പ്രതിസന്ധികളെ അതിജീവനങ്ങളായി പരിവർത്തനപ്പെടുത്തി ജീവിതവിജയം കൈവരിച്ച നിരവധി പേരുണ്ട് നമ്മുടെ മുന്നിൽ. അത്തരത്തിൽ ജീവിതത്തോട് മല്ലടിച്ച് വിജയം കൈവരിച്ച വ്യക്തിയാണ് യുഎസ്ന്റെ പുതിയ പ്രസിഡൻറ് ആകാൻ പോകുന്ന ജോ ബൈഡൻ. യു എസിനെയും ലോകത്തെയും നയിക്കുവാൻ സൗമ്യ ശീലനായ ജോ ബൈഡൻ കച്ചകെട്ടി ഇറങ്ങുമ്പോൾ ലോകം കൂടുതൽ സുരക്ഷിതത്വം ആവാനുള്ള സാധ്യത ഏറെയാണ്.

ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ബൈഡന്റെ പൂർവ്വകാലം . കുട്ടിയായിരുന്നപ്പോൾ സ്കൂളിൽ പോകുവാൻ ഭയന്നിരുന്ന ബൈഡൻ പിൽക്കാലത്ത് മികച്ച പണ്ഡിതനും വാഗ്മിയും ആയി മാറുകയായിരുന്നു .വിക്ക്‌ എന്ന സംസാര വൈകല്യം സ്കൂളിലെ ഏറ്റവും മോശം വിദ്യാർത്ഥി എന്ന ചീത്ത പേരാണ് ബൈഡനു നേടിക്കൊടുത്തത്. വിക്ക് കാരണം സ്കൂളിൽ പോകുവാൻ ബൈഡന് മടിയായിരുന്നു. സഹ വിദ്യാർത്ഥികളുടെ പരിഹാസം കേൾക്കുവാനുള്ള ശക്തി ആ കുഞ്ഞു മനസിന് സ്കൂൾ ജീവിതത്തിൻറെ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. അമ്മയും അധ്യാപകരും നൽകിയ പിന്തുണയാണ് വിക്ക് ഒരു രോഗമല്ലെന്നും കഴിവിലാണ് കാര്യമന്നും കുഞ്ഞുമനസ്സിന് മനസ്സിലായത് . അധ്യാപകരുടെ പ്രോത്സാഹനത്തിൽ വിക്കിനെ അതിജീവിക്കുവാനുള്ള ശ്രമങ്ങൾ ബൈഡൻ ആരംഭിച്ചു. വീട്ടിലെ കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് ബൈഡൻ ഉച്ചത്തിൽ സംസാരിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചു. നിരന്തരമായി നിത്യേന മണിക്കൂറുകളോളം സംസാരം തുടർന്നതോടെ വിക്കിന് വ്യതിയാനം കണ്ടുതുടങ്ങി. തുടർന്ന് വിവിധ വിഷയങ്ങളെ പറ്റി പഠിച്ച പ്രസംഗിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മികച്ച ക്ലാസിക് ആശയങ്ങൾ പഠിച്ചു സ്വന്തം ഭാഷയിൽ സംസാരിച്ചു.സ്കൂളിലെ മികച്ച വിദ്യാർത്ഥിയും വാഗ്ദാനവുമായി ബൈഡൻ മാറുവാൻ പിന്നെ അധികനാൾ വേണ്ടി വന്നില്ല. സമ്പന്ന കുടുംബത്തിലെ അംഗം ആയിരുന്നില്ല ബൈഡൻ . കഠിനാധ്വാനവും നിശ്ചയദാർഢ്യമാണ് ബൈഡൻ എന്ന പ്രതിഭാശാലിയുടെ വളർച്ചയുടെ രഹസ്യം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം യൂണിവേഴ്സിറ്റി ഓഫ് ഡെലാ വെയറിൽ നിന്നും ബിരുദവും സൈറക്കസ് സർവകലാശാലയിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കിയ ശേഷം 1969 അറ്റോർണിയായി ഔദ്യോഗികജീവിതം ആരംഭിച്ചു 1970 മുതൽ ബൈഡൻ പൊതുപ്രവർത്തനരംഗത്ത് ഉണ്ട്. സാധാരണക്കാരുടെയും പാവങ്ങളുടെയും പ്രശ്നങ്ങൾ സ്വന്തം അനുഭവങ്ങളിലൂടെ അറിഞ്ഞ അദ്ദേഹം പൊതു പ്രവർത്തന രംഗത്തെ ജനസേവനത്തിന് ഉള്ള അവസരമായി കണ്ടു 1970 ൽ ന്യൂകാസിൽ കൺട്രി കൗൺസിലിൽ അംഗമായി. 1972 മുതൽ സെനറ്റിൽ അംഗമായി. വിഷയങ്ങൾ ആധികാരികമായി പഠിച്ച ശേഷം സെനറ്റിൽ അവതരിപ്പിക്കുമ്പോൾ ആ വാക്കുകൾ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടയാളങ്ങളുമായി.

2009ലാണ് ജോസഫ് ജോസഫ് റോബിനെറ്റ് ബൈഡൻ എന്ന് പൊതുപ്രവർത്തകന്റെ മികവിന്റെ അംഗീകാരം പുതിയ തലങ്ങളിലേക്ക് ഉയർന്നത്. ഒബാമയ്ക്ക് ഒപ്പം അന്ന് ബൈഡൻ യുഎസിലെ വൈസ് പ്രസിഡണ്ട് ആയി ചുമതലയേറ്റു .സംശുദ്ധ രാഷ്ട്രീയത്തിന് യുഎസ് ജനറൽ നൽകിയ അംഗീകാരമായിരുന്നു അത് .2012 വീണ്ടും വൈസ് പ്രസിഡണ്ടായി.

പൊതു പ്രവർത്തകൻ എന്ന നിലയിൽ യുഎസ് ജനതയുടെ മനസ്സിൽ ചേക്കേറിയപ്പോഴും ബൈഡന്റെ വ്യക്തിജീവിതം ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും മാത്രമായിരുന്നു. സാമ്പത്തിക പരാധീനത എക്കാലവും അലട്ടിയിരുന്നു വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആദ്യ ഭാര്യയുടെയും മകളുടെയും മരണമായിരുന്നു. 1972 ഒരു കാറപകടത്തിൽ ആദ്യ ഭാര്യയും ഒരു വയസ്സുള്ള മകളും മരിച്ചു. ഈ ദുരന്തം അദ്ദേഹത്തെ ഏറെ തളർത്തി .1977-ലാണ് ബൈഡൻ വീണ്ടും വിവാഹിതനാകുന്നത്. അതിൽ ഒരു മകളുണ്ട്. ആദ്യഭാര്യയിൽ മൂന്നു മക്കൾ.

സാധാരണക്കാരിൽ സാധാരണക്കാരനായ വൈസ് പ്രസിഡണ്ടായിരുന്നുബൈഡൻ . വൈസ് പ്രസിഡണ്ട് പദവിയിൽ ഇരിക്കവേ അദ്ദേഹത്തിന്റെ ഒരു മകന് ഗുരുