കുത്തകകൾക്കായി വക്കാലത്തുമായി ട്രംപ്, ബിസിനസ്സുകാരൻ രാഷ്ട്രനേതാവായപ്പോൾ…

കഴിഞ്ഞവർഷം ഫ്ലൂ ബാധിച്ചു നമ്മുടെ നാട്ടിൽ ആയിരക്കണക്കിന് ആൾക്കാർ മരിച്ചില്ലേ? അന്ന് നമ്മുടെ രാജ്യം പൂട്ടിയിട്ടില്ലല്ലോ? വാഹന അപകടങ്ങളിൽ നിരവധി ആളുകൾ മരിക്കാറില്ലേ? അതുകൊണ്ട് വാഹന നിർമാണം നിർത്തിവയ്ക്കാൻ നമ്മൾ പറയുമോ? കാർ നമ്മൾ ഉപേക്ഷിക്കുമോ? ഈ ചോദ്യങ്ങൾ ഉന്നയിച്ചത് ശരാശരി ബൗദ്ധിക നിലവാരത്തിൽ താഴെയുള്ള ഒരു മനുഷ്യനല്ല, ഏകാധിപത്യ രാജ്യത്തിലെ ഒരു ജനവിരുദ്ധനായ ഭരണാധികാരിയും അല്ല, ലോകത്തെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ യുഎസ് പ്രസിഡൻന്റിന്റെ വാക്കുകളാണിത്.

കോവിഡ് നിയന്ത്രണങ്ങൾ ഈസ്റ്ററിന് മുന്നേ ഉപേക്ഷിക്കണമെന്ന വാദത്തെ സാധൂകരിക്കാൻ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഈ വാദം ഉന്നയിക്കുമ്പോൾ ആ വായ്ത്താരികൾ കേട്ട് ലോകവും യു എസ്‌ ജനതയും പകച്ചുനിന്നു. കാരണം യുഎസിൽ കോവിഡ് പകർച്ചവ്യാധിയുടെ വ്യാപനം ആയിരത്തിൽ നിന്നും പതിനായിരത്തിലേക്കും അവിടെനിന്നുംലക്ഷത്തിലേക്കും കുതിക്കുന്ന അവസരമായിരുന്നു അത്. മരണസംഖ്യ ആയിരങ്ങൾ കഴിഞ്ഞിരുന്നു. നമ്മുടെ രാജ്യം പൂട്ടി വെക്കുവാൻ ഉള്ളതല്ല തുറന്നിടാൻ ഉള്ളതാണ് എന്ന് തന്റെ വാദത്തോട് യോജിപ്പുള്ള നിരവധിപേർ തന്റെ രാജ്യത്ത് ഉണ്ടെന്നും കൂടി യുഎസ് പ്രസിഡൻറ് ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയപ്പോൾ തോറ്റുപോയത് യുഎസ് എന്ന ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾ ആണ്.

സ്വന്തം ജനത മരിച്ചു വീണാലും പ്രശ്നമില്ല രാജ്യത്തിൻറെ വാതിലുകൾ തുറന്നു കിടക്കണമെന്ന് ട്രംപ് ശാഠ്യം പിടിക്കുവാനുള്ള കാരണമെന്താണ്? രാജ്യം പൂട്ടിയിടുവാനുള്ളതല്ല എന്ന വാദത്തോട് യോജിക്കുന്നവർ ആരാണ്? ഈ രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇതാണ്. ട്രംപ് ആത്യന്തികമായി ഒരു ബിസിനസുകാരനാണ്. ട്രംപിനോട് യോജിക്കുന്നവർ ആഗോള വ്യവസായ കുത്തകകളാണ്. ജനങ്ങളുടെ ജീവനേക്കാളേറെ തങ്ങളുടെ ബിസിനസിലെ താൽക്കാലിക ലാഭനഷ്ടങ്ങൾ അനുസൃതമായി അവർ പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നു. കറകളഞ്ഞ ബിസിനസ്സുകാരൻ രാഷ്ട്രീയ നേതാവായപ്പോൾ ഒരു രാജ്യം നേരിട്ട ദുര്യോഗം! അതാണ് അക്ഷരാർത്ഥത്തിൽ യുഎസ് എന്ന സമ്പന്ന രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

