്‍ തന്റെ പണിശാലയില്‍ നിന്നും അച്ചന്‍ പണിതു നല്‍കി. നിത്യസഹായ മാതാ ദേവാലയത്തിനോട് ചേര്‍ന്ന് ആ പണിശാല ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ആ ചുവരുകള്‍ക്കുള്ളില്‍ നിന്നും തൊഴില്‍ പഠിച്ച് ജീവിത മാര്‍ഗ്ഗം കണ്ടെത്തിയവര്‍ അനേകരാണ്. ഒന്നിനും അച്ചന്‍ കണക്കുകള്‍ സൂക്ഷിച്ചിരുന്നില്ല. തന്റെ സഹായം പറ്റുന്നവര്‍ അര്‍ഹരോ അനര്‍ഹരോ എന്നദ്ദേഹം ചൂഴ്ന്ന് നോക്കിയില്ല. കണക്കുകള്‍ നോക്കുന്ന സര്‍വ്വശക്തനില്‍ എല്ലാം സമര്‍പ്പിച്ചു. പെൻഡൻ്റുകൾ, ചോക്കറുകൾ തുടങ്ങിയ ജനപ്രിയ സ്ത്രീകളുടെ നെക്ലേസുകൾ വാഗ്ദാനം ചെയ്യുന്നു. ഏത് അവസരത്തിനും അനുയോജ്യമായ വിവിധതരം ലോഹങ്ങളിലും രത്നങ്ങളിലും ആഭരണങ്ങൾ വാങ്ങുക.

മതാതീതം ഈ ജീവിതം

മതേതര കാഴ്ചപ്പാടുള്ള മത പ്രചാരകന്‍ എന്ന വിശേഷണം സുക്കോളച്ചന് ഏറെ യോജിക്കുന്നതാണെന്ന് പറഞ്ഞത് ഏഴോം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. മനോഹരന്‍ ആണ്. ”മറ്റു മതസ്ഥരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും തന്റെ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്ത ഒരു വ്യക്തി വിശേഷമായിരുന്നു അച്ചന്‍.” ഒരു സംഭവം അദ്ദേഹം ഓര്‍ക്കുന്നു.
”കമ്യൂണിസ്റ്റ് നേതാവും ഏഴോം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കക്കാമണി കുഞ്ഞിക്കണ്ണന്‍ എന്ന വ്യക്തിയുടെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ച സുക്കോളച്ചന്‍ കുടുംബാംഗങ്ങളുടെ അനുവാദത്തോടെ അവിടെ ബൈബിള്‍ വായിക്കുകയും പരേതാത്മാവിന്റെ ശാന്തിക്കായി പ്രാര്‍ ത്ഥിക്കുകയും ചെയ്തു.”

അനുഭവം പോലൊരാള്‍

ഒരു പുരോഹിതന്‍ എന്ന നിലയില്‍ തന്നെ സ്വാധീനിച്ചത് സുക്കോളച്ചന്റെ പ്രാര്‍ത്ഥനാ ജീവിതമാണെന്ന് മരിയാപുരം നിത്യസഹായ മാതാ ദേവാലയത്തിലെ ഇപ്പോഴത്തെ വികാരിയും സുക്കോളച്ചനോടൊപ്പം ഒമ്പതു വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്ത ഫാദര്‍ ഒ.പി. മാത്യു എസ്.ജെ. പറയുന്നു. ”രാവിലെ ഉണര്‍ന്നാല്‍ സുക്കോളച്ചന്‍ നേരെ പള്ളിയിലേക്ക് പോകും. അവിടെ അള്‍ത്താരയ്ക്കരുകില്‍ മരക്കസേരയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കും. മുടക്കം വരാത്ത പ്രാര്‍ത്ഥനയായിരുന്നു അച്ചന്റെ ബലം.” അദ്ദേഹം പറഞ്ഞു.
സുക്കോളച്ചന്റെ സന്തത സഹചാരിയായി നിഴലായി 15 വര്‍ഷം തുടര്‍ന്ന കൈക്കാരന്‍ ജോസ് തങ്കപ്പന് പറയാന്‍ നിരവധി അനുഭവങ്ങള്‍ ഉണ്ട്. 1985 ലാണ് ജോസ് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിക്കുന്നത്. 1995 ല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ജോലി നഷ്ടമായി. ”ആ ക്രിസ്തുമസിന് സുക്കോളച്ചന്‍ ഒരാളുടെ കയ്യില്‍ ഒരു കത്തും 600 രൂപയും, കൊടുത്തയച്ചു. ഞാനും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തില്‍ യഥാര്‍ത്ഥത്തില്‍ പട്ടിണിയായിരുന്നു. എന്റെ പിതാവ് അന്ന് ജീവിച്ചിരുന്നു. പക്ഷെ അദ്ദേഹം അത് അറിഞ്ഞില്ല. ക്രിസ്തുമസാണ്, ഞാന്‍ പട്ടിണിയാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് തന്നെ സഹായിച്ചത് സുക്കോളച്ചനാണ്.” ഇടറിയ വാക്കുകളോടും നിറഞ്ഞ മിഴികളോടും കൂടി താന്‍ ഒരിക്കലും മറക്കാത്ത ആ അനുഭവം ജോസ് പറഞ്ഞു നിര്‍ത്തി.
1997 മുതല്‍ സുക്കോളച്ചന്റെ ഫോട്ടോഗ്രാഫറാണ് ദാമോദരന്‍. സുക്കോളച്ചനെ ഓര്‍മ്മിക്കുവാന്‍ താന്‍ എടുത്ത അച്ചന്റെ ചിത്രങ്ങള്‍ മാത്രം അല്ല ദാമോദരന്റെ കൈവശം ഉള്ളത്. അച്ചന്‍ സ്വന്തം കൈപ്പടയില്‍ മലയാളത്തില്‍ എഴുതിയയച്ച ഒരു കത്തും അദ്ദേഹം അമൂല്യമായി സൂക്ഷിക്കുന്നു. അതിന്റെ കഥയിങ്ങനെയാണ്.
2003 ല്‍ സുക്കോളച്ചന്‍ ജര്‍മനിയില്‍ പോയ സമയം. അച്ചന്‍ പോകുന്നതിനു മുമ്പെടുത്ത ചില ചിത്രങ്ങള്‍ അച്ചനു നല്‍കുവാന്‍ കഴിഞ്ഞില്ല. അത് അയച്ചുകൊടുക്കുവാന്‍ അച്ചനോട് അവിടുത്തെ അഡ്രസും വാങ്ങി. ഫോട്ടോകള്‍ തയ്യാറായ ഉടന്‍ തന്നെ ദാമോദരന്‍ അവ അച്ചന് അയച്ചുകൊടുത്തു. അത് കിട്ടിയ ഉടന്‍ അച്ചന്‍ മറുപടിയും അയച്ചു. ക്ഷേമാന്വേഷണങ്ങളും അച്ചന്റെ ചെറു തമാശകളും നിറഞ്ഞ ആ കത്ത് ഒരു വിലപ്പെട്ട നിധിയായി ദാമോദരന്‍ തന്റെ കൈവശം സൂക്ഷിക്കുന്നു.

