ലോകത്തെ വിറപ്പിക്കുന്ന ഒരു മഹാമാരി ലോകവ്യാപകമായി നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. പ്രതിരോധിക്കുവാൻ കഴിയാതെ ആയിരങ്ങൾ ദിനംപ്രതി മരിച്ചുവീഴുന്നു. മാനവരാശി ഇതുവരെ ആർജിച്ചെടുത്ത ശാസ്ത്ര നേട്ടങ്ങൾ ഒന്നും കോവിഡ് എന്ന ഭീകര വൈറസിന് മുന്നിൽ ഒന്നും അല്ലാതാകുന്നു. മനുഷ്യൻറെ ബുദ്ധിശക്തിയെ പുച്ഛിച്ചുതള്ളിക്കൊണ്ട് മനുഷ്യനുമേൽ ഒരു ഇടിമിന്നൽ ആയി വൈറസ് സംഹാരതാണ്ഡവം ആടുന്നു. ഈ അവസരത്തിൽ നാം മലയാളികളുടെ മാനസികാവസ്ഥ കാണുമ്പോൾ 100% സാക്ഷരത ഉള്ളവരും ആരോഗ്യമേഖലയിൽ അവബോധം ഉള്ളവരുമാണ് നമ്മൾ എന്ന വാദത്തിൽ കഴമ്പുണ്ടോ എന്ന് തോന്നിപ്പോയാൽ ദയവുചെയ്ത് ആരും കുറ്റപ്പെടുത്തരുത്.

ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രി പലയാവർത്തി ജനങ്ങളോട് വീടുകളിൽ നിന്നും കഴിവതും പുറത്തിറങ്ങരുതെന്നും സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും താഴ്മയോടെ അപേക്ഷിച്ചിട്ടും നമ്മിൽ പലരും അനുസരിക്കുവാൻ വിമുഖത കാണിച്ചു. ആഴ്ചകളോളം ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യമേഖലയിലെ പ്രവർത്തകർ നമുക്ക് രോഗം പകരാതിരിക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വന്തം കുടുംബങ്ങളെപറ്റിപ്പോലും ചിന്തിക്കാതെ വിവിധ ആശുപത്രികളിലും പൊതുഇടങ്ങളിലും പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ നമ്മളിൽ പലരും മാനിക്കാതിരുന്നത്.

ശക്തമായ പ്രതിരോധ സംവിധാനങ്ങൾ സർക്കാർ കൈക്കൊണ്ടിട്ടും വിദേശത്ത് നിന്നും നാട്ടിൽ എത്തിയവരിൽ ചിലർ അറിഞ്ഞോ അറിയാതെയോ നമ്മളറിയാതെ നമുക്കിടയിൽ തലങ്ങുംവിലങ്ങും യാത്ര ചെയ്തു. അവരുടെ സഞ്ചാര പാതയിൽ ആരൊക്കെയോ അറിയാതെ സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവന്നു. ഒളിഞ്ഞിരിക്കുന്ന കൊലയാളി വൈറസിന് പുതിയ ഇരകളെ നമ്മൾ തന്നെ നൽകുന്ന അവസ്ഥ സംജാതമായി.

അപ്പോഴാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്തൊട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളെ സുരക്ഷയെപ്പറ്റി ബോധവാന്മാരാക്കാൻ ആയിരുന്നു ആ ശ്രമം. ഇന്ത്യൻ ജനതയിൽ ബഹുഭൂരിപക്ഷവും പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയ്ക്കൊപ്പം കൈകോർത്തു. ഈ മഹാമാരിക്കെതിരെ നാം ഒറ്റക്കെട്ട് ആണെന്ന് ജനം തെളിയിച്ചു. നിരാശയോടെ പറയട്ടെ എങ്കിലും പിറ്റേദിവസം മുതൽ നമ്മളിൽ ചിലർ വീണ്ടും പഴയ മനുഷ്യരായി. പൊതുനിരത്തുകളിൽ നമ്മളിൽ ചിലർ നിറഞ്ഞു തുടങ്ങി. കൊലയാളി വൈറസ് നമ്മെ തേടി വരികയാണോ അതോ നമ്മൾ കൊലയാളി വൈറസിനെ സ്വീകരിക്കുവാൻ പൊതുനിരത്തിൽ സഞ്ചരക്കുകയാണോ എന്ന നിലയിലായി കാര്യങ്ങൾ. തുടർന്ന് സംഭവിക്കാൻ പോകുന്ന വലിയ വിപത്തിന്റെ സാധ്യത ഉൾക്കൊണ്ടുകൊണ്ട് അടിയന്തര പ്രതിരോധത്തിനായി മുഖ്യമന്ത്രി കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം അടുത്ത പ്രഭാതത്തിൽ നിരത്തുകളിൽ നടന്ന കാര്യങ്ങൾ നാം മാധ്യമങ്ങൾ വഴി കണ്ടതാണ്. നമുക്കുവേണ്ടി കേണുപറഞ്ഞ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും വാക്കുകൾക്ക് യാതൊരു വിലയും നൽകാതെ നമ്മളിൽ ചിലർ പൊതുനിരത്തുകളിൽ വീണ്ടും നിറഞ്ഞു. അന്ന് നടന്നത് അജ്ഞത കൊണ്ടാണ് എന്ന് പറയുവാൻ ആർക്കാണ് കഴിയുക? പൊതുനിരത്തുകളിൽ കൗതുക കാഴ്ചകൾ കാണാൻ വന്നവരും ആവശ്യങ്ങൾ നിറവേറ്റാൻ വന്നവരും ഒരു പിക്നിക്കിനുള്ള സാഹചര്യം ഉണ്ടോ എന്ന് അറിയുവാനുമൊക്കെയായി വന്നവരായിരുന്നു അവർ. നിയമപാലകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഒന്നുകൊണ്ടുമാത്രമാണ് ജനങ്ങളെ നിരത്തുകളിൽ നിന്നും ഒഴിവാക്കുവാൻകഴിഞ്ഞത്.

കേരളത്തിൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന അന്ന് രാത്രി തന്നെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇന്ത്യയൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വൻ മനുഷ്യ ദുരന്തം ഒഴിവാക്കാനാണെന്നു ഏവരും മനസിലാക്കുക. ഒരു ഭരണാധിപൻ ഇടറുന്ന കണ്ഠത്തോടെ കൈകൂപ്പി അപേക്ഷിച്ചത് സ്വന്തം ജനങ്ങളുടെ ജീവൻ സംരക്ഷിക്കുവാൻ വേണ്ടിയാണ്. മുഖ്യമന്ത്രി പലയാവർത്തി ജനങ്ങളോട് അപേക്ഷിച്ചതും സ്വന്തം ജനതയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്. അത് അക്ഷരംപ്രതി അനുസരിക്കുകയാണ് സ്വയം സ്നേഹിക്കുകയും സ്വന്തം കുടുംബത്തെ സ്നേഹിക്കുകയും സമൂഹത്തെ സ്നേഹിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും ചെയ്യേണ്ട പ്രഥമ കർത്തവ്യം.

ഹർത്താൽ എന്ന് കേട്ടാൽ പൊതുനിരത്തിൽ ഇറങ്ങാത്ത നമുക്ക് ഇപ്പോൾ മാത്രം പൊതുനിരത്തുകളിൽ എന്തിത്ര താല്പര്യം?! പ്രധാനമന്ത്രി പറഞ്ഞ ലക്ഷ്മണരേഖ ഇനിയുള്ള നാളുകളിൽ ആരും ലംഘിക്കാതിരിക്കുക. ‘ആവശ്യം’എന്ന വാക്കിനെ മാറ്റിനിർത്തുക. ഉല്ലാസങ്ങൾക്കും ഒത്തുചേരലുകൾക്കും പൂർണമായും വിട നൽകുക. ‘അത്യാവശ്യം’ എന്ന വാക്കിനെ മാത്രം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുക. തികച്ചും അത്യാവശ്യം എന്ന് തോന്നുന്ന കാര്യത്തിനു മാത്രമായി വീടുകളിൽ നിന്നും പൂർണ്ണ ആരോഗ്യമുള്ള ഒരാൾ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങിയാലും അത്യാവശ്യം നിറവേറ്റി എത്രയും പെട്ടെന്ന് വീടണയുക. വ്യക്തിയുടെയും നാടിന്റെയും സുരക്ഷിതത്വത്തിന് പൂർണമായും വില കൽപ്പിക്കുക.

സുഹൃത്തുക്കളേ ഒരു കാര്യം ഏവരും തിരിച്ചറിയുക, കോവിഡ് എന്ന കൊലയാളി വൈറസിന്റെ സംഹാര ശക്തിക്ക് മുന്നിൽ നമ്മളിൽ അടങ്ങിയിരിക്കുന്ന ഞാനെന്ന അഹംഭാവത്തിനും അമിതമായ ആത്മവിശ്വാസത്തിനും ഒന്നും ചെയ്യുവാൻ കഴിയുകയില്ല. ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തിന് അലംഭാവംകൊണ്ട് കീഴടങ്ങാതിരിക്കുക. ഗൃഹത്തിലെ ജീവിതത്തിൻറെ ഊഷ്മളത തിരിച്ചറിയുക. കുറച്ചുനാൾ വീട്ടിലിരുന്നാൽ നഷ്ടപ്പെടുവാൻ ഒന്നുമില്ല. ലക്ഷ്മണരേഖ കടന്നാൽ നഷ്ടപ്പെടാൻ ഏറെയുണ്ട് താനും. അതുകൊണ്ട് വീടിന് പുറത്തിറങ്ങാൻ തീരുമാനിക്കുമ്പോൾ മൂന്നുപ്രാവശ്യം ചിന്തിക്കുക.

മനുഷ്യജീവൻ അമൂല്യമാണ്. അത് തന്റേതായാലും മറ്റൊരാളുടെതേതായാലും. അശ്രദ്ധ കൊണ്ടും അജ്ഞത കൊണ്ടും അഹംഭാവം കൊണ്ടും അതിനെ കെടുത്തരുത്. നമ്മുടെ ജീവൻറെ സുരക്ഷിതത്വത്തിനായി രാപകലില്ലാതെ വിശ്രമം ഉപേക്ഷിച്ച് പണിയെടുക്കുന്ന ആരോഗ്യമേഖലയിലെ പ്രവർത്തകർക്കും നിയമപാലകർക്കും മറ്റു സന്നദ്ധ പ്രവർത്തകർക്കും നന്മ നേർന്നു കൊണ്ടും എല്ലാവരും വീടിനുള്ളിൽ തന്നെ ഒതുങ്ങുക. നിങ്ങളുടെ വീടിനു മുന്നിലുള്ള ലക്ഷ്മണരേഖയ്ക്കപ്പുറം നിങ്ങളെ കാത്ത് ഒളിഞ്ഞിരിക്കുന്നത് നിങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യവംശത്തെ പൂർണ്ണമായും ഉന്മൂലനം ചെയ്യുവാൻ മാത്രം ശക്തിയുള്ള ഒരു വലിയ കൊലയാളിയാണ് എന്ന തിരിച്ചറിവ് എപ്പോഴും മനസ്സിൽ നിലനിർത്തുക. നാം ഈ കൊലയാളി വൈറസിനു മുന്നിൽ കീഴടങ്ങില്ല എന്ന് ദൃഢനിശ്ചയം ചെയ്യുക. ജാഗ്രത.