- dennyvattakunnel
- May 15, 2021
- Uncategorized
1518ല്‍ ഫ്രാന്‍സിലെ സ്റ്റ്രാസ്ബര്‍ഗ് നഗരത്തില്‍ ഒരപൂര്‍വ രോഗം പടര്‍ന്നു പിടിച്ചു. പെട്ടെന്നൊരു ദിവസം പട്ടണത്തിലെ ഒരു കൂട്ടം തെരുവില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ഒരു മാസം കഴിയുമ്പോഴേക്കും നാനൂറോളം പേരെ ഈ രോഗം ബാധിച്ചു. രാവെന്നോ പകലെന്നോ ഇല്ലാതെ വിശ്രമവും ഉറക്കവുമില്ലാതെ നിര്‍ത്താത്ത നൃത്തം. രസമുള്ള രോഗമാണെല്ലോ എന്ന് ചിന്തിക്കാന്‍ വരട്ടെ- തളര്‍ച്ചയും ഹൃദയാഘാതവും കാരണം മരിച്ചു വീണ പലരും അന്ന് അക്കൂട്ടത്തിലുണ്ടായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നൃത്തം ചെയ്യുന്നത് നിര്‍ത്തിക്കാന്‍ ആരെക്കൊണ്ടും സാധിച്ചില്ല. ഡാന്‍സിങ് പ്ലേഗ് എന്ന് ഈ സംഭവത്തിന് പേരു വീണു. എന്നാല്‍ സ്റ്റ്രാസ്ബര്‍ഗില്‍ അന്ന് സംഭവിച്ചതെന്താണന്നതിന് തൃപ്തികരമായ ഒരു മറുപടി നല്‍കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല കോറിയോമാനിയ എന്ന പേരിട്ട് ശാസ്ത്രലോകം വിളിക്കുന്ന ഈ രോഗം, കൃസ്ത്യൻ വിശ്വാസങ്ങളിൽ പരാമർശിക്കപ്പെടുന്ന വിറ്റസ് പുണ്യാളന്റെ ശാപം മൂലമാണെന്ന വിശ്വാസം അക്കാലത്ത് രൂഢമൂലമായിതനാൽ പലരും വിറ്റസ് പുണ്യാളന്റെ പള്ളികൾ സന്ദർശിക്കുകയും നേർച്ചകൾ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. അവരിൽ ചിലർക്ക് രോഗം ഭേദമായത് ഈ വിശ്വാസം കൂടുതൽ ശക്തമാകുവാനും കാരണമായി. മാത്രമല്ല ഈ രോഗത്തിന് സെയിന്റ് വിറ്റസ് ഡാൻസ് എന്ന പേരും വീണു. ഇതേ രോഗനില 1374 ൽ ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലും വന്നതായി ചില ചരിത്രകാരന്മാരും എഴുത്തുകാരും സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെ കുറിച്ചുള്ള രേഖകളൊന്നും ഇപ്പോൾ ലഭ്യമല്ല.
രോഗകാരണം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഡാൻസിങ് പ്ലേഗ് പിന്നീട് ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടില്ല എന്നത് വളരെ ആശ്വാസകരമായ സംഗതിയാണ്. ഒരു മാസത്തിലധികം നീണ്ടുനിന്ന ഈ രോഗം പെട്ടെന്ന് വന്നതുപോലെ പെട്ടെന്നു തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. അതിനു മുൻപായി ഏകദേശം 500 പേരുടെ ജീവനെടുത്തിരുന്നു ഈ അജ്ഞാതരോഗം.