കോവിഡ് എന്ന മഹാമാരി മനുഷ്യവംശത്തിനു മേൽ വേർതിരിവില്ലാതെ പടർന്നിറങ്ങുമ്പോഴും വർണ്ണവിവേചനവും വംശീയ വിവേചനവും ലോകത്തു ശക്തി പ്രാപിക്കുന്നു. കോവിഡ് പകർച്ചവ്യാധിമൂലം മരിക്കുന്നവരിലേറെയും ഈ വിഭാഗങ്ങളിലുള്ളവരാണെന്ന ആരോപണമാണ് നിരന്തരമായി ഉയർന്നുവരുന്നത്. മാത്രവുമല്ല ലോകത്തിലെ കറുത്തവർഗ്ഗക്കാർ കോവിഡ് ബാധിച്ചു ചികിത്സ ലഭിക്കാതെ മരിക്കുന്നത് പ്രധാനമായും പാശ്ചാത്യനാടുകളിലാണെന്നാണ് റിപ്പോർട്ടുകൾ. മതന്യൂനപക്ഷങ്ങളും പലരാജ്യങ്ങളിലും വിവേചനം നേരിടുന്നതായി പരാതിഉയരുന്നുണ്ട്. വൃദ്ധ ജനങ്ങൾ ചികിത്സ കിട്ടാതെ മരിക്കുന്നു എന്ന ആരോപണമാണ് കോവിഡ്പകർച്ചവ്യാധിയുടെ വ്യാപനത്തിന്റെ ആദ്യആഴ്ചകളിൽ ഉയർന്നുകേട്ടതെങ്കിലും ഇപ്പോൾ മേല്പറഞ്ഞ വിഭാഗങ്ങളും വേണ്ടത്ര ചികിത്സകിട്ടാതെ മരിക്കുന്നു എന്നാണ് വിവിധ മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തുന്നത്.

ന്യൂയോർക്ക് ടൈംസ് പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ട് പ്രകാരം യുഎസിലെ ഷിക്കാഗോയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 70 ശതമാനവും കറുത്ത വംശജരാണ്. ഇവിടുത്തെ മൊത്തം ജനസംഖ്യയിൽ 30 ശതമാനം മാത്രമേ കറുത്തവർഗ്ഗക്കാർ ഉള്ളൂ. യുഎസിലെ മിൽവാക്കിയിൽ ജനസംഖ്യയുടെ 25 ശതമാനം മാത്രമാണ് ആഫ്രിക്കൻ വംശജർ. എന്നാൽ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 81 ശതമാനവും ഈ വംശീയ വിഭാഗക്കാരാണ്. മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളിലും ഈ ആനുപാതിക അന്തരം ഉണ്ടാകാം എന്നാണ് വൈറസ് വ്യാപനത്തിന്റെ കണക്കുകൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. ഫിലാഡൽഫിയ, ഡിട്രോയിറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കറുത്ത വർഗ്ഗക്കാരുടെ മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നത് ആനുപാതിക അന്തരത്തിന്റെ സൂചനയാകുവാനാണ് സാധ്യത.

യു എസ്സിലെ ആഫ്രിക്കൻ വംശജർക്കിടയിൽ കോവിഡ് ക്രമാതീതമായി പടർന്നുപിടിക്കുന്ന കാര്യം യുഎസ് പ്രസിഡണ്ട് തന്നെ സമ്മതിച്ചു കഴിഞ്ഞ കാര്യമാണ്. കോവിഡ് വ്യാപനം സ്വാഭാവിക പ്രതിഭാസമാണെങ്കിൽ പല സ്ഥലങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിൽപെട്ടവർ മാത്രം എന്തുകൊണ്ട് ആനുപാതികമായ സന്തുലിതാവസ്ഥയിൽ നിന്നും വളരെ ഉയർന്ന തോതിൽ മരണപ്പെടുന്നു? യു എസ് ഹോം ഡിപ്പാർട്ട്മെൻറ് ഇക്കാര്യത്തിൽ പഠനം നടത്തി കൊണ്ടിരിക്കുന്നു. പക്ഷേ ലഭ്യമായ വിവരങ്ങൾ പുറത്തുവിടാൻ ഇവർ തയ്യാറാകുന്നില്ല എന്നതും സംശയങ്ങൾ നിറഞ്ഞ ചോദ്യങ്ങൾ ഉയർത്തുന്നു. ഇക്കാര്യത്തിൽ വ്യക്തമായ പഠനറിപ്പോർട്ടുകളും ഔദ്യോഗിക നിർദ്ദേശങ്ങളും സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിക്കാത്തതു കാരണം ഈ വിഭാഗത്തിൽപ്പെട്ടവരിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്നാണ് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.

യൂറോപ്പിൽ പല രാജ്യങ്ങൾക്കുമെതിരെ സമാനമായ ആരോപണങ്ങൾ ഉയരുന്നെങ്കിലും സോഷ്യൽ കെയറിൽ പേരുകേട്ട ബ്രിട്ടനെതിരെ ഉയരുന്ന ആരോപണമാണ് ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ബ്രിട്ടന്റെ ജനസംഖ്യയുടെ 13 ശതമാനം ബ്ലാക്ക് ആൻഡ് മൈനോറിറ്റി എത്നിക് (BME) വിഭാഗത്തിൽപ്പെടുന്നവരാണ്. ബി.എം.ഇ. വിഭാഗത്തിൽപ്പെടുന്നത് കറുത്തവർഗക്കാരും മറ്റു ന്യൂനപക്ഷവിഭാഗങ്ങളുമാണ്. കോവിഡ്ബാധയേറ്റ് അതീവഗുരുതരാവസ്ഥയിൽ ആകുന്നവരിൽ ഭൂരിഭക്ഷവും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്നാണ് ഇന്റെൻസീവ് കെയർ നാഷണൽ ഓഡിറ്റ് ആൻഡ് റിസർച്ച്സെന്ററിന്റെ (ICNARC) പഠനങ്ങളിൽ പറയുന്നത്. ആരോഗ്യ സേവനമേഖലയിൽ പ്രവർത്തിക്കുന്ന ബി.എം.ഇ. വിഭാഗത്തിൽപ്പെടുന്നവർ രോഗബാധയേറ്റു മരിച്ചു വീഴുന്നതും ഏറെ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്.

പാകിസ്ഥാനിൽ വംശീയ ന്യൂനപക്ഷങ്ങൾക്ക് ലോക്ക്ഡൗൺ തുടങ്ങിയശേഷം ചികിത്സയോ ഭക്ഷണമോ കിട്ടുന്നില്ല എന്നകാര്യം ഏറെ വിവാദമുയർത്തിക്കഴിഞ്ഞു. റേഷൻകടകൾവഴി നൽകുന്ന ഭക്ഷണം ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്നു.നാലുശതമാനം മാത്രംവരുന്നതാണ് പാകിസ്താനിലെ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുൾപ്പെടെയുള്ള ന്യൂനപക്ഷവിഭാഗങ്ങൾ. കോവിഡ് വ്യാപനകാലത്തിനു മുൻപ്തന്നെ ന്യൂനപക്ഷപീഡനത്തിന് പേരുകേട്ട രാജ്യമാണ് പാകിസ്ഥാൻ. ന്യൂനപക്ഷവിഭാഗങ്ങളിലെ പെൺകുട്ടികളെ നിർബന്ധിച്ചു മതംമാറ്റി വിവാഹംകഴിക്കുന്നു എന്ന ആരോപണം ഈരാജ്യത്തിനുനേരെ നിരന്തരം ഉയരുന്നുണ്ട്. 2018 ൽ യു.എസ് പാകിസ്താനെ മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന രാജ്യം എന്ന നിലയിൽ കരിമ്പട്ടികയിൽ ചേർത്തിരുന്നു. ക്രിസ്ത്യൻ അഹമ്മദീയ ഹിന്ദു വിഭാഗങ്ങളെ പീഡിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനെ ഉൾപെടുത്തിയതായി പ്രഖ്യാപിച്ചത് അന്നത്തെ യു.സ് സെക്രട്ടറി മൈക്ക് പോംപിയോ ആണ്.

യുഎസ്സിന്റെ കരിമ്പട്ടികയിൽപെട്ടു എങ്കിലും പാകിസ്ഥാൻ നയം മാറ്റുവാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്നും നിരന്തരമായ ന്യൂനപക്ഷ പീഡനവാർത്തകൾ ആ രാജ്യത്തുനിന്നും പുറത്തുവന്നുകൊണ്ടിരുന്ന അവസരത്തിലാണ് കോവിഡ് വ്യാപനം ഉണ്ടാകുന്നതും, റേഷനറിയും ചികിത്സയും ഉൾപ്പെടെഉള്ള അടിസ്ഥാന സൗകര്യങ്ങൾപോലും ന്യൂനപക്ഷങ്ങൾക്കു നിഷേധിക്കുന്നതും. പകർച്ചവ്യാധികാലത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾകണ്ടിട്ടാണ് പാകിസ്താന്റെ പ്രമുഖ ക്രിക്കറ്റ്താരം ഡാനിഷ് കനേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളോട് പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിച്ചത്. പകർച്ചവ്യാധിവ്യാപനക്കാലത്തെ ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ മനുഷ്യാവകാശസംഘടനകളും ശബ്ദമുയർത്തുന്നുവെങ്കിലും പാകിസ്ഥാനിൽ അവയൊന്നും വേണ്ടത്ര ഫലം കാണുന്നില്ല.

ലോകത്തെമ്പാടുമുള്ള ഉൾനാടൻ ഗോത്രവിഭാഗങ്ങളും കടുത്ത കോവിഡ് വ്യാപനഭീഷണിയെയാണ് നേരിടുന്നത്. ഉൾനാടൻ വനങ്ങളിൽ വസിക്കുന്ന ഗോത്രവിഭാഗങ്ങൾക്കുപോലും കടുത്ത രോഗസാധ്യതയാണ് നിലനിൽക്കുന്നത്. ആമസോൺ വനമേഖലയിൽ കഴിയുന്ന യനോമാമി ഗോത്രവിഭാഗങ്ങൾക്കിടയിൽ കോവിഡ്ബാധ റിപ്പോർട്ടു ചെയ്യപ്പെട്ടുകഴിഞ്ഞു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഈ ഗോത്രവിഭാഗത്തിനിടയിൽ രോഗം എങ്ങനെവന്നു എന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്. ബ്രസീലിന്റെ അതിർത്തി മേഖലക്കുള്ളിലെ വനാന്തരത്തിലാണ് ഗോത്രവർഗ്ഗങ്ങൾക്കിടയിലെ കോവിഡ്ബാധ പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മുന്നൂറു ഗോത്രവിഭാഗങ്ങളിലായി 8,00,000 ജനങ്ങളുള്ള ഈ വിഭാഗത്തിനിടയിൽ രോഗം തീവ്രരൂപത്തിൽ പടർന്നുപിടിച്ചാൽ ലോകത്തിനു നഷ്ടമാകുക പ്രാചീനമായ ഒരു ജനവിഭാഗത്തെയായിരിക്കും.

ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലായി നിരവധി ആദിവാസി ഗോത്രവിഭാഗങ്ങളാണുള്ളത്. ഇന്ത്യയിലെ ആന്റമാൻ ദ്വീപസമൂഹങ്ങളിലെ ചില വിഭാഗങ്ങളെപ്പോലെ ഇവരിൽ പലരും പുറംലോകവുമായി ബന്ധപ്പെടുവാൻ താല്പര്യം കാണിക്കാത്തവരാണ്. ഇത്തരം ഗോത്രവിഭാഗങ്ങൾക്കിടയിൽ കോവിഡ് പടർന്നു പിടിക്കുകയാണെങ്കിൽ ചികിത്സ അസാധ്യമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ ഭയപ്പെടുന്നു.

പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങൾ എപ്പോഴും എവിടെയും അവഗണിക്കപ്പെടുന്നു എന്നാണ് ഈ കോവിഡ് പ്രതിസന്ധികാലവും നമ്മെ ഓർമിപ്പിക്കുന്നത്. വർണ്ണവും വംശവും ഗോത്രവും വിവേചനങ്ങളുടെ വിളനിലങ്ങൾ ആകുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു. പരിഷ്കൃതർ എന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യൻ സത്യത്തിൽ ആധുനികൻ ആണോ? വർണ വംശ വിവേചനങ്ങൾ ഇല്ലാതെ മനുഷ്യവംശത്തെ മഹാമാരി ആക്രമിക്കുമ്പോഴും സഹജീവികൾക്ക് വിവേചന ബുദ്ധിയോടെ ചികിത്സ നിഷേധിക്കുവാനും അന്നം മുടക്കുവാനും മനുഷ്യന് എങ്ങനെ കഴിയുന്നു? മാനവരാശി പൂർണ്ണമായും പ്രതിസന്ധി നേരിടുന്ന അവസരങ്ങളിൽ പോലും വിവേചന ചിന്തകളും ഒടുങ്ങാത്ത വിദ്വേഷവും വച്ചുപുലർത്തുന്ന മനുഷ്യൻ ഇനി എന്നാണ് ആത്മശുദ്ധി വരുത്തുക?