- author
- November 18, 2021
- Uncategorized
ഷാർജ∙ ഡെന്നി തോമസ് വട്ടക്കുന്നേൽ രചിച്ച ‘ഞങ്ങൾ അഭയാർഥികൾ’ എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ പൊലീസിലെ അബ്ദുല് ലത്തീഫ് മുസ്തഫ അൽ ഖുദി ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹിമിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. ഡോ.എം.കെ. മുനീർ, ചലച്ചിത്ര സംവിധായകൻ റോബിൻ തിരുമല തുടങ്ങിയവർ പ്രസംഗിച്ചു. അഭയാർഥികൾ നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ തന്നാൽ കഴിയുന്ന വിധം പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
യുദ്ധങ്ങളിൽ ആരും ജയിക്കുന്നില്ല, തോൽക്കുന്നുമില്ല. ഒന്നാം ലോകമഹായുദ്ധകാലത്തെയും രണ്ടാം ലോക മഹായുദ്ധകാലത്തെയും അഭയാർഥികളെപ്പറ്റി എഴുതിക്കഴിഞ്ഞപ്പോൾ തോന്നിയ വികാരമാണിത്. രണ്ട് മഹായുദ്ധങ്ങളിലുമായി ജനകോടികൾ മരിച്ചുവീണു. അത്ര തന്നെ പേർ അഭയാർഥികളുമായി. ഭൂഖണ്ഡങ്ങളിൽ നിന്നു ഭൂഖണ്ഡങ്ങളിലേയ്ക്ക് വരെ വൻതോതിലാണ് ഇക്കാലയളവിൽ അഭയാർഥിപ്രവാഹങ്ങൾ ഉണ്ടായത്. അതുകൊണ്ട് യുദ്ധത്തിന്റെ യുക്തിയില്ലായ്മയും ഉറ്റവരെ നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെട്ട അഭയാർഥികളുടെ കണ്ണീരും എഴുത്തിന്റെ വഴിയിൽ എനിക്ക് ഏറെ അസ്വസ്ഥതകൾ തന്ന യാഥാർഥ്യങ്ങളായിരുന്നു. യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന ചിന്തയായിരുന്നു ആ സമയങ്ങളിൽ എന്നെ ഏറെ അലട്ടിയിരുന്നത്.
അഭയാർഥികൾക്ക് മതവും വംശവും രാജ്യവുമില്ല. ഇക്കാര്യം എനിക്ക് ബോധ്യമായത് സിറിയ മുതൽ സൊമാലിയ വരെയുള്ള രാജ്യങ്ങളിൽ അഭയാർഥി പ്രശ്നങ്ങളെപ്പറ്റി എഴുതിയപ്പോഴാണ്. മതത്തിന്റെയും വംശത്തിന്റെയുമൊക്കെ അളവുകോലിലൂടെയാണ് നാം പലപ്പോഴും അഭയാർഥികളെ കാണുന്നത്. എന്നാൽ സത്യമതല്ല. മതവും വംശവും രാജ്യവുമെല്ലാം കാരണം ഉറ്റവരെ നഷ്ടപ്പെട്ട് പെരുവഴിയിൽ അലയാൻ വിധിക്കപ്പെട്ടവർ ആണ് അഭയാർത്ഥികൾ . ജീവിതത്തിൽ സ്വന്തമെന്ന് കരുതിയതെല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്തവർ. സമകാലിക അഭയാർഥി ജീവിതങ്ങളെപ്പറ്റി എഴുതിയപ്പോൾ ലോകത്തിൽ ഏറ്റവും കരുണ അർഹിക്കുന്ന ജനവിഭാഗമാണ് അഭയാർഥികൾ എന്നാണ് തോന്നിയത്. ലോകം അഭയാർഥികളോട് നീതി കാണിക്കണമെന്ന അഭ്യർഥനയോടെയാണ് ഈ പുസ്തകം അവസാനിപ്പിച്ചിരിക്കുന്നത്.
ഒലിവ് പബ്ലിക്കേഷൻസ് മലയാളവും സെയ്തൂൻ പബ്ലിക്കേഷൻസ് അറബിക് വിവർത്തനവും പ്രസിദ്ധീകരിച്ചു.