മഹാമാരിയുടെ കാലം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പീഡനകാലം കൂടിയാവുകയാണ്. വർണ്ണം, വംശം, ദേശം ഇവയെല്ലാം കോവിഡ് വ്യാപനകാലത്ത് കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണ്. പല രാജ്യങ്ങളിലും വർണ്ണ, വംശ, ദേശ വിവേചനങ്ങൾ കോവിഡ് ചികിത്സയുടെ കാലത്തും പ്രകടമായിക്കഴിഞ്ഞതായി വിവിധ മാധ്യമങ്ങൾ നിത്യേന റിപ്പോർട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇക്കാലത്ത് യുഎസ്സിൽ കറുത്ത വർഗ്ഗക്കാരെ പോലീസ് മൃഗീയമായി കൊല്ലുന്നതും ഏറെ ആശങ്കകൾ ഉളവാക്കുന്നു.

ഇത്തരം അസ്വാഭാവികമായ വിവേചനങ്ങളും അക്രമങ്ങളും ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയർന്നു കേൾക്കുമ്പോഴും, അവയ്‌ക്കെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും ദേശപ്പെരുമയും, വംശപ്പെരുമയും നാമപ്പെരുമയും നഷ്ടപ്പെട്ട ഒരുവിഭാഗം ജനങ്ങൾ കോവിഡ് വ്യാപന ഭീഷണികൾക്കു നടുവിൽ ഓരോ ദിനവും തള്ളിനീക്കുന്നു. ലോകത്താകമാനമായി വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്ന അഭയാർത്ഥി സമൂഹത്തിൻറെ ദുരവസ്ഥ കോവിഡ് വ്യാപന ക്കാലത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്നു എന്നത് ഏറെ വേദനാജനകമായ വസ്തുതയാണ്. ഏകദേശം 7 കോടിയിൽപ്പരം (70 .8 മില്യൺ) ജനങ്ങളാണ് ഇന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള അഭയാർത്ഥി ക്യാമ്പുകളിൽ കോവിഡ് രോഗബാധ ഭീഷണിക്കുനടുവിൽ ജീവിക്കുന്നത്.

താൽക്കാലിക ടെന്റുകളിൽ വർഷങ്ങളായി അന്തിയുറങ്ങുന്ന ഈ വിഭാഗത്തിന് വേണ്ടത്ര ശുദ്ധജലമോ, ഭക്ഷണമോ, ചികിത്സയോ ലഭിക്കുന്നില്ല എന്ന പരാതി കോവിഡ് വ്യാപനക്കാലത്തിനുമുന്നേ ഉള്ളതാണ്. ശുചിത്വമില്ലായ്മയാണ് അഭയാർത്ഥി ക്യാമ്പുകൾ നേരിടുന്ന മറ്റൊരു പ്രശ്‍നം. നാഗരികതയുടെ എല്ലാ സൗഭാഗ്യങ്ങളിലും, സൗകര്യങ്ങളിലും ജീവിച്ചിരുന്ന ജനങ്ങൾ ഓരോ രാജ്യങ്ങളിലും കോവിഡ് വ്യാപിച്ച് മരിച്ചു വീഴുമ്പോൾ ആ സൗകര്യങ്ങൾ പരിമിതമായ തോതിൽപ്പോലും ലഭിക്കാത്ത അഭയാർത്ഥി ക്യാമ്പുകളിലെ ജനതയ്ക്കിടയിൽ കോവിഡ് വ്യാപകമായാലുള്ള അവസ്ഥ എന്തായിരിക്കും? കോവിഡ് വ്യാപനത്തിനുശേഷവും ഈ ക്യാമ്പുകളിലെ പരിതാപകരമായ അവസ്ഥയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭയാർത്ഥി ക്യാമ്പുകളുടെ നിലവിലുള്ള അവസ്ഥ തികച്ചും ആശങ്കാജനകം തന്നെയാണ്.

വംശീയഹത്യയും കലാപവും നിരന്തരമായതിനെ തുടർന്ന് ലക്ഷക്കണക്കിന് അഭയാർത്ഥികളാണ് മ്യാൻമാറിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തെ ഭൂരിപക്ഷ ബുദ്ധമതക്കാരും റോഹിൻഹ്യൻ ജനവിഭാഗങ്ങളും നിരന്തര സംഘർഷങ്ങളിലാണ്. ദിനംപ്രതി ആയിരങ്ങളാണ് കരവഴിയും കടൽവഴിയും മറ്റു രാജ്യങ്ങളിൽ അഭയം തേടുന്നത്. മ്യാൻമാറിൽ നിന്നുമുള്ള റോഹിൻഹ്യൻ അഭയാർത്ഥികൾക്കായി നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ് ബംഗ്ലാദേശിലെ കൊക്സ് ബസാറിലുള്ള ക്യാമ്പ്. ഈ അഭയാർത്ഥി ക്യാമ്പിലാണ് കോവിഡ് ബാധിച്ച ആദ്യത്തെ അഭയാർത്ഥിയെ കണ്ടെത്തിയത്. ‘Doctors Without Borders’ എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ ഈ രോഗിയെ അടിയന്തിരമായി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഏതാനും പേർക്കു കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ അഭയാർത്ഥി ക്യാമ്പുകളിൽ കോവിഡ് വ്യാപിക്കുവാൻ സാധ്യതയുള്ളതായി മനുഷ്യാവകാശ സന്നദ്ധസംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അഭയാർത്ഥി ക്യാമ്പുകളിൽ ജനങ്ങളെ തിങ്ങിപ്പാർപ്പിക്കുന്നതും ശുചിത്വമില്ലായ്മയുമാണ് കോവിഡ് വ്യാപനത്തിന്റെ സാധ്യതയ്ക്കുള്ള കാരണങ്ങളായി ഈ സംഘടനകൾ മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്.

കൊക്സ് ബസാറിലുള്ള അഭയാർത്ഥി ക്യാമ്പിന്റെ സുരക്ഷ കോവിഡ് വ്യാപനത്തിൻറെ തുടക്കത്തിൽ തന്നെ വർദ്ധിപ്പിച്ചതാണ്. എന്നിട്ടും കോവിഡ് സാന്നിധ്യമുണ്ടായത് ബംഗ്ലാദേശ് ഗവർമെന്റിനെ ആശങ്കയി ലാഴ്ത്തിയിട്ടുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററിൽ 40000 മുതൽ 70000 വരെ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പാണിത്. ഇത് കോവിഡ് സാമൂഹിക വ്യാപന സാധ്യത വർദ്ധിപ്പിക്കുമോ എന്ന ഭയം സർക്കാരിനുമുണ്ട്. പല കുടുംബങ്ങളും ചേർന്ന് ഒരു ടോയ്‌ലെറ്റും, കുളിമുറിയും ഉപയോഗിക്കുന്നു. കുടിവെള്ളം പോലും പരസ്പരം കൈമാറുന്നു. ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോൾ കൂടുതൽ സുരക്ഷിതത്വം അടിയന്തിരമായി ആവശ്യമാണെന്ന് ഇന്റർനാഷണൽ റസ്‌ക്യു കമ്മറ്റിയുടെ ബംഗ്ലാദേശ് പ്രതിനിധി മനീഷ് അഗർവാൾ അഭിപ്രായപ്പെടുന്നു. അഭയാർത്ഥി ക്യാമ്പിലെ ബോധവൽക്കരണത്തിലെ പിഴവും ഇന്റർനെറ്റിന്റെ നിയന്ത്രണവും ബോധവൽക്കരണത്തെ പ്രതികൂലമായി ബാധിച്ചു. വ്യാജ വാർത്തകളെ നിയന്ത്രിക്കുവാനാണ് ഇന്റർനെറ്റ് നിരോധിച്ചത്. ഈ ഒരു നടപടി കാരണം ഇന്റർനെറ്റിലൂടെ ലഭിക്കേണ്ട ബോധവൽക്കരണ വിവരങ്ങൾ ക്യാമ്പിൽ ലഭിക്കുന്നില്ല. ലഭ്യമാകുന്ന പരിമിതമായ അറിവുകൾ വച്ചുകൊണ്ടുള്ള ബോധവൽക്കരണം മാത്രമേ സാധ്യമാകുന്നുള്ളൂ. കോവിഡ് എന്ന പകർച്ചവ്യാധി എന്താണെന്നുപോലും നിരക്ഷരരായ അഭയാർത്ഥികളിൽ പലർക്കും അറിയില്ലെന്നും അഗർവാൾ ചൂണ്ടിക്കാട്ടുന്നു. ഏകദേശം പത്തുലക്ഷത്തോളം റോഹിൻഗ്യൻ അഭയാർത്ഥികളാണ് ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പിലുള്ളത്. ഇത്രയധികം അഭയാർത്ഥികൾ വേണ്ടത്ര പ്രാഥമിക സൗകര്യങ്ങൾ പോലും ലഭിക്കാതെ ജീവിക്കുമ്പോൾ കോവിഡ് വ്യാപനത്തിന്റെ സാധ്യതയേറെയാണ് എന്ന വാദത്തെ ഗൗരവപരമായിത്തന്നെ സമീപിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ജനങ്ങളോട് ഭരണാധികാരികൾ സാമൂഹിക അകലം പാലിക്കുവാനും, മാസ്ക് ധരിക്കുവാനും. കൈകൾ ശുദ്ധീകരിക്കുവാനും ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും പല അഭയാർത്ഥി ക്യാമ്പുകളിലും അഭയാർത്ഥികൾക്ക് കൈകൾ ശുദ്ധീകരിക്കുവാനുള്ള അവസരം പോലും ലഭ്യമല്ല. തുർക്കിക്ക് സമീപമുള്ള മോറിയ അഭയാർത്ഥി ക്യാമ്പിൽ നിന്നും വരുന്ന വാർത്തകളും നിരാശാജനകമാണ്. ഈ ക്യാമ്പിലെ അഭയാർത്ഥികൾക്ക് കൈകൾ ശുദ്ധീകരിക്കുവാനുള്ള വെള്ളമോ സോപ്പോ ലഭിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായതോതിൽപോലും ലഭിക്കാത്ത ക്യാമ്പാണിത്. ഈ ക്യാമ്പ് നിർമ്മിച്ചത് 2800 പേർക്കാണ്. എന്നാൽ ഇവിടെ താമസിക്കുന്നതാകട്ടെ 26000 അഭയാർത്ഥികളും! ഈ ഒരു കാരണം കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ അഭയാർത്ഥി ക്യാമ്പായാണ് മോറിയ അഭയാർത്ഥി ക്യാമ്പ് അറിയപ്പെടുന്നത്. മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഈ ക്യാമ്പിലെ അന്തേവാസികളുടെ ദുരവസ്ഥയ്ക്ക് കോവിഡ് വ്യാപനക്കാലത്തുപോലും പരിഹാരമുണ്ടാകുന്നില്ല.ശുദ്ധജലം നാമമാത്രമായിപ്പോലും ലഭിക്കാത്ത മനുഷ്യവാസ ഇടമാണിവിടം. പോഷക സമൃദ്ധമായ ഭക്ഷണം അപൂർവമായി മാത്രം. ആനുപാതിക അടിസ്ഥാനത്തിൽ ടോയ്‌ലറ്റ് സൗകര്യങ്ങളില്ല. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിൽ മണിക്കൂറുകളോളം കാത്തുനിന്നാണ് ഈ ക്യാമ്പിലുള്ളവർ പ്രാഥമിക ആവശ്യ ങ്ങൾ നിർവഹിക്കുന്നത്. ശ്വാസകോശരോഗങ്ങളും ചർമ്മരോഗങ്ങളും ഉൾപ്പെടെയുള്ള രോഗങ്ങൾ ഇവിടെ സർവ്വ സാധാരണമാണ്. ഈ ക്യാമ്പിൽ രോഗബാധയുണ്ടായാലുള്ള സമൂഹവ്യാപനം പ്രവചനാതീതമായിരിക്കുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെടാൻ വിധിക്കപ്പെട്ട ജനതയുടെ നരക ജീവിതങ്ങൾ കോവിഡ് വ്യാപനക്കാലത്ത് കൂടുതൽ ദുഷ്കരമാകുകയാണ് എന്നതാണ് യാഥാർഥ്യം. കോവിഡ് വ്യാപനത്തിനു മുൻപുള്ള കാലങ്ങളിൽപ്പോലും ഇത്തരം ക്യാമ്പുകളിൽ പകർച്ചവ്യാധി സാന്നിധ്യം റിപ്പോർട്ട് ചെയ്യാറുണ്ട്. നാഥനില്ലാത്ത അഭയാർഥികൾക്കു വേണ്ടി പലപ്പോഴും വാദിക്കുക സന്നദ്ധസംഘടനകളും , WHO യും മാത്രമാണ്. മോറിയ ക്യാമ്പ് സന്ദർശിച്ചിട്ടുള്ള മാധ്യമപ്രവർത്തകർ പലപ്പോഴും ഈ ക്യാമ്പിന്റെ ദയനീയ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് കോവിഡ് വ്യാപനമുണ്ടാകുന്നതും സ്ഥിതികൾ കൂടുതൽ സങ്കീർണമാകുന്നതും.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളെല്ലാം സമാനമായ ഭീഷണികൾ ഏറിയും കുറഞ്ഞുമുള്ള തോതിൽ നേരിടുന്നു. ഏതെങ്കിലും ഒരഭയാർത്ഥി ക്യാമ്പിൽ ശക്തമായ സമൂഹവ്യാപനം ഉണ്ടാകുകയാണെങ്കിൽ അത് അഭയാർത്ഥിക്യാമ്പുകളുടെ സമീപ പ്രദേശങ്ങളിലേയ്ക്കും തുടർന്ന് രാജ്യത്തിനുള്ളിലെ മറ്റു മേഖലകളിലേയ്ക്കും വ്യാപിക്കും എന്ന ഭയമാണ് നിരീക്ഷകർക്കുള്ളത്. ഈയൊരു സാഹചര്യത്തിലാണ് കുടിയേറ്റക്കാർക്കും, അഭയാർത്ഥികൾക്കും കൂടുതൽ അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്ന് ലോകാരോഗ്യസംഘടനയും യു.എൻ അഭയാർത്ഥി ഏജൻസിയും അഭിപ്രായപ്പെടുന്നത്. രോഗബാധയിൽ നിന്നും അഭയാർത്ഥികളെ സംരക്ഷിക്കുന്നതിന് രണ്ടു സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ജനറൽ ഡയറക്ടർ ടെഡ്രോസ് അദാനോം ഗെബ്രിയേസ് വാർത്ത മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം വീടുവിട്ട് പലായനം ചെയ്യുവാൻ വിധിക്കപ്പെട്ടവരുടെ സംരക്ഷണമാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. കോവിഡ് വ്യാപനത്തിന്റെ ഈ കാലഘട്ടത്തിൽ കുടിയേറ്റക്കാരോടും അഭയാർത്ഥികളോടുമുള്ള പ്രതിബദ്ധത കൂടുതൽ ശക്തമാക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭയാർത്ഥി സമൂഹത്തിന് കോവിഡ് വ്യാപനക്കാലത്ത് ഏറെ പ്രതീക്ഷ നൽകുന്നതാണ് യു.എൻ സംഘടനകളുടെ പ്രഖ്യാപനമെങ്കിലും അവ പൂർണ്ണമായും നടപ്പിൽ വരുത്തണമെങ്കിൽ ലോകരാജ്യങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ആത്മാർത്ഥമായ സഹകരണം അനിവാര്യമാണ്. ഉർജ്ജസ്വലതയുള്ള ഒരു കൂട്ടായ്‌മ ഇക്കാര്യത്തിൽ രൂപം കൊണ്ടില്ലെങ്കിൽ യുഎന്നിന്റെ ആത്മാർത്ഥമായ പ്രഖ്യാപനം വാക്കുകളിലൊതുക്കേണ്ടിവരും.

