- dennyvattakunnel
- May 15, 2021
- Uncategorized
ദിവസങ്ങളോളം ആകാശത്തു താങ്ങാനാകുന്ന ആണവഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈൽ തങ്ങൾ കണ്ടുപിടിച്ചതായി ഈയിടെ റഷ്യ വെളിപ്പെടുത്തി. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ലോകത്തെ പലപ്രാവശ്യം ചുട്ടെരിക്കുവാനുള്ള ആയിരക്കണക്കിന് ആണവആയുധങ്ങൾ ഇപ്പോൾ തന്നെ ഇരുരാജ്യങ്ങളുടെയും പക്കൽ ഉണ്ട്. പിന്നെന്തിനാണ് പുതിയൊരു സാങ്കേതിക വിദ്യയിൽ പുതിയൊരു ആണവആയുധം കൂടി റഷ്യ സ്വന്തമാക്കുന്നത്? റഷ്യയുടെ ഈ നീക്കത്തിലൂടെ ലോകം പുതിയ ഒരു ആണവമത്സരത്തിനുകൂടി വേദിയാകുകയാണ്. ആണവആയുധത്തിന്റെ പ്രഹരശേഷി ലോകം ഒരിക്കൽ അറിഞ്ഞതാണ്. അത് സൃഷ്ടിച്ച ദുരിതം ഇന്നും ജപ്പാൻ അനുഭവിക്കുകയാണ്. ലോകനന്മ ആഗ്രഹിക്കുന്ന രാജ്യങ്ങൾ പുതിയ ആണവആയുധങ്ങൾ ഇനി കണ്ടുപിടിക്കില്ല എന്ന തീരുമാനം കൈക്കൊള്ളണം, കൈവശം ഉള്ള ആണവായധങ്ങൾ നശിപ്പിക്കുകയും വേണം. ലോകജനത ആഗ്രഹിക്കുന്നത് സമാധാനത്തിന്റെ കുടക്കീഴിൽ അന്തിയുറങ്ങാനാണ്. ആ അഭിലാഷം നിറവേറ്റുക എന്നതാകണം ഓരോ രാജ്യത്തിന്റെയും കർത്തവ്യം. പുതിയ ആണവ ആയുധത്തെ ലോകത്തിനു മുകളിൽ നിർത്തുമ്പോൾ ആകാശത്ത് ഇരുണ്ടുകൂടുന്ന കാർമേഘങ്ങളെ ആരും കണ്ടില്ലെന്ന് നടിക്കരുത്. കാരണം അത് മാനവരാശിയുടെ തലയ്ക്കു മുകളിലാണ് നിലകൊള്ളുന്നത്.
Book: അശാന്തിയുടെ പൂമരം
Publisher:ഗ്രീൻ ബുക്സ്
Author: ഡെന്നി തോമസ് വട്ടക്കുന്നേൽ