- dennyvattakunnel
- May 15, 2021
- Uncategorized
വാക്കുകളേക്കാൾ ഏറെ ശക്തി പലപ്പോഴും ചിത്രങ്ങൾക്കാണ്. ലോകത്തെ മാറ്റിമറിച്ച പലസംഭവങ്ങൾക്കും ചിത്രങ്ങൾ കാരണമായിട്ടുണ്ട്. സർഗ്ഗചേതനയുടെ മനസ്സിനുടമകൾ ഒപ്പിയെടുക്കുന്ന നിശ്ചല ചിത്രങ്ങൾ പലപ്പോഴും സമൂഹ മനസ്സാക്ഷിയെ തൊട്ടുണർത്തുകയും, അതിനൊപ്പം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയും, ജന്മസിദ്ധ വാസനയും ഒത്തുചേരുമ്പോൾ രൂപംകൊള്ളുന്ന സൃഷ്ടികൾ സൃഷ്ടിക്കുന്ന തരംഗങ്ങൾ മഹത്തായസൃഷ്ടി നടത്തിയ വ്യക്തിയെത്തന്നെ വേട്ടയാടിയാലോ? തൻറെ ക്യാമറ കണ്ണിലൂടെ ലോകമനസാക്ഷിയുടെ കണ്ണു തുറപ്പിച്ച ശേഷം സമൂഹത്തിൻറെ നിരന്തര പീഡനങ്ങൾ ഏറ്റുവാങ്ങി പൊലിഞ്ഞുപോയ ഒരു ഫോട്ടോഗ്രാഫറുണ്ട്. പേര് കെവിൻ കാർട്ടർ.
1960 സെപ്റ്റംമ്പർ 13 ന് സൗത്ത് ആഫ്രിക്കയിലെ ജോഹാനസ് ബർഗിലായിരുന്നു കെവിൻ കാർട്ടറുടെ ജനനം. ജോഹാനസ് ബർഗിലെ സൺഡേ പത്രത്തിൽ ഫോട്ടോഗ്രാഫർ ആയിരുന്നു കാർട്ടർ. 1993 ൽ സുഡാനിൽ കലാപവും, പട്ടിണിയും, മരണങ്ങളും നടന്നു കൊണ്ടിരുന്ന സമയത്ത് അവിടത്തെ ദൃശ്യങ്ങൾ എടുക്കുവാൻ പുറപ്പെട്ടതായിരുന്നു കെവിൻ കാർട്ടർ. യു. എൻറെ ‘ഓപ്പറേഷൻ സുഡാൻ’ എന്ന സുഡാനിലെ പട്ടിണി പാവങ്ങൾക്കുള്ള ഭക്ഷണ വിതരണ പദ്ധതിയുടെ ഭാഗമായി അവിടെ സഞ്ചരിക്കുവാനും, വാർത്തകൾ ശേഖരിക്കുവാനുമുള്ള അവസരം യു. എൻ. പത്രപ്രവർത്തകർക്കായി ഒരുക്കിയിരുന്നു. സുഡാനിന്റെ ജനങ്ങളുടെ ദുരിതങ്ങൾ കേട്ടറിഞ്ഞിരുന്ന കാർട്ടറും U.N. സംഘത്തോടൊപ്പം ചേർന്നു. ലോകത്തിനു മുന്നിൽ സുഡാനിലെ ജനങ്ങളുടെ ദുരവസ്ഥ വെളിവാക്കിക്കൊടുക്കണം എന്ന ഒറ്റ ലക്ഷ്യത്തോടു കൂടിയുള്ളതായിരുന്നു ആ യാത്ര.
1993 മാർച്ച് 23 – ന് യു. എൻ. സംഘത്തോടൊപ്പം കെവിൻ കാർട്ടർ സുഡാനിലെത്തി. അവിടെ യു.എൻ. ക്യാമ്പിന്റെ സമീപപ്രദേശങ്ങൾ നടന്നു കണ്ട കെവിൻ സുഡാനിലെ ജനങ്ങളുടെ കഷ്ടതകൾ വെളിവാക്കുന്ന നിരവധി ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. പട്ടിണിക്കോലങ്ങളായി ഒരുനേരത്തെ അന്നത്തിനായി മുറവിളികൂട്ടുന്ന നിസ്സഹായരായ ജനങ്ങളുടെ നേർചിത്രങ്ങൾ കണ്ട് മനസ്സുവിങ്ങിയ കെവിൻ ചിത്രമെടുപ്പ് മതിയാക്കി ക്യാമ്പിലേക്ക് തിരികെ നടന്നു. കെവിൻ പ്രതീക്ഷിച്ചതിലുമപ്പുറം ദുരിത പൂർണ്ണമായിരുന്നു അവിടെ കണ്ട കാഴ്ചകൾ.
ക്യാമ്പിലേക്ക് തിരികെ നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടിയുടെ ദയനീയമായ കരച്ചിൽ കാർട്ടർ കേട്ടത്. കാർട്ടർ അവിടേയ്ക്ക് വേഗത്തിൽ ഓടി. കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ഭക്ഷണം കിട്ടാതെ ശുഷ്‌കിച്ച ശരീരവുമായി നിവർന്നിരിക്കുവാൻ കഴിയാതെ മണ്ണിൽ തലയമർത്തി കിടക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെയാണ് കാർട്ടർ അവിടെ കണ്ടത്. ഈ കുട്ടിയുടെ ചിത്രം സുഡാനികളുടെ അവസ്ഥ ലോകത്തിന്റെ മുന്നിലെത്തിക്കുവാൻ പ്രാപ്തമാണെന്ന് മനസ്സിലാക്കിയ കാർട്ടർ പെട്ടെന്ന് ക്യാമറ കയ്യിലെടുത്തു. പെട്ടെന്നായിരുന്നു ഒരു കഴുകൻ കുട്ടിയുടെ സമീപത്ത് പറന്നിറങ്ങിയത്. കഴുകന്റെ കണ്ണിൽ പെടാതെ കാർട്ടർ മാറി നിന്നു. കഴുകൻ ചിറകുവിരിക്കുന്ന ചിത്രത്തിനാണ് സമൂഹമനസ്സാക്ഷിയെ ഉണർത്തുവാൻ കൂടുതൽ പ്രാപ്‌തി എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ഏകദേശം 20 മിനിറ്റുകളോളം കാത്തുനിന്നുവെങ്കിലും കഴുകൻ ചിറകു വിടർത്തിയില്ല. തുടർന്ന് ഏതാനും ഫോട്ടോകൾ എടുത്തശേഷം കഴുകനെ ഓടിക്കുവാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും സമയം അതിക്രമിച്ചു കടന്നിരുന്നു. യു. എൻ. സംഘം ക്യാമ്പിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുവാൻ ഇനി ഏതാനും മിനിറ്റുകളേ ബാക്കിയുള്ളൂ. കാർട്ടർ യു. എൻ. ക്യാമ്പിലോടിയെത്തി. കുട്ടിയുടെ കാര്യം അടിയന്തിരമായി പരിഗണിക്കണമെന്ന് റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനത്താവളത്തിലേയ്ക്ക് യാത്രയായി. ഓൺലൈനിൽ വാങ്ങാൻ ലഭ്യമായ എല്ലാ അഭിരുചിക്കും ബജറ്റിനും അനുയോജ്യമായ വൈവിധ്യമാർന്ന ഓപ്ഷനുകൾ ഉപയോഗിച്ച് ഞങ്ങളുടെ ബ്രൗസ് ചെയ്യുക.
ജോഹാനസ് ബർഗിൽ മടങ്ങിയെത്തിയ കാർട്ടർ ഉടൻതന്നെ താൻ പകർത്തിയ കുട്ടിയുടെ ചിത്രം ന്യൂയോർക്ക് ടൈംസ് പത്രത്തിന് അയച്ചു കൊടുത്തു. ആ ചിത്രം ലോക മനസ്സാക്ഷിയുടെ കണ്ണു തുറപ്പിക്കുമെന്ന് കാർട്ടർക്ക് ഉറപ്പുണ്ടായിരുന്നു. 1993 മാർച്ച് 26 -ലെ പത്രത്തിൽ ആ ചിത്രം പത്രത്തിന്റെ ഒന്നാം പേജിൽ അതീവ പ്രാധാന്യത്തോടെ പുറത്തുവന്നു. തുടർന്ന് നടന്നത് കാർട്ടർ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങൾ ആയിരുന്നു. നിരവധിപേർ പത്ര ഓഫീസിലേക്ക് ഫോൺ ചെയ്തു, നിരവധിപേർ കത്തുകൾ അയച്ചു. രണ്ട് കാര്യങ്ങളേ അവർക്ക് അറിയേണ്ടിയിരു ന്നുള്ളൂ. ആ കുട്ടി ജീവിച്ചിരിപ്പുണ്ടോ? നീചനായ ആ ഫോട്ടോഗ്രാഫർ ഫോട്ടോ പകർത്താൻ നിൽക്കാതെ എന്തുകൊണ്ട് ആ കുട്ടിയെ രക്ഷിച്ചില്ല?
പറന്നിറങ്ങിയ കഴുകന്റെ മനസ്സിനേക്കാൾ വലിയ വേട്ടക്കാരന്റെ മനസ്സാണ് മനുഷ്യനെന്ന് കെവിൻ കാർട്ടറിന് അറിയില്ലായിരുന്നു. സമൂഹത്തിൻറെ ചോദ്യങ്ങൾക്കു മുന്നിൽ മനുഷ്യസ്നേഹിയായ ആ ഫോട്ടോഗ്രാഫർ പകച്ചു നിന്നു. അവർ ചോദിച്ച ചോദ്യങ്ങൾ കാർട്ടർ തന്നോടു തന്നെ ചോദിച്ചു തുടങ്ങി. അതോടെ അയാൾ കടുത്ത മാനസിക സമ്മർദ്ദത്തിനും, കുറ്റബോധത്തിനും, വിഷാദത്തിനും അടിമയായി.
കാർട്ടർ പകർത്തിയ ‘സുഡാനിലെ പെൺകുട്ടി’ എന്ന ഈ ചിത്രത്തെതേടി പത്രപ്രവർത്തകർക്കുള്ള ലോകോത്തര ബഹുമതിയായ പുലിസ്റ്റർ പുരസ്‌കാരം തേടിയെത്തി. അപ്പോഴും അഭിനന്ദനങ്ങളെക്കാളേറെ വിമർശനങ്ങളായിരുന്നു കൂടുതൽ. കാർട്ടർ പകർത്തിയ ചിത്രമാണ് സുഡാനിലെ നരകജീവിതത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവന്നതെന്ന കാര്യം വിമർശകർ ചിന്തിച്ചില്ല. ആ നല്ല മനുഷ്യൻ അവർക്കൊരു വേട്ടമൃഗം മാത്രമായിത്തന്നെ അപ്പോഴും നിലകൊണ്ടു. ഒടുവിൽ തൻറെ മനസ്സറിഞ്ഞ് എല്ലാ പ്രതിസന്ധിയിലും തൻറെ കൂടെനിന്ന പ്രിയസുഹൃത്ത് കെന്നിന്റെ ആകസ്മിക മരണവും വിമർശനങ്ങളും ചേർന്നപ്പോൾ കാർട്ടർക്ക് ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. മാനസിക സമ്മർദ്ദം താങ്ങാവുന്ന തിലുമപ്പുറമായപ്പോൾ കെവിൻ കാർട്ടർ എന്നെന്നേയ്ക്കുമായി ജീവിതത്തിൽ നിന്നും സ്വയം വിടവാങ്ങി. ദൈവത്തിൻറെ കയ്യൊപ്പോടെ കാർട്ടർ പകർത്തിയ ചിത്രം സമൂഹത്തിന്റെ കണ്ണു തുറപ്പിച്ചു. പക്ഷെ സമൂഹം കാർട്ടർക്ക് കൽപ്പിച്ചു നൽകിയത് മരണം എന്ന ദുർവിധിയായിരുന്നു.