- dennyvattakunnel
- May 17, 2021
- Uncategorized
കോവിഡ് മൂന്നാം ലോകരാജ്യങ്ങളെ തകർക്കുമോ? ലോകത്തിനു സാന്ത്വന സ്പർശവുമായി ക്യൂബ.
വികസിത രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിൽ ലോകം സ്തബ്ദരായി നിൽക്കുമ്പോൾ നിശബ്ദനായ കൊലയാളി മൂന്നാം ലോകരാജ്യങ്ങളെ പൂർണമായും നശിപ്പിക്കും എന്ന് സന്ദേഹം പല ഗവേഷകരും ഉന്നയിക്കുന്നുണ്ട്. ആഭ്യന്തര കലാപങ്ങളും ദാരിദ്ര്യവും അരങ്ങുവാഴുന്ന പല മൂന്നാം ലോക രാജ്യങ്ങളുടെയും അവസ്ഥ ഒട്ടും ശുഭകരമല്ല. കോവിഡ് പ്രതിരോധിക്കാൻ കഴിയാത്ത ഇറാൻ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഉപരോധങ്ങങ്ങളാൽ നട്ടംതിരിയുന്ന ഈ രാജ്യം രോഗവ്യാപനം തടയുവാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലം കാണുന്നില്ല. ഉപരോധം അടിച്ചേൽപ്പിച്ചവർ ആ രാജ്യത്തിലെ ജനങ്ങളുടെ ജീവന്റെ സുരക്ഷയും മനുഷ്യത്വവും പരിഗണിച്ച് ഉപരോധം പിൻവലിക്കാനുള്ള സന്മനസ്സ് കാണിക്കുന്നുമില്ല. ഉപരോധങ്ങൾ സൃഷ്ടിച്ച സാമ്പത്തികമായ പിന്നോക്കാവസ്ഥയും ആരോഗ്യമേഖലയിലെ ശോചനീയ അവസ്ഥയും ഈ രാജ്യത്തെ പിടിച്ചുലയ്ക്കുന്നു . ശത്രുസ്ഥാനത്തു നിൽക്കുന്നവരിൽ ഒരു രാജ്യമായ സൗദി അറേബ്യ പ്രതിസന്ധിഘട്ടത്തിൽ നൽകിയ സഹായഹസ്തമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കോവിഡ് ലോകത്ത് നിലനിൽക്കുന്ന ശാക്തികചേരികളിൽ ഭാവിയിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കും എന്ന സൂചനയായാണ് സൗദി അറേബ്യയുടെ ഇറാനോടുള്ള അനുകമ്പ മനോഭാവത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.
ശുദ്ധജലം പോലും ആവശ്യത്തിനു ലഭ്യമല്ലാത്ത ഉത്തരകൊറിയ ഉരുക്കു മറയ്ക്കുള്ളിൽ കാര്യങ്ങൾ ഒതുക്കി നിർത്തുന്നുവെങ്കിലും ആ രാജ്യത്തിൻറെ നിലവിലെ അവസ്ഥ ഒട്ടും ശുഭകരമല്ല എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ആശുപത്രികളും കിടക്കകളും മരുന്നുകളും ലഭ്യമല്ലാത്ത ഈ രാജ്യത്ത് നിരവധി പേർ മരിച്ചു കഴിഞ്ഞതായാണ് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഉത്തരകൊറിയൻ അധികൃതർ പറയുന്നതാകട്ടെ തങ്ങളുടെ രാജ്യത്ത് ഒരു മരണം പോലും സംഭവിച്ചിട്ടില്ല എന്നാണ്. ചൈനയുമായി അതിർത്തി പങ്കിടുകയും നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ഉത്തരകൊറിയയിൽ ഒരു മരണവും സംഭവിച്ചിട്ടില്ല എന്ന അധികൃതരുടെ വാദം സംശയത്തിന് ഇടം നൽകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണകൊറിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രസക്തമാകുന്നത്. ചൈനയിൽ സംഭവിച്ചത് പോലെ ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും മരിച്ചാൽ പോലും ആ രാജ്യത്ത് കോവിഡ് വ്യാപന കാലത്ത് എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയുവാൻ പോകുന്നില്ല.
ലോകത്തിലെ പല നേതാക്കളും ചെപ്പടിവിദ്യകൾ കാട്ടി കോവിഡ് തങ്ങളുടെ രാജ്യത്തെ ബാധിച്ചിട്ടില്ല എന്ന് ലോകത്തെ അറിയിക്കാൻ നിരന്തരം ശ്രമിച്ചപ്പോൾ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ആയുധ പരീക്ഷണം നടത്തി ലോകത്തെ ഞെട്ടിക്കുകയാണുണ്ടായത്. ലോകം മുഴുവൻ ജീവൻ നിലനിർത്താൻ പോരാട്ടം നടത്തുമ്പോൾ ആയുധ പരീക്ഷണം നടത്തിയ ഉത്തരകൊറിയൻ ഏകാധിപതിയുടെ നടപടി ലോകം കടുത്ത ഉത്കണ്ഠയോടെ കൂടിയാണ് കാണുന്നത്. സാമ്പത്തിക ഉപരോധങ്ങളും പകർച്ചവ്യാധിയും തൻറെ വഴിയിലെ തടസ്സങ്ങളല്ല എന്ന് കിം ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. ലോകജനത വിറങ്ങലിച്ച് നിൽക്കുമ്പോൾ പോലും തൻറെ പ്രതികാരം മനോഭാവത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് കിം പരോക്ഷമായി പ്രഖ്യാപിക്കുകയായിരുന്നു. അവസരത്തെ മുതലെടുത്ത് കൊണ്ടുള്ള ആ പരോക്ഷ പ്രഖ്യാപനത്തിലൂടെ ഉത്തര കൊറിയൻ ഭരണാധികാരി ലോകത്തെ ബോധ്യപ്പെടുത്തിയത് മനുഷ്യവംശം ജീവനു വേണ്ടി പോരാട്ടം നടത്തുമ്പോഴും അവസരം മുതലെടുക്കുവാൻ വിവേക ബുദ്ധി ഇല്ലാത്ത യുദ്ധകൊതിയാൻമാരായ ഭരണാധികാരികൾ മിസൈലുകളുമായി കാത്തിരിക്കുന്നു എന്നാണ്. ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ കൂടുതൽ കലുഷിതമാക്കുവാൻ കിമ്മിനെപ്പോലെ മറ്റുചിലരും അണിയറയിൽ കാത്തിരിക്കുന്നുണ്ടാകാം. കിം പ്രത്യക്ഷത്തിൽ ആഗ്രഹിക്കുന്നത് മറ്റു പലരും രഹസ്യമായി ആഗ്രഹിക്കുന്നുണ്ടാകാം എന്നതാണ് ലോകം അതിജീവന പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ഏകാധിപത്യ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണി. ആർക്കും ആരെയും വിശ്വാസമില്ലാത്ത ഈ കോവിഡ് വ്യാപനകാലത്ത് നിരീക്ഷകർ ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എങ്കിൽ അതിൽ അവരെ കുറ്റം പറഞ്ഞട്ടു കാര്യമില്ല.
ആഭ്യന്തര വംശീയ കലാപങ്ങളും കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യക്ഷാമവും കുടിവെള്ളക്ഷാമവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയും ശുചിത്വമില്ലായ്മയും എയ്ഡ്സ് മുതൽ എബോള വരെയുള്ള പകർച്ചവ്യാധികളുടെ തിക്തഫലങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ അവസ്ഥയെ ലോകം ഉത്കണ്ഠയോടെ കൂടിയാണ് നോക്കിക്കാണുന്നത്. പ്രാഥമിക സൗകര്യങ്ങൾ പോലും അന്യമായ ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപകമാകുകയാണെങ്കിൽ ഇപ്പോൾ നിലനിൽക്കുന്ന ശോചനീയ അവസ്ഥ കൂടുതൽ പരിതാപകരമാകുവാനാണ് സാധ്യത. രോഗവ്യാപനം വികസിതരാജ്യങ്ങളിൽ സംഭവിച്ചതുപോലെ ദ്രുതഗതിയിൽ നടക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ തോതിലുള്ള കോവിഡ് മരണങ്ങൾക്കാകും ആഫ്രിക്കൻ ഭൂഖണ്ഡം സാക്ഷ്യം വഹിക്കുക. വികസിത രാജ്യങ്ങൾക്ക് പോലും അനിയന്ത്രിതമായ രോഗവ്യാപനത്തിന് തടയുവാൻ തങ്ങളുടെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ കൊണ്ട് കഴിഞ്ഞിട്ടില്ല. രോഗവ്യാപനം നടക്കുകയാണെങ്കിൽ ദരിദ്രരായ ആഫ്രിക്കൻ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ശവപ്പറമ്പാകുമെന്നു വിദഗ്ധർ വിലയിരുത്തുവാനുള്ള പ്രധാന കാരണവും ഇതാണ്. ആഫ്രിക്കൻ രാജ്യങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ആഫ്രിക്കൻ വൻകരയിലെ 40 മില്യൺ ജനങ്ങൾ കോവിഡ് ബാധയേറ്റു മരിക്കുമെന്ന ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ പഠനങ്ങളിൽ പറയുന്നു.
ദ്രുതഗതിയിലുള്ള രോഗ വ്യാപനവും കൂട്ടമരണങ്ങളും തകരുന്ന സമ്പദ്വ്യവസ്ഥയും ഭാവിയിൽ പല ആഫ്രിക്കൻ രാജ്യങ്ങളിലും അതിരൂക്ഷമായ ആഭ്യന്തര കലാപങ്ങൾക്കും രാഷ്ട്രീയ അസ്ഥിരതകൾക്കും കാരണമാകുമെന്നും ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പൊതുവെ ദുർബലമായ ആഫ്രിക്കൻ രാജ്യങ്ങൾ കോവിഡ് വ്യാപനം മൂലം തകർന്നടിയുകയാണെങ്കിൽ ഒരുയർത്തെഴുന്നേൽപ്പിന് ആ ജനത ദീർഘകാലം യത്നിക്കേണ്ടി വരും. ലോകത്തിലെ കോവിഡ് പകർച്ചവ്യാധിയുടെ ഏറ്റവും വലിയ ഇരകളായി ആഫ്രിക്കൻ ജനത മാറാതിരിക്കട്ടെ.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് ഏകാധിപത്യ സാമ്രാജ്യത്വം മുതലാളിത്ത മുഖം പുറത്തെടുത്ത് ലോകത്തെ വെട്ടിലാക്കിയ ചൈനയും, കുത്തക മുതലാളിത്തത്തിൻറെ മനുഷ്യത്വരഹിത മുഖം പുറത്തുകാട്ടിയ യുഎഎസും കോവിഡ് വ്യാപന കാലത്ത് ലോകത്തെ തീരാദുഃഖത്തിന്റെ പടുകുഴിയിലാക്കിയപ്പോൾ സ്നേഹത്തിൻറെ അപ്പോസ്തലന്മാരായത് കറപുരളാത്ത കമ്മ്യൂണിസത്തിന്റെ വക്താക്കളായ ക്യൂബയാണ്. ഭൗതികമായ അതിമോഹങ്ങളിലും ആർഭാടങ്ങളിലും മുങ്ങി താഴാത്ത ഈ കൊച്ചു രാജ്യമാണ് ചൈനയും ഇറ്റലിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ താങ്ങായി നിൽക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളെയും കുത്തക മുതലാളിത്ത ഭീഷണികളെയും പതിറ്റാണ്ടുകളായി വെല്ലുവിളിച്ചുകൊണ്ട് ആരോഗ്യപരിപാലനരംഗത്ത് തങ്ങൾ കൈവരിച്ച നേട്ടങ്ങൾ ലോകജനത പ്രതിസന്ധിയിൽ ആയപ്പോൾ അവർക്കായി പങ്കുവയ്ക്കുവാൻ ആ രാജ്യം ഏതൊരു മടിയും കാണിച്ചില്ല. കലങ്ങിമറിഞ്ഞ ലോക ആരോഗ്യ ഭൂപടത്തിൽ നിന്നും നേട്ടങ്ങൾ കൊയ്യുക എന്ന മുതലാളിത്ത അജണ്ട നടപ്പിലാക്കുവാൻ അവർ ആഗ്രഹിക്കുന്നുമില്ല. ആരോഗ്യപരിപാലനം ലോകത്ത് ജനിച്ചുവീഴുന്ന ഓരോ പൗരൻറെയും മൗലിക അവകാശമാണ് എന്ന പ്രഖ്യാപനത്തിൽ വിശ്വസിക്കുന്ന ക്യൂബയ്ക്ക് രോഗികളെ ഉപഭോക്താവായി കാണുവാനും അവരെ ചൂഷണം ചെയ്യുവാൻ താൽപ്പര്യവുമില്ല.
