കോവിഡ് -19 എവിടെ നിന്നും? എങ്ങനെ? ആര് പറയുന്നത് സത്യം?

മഹാമാരികൾ ലോകത്തെ കീഴടക്കുന്നത് ഇന്നും ഇന്നലെയുമല്ല. നരവംശ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പല രൂപത്തിലും ഭാവത്തിലും അവ നമ്മുടെ പൂർവ്വികരെ കൊന്നൊടുക്കിയിട്ടുണ്ട്. ആധുനിക മനുഷ്യൻ ബൗദ്ധിക വികാസം പ്രാപിക്കുകയും ആധുനിക വൈദ്യശാസ്ത്ര ശാഖ രൂപംകൊള്ളുകയും ചെയ്തതോടെ വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രക്രിയകളിലൂടെ നമുക്ക് പൂർണമായോ ഒരുപരിധിവരെയോ അവയിൽ പലതിനെയും ഉന്മൂലനം ചെയ്യുവാനോ നിയന്ത്രിക്കുവാനോ കഴിയുമായിരുന്നു.

ഇന്ന് കോവിഡ് 19 എന്ന മഹാമാരി ലോകമാകമാനം മനുഷ്യ മനുഷ്യജീവനെടുത്തുകൊണ്ട്താണ്ഡവമാടുമ്പോൾ നാം ഇന്നുവരെ ആർജ്ജിച്ചെടുത്ത ആരോഗ്യപരിപാലന രോഗപ്രതിരോധ സംവിധാനങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന ചിന്ത ഉയർന്നുവരിക സ്വാഭാവികം. ആരോഗ്യപരിപാലനരംഗത്ത് സമ്പൂർണ സുരക്ഷിതത്വ അവകാശപ്പെട്ടിരുന്ന വികസിത രാജ്യങ്ങളേയും, സാമ്പത്തികആരോഗ്യ മേഖലകളിൽ പിന്നോക്കാവസ്ഥയിലുള്ള വികസ്വര രാജ്യങ്ങളേയും എന്തുകൊണ്ടാണ് ഈ മഹാമാരി ഒരുപോലെ വേട്ടയാടുന്നത്? മുൻകാലങ്ങളിൽ പകർച്ചവ്യാധികളെ തടയാൻ ഫലപ്രദമായ നടപടികൾ എടുത്തിരുന്ന ലോകരാജ്യങ്ങൾക്ക് ഇപ്പോൾ എന്തുകൊണ്ട് പിഴവ് സംഭവിച്ചു? ആരൊക്കെയാണ് ആ പിഴവിന് ഉത്തരവാദികൾ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ നമുക്ക് മുന്നിൽ ഉയർത്തിക്കൊണ്ടാണ് കോവിഡ് 19 എന്ന മഹാമാരി അനുദിനം ലോകം കീഴടക്കി കൊണ്ടിരിക്കുന്നത്.

ചൈനയിൽ ഡിസംബർ 8ന് കൊറോണ വിഭാഗത്തിപ്പെട്ട കോവിഡ് 19 വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതോടെയാണ് ലോകത്തെ കീഴടക്കുവാൻ പുതിയൊരു മഹാമാരി കൂടി എത്തിയതായി ലോകം സ്ഥിതീകരിച്ചത്. ഈ പ്രഖ്യാപനത്തിനു മുൻപ് തന്നെ ചൈനയിൽ നടക്കുന്ന രക്ഷാ പ്രവർത്തനത്തെപ്പറ്റിയും രോഗവ്യാപനത്തെപ്പറ്റിയും മരണസംഖ്യയെപ്പറ്റിയും നിരവധി അനൗദ്യോഗിക റിപ്പോർട്ടുകൾ ചൈനയിൽ നിന്നും പുറത്തുവന്നുകൊണ്ടിരുന്നു. ചൈനയിലെ ഹൂബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ്കോവിഡ് 19 വൈറസിൻറെ വ്യാപനം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾക്ക് പുറമേ ഈ വൈറസ് നഗരത്തിലെ മത്സ്യമാർക്കറ്റിൽ നിന്നും ഉത്ഭവിച്ചതാണെന്നും അതല്ല വുഹാൻ നഗരത്തിൽ ചൈനയ്ക്ക് രഹസ്യ ജൈവആയുധ ഗവേഷണസ്ഥാപനങ്ങൾ ഉണ്ടെന്നും അവിടെ നിന്നുമാണ് വൈറസിൻറെ ഉത്ഭവമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നുകൊണ്ടിരുന്നു.

മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങളുള്ള ചൈനയിലെ സൗത്ത്ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത് വിശ്വസിക്കാമെങ്കിൽ നവംബർ മാസത്തിൽ തന്നെ ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു എന്നാണ്. നവംബർ 17ന് ഹൂബൈ പ്രവിശ്യയിലെ 55 വയസ്സ് പ്രായമുള്ള ഒരാൾ അസാധാരണ രോഗവുമായി ചികിത്സ തേടിയതായും രോഗനിർണയം അസാധ്യമായതായും തുടർന്ന് 39നും 79നും ഇടയിൽ പ്രായമുള്ള അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഇതേ ലക്ഷണങ്ങളുമായി ചികിത്സതേടിതായും ചൈനയുടെ തന്നെ പത്രം പറയുന്നു. ആരോഗ്യവകുപ്പിലെ രേഖകളെ ഉദ്ധരിച്ചാണ് അവർ ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഡിസംബർ 1ന് കോവിഡ് ബാധിച്ച ഒരു രോഗി ചികിത്സതേടി എത്തിയിരുന്നതായി ചൈനീസ് ഡോക്ടർമാരുടെ മെഡിക്കൽ ജേർണലായ ലാൻസെറ്റും പറയുന്നുണ്ട്. ഈ രണ്ട് വാദങ്ങളും വിശ്വസിക്കാമെങ്കിൽ ചില കാര്യങ്ങൾ വ്യക്തമാണ്. ചൈനയിലെ വൈറസ് ബാധയെ ആരോഗ്യവകുപ്പിന് യഥാസമയം കണ്ടെത്താനോ നിയന്ത്രിക്കാനോ കഴിഞ്ഞിരുന്നില്ല. പകർച്ചവ്യാധിയുടെ ഗുരുതരാവസ്ഥ ലോകത്തിന്റെ മുന്നിൽ നിന്നും മറച്ചുവയ്ക്കുവാനായിരുന്നു അവർക്ക് താല്പര്യം. ചൈന അങ്ങനെയൊരു നീതികേട്‌ ലോകത്തോട് കാണിച്ചില്ലായിരുന്നുവെങ്കിൽ ലോകരാജ്യങ്ങൾക്ക് ഒരുപരിധിവരെയെങ്കിലും പ്രതിരോധ നിയന്ത്രണമാർഗ്ഗങ്ങൾ കൈക്കൊള്ളുവാൻ കഴിയുമായിരുന്നു.

കോവിഡ് എന്ന എന്ന മഹാമാരി സർവശക്തനായ ഒരു സംഹാരരൂപമാണെന്നും കാട്ടുതീപോലെ ഈ മഹാമാരി ചൈനയിലും ലോകമകമാനമായും പടർന്നുപിടിക്കുമെന്നും ദ്രുതഗതിയിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ മനുഷ്യചിന്തയ്ക്കപ്പുറം ഭയാനകമായിരിക്കും കാര്യങ്ങളെന്ന് പരസ്യമായി മുന്നറിയിപ്പ് നൽകുവാൻ ആദ്യമായി മുന്നോട്ടുവന്നത് ഡോക്ടർ ലീ വെൻലിയാങ് എന്ന നേത്രരോഗവിദഗ്ധനാണ്. ഈ മഹാമാരി ലോകത്തെ പൂർണമായും കീഴടക്കുമെന്ന ഡോക്ടറുടെ വാക്കുകളെ മുഖവിലയ്ക്കെടുത്ത്‌ അടിയന്തര നടപടികൾ കൈകൊള്ളുന്നതിനും ലോകാരോഗ്യ സംഘടനയെ വിവരം