യു എസിനകത്തും പുറത്തുമായി നിരവധി നക്ഷത്ര ഹോട്ടലുകളും നക്ഷത്ര റിസോർട്ടുകളും ഗോൾഫ് ക്ലബ്ബുകളും മറ്റു ബിസിനസ്സുകളുമുള്ള ട്രംപിന് വേദന സ്വന്തം രാജ്യത്തിലെ ജനങ്ങൾ മരിച്ചുവീഴുന്നതിലല്ല, താനുൾപ്പെടെയുള്ള വ്യവസായ ലോബികൾ നടത്തുന്ന ഹോട്ടൽ റിസോർട്ട് വ്യാപാരത്തിലെ നഷ്ടങ്ങൾ കൂടുമ്പോൾ മാത്രമാണ് ബിസിനസ്സുകാരനായ പ്രസിഡണ്ടിന് വേദന. തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിൽ പലതും പൂട്ടിക്കിടക്കുന്നു. അവ എത്രയും വേഗം തുറക്കണം. രാജ്യത്തിന് ഒരു കുഴപ്പവുമില്ല എന്ന പ്രതീതി സൃഷ്ടിക്കണം. പകർച്ചവ്യാധി വരുന്നവർ ഒരുഭാഗത്ത് മരിച്ചുവീണാലും തന്നെയും തന്നെപ്പോലുള്ള വ്യവസായ ഭീമൻ മാരുടെയും സാമ്പത്തിക അടിത്തറക്ക് താൽക്കാലികമായി പോലും ഒരു കോട്ടവും സംഭവിക്കുവാൻ പാടില്ല. അതിനായി രാജ്യം മലർക്കെ തുറന്നിടണം. കോവിഡ് രോഗബാധയുള്ളവരെ ആരോഗ്യമുള്ളവർ സംരക്ഷിക്കും. വ്യവസായ ലോബികളെ താനും. രാജ്യത്തിൻറെ വ്യവസായ മേഖലയ്ക്ക് ഒരു പോറൽ പോലും സംഭവിക്കുവാൻ പാടില്ല. കാരണം ആ ‘പോറൽ’ തന്റെയും തന്റെ സ്തുതിപാഠകരുടെയും വ്യവസായ സാമ്രാജ്യത്തിന് ഒരു വലിയ ‘മുറിവ്’ ആയി പരിണമിച്ചേക്കാം.

സ്വന്തം രാജ്യ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ ലോകത്തിൻറെ ഏതു ഭാഗത്തും ആക്രമണങ്ങൾ നടത്താറുള്ള രാജ്യം, തീവ്രവാദികളുടെ ഭീകരാക്രമണങ്ങൾ നിന്നും സ്വന്തം രാജ്യത്തെ പൗരൻമാരുടെ ജീവൻ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാൻ മടിക്കാത്ത രാജ്യം, രാജ്യത്തെ ഓരോ പൗരനും മികച്ച ആരോഗ്യ സാമൂഹിക സുരക്ഷ നൽകുവാൻ യത്‌നിക്കുന്ന രാജ്യം… കാലാകാലങ്ങളായി നിലനിൽക്കുന്ന ഈ വാദങ്ങളൊക്കെ നിരർത്ഥകമാക്കിക്കൊണ്ടുള്ള നിസ്സംഗത നിറഞ്ഞ സമീപനമാണ് നിലവിലെ യു എസ് ഭരണകൂടം പകർച്ചവ്യാധി വ്യാപനത്തിന്റെ ആദ്യ ദിനങ്ങളിൽ പുലർത്തിയത് എന്ന ആരോപണത്തിൽ കഴമ്പുണ്ട് എന്നതിൻറെ സൂചനയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നായ യുഎസിലെ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മരണനിരക്ക്. ഇന്ത്യൻ ഭരണാധികാരി വിവിധ സാംസ്‌കാരിക സാമൂഹിക പശ്ചാത്തലമുള്ള തന്റെ ജനതയെ ഒരുകൊടികീഴിൽ അണിനിരത്തി മഹാമാരിയെ പ്രതിരോധിക്കുമ്പോഴും യൂറോപ്പിലെ ഏറ്റവും സമ്പന്ന രാജ്യമായ ജർമ്മനിയുടെ ഭരണാധിപൻ തങ്ങളുടെ രാജ്യത്തിൻറെ സമ്പത്ത് മുഴുവൻ ഉപയോഗിച്ചാലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും യുഎസ് പ്രസിഡൻറിനു സാമ്പത്തിക നഷ്ടങ്ങളെ ഓർത്തു മാത്രം മാത്രമായിരുന്നു വേവലാതി. ഒപ്പം സ്വന്തം ജനതയെ മറന്നുകൊണ്ട് ലാഭക്കൊതിക്ക്‌ പിന്നാലെയുള്ള പരക്കം പാച്ചിലും കൂടിയായപ്പോൾ യു എസ് മരണം കവർന്നെടുക്കുന്ന ഒരു രാജ്യമായി മാറി.

ലോകജനത അനുദിനം കോവിഡ് ബാധയേറ്റ് മരിച്ചു വീഴുമ്പോൾ ട്രംപ് ജർമ്മൻ മരുന്ന് കമ്പനിയെ സ്വാധീനിച്ചു കോവിഡിന് കണ്ടുപിടിക്കാൻ സാധ്യതയുള്ള പ്രതിരോധ മരുന്നിന്റെ പേറ്റന്റ് തങ്ങൾക്ക് മാത്രമായി തരണമെന്ന് ആവശ്യപ്പെട്ടതായുള്ള വാർത്ത പുറത്തുവിട്ടത് ജർമൻ പത്രമായ വെൽറ്റ്‌ ആം സോൺടാഗ് ആണ്. ഈ വാർത്ത ശരിയാണെന്ന് ജർമനിയുടെ ആരോഗ്യവകുപ്പ് അധികൃതർ റോയിട്ടേഴ്സിനോട് സമ്മതിക്കുകയും ചെയ്തു. ട്രംപ് ഇന്ത്യയോടാവശ്യപ്പെട്ട ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്നിന്റെ പേരിലും ആരോപണമുയർന്നുകഴിഞ്ഞു. ട്രംപുമായി ബന്ധമുള്ള കുത്തകകമ്പിനികൾക്കു ലാഭമുണ്ടാക്കുവാനാണ് ഈ നീക്കത്തിലൂടെ ട്രംപ് ശ്രമിക്കുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ പ്രസിഡന്റുമാർ ജനപക്ഷം നിന്നുകൊണ്ടുള്ള നിലപാടുകൾ എടുക്കാറുള്ള യു എസ്സിലാണ് നിലവിലെ പ്രസിഡന്റിനെതിരെ തുടർച്ചയായ ആരോപണങ്ങൾ ആ രാജ്യത്തിനുള്ളിൽ നിന്നും ഉയർന്നു വരുന്നത്. ലോകം ഒരു വലിയ അതിജീവന പ്രതിസന്ധി നേരിടുമ്പോൾ സ്വന്തം രാജ്യത്തിലെ ഏതോ കുത്തകലോബികൾക്ക് രോഗികളെ ചൂഷണം ചെയ്ത് സഹസ്രകോടികൾ ലാഭമുണ്ടാക്കുന്നതിനുവേണ്ടി പ്രതിരോധ മരുന്നുകളുടെ കുത്തകാവകാശം തട്ടിയെടുക്കാൻ ട്രംപ് ശ്രമം നടത്തുന്നുണ്ടെങ്കിൽ ആ ശ്രമം കറകളഞ്ഞ ഒരു കുത്തകമുതലാളിയുടേതാണ്. ട്രംപിന്റെ ആ ശ്രമത്തിലൂടെ വെളിവാകുന്നതാകട്ടെ ആഗോളകുത്തക ഭീമന്മാരുടെ മുഖം കോവിഡ് എന്ന മഹാമാരിയേക്കാൾ ഭീകരമെന്നുമാണ്.ജനക്ഷേമ തല്പരനായ ഒരു ഭരണാധികാരിക്ക് ഒരിക്കലും ചിന്തിക്കുവാൻ കഴിയാത്ത കാര്യം!

പകർച്ചവ്യാധിയുടെ പ്രതിരോധത്തിനായി സ്വന്തം ജനതയ്ക്ക് പരിമിതമായ ആരോഗ്യ സുരക്ഷപോലും ഒരുക്കുവാൻ കഴിയാത്ത ട്രംപ് ഭരണകൂടമാണ് മരുന്നുകളുടെ കുത്തകാവകാശത്തിനായി കരുക്കൾ നീക്കിയത്. അങ്ങനെ സംഭവിച്ചാൽ ജീവൻരക്ഷാ മരുന്ന് യു എസ് ജനതയ്ക്കുപോലും മിതമായ വിലയ്ക്ക് ലഭിക്കുവാൻ പോകുന്നില്ല. ആഗോള കുത്തകകൾക്ക് സ്വദേശി എന്നോ വിദേശി എന്നോ ഇല്ല. കാശുള്ളവന് ചികിത്സലഭിക്കും. അല്ലാത്തവർ ഊർദ്ധ്വശ്വാസം വലിക്കും. മരുന്ന് കുത്തകകളുടെ ലാഭത്തിന്റെ രഹസ്യവും അതാണ്.