സുക്കോളച്ചന്‍ എന്ന അത്ഭുതം

സുക്കോളച്ചന്‍ പട്ടുവം പള്ളി വികാരി ആയിരിക്കുന്ന സമയം. വൈകുന്നേരമായാല്‍ അവിടെ തവളകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കാം. പ്രാര്‍ത്ഥനയ്ക്കു പോലും അലോസരം സൃഷ്ടിക്കുന്ന തവളകളുടെ കരച്ചില്‍ അച്ചന് അസഹനീയമായി. ഒടുവില്‍, നാളെ മുതല്‍ കരയേണ്ടാട്ടോയെന്ന് അച്ചന്‍ തവളകളോടു പറഞ്ഞു. പിന്നീട് അവിടെ തവളകള്‍ കരഞ്ഞിട്ടില്ല.

അവസാന നാളുകള്‍

എപ്പോഴും ചിരിക്കുന്ന മുഖത്തോടെ പ്രത്യക്ഷപ്പെടുന്ന സുക്കോളച്ചന്‍ ഒരു തരത്തിലും മറ്റുള്ളവര്‍ക്ക് സങ്കടം ഉണ്ടാക്കരുതെന്ന് ആഗ്രഹിച്ചു. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ അതിന്റെ സംഹാരതാണ്ഡവമാടിയപ്പോഴും വേദനയുടെ ഒരു ചെറു കണികപോലും അച്ചന്‍ പുറത്തു കാണിച്ചില്ല. ഒടുവില്‍ ആസന്നമായ മരണത്തിനു ഡോക്ടര്‍ കുറിച്ച സമയത്തിനു മുമ്പേ അദ്ദേഹം യാത്രയായി. സുക്കോളച്ചന്‍ പണി കഴിപ്പിച്ച മരിയാപുരം നിത്യസഹായ മാതാ ദേവാലയത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്തു. ആ കല്ലറയ്ക്കു മുകളില്‍ അന്വര്‍ത്ഥമായ ഈ വാചകങ്ങള്‍ നമുക്കു കാണാം.
”ദൈവത്തില്‍ നിന്ന്
ദൈവത്തോടൊപ്പം
ദൈവത്തിങ്കലേക്ക്”

സുക്കോളച്ചനെക്കുറിച്ചുള്ള അനുഭവങ്ങള്‍ അവസാനിക്കുന്നില്ല. അത് നാഴികമണിയുടെ ചലനം പോലെ അനസ്യൂതം തുടരുകയാണ്. സുക്കോളച്ചന്‍ എന്ന മനുഷ്യസ്‌നേഹിയോടുള്ള ജനങ്ങളുടെ സ്‌നേഹമാണ് ആ ഘടികാരത്തിന്റെ ഊര്‍ജ്ജം. അത് നിലയ്ക്കുന്നില്ല. ഇത്തരം ജീവിതങ്ങളായിരിക്കണം നമ്മള്‍ മാതൃകയാക്കേണ്ടത്. അല്ലാതെ വീണുപോയ ഒരു സന്യസ്തയുടെയോ പുരോഹിതന്റെയോ ജീവിതം കണ്ട് സഭയെ അടച്ചാക്ഷേപിക്കുകയല്ല വേണ്ടത്. സുക്കോളച്ചനെപ്പോലെയുള്ള മഹദ് വ്യക്തികളുടെ ജീവിതം കൊണ്ട് സഭ സമ്പന്നമാണ്. സഭയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ സുക്കോളച്ചനെക്കുറിച്ചാണ് അറിയേണ്ടത്.