അറിയിക്കുന്നതിനുംപകരം അദ്ദേഹത്തെ ‘അജ്ഞാതവാസത്തിലാക്കുകയാണ്’ ചൈന ചെയ്തത്. മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റിലൂടെ ഡിസംബർ മാസത്തിൽ സഹപ്രവർത്തകർക്ക് ലീ നൽകിയ മുന്നറിയിപ്പാണ് ലോകശ്രദ്ധ ചൈനയിലേക്ക് തിരിയുവാൻ കാരണമായത്. ഈ മുന്നറിയിപ്പിനെ തുടർന്ന് ‘പൊറുക്കാനാവാത്ത രാജ്യദ്രോഹകുറ്റം’ ചുമത്തപ്പെട്ട ലീയെക്കുറിച്ചു ഒരു മാസക്കാലം ആർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല.തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് ലീ ഗവൺമെൻറിനോട് മാപ്പപേക്ഷിച്ചതായി എന്ന വാർത്തയും ഇടയ്ക്ക് പുറത്തുവന്നു. അതിനുശേഷം ലോകം അദ്ദേഹത്തെക്കുറിച്ചറിയുന്നത് ഫെബ്രുവരിയിലായിരുന്നു. അതൊരു ദുരന്ത വാർത്തയായിരുന്നു. കോവിഡ് വൈറസിന്റെ സംഹാരശേഷി ലോകത്തെ ആദ്യമായി അറിയിക്കുവാൻ ശ്രമിച്ച ഡോക്ടർ ലീ ആ രോഗം ബാധിച്ച് മരിച്ചിരിക്കുന്നു!

കോവിഡ് വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമെന്നതിമെന്നതിനു ഏതൊരു തെളിവും ലഭിച്ചിട്ടില്ല എന്ന് ചൈനയുടെ അറിയിപ്പ് ജനുവരി 14നാണ് ലോകാരോഗ്യസംഘടന പുറത്തുവിടുന്നത്. ലീ പറഞ്ഞ കാര്യങ്ങൾക്കു നേർവിപരീതമായിരുന്നു ആ അറിയിപ്പ്.അനൗദ്യോഗിക ഉറവിടങ്ങൾ പുറത്തുവിട്ട വാർത്തകളായിരുന്നു സത്യമെന്ന് ലോകത്തിന് ബോധ്യപ്പെടുന്നത് കോവിഡ് ഭൂഖണ്ഡങ്ങളെ കീഴടക്കിതുടങ്ങിയപ്പോഴാണ്. ജനുവരി 21നാണ് കോവിഡ് വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് ചൈനയുടെ ആരോഗ്യ കമ്മീഷൻ ആദ്യമായി സമ്മതിക്കുന്നത്. അപ്പോഴേക്കുംആയിരങ്ങൾക്ക് രോഗം ബാധിച്ചു കഴിഞ്ഞിരുന്നു.അതുവരെ വുഹാൻ നഗരത്തിൽ പറയത്തക്ക നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തെരുവുകളിൽ ഒത്തുചേരലുകളും ആഘോഷങ്ങളുമെല്ലാം നിർബാധം നടന്നു കൊണ്ടിരുന്നു. രോഗവ്യാപനം ഇല്ല എന്ന് സ്വജനതെയെയും ലോകത്തെയും അറിയിക്കുവാൻ ഭരണകൂടം നടത്തിയ ബോധപൂർവ്വമായ പ്രവർത്തനങ്ങൾ തന്നെയാകണം ഈ ഒത്തുചേരലുകൾക്ക് പിന്നിലുള്ള പ്രേരകശക്തി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊവിഡുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾപോലും ഒരവ വസരത്തിൽ ചൈന നിർത്തിവെച്ചതായും പലർക്കും ആ സന്ദർഭത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായും ന്യൂയോർക്ക് ടൈംസും നാഷണൽ റിവ്യൂവും ഉൾപ്പെടെയുള്ള നിരവധി മാധ്യമങ്ങൾ ആശങ്കയോടും സംശയത്തോസംശയത്തോടുംകൂടി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൈന ഔദ്യോഗികമായി കോവിഡിന്റെ വ്യാപനം സമ്മതിക്കുവാനും പ്രഖ്യാപിക്കുവാനും സമയമേറെയെടുത്തു. ഇക്കാലയളവിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ ചൈനയിലേക്കും ചൈനയിൽ ഉള്ളവർ ലോകത്തിൻറെ വിവിധഭാഗങ്ങളിലേക്കും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും പരിമിതികൾ കൽപ്പിക്കുന്ന കേന്ദ്രീകൃത ഭരണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ചൈന എക്കാലവും തങ്ങളുടെ ആഭ്യന്തര കാര്യങ്ങൾ ലോകത്തിനുമുന്നിൽ മറച്ചുവയ്ക്കുന്ന ഒരു രാജ്യമാണ്. അതുകൊണ്ട് തന്നെയാണ് നിഷ്പക്ഷ നിരീക്ഷകരും ലോക മാധ്യമങ്ങളും ചൈനയെ സംശയദൃഷ്ടിയോടെ കാണുന്നതും. വാണിജ്യ വ്യവസായ ആവശ്യങ്ങൾക്കായി നിരന്തരം ലോകവുമായി ബന്ധപ്പെടുന്ന ഈ രാജ്യം പകർച്ചവ്യാധിയെ കുറിച്ച് ആദ്യമേ തന്നെ എന്തുകൊണ്ട് ലോകത്തിന് വ്യക്തമായ മുന്നറിയിപ്പ് നൽകിയില്ല? മാസങ്ങളോളം ഇരുമ്പു മറയ്ക്കുള്ളിൽ ഇരുന്നുകൊണ്ട് ഈ വൈറസിനെ നിയന്ത്രിക്കുവാൻ അവർ കൈകൊണ്ട നടപടികൾ എന്തൊക്കെയാണ്? എന്തുകൊണ്ട് ആദ്യഘട്ടത്തിൽത്തന്നെ മറ്റു രാജ്യങ്ങളുമായുള്ള ഗതാഗതം താൽക്കാലികമായെങ്കിലും വിച്ഛേദിച്ചില്ല? ലോകം മുഴുവൻ അതിവേഗം പകർന്ന മഹാമാരി എന്തുകൊണ്ട് ചൈനയിലെ മറ്റു നഗരങ്ങളെയും ഗ്രാമങ്ങളെയും ബാധിച്ചില്ല? ഏത് വിധത്തിലാണ് വ്യാപനത്തെ ചൈന മാസങ്ങളോളം പ്രതിരോധിച്ചത്? വിമർശകരുടെ ചോദ്യങ്ങൾക്കുമുന്നിൽ ചൈന എന്തുകൊണ്ട് മൗനം പാലിക്കുന്നു? ലോകത്തെ മൊത്തത്തിൽ പ്രതികൂലമായി ബാധിച്ച ഒരു പകർച്ചവ്യാധി ആയിരുന്നിട്ടുകൂടി ചൈന എന്തുകൊണ്ട് ലോകത്തിനു മുമ്പിൽ പലകാര്യങ്ങളും ഒളിച്ചു വയ്ക്കുന്നു?