മികച്ച നിരവധി ആശുപത്രികളുള്ള രാജ്യമാണ് യു എസ്‌, അതിൻറെ അവകാശികളാകട്ടെ കൂടുതൽ ലാഭം ആഗ്രഹിക്കുന്ന കുകുത്തകകളാണ്. മികച്ച സേവനത്തിൽ നിന്നും ഭീമമായ ലാഭം എന്നതാണ് അവരുടെ നയം. ഇത് പാവപ്പെട്ട രോഗികളെ ആശുപത്രിയിൽ നിന്നും അകറ്റി നിർത്തുവാൻ നിർബന്ധിതരാക്കുന്നു. ഇൻഷുറൻസ് ഉള്ള രോഗികൾക്ക് മാത്രമാണ് ഈ രാജ്യത്ത് ചികിത്സ. ഇൻഷുറൻസ് ഇല്ലാത്തവർ ആശുപത്രി വരാന്തയിയ്ക്ക് പുറത്തും. ഇതിനൊരു മാറ്റം വരുത്തിയത് ലിബറൽ ചിന്താഗതിക്കാരനായ മുൻ പ്രസിഡണ്ട് ബരാക് ഒബാമയാണ്. ‘ഒബാമകെയർ’ എന്ന പേരിൽ അദ്ദേഹം ഇൻഷുറൻസ് പദ്ധതികൾ ഏർപ്പെടുത്തി. എന്നാൽ ട്രംബ് ഭരണസാരഥ്യം ഏറ്റെടുത്തതോടെ ഈ പദ്ധതി പാഴ്ചെലവ് എന്നുപറഞ്ഞു റദ്ദാക്കി. അതോടെ പാവപ്പെട്ടവന് ആശുപത്രി വീണ്ടും അന്യമായി.കോവിഡ് ചികിത്സയുടെ ചെലവ് യുഎസിലെ 8.5% വരുന്ന ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്ക് താങ്ങാൻ പറ്റാത്ത ഒന്നാണ്. രോഗ വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മരിച്ചവരിലേറെയും സാധാരണക്കാരും പാവപ്പെട്ടവരുമായിരുന്നു എന്ന കാര്യവും ഇവിടെ ശ്രദ്ധേയമാണ്. ഒടുവിൽ പാവപ്പെട്ടവർക്ക് വേണ്ടി സെൻറർ ഫോർ ഡിസീസിനു മുന്നിൽ വാദിച്ചു ഇൻഷുറൻസ് പരിരക്ഷ നേടിക്കൊടുത്തത് ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗം കാറ്റി പോർട്ടർ ആണ്.