ആഭ്യന്തര കലാപം രൂക്ഷമായ പല രാജ്യങ്ങളിലും കോവിഡ് വ്യാപനകാലത്തിനു മുൻപേ ആരോഗ്യ പരിപാലന സംവിധാനം തകിടം മറിഞ്ഞ അവസ്ഥയിലാണ്. ദീർഘനാളുകളായി നീണ്ടുനിൽക്കുന്ന കലാപങ്ങൾ കാരണം പല രാജ്യങ്ങളിലും ആഭ്യന്തരവും ബാഹ്യവുമായ പലായനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന അവസരത്തിലായിരുന്നു കോവിഡ് വ്യാപനം ആരംഭിച്ചത്. സിറിയ തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. വർഷങ്ങളായി ശക്തമായ ആഭ്യന്തര കലാപത്തിനും പലായനത്തിനും ഇരയാണ് ഈ രാജ്യം. ഏകദേശം പൂർണ്ണമായും നിർജ്ജീവമായ ആരോഗ്യപരിപാലന സംവിധാനമാണ് സിറിയയുടെ കലാപസാധിത മേഖലകളിലുള്ളത്. ആറ് ദശലക്ഷത്തിലധികം ആൾക്കാരാണ് ഈ രാജ്യത്തിനകത്തു ആഭ്യന്തര അഭയാർത്ഥികളായി കഴിയുന്നത്. ഇതിൽ 2,90,000 പേർ അഭയാർത്ഥിക്യാമ്പുകളിൽ വസിക്കുന്നവരാണ്. ബാക്കിയുള്ളവർ ഔദ്യോഗിക ക്യാമ്പുകൾക്ക് പുറത്ത് താമസിക്കുന്നവരാണ്. ഈ രണ്ടു വിഭാഗം അഭയാർത്ഥികളുടേയും ജീവിതസാഹചര്യം തികച്ചും പരിതാപകരമാണ്. ക്യാമ്പുകളിൽ വസിക്കുന്നവർക്ക് പരിമിതമായ തോതിലുള്ള സഹായങ്ങളെങ്കിലും കിട്ടുന്നുണ്ടെങ്കിലും മറുവിഭാഗത്തിന് അതുപോലും ലഭിക്കുന്നില്ല. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ തുറന്ന ഭൂപ്രദേശങ്ങളിലും വഴിയോരങ്ങളിലുമാണിവർ അന്തിയുറങ്ങുന്നത്.

ആരോഗ്യമേഖലയിലെ സേവനപ്രവർത്തകരുടെ അഭാവം കോവിഡ് വ്യാപനക്കാലത്ത് സിറിയ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഒൻപതു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തെ തുടർന്ന് സിറിയയിലെ ആരോഗ്യപ്രവർത്തകരിൽ 70% പേരും മറ്റു രാജ്യങ്ങളിൽ അഭയം തേടിക്കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പകുതിക്കു മുകളിൽ മാത്രമേ പരിമിതമായ സൗകര്യങ്ങളോടുകൂടിയെങ്കിലും പ്രവർത്തിക്കുന്നുള്ളൂ. അശുപത്രികളുടെയും അവസ്ഥ സമാനമാണ്. 64% ആശുപത്രികൾ മാത്രമേ കോവിഡ് വ്യാപനക്കാലത്ത് ഭാഗീകമായെങ്കിലും പ്രവർത്തനക്ഷമമായിട്ടുള്ളൂ. വൃത്തിഹീനമായ അഭയാർത്ഥി ക്യാമ്പുകളും പരിമിതമായ പ്രവർത്തന സൗകര്യങ്ങളുമുള്ള ആശുപത്രികളുമായാണ് ഈ രാജ്യം കോവിഡ് വ്യാപനത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സിറിയൻ സർക്കാർ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പൗരാവകാശ സംഘടനകൾ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ഔദ്യോഗിക വിഭാഗം കോവിഡ് വ്യാപനത്തെ കേവലവൽക്കരിച്ചുകാണിക്കുന്നു എന്നാണവരുടെ ആരോപണം. സിറിയൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപകമായും പടർന്നു പിടിക്കുന്നു എന്ന വാർത്തകൾ പുറത്തു വരുമ്പോഴും വ്യാപന സാധ്യത കൂടുതലുണ്ടാകുവാൻ സാധ്യതയുള്ള സിറിയയിൽ കുറഞ്ഞ വ്യാപനതോതാണ് രേഖപ്പെടുത്തുന്നത്. ഇതാണ് സംശയത്തിൻറെ കാരണം.

ആഭ്യന്തര യുദ്ധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന യമൻ സുഡാൻ തുടങ്ങി നിരവധി രാജ്യങ്ങളിലും സമീപ രാജ്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളൊന്നുംതന്നെയില്ലാത്ത അഭയാർത്ഥി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം കോവിഡ് വ്യാപന ഭീഷണിക്ക് മധ്യത്തിലാണ്. എത്രപേർക്ക് ഏതൊക്കെ സമയത്ത് കോവിഡ് വന്നു എന്നും എത്രപേർ മരിച്ചു എന്നും ഔദ്യോഗികമായി സ്ഥിരീകരിക്കുവാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് കോവിഡ് വ്യാപനക്കാലം കടന്നുപോകുന്നത്.

കോവിഡ് വ്യാപനക്കാലത്ത് സംഭവിച്ച ഏറ്റവും ചർച്ച ചെയ്യപ്പെട്ട ദുരന്തങ്ങളിലൊന്നായിരുന്നു മ്യാന്മാറിൽനിന്നും പലായനം ചെയ്ത അഭയാർഥികൾ കടലിൽ ഒറ്റപ്പെട്ട് പട്ടിണി കിടന്ന് മരിച്ച സംഭവം. വർഷങ്ങളായി കലാപം നടക്കുന്ന മ്യാന്മറിൽനിന്നും പ്രാണരക്ഷാർത്ഥം മറ്റേതെങ്കിലും നാട്ടിൽ അഭയം തേടുവാനായി 40-ഓളം രോഹിൻഗ്യകൾ അടങ്ങുന്ന സംഘം ജന്മനാട്ടിൽനിന്നും യാത്ര തിരിക്കുന്നു. മലേഷ്യയിൽ അഭയം തേടുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. കടൽമാർഗ്ഗം ബോട്ടുവഴി മലേഷ്യയ്ക്ക് അഭയാർഥികളെ എത്തിക്കുന്ന സംഘത്തെ അവർ കണ്ടെത്തി. രഹസ്യമായി യാത്ര പ്ലാൻ ചെയ്തു. ഏകദേശം 60 പേർക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ട് ആയിരുന്നു അത്. എന്നാൽ ബോട്ട് നിയന്ത്രിക്കുന്നവർ അതിൽ കയറ്റിയതാവട്ടെ 406 പേരെയും. ഇത്രയും ആൾക്കാരെ വഹിക്കാനുള്ള ശക്തി ആ ബോട്ടിനില്ലായിരുന്നു. ആരും ഇക്കാര്യത്തിൽ പരാതി ഒന്നും പറഞ്ഞില്ല. എത്ര റിസ്കെടുത്തും മലേഷ്യയിൽ അഭയം പ്രാപിക്കുക എന്ന ഒറ്റ ആഗ്രഹമേ അവർക്കുണ്ടായിരുന്നുള്ളൂ. അവരിൽ വൃദ്ധരും, സ്ത്രീകളും, കുട്ടികളും ഉണ്ടായിരുന്നു. പലരും ഉറ്റവരെ നഷ്ടപ്പെട്ടവർ. ചോര വാർന്നുവീണുകൊണ്ടിരിക്കുന്ന ജന്മഭൂമിയിൽനിന്നും എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കുക. അതായിരുന്നു ആ കുഞ്ഞു ബോട്ടിൽ തിങ്ങിനിറഞ്ഞുനിൽക്കുമ്പോൾ അവരുടെ പ്രാർത്ഥന.

പക്ഷെ അവർക്കൊപ്പം നിർഭാഗ്യവുമുണ്ടായിരുന്നു. അവർ യാത്ര തുടങ്ങിയ അവസരത്തിൽ ചൈനയിൽ തുടങ്ങിയ കോവിഡ് മഹാമാരി ലോകം മുഴുവൻ ബാധിച്ചുതുടങ്ങി. പല രാജ്യങ്ങളും രാജ്യാന്തര അതിർത്തികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദിവസങ്ങൾ നീണ്ടുനിന്ന യാത്രയ്ക്കുശേഷം റോഹിൻഗ്യൻ സംഘം മലേഷ്യൻ തീരത്തെത്തി. കോവിഡ് വ്യാപനത്തെപ്പറ്റി അറിയാതിരുന്ന അഭയാർഥികൾ ഏറെ സന്തോഷിച്ചു. തങ്ങൾ മലേഷ്യയുടെ മണ്ണിൽ ഉടൻ ഇറങ്ങുന്നതും സ്വസ്ഥവും ശാന്തവുമായ ദിനങ്ങളാണിനി വരാനിരിക്കുന്നതെന്നും അവർ മനസ്സിൽ സ്വപ്നങ്ങൾ നെയ്തു. പലരും സ്വന്തം രാജ്യത്തെയോർത്ത് ദീർഘനിശ്വാസമെടുത്തു. ചിലർ ആനന്ദനൃത്തം ചവുട്ടി. പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ മലേഷ്യൻ അധികൃതർ അവരെ തീരത്തണയാൻ അനുവദിച്ചില്ല. കോവിഡ് വ്യാപനം അവരുടെ സ്വപ്നങ്ങൾ തകർത്തു. പിന്നെ ഏക പോംവഴി തായ്‌ലൻഡിൽ അഭയം തേടുക എന്നതായിരുന്നു. പക്ഷെ അവിടെയും നിരാശ ആയിരുന്നു ഫലം. കോവിഡ് സുരക്ഷ കാരണം അഭയാർഥികളെ ആ രാജ്യവും തിരിച്ചയച്ചു. പ്രതീക്ഷ നഷ്ടപ്പെട്ട അഭയാർഥികൾ അവിടെനിന്നും തിരിച്ച് ജന്മനാട്ടിലേക്ക് തന്നെ യാത്രയായായി. ആ യാത്രയ്ക്കിടയിൽ ബംഗ്ലാദേശ് അധികൃതർ കടലിൽ നിന്നും അവരെ പിടികൂടി കരയ്‌ക്കെത്തിച്ചു. ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു പിന്നെ ലോകമറിഞ്ഞത്. അഭയാർഥികളിൽ 24 പേർ മരിച്ചിരിക്കുന്നു.

എന്തായിരുന്നു മരണകാരണം? യാത്രയ്ക്കിടയിൽ ജീവൻ തിരിച്ചുകിട്ടിയ ‘അൻവാറുൽ ഇസ്ലാം’ എന്ന അഭയാർഥി ഒരു വാർത്ത ഏജൻസിയോട് പറഞ്ഞത് ഇപ്രകാരമാണ്. “78 ദിവസം നീണ്ടുനിന്ന യാത്രയ്ക്കുള്ള ഭക്ഷണം ഞങ്ങൾ കരുതിയിരുന്നില്ല. മലേഷ്യയിൽ ഇറങ്ങാൻ കഴിയാതായതോടെ ഭക്ഷണവും വെള്ളവും തീർന്നു. ദിവസങ്ങൾ കഴിയവേ വിശപ്പ് വർദ്ധിച്ചു. പലരും ഭക്ഷണം കിട്ടാതെ ബോട്ടിൽ മരിച്ചുവീണു. മരിച്ചവരുടെ ശരീരത്തിന് മുന്നിൽ നിന്നും അവശേഷിച്ചവർ കണ്ണുനീരോടെ പ്രാർത്ഥിക്കും എന്നിട്ട് മൃതദേഹങ്ങൾ കടലിലേയ്ക്ക് വലിച്ചെറിയും. വിശപ്പ് സഹിക്കാനാവാതെ പലരും മാനസികനില തകർന്ന് അക്രമാസക്തരുമായി. ഏറെ ഭയാനകമായിരുന്നു ആ യാത്ര.”

കോവിഡ് വ്യാപനത്തിന് മുൻപും, വ്യാപനക്കാലത്തും, അഭയാർഥിക്യാമ്പുകളിലും, അഭയാർഥിപഥങ്ങളിലും അഭയാർഥികൾ അനുഭവിക്കുന്നത് ദുരിതങ്ങൾ തന്നെയാണ്. അത് നാളെയും അവസാനിക്കുമെന്ന് തോന്നുന്നില്ല. കോവിഡ് ചികിത്സ കാര്യങ്ങളിൽപോലും പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് നൽകുന്ന പരിഗണന അഭയാർഥികൾക്ക് നൽകുന്നില്ല എന്ന ആരോപണം നിരന്തരം ഉയർന്നു കേൾക്കുന്നു. അഭയാർഥികളും മനുഷ്യരാണെന്നും മറ്റുള്ളവർക്ക് നൽകുന്ന പരിഗണന അവർക്കും നൽകുക എന്നത് മാനുഷിക ധർമ്മമാണെന്നുമുള്ള തിരിച്ചറിവ് ഭരണാധികാരികൾ ആർജ്ജിക്കാത്തിടത്തോളം കാലം സൗഭാഗ്യങ്ങളിൽ നിന്ന് നിർഭാഗ്യങ്ങളിലേയ്ക്ക് തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വഴുതിവീണ നിർഭാഗ്യരായ അഭയാർഥിസമൂഹം രണ്ടാംതരം പൗരന്മാരായി തുടരുവാനാണ് സാധ്യത.