ലോകം മുഴുവൻ കീഴടക്കുവാൻ ശക്തിയുള്ള കോവിഡ് വൈറസ് ചൈനയുടെ ജൈവ ആയുധമാകാൻ സാധ്യതയുണ്ട് എന്ന സംശയം പ്രകടിപ്പിച്ചത് ഇസ്രയേൽ മുൻ സൈനിക ഇൻറലിജൻസ് ഓഫീസർ ഡാനി ഷൊഹത് ആണ്. വാഷിംഗ്ടൺ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഏറെ ആശങ്ക ഉളവാക്കുന്ന ഈ ആരോപണം ഉന്നയിച്ചത്. തുടർന്ന് പലരും ഈ സംശയം ഉന്നയിക്കുകയുണ്ടായി. എന്നാൽ തങ്ങളുടെ രാജ്യത്തെ നശിപ്പിക്കാനായി യുഎസ് തങ്ങളുടെ രാജ്യത്തേക്ക് കടത്തിവിട്ട വൈറസ് എന്നായിരുന്നു ചൈനയുടെ ആരോപണം.വ്യക്തമായ തെളിവുകളില്ല ഇല്ലാത്ത കാലത്തോളം ആ രാജ്യത്തെ സംശയത്തിന് ദൃഷ്ടിയിൽ നിർത്താം എന്നല്ലാതെ ആരോപണങ്ങളെ പൂർണമായും അംഗീകരിക്കുന്നത് ചൈന എന്ന രാജ്യത്തിലെ ജനങ്ങളെ അപമാനിക്കുന്നതിനു ഒറ്റപ്പെടുത്തുന്ന തുല്യമാണ്. സംശയങ്ങൾ ഉന്നയിക്കുന്നതിനോടൊപ്പം സംശയനിവാരണത്തിന് തെളിവുകൾ കണ്ടെത്തുവാനുള്ള ഉത്തരവാദിത്വം അന്താരാഷ്ട്ര സംഘടനകൾക്കും മാധ്യമങ്ങൾക്കും ഉണ്ടാകണം. ജൈവ ലാബിൽ നിന്നും പുറത്തു വന്നതായാലും മത്സ്യമാർക്കറ്റിൽ നിന്ന് പുറത്തു വന്നതായാലും ലോകത്തെ ഗ്രഹണം പോലെ വിഴുങ്ങുന്ന ഈ മഹാമാരിയുടെ ഉറവിടത്തെപറ്റി തെളിവുകളോടെ വ്യക്തത വരുത്തുവാനുള്ള ബാധ്യത ചൈനക്കുമുണ്ട്. ഇക്കാര്യത്തിൽ അവർ അമാന്തം കാണിക്കുന്ന കാലം സംശയാസ്പദമായ റിപ്പോർട്ടുകൾ ആവർത്തിച്ചുകൊണ്ടിരിക്കും. അതിനു ചൈനയിലെ ഭരണകൂടം ആഭ്യന്തര അന്താരാഷ്ട്ര മാധ്യമങ്ങളെയും രാജ്യങ്ങളെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആരോപണം ഉന്നയിക്കുമ്പോൾ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത് ആരോപണ കർത്താവല്ല ആരോപണ വിധേയരാണ് എന്ന കാര്യം ചൈന ഉൾക്കൊള്ളണം. തങ്ങൾ നിരപരാധി ആണെങ്കിൽ ചൈന അത് തെളിയിക്കട്ടെ. അതാണ് സ്വന്തം ജനതയോടും ലോകജനതയോടും ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം പുലർത്തേണ്ട അന്താരാഷ്ട്ര മര്യാദ.

ജൈവആയുധം എന്ന അടിസ്ഥാനരഹിതവും തെളിവുകൾ ഇല്ലാത്തതുമായ ആരോപണം മാറ്റിനിർത്തിയാൽ പോലും നിഷ്പക്ഷ നിരീക്ഷകർ ചൈനയെ സംശയമുനയിൽ നിർത്തുന്നതിൽ ചില കാര്യങ്ങളുണ്ട്. ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ വെമ്പൽകൊള്ളുന്ന ചൈനയ്ക്ക് അതിവേഗം പടർന്നു പിടിക്കുന്ന ഈ പകർച്ചവ്യാധി ഒരു വലിയ മാർഗ്ഗതടസ്സം ആണ്. തങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുവാൻ ഉള്ളതാണ് കോവിഡ് മഹാമാരിയെന്ന് അവർ തിരിച്ചറിഞ്ഞിരിക്കാം. പിടിച്ചുകെട്ടാൻ കഴിയാത്ത ഈ പകർച്ചവ്യാധിയുടെ വിവരം പുറത്തറിഞ്ഞാൽ ലോകം തങ്ങളെ ഒറ്റപ്പെടുത്തിയേക്കാം. ആഗോളതലത്തിൽ ആർജിച്ചെടുത്ത ഭീമമായ വാണിജ്യ വ്യാപാരത്തിന് തിരിച്ചടികൾ നേരിടാം. ലോകത്തിനുമേൽ തങ്ങൾ പതിറ്റാണ്ടുകളുടെ പ്രയത്നത്താൽ ആസൂത്രിതമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സാമ്രാജ്യത്വ മേൽകോയ്മ പൂർണമായും തന്നെ തകരാം.ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്വപ്നം വിദൂരതയിൽ അവസാനിച്ചേക്കാം.

മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങൾ നിരന്തരം പരാജയപ്പെട്ടപ്പോൾ മാവോയുടെ ‘ജനകീയ സ്നേഹത്തിൻറെ’ അന്തസ്സത്ത ഉൾക്കൊണ്ട് തന്നെയായിരിക്കാം അവർ തീരുമാനങ്ങൾ കൈക്കൊണ്ടത്. സ്വന്തം രാജ്യത്തിലേയും മറ്റു രാജ്യങ്ങളിലെയും ഒരു വിഭാഗം ജനങ്ങൾ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെട്ടാലും ലോകത്തിലെ വരുംകാല ആദ്യ സാമ്പത്തിക ശക്തി എന്ന സ്വപ്നത്തിനാണ് ചൈന മുൻതൂക്കം നൽകിയത് എന്ന് പറഞ്ഞാൽ അതിലെന്താണ് അതിശയോക്തി? കൈവിട്ട വൈറസാണ് കോവിഡ് എന്ന് ചൈന ലോകത്തോട് ആദ്യമേ വിളിച്ച് പറഞ്ഞിരുന്നുവെങ്കിൽ ലോകത്തിലെ മരണനിരക്ക് ഇതിലും കുറയുമായിരുന്നു. പക്ഷേ അതുണ്ടാകില്ല. കാരണം ആ രാജ്യത്തിൻറെ പേര് ചൈന എന്നാണ്.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ചപ്പോഴും നവ മുതലാളിത്തത്തെ മുറുകെപ്പിടിച്ചപ്പോഴും അവയുടെ മാനുഷിക മൂല്യങ്ങളെ ആ രാജ്യത്തെ ഭരണകൂടം ഒരിക്കലും പിന്തുടർന്നില്ല. മറിച്ച് കേന്ദ്രീകൃത കമ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രീയ സംവിധാനത്തിലും നവ മുതലാളിത്ത ജനവിരുദ്ധ കാടത്ത സാമ്പത്തിക നയങ്ങളിലും ഉറച്ചുനിന്നുകൊണ്ട് സൃഷ്ടിച്ചെടുത്ത ഭൂമികയിൽ അധിഷ്ഠിതമായ ഒരു ഏകീകൃത ഏകാധിപത്യ മുതലാളിത്ത സാമ്പത്തിക മേൽക്കോയ്മ തങ്ങളുടെ നേതൃത്വത്തിൽ ലോകത്തിനുമേൽ സ്ഥാപിച്ചെടുക്കാനാണ് അവർക്ക് താല്പര്യം. ആ താൽപര്യ സംരക്ഷണത്തിനായി ചൈനീസ് ഭരണകൂടം നടത്തിയ ശ്രമങ്ങളാണ് ആ ജനതയേയും ലോക ജനതയേയും മരണത്തിൻറെ വാരിക്കുഴികളിലേക്ക് തള്ളിവിട്ടത്. സാമ്പത്തിക ദുരാഗ്രഹത്തിനു മുന്നിൽ മനുഷ്യജീവന് യാതൊരു വിലയും ഇല്ലെന്ന സത്യത്തിലേക്കാണ് കോവിഡിന്റെ ചൈനയിലെ ഉത്ഭവ വ്യാപനക്കാലം സാധാരണ മനുഷ്യരായ നമുക്ക് മുന്നറിയിപ്പു നൽകുന്നത്.ഏറെ നിരാശ നിറഞ്ഞ മുന്നറിയിപ്പ്. മഹാമാരിയുടെ ലോക വ്യാപനത്തിൽ ആദ്യപിഴവുകൾ ചൈനാക്കാണെങ്കിലും മറ്റു ചില രാജ്യങ്ങളുടെ നിരുത്തരവാദിത്തസമീപനങ്ങളും തള്ളിക്കളയുവാനാകില്ല. ആ വസ്തുതകൾ അടുത്ത ഭാഗത്തിൽ.

മരണം പതിയിരിക്കുന്ന വഴിയിടങ്ങളിൽ ആഘോഷങ്ങളിൽ ആറാടി യൂറോപ്പ് ! (അടുത്ത ഭാഗം)