രാജ്യം തുറന്നിടണം എന്ന് ട്രംപ് പരസ്യമായി ശഠിക്കുമ്പോൾ ചൈനയും രഹസ്യമായി ഈ ചിന്താഗതി തന്നെയല്ലേ വച്ചുപുലർത്തി രോഗവ്യാപനം ഇത്രയും ഗുരുതരമാക്കിയതെന്ന ചോദ്യവും ഉയർന്നുവരുന്നു. ചൈനീസ് വൈറസ്സാണ് കോവിഡ് എന്ന് പ്രസ്താവിച്ചുകൊണ്ട് ആ ജനതയെ ട്രംപ് വംശീയമായി അധിക്ഷേപിച്ചപ്പോഴും ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളുടെ കോവിഡ് പ്രതിരോധത്തിൽ പോരായ്മകൾ ഉണ്ടെന്ന് പറഞ്ഞു യുഎസ് ഏജൻസികൾ ഇന്ത്യയെ പരസ്യമായി അപമാനിച്ചപ്പോഴും ട്രംപിന്റെ ഭരണകൂടം സ്വന്തം ജനതയുടെ രക്ഷക്കായി എന്തു മുൻകരുതലുകൾ ആണ് എടുത്തത്? ലക്ഷത്തിൽപരം രോഗികളെ ആഴ്ചക്കുള്ളിൽ സൃഷ്ടിച്ച രാജ്യമാണ് യുഎസ്. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ പലതും മികച്ച പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് പിന്നീടുള്ള ആഴ്ചകളിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്ന ആർക്കും മനസ്സിലാകും. ലോകാരോഗ്യസംഘടന പോലും ഇന്ത്യയുടെ പ്രതിരോധ നടപടികളെ അഭിനന്ദിച്ചുകഴിഞ്ഞു. എന്നാൽ കാര്യങ്ങൾ കൈവിട്ടുതുടങ്ങിയതോടെ ട്രംപ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ലോകരാജ്യങ്ങളെ പഴിചാരി സ്വന്തം ജനതയെ കബളിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് നിരപരാധികളെ മരണക്കിണറിലേക്കു തള്ളിവിടുകയാണ് ട്രംപിന്റെ ഭരണകൂടം. ആ ദുരന്ത കാഴ്ചകൾ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. നാളെയോ മറ്റന്നാളോ ആ കാഴ്ച അവസാനിക്കുകയില്ല എന്ന് നാം വേദനയോടെ തിരിച്ചറിയുന്നു. ലോകജനത ഒരു ഭാഗത്തും ജനങ്ങളുടെ ജീവനേക്കാൾ ഉപരി സാമ്പത്തിക മേൽക്കോയ്മയ്ക്കായി ചരടുവലിക്കുന്ന ചില ഭരണാധികാരികൾ മറുഭാഗത്തും നിൽക്കുന്ന കാഴ്ചയാണ് കേന്ദ്രീകൃത ഏകാധിപത്യ രാജ്യമായ ചൈനയിലും സ്വതന്ത്ര ജനാധിപത്യ രാജ്യമായ യു എസിലും ഉൾപ്പെടെ പല രാജ്യങ്ങളിലും കാണുന്നത് എന്നതാണ് മഹാമാരിയുടെ വ്യാപന കാലത്തെ നൊമ്പരപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ വസ്തുത . ജീവനുവേണ്ടി കേണുകൊണ്ട് നിരപരാധികളായ ജനങ്ങൾ മരിച്ചുവീഴുമ്പോൾ അവരുടെ മൃതശരീരങ്ങക്കുമുകളിൽ ദാഷ്ട്യം നിറഞ്ഞ സമ്രാജ്യത്വ സാമ്പത്തിക മേൽക്കോയ്മ കൊടികുത്തി വാഴുന്നതാണ് ഈ കോവിഡ് വ്യാപന കാലം…അത് തന്നെയാണ് പരമമായ സത്യവും …

യുഎസ് ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ പൊതുവായി കാണുന്ന ഒരു ചിന്താഗതിയാണ് ‘ഇതൊന്നും ഞങ്ങളെ ബാധിക്കില്ല’ എന്നുള്ളത്. ലോകം ഒരു ‘വില്ലേജ്’ ആയി ചുരുങ്ങിയ ഈ കാലഘട്ടത്തിൽ മാറ്റി വെക്കേണ്ട ഒരു ചിന്താഗതിയാണിത്. നിലവിലുള്ള ലോകക്രമത്തിൽ മനുഷ്യവംശം നേരിടുന്ന പൊതുവായുള്ള പ്രശ്നങ്ങൾ മനുഷ്യൻ സൃഷ്ടിച്ച സാങ്കല്പികമായ അതിരുകൾക്കുള്ളിൽ നിൽക്കുന്നവയല്ല. വികസിത വികസ്വര രാജ്യങ്ങളെയെല്ലാം അവ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും. നഷ്ടങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നു മാത്രം. അമിതമായ ആത്മവിശ്വാസം വെടിഞ്ഞ് മുൻകരുതൽ എടുക്കുന്നവർ ഒരുപരിധിവരെയെങ്കിലും അതിജീവിക്കും. കാലാവസ്ഥാവ്യതിയാനവും മുൻകാലങ്ങളിലെ സാമ്പത്തിക മാന്ദ്യങ്ങളും മഹാമാരിയുടെ വ്യാപനവും നമുക്ക് നൽകുന്ന സന്ദേശം പ്രതിസന്ധികളിൽ ഒരേ മനസ്സോടെ നിൽക്കാതെ മനുഷ്യവംശത്തിന് നിലനിൽപ്പില്ല എന്നാണ്. സങ്കുചിതമായ രാജ്യ താൽപര്യങ്ങളും വ്യക്തി താൽപര്യങ്ങളും ഒഴിവാക്കി ലോക ജനത നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ ഏകമനസ്സോടെ നേരിടുവാൻ ഏവരും തയ്യാറാകണം വലിയ ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള ശക്തി മനുഷ്യനില്ല. അവിശ്വാസങ്ങൾ വെടിഞ്ഞുള്ള കൂട്ടായ്മയാണ് ഏക പരിഹാരം.

കോവിഡ് മൂന്നാം ലോകരാജ്യങ്ങളെ തകർക്കുമോ? ലോകത്തിനു സാന്ത്വന സ്പർശവുമായി ക്യൂബ (അടുത്ത ഭാഗത്തിൽ)