സത്യബോധത്തിൽ ഊന്നിയുള്ള ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിലാണ് ആ രാജ്യത്തിൻറെ പ്രഖ്യാപിത അജണ്ട നിലനിൽക്കുന്നത്. തങ്ങളെ മിത്രങ്ങളായി കാണുന്ന രാജ്യങ്ങൾക്കും ശത്രുക്കളായി കാണുന്ന രാജ്യങ്ങൾക്കും ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ എക്കാലവും ക്യൂബ താങ്ങും തണലും ആകുന്നു. ലോകത്ത് പതിനായിരങ്ങൾ മരിച്ചു വീഴുമ്പോൾ പ്രതിരോധമരുന്നിന്റെ പേറ്റൻറ് സ്വന്തമാക്കുവാൻ ശ്രമിച്ചവർക്ക് പോലും അവർ പ്രതിസന്ധി ഘട്ടത്തിൽ സഹായഹസ്തം വാഗ്ദാനം ചെയ്യുന്നു. ക്യൂബ പ്രകടിപ്പിക്കുന്ന ഈ വിശാലമനസ്കതയ്ക്ക് ലോകജനത ആ കൊച്ചുരാജ്യത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല.
സ്വന്തം രാജ്യത്ത് കോവിഡ് റിപ്പോർട്ട്ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ലോകത്തിനാകമാനം ക്യൂബ സഹായഹസ്തം നീട്ടിയത്. ചൈനയും ഇറ്റലിയും ഉൾപ്പെടെ 37 രാജ്യങ്ങൾക്കാണ് അവർ ഈ ഘട്ടത്തിൽ സേവനം നൽകുന്നത്. ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. നിലവിൽ എബോള ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു പിടിച്ച ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ 55 രാജ്യങ്ങൾക്ക് തങ്ങളുടെ വിദഗ്ധ വൈദ്യ സേവനം ക്യൂബ നൽകി വരുന്നുണ്ട്. എബോള നിയന്ത്രിക്കുവാൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കഴിഞ്ഞതിൻറെ പ്രധാനകാരണവും ക്യൂബയുടെ അവസരോചിതമായ ഇടപെടലുകളാണ്. കോവിഡ് ബാധിതരെയും വഹിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് ആഡംബര കപ്പലിനു കരീബിയൻ രാഷ്ട്രങ്ങൾ നങ്കൂരമിടാൻ അനുമതി നിഷേധിച്ചപ്പോൾ ആ കപ്പലിലുള്ളവർക്ക് അഭയം നൽകിയതും ചികിത്സ നൽകിയതും ക്യൂബയാണ്.
1959ൽ പതിനായിരം ആളുകൾക്ക് ഒരു ഡോക്ടറാണ് ക്യൂബയിൽ ഉണ്ടായിരുന്നത്. പാശ്ചാത്യ ഉപരോധങ്ങളും അവഗണനകളും തൃണവൽക്കരിച്ച് കൊണ്ട് മുന്നേറിയ ക്യൂബയിൽ ഇന്ന് പതിനായിരം പേർക്ക് 89.9 ഡോക്ടർമാരുണ്ട്. എന്നാൽ യുഎസിന്റെ നിലവിലെ അനുപാതം പതിനായിരം ആളുകൾക്ക് 25.9 മാത്രമാണ്. ഒരു ഡോക്ടറെ ക്യൂബ് സൃഷ്ടിക്കുന്നത് ധനസമ്പാദനത്തിനല്ല, വ്യക്തിയുടെ സേവനസന്നദ്ധത ആണ് പ്രധാന മാനദണ്ഡം. രാജ്യത്തെയും ലോകത്തെയും സേവിക്കാനുള്ള സന്നദ്ധ സന്നദ്ധത ഉള്ള ആൾ ആയിരിക്കണം വൈദ്യശാസ്ത്രം പഠിക്കേണ്ടത്. ഈ ഒരു ചിന്താഗതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് ക്യൂബയുടെ ആരോഗ്യ സേവനരംഗത്ത് ഇന്ന് കാണുന്ന മൂല്യാധിഷ്ഠിത വളർച്ചയുടെ പ്രധാന കാരണം.
നിരന്തരമായ കഠിന പ്രയത്നത്തിലൂടെ ക്യൂബ ഈ നേട്ടം സ്വന്തമാക്കിയത് സ്വന്തം നാടിനു വേണ്ടി മാത്രമല്ല ആരോഗ്യ പ്രതിസന്ധികളിൽ ലോകത്തെ നയിക്കാൻ കൂടിയായിരുന്നു. ഏതൊരു കച്ചവട താല്പര്യവും ഇല്ലാതെ അവർ കാലാകാലങ്ങളായി തങ്ങളുടെ സേവനം ഗ്ലോബൽ ഹെൽത്ത് ക്രൈസിസ് റെസ്പോൺസ് എന്ന സംവിധാനത്തിലൂടെ നിർവഹിച്ചുകൊണ്ടിരിക്കുന്നു. ആ മാനവസേവ നാളെയും തുടരും.ചുരുക്കിപ്പറഞ്ഞാൽ ലോകം ആരോഗ്യ പ്രതിസന്ധി നേരിട്ടുകൊണ്ടു ജീവൻമരണ പോരാട്ടം നടത്തുന്ന അവസരങ്ങളിൽ ദൈവ വിശ്വാസമില്ലാത്തവരുടെ നാട് ദൈവരൂപത്തിൽ ലോകത്തിനു മുന്നിൽ സഹായഹസ്തവുമായി നിൽക്കുന്നു. അതാണ് ക്യൂബ! ലോകരാജ്യങ്ങൾ കണ്ടുപഠിക്കേണ്ട മാതൃക !
ഉരുക്കു മറയ്ക്കുള്ളിൽ സത്യങ്ങൾ കുഴിച്ചു മൂടിയ ശേഷം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് തൻറെ സാമ്രാജ്യത്വ മോഹത്തിലധിഷ്ഠിതമായ കുത്തക മുതലാളിത്തം ലോകത്തിനു മുകളിൽ അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയിലെ ഷി ജിൻ പിങും, ആഗോള കുത്തക മുതലാളിത്ത കിരീടം വിട്ടുകൊടുക്കാൻ വൈമനസ്യം കാണിക്കുന്ന കുത്തക ഭീമന്മാരുടെ തോഴനായ ട്രംപും, മഹാമാരി പടർന്നു പിടിക്കുമ്പോഴും ജനങ്ങളോട് ആഘോഷങ്ങൾ ഉപേക്ഷിക്കരുതെന്ന് പറഞ്ഞ ഇറ്റാലിയൻ നേതാക്കളും കോവിഡ് വ്യാപനം തങ്ങളെ ബാധിച്ചിട്ടില്ല എന്ന പ്രതീതി ഉളവാക്കാൻ ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിലും പ്രസിഡൻറ് ആകാൻ ശ്രമിക്കുന്ന റഷ്യൻ പ്രസിഡണ്ട് പുടിനും തൻറെ രാജ്യത്ത് ഒരു കോവിഡ് രോഗി പോലുമില്ലെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നും ലോകജനതയ്ക്ക് പ്രതീക്ഷകൾ അല്ല നിരാശയും ഭയവും ആണ് നൽകുന്നത്. തങ്ങളെ ഭരിക്കുന്ന ഭരണാധികാരികൾ പ്രതിസന്ധിഘട്ടത്തിൽ തങ്ങളിൽ നിന്നും ഏറെ അകലെയാണ് എന്ന് ലോകജനത തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കോവിഡ് വൈറസ് മരണങ്ങൾക്കൊപ്പം ലോക രാഷ്ട്രീയ-സാമ്പത്തിക ഭൂപടം മാറ്റിമറിക്കുമെന്ന് ഗവേഷകർ പറയുന്നത് ജനങ്ങൾ ഈ തിരിച്ചറിവ് നേടിതുങ്ങിയതുകൊണ്ടാണ്. കോവിഡ് ഉയർത്തുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ പലരാജ്യങ്ങളിലെയും ഭരണകൂടങ്ങളിൽ മാറ്റം വരുത്തുവാനാണു സാധ്യത. ആ മാറ്റങ്ങൾ ലോകജനതക്ക് അനുകൂലമാകുമോ പ്രതികൂലംമാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യവും. പ്രത്യേകിച്ചും ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ അരങ്ങുവാഴുന്ന ഈ കോവിഡ് വ്യാപന കാലത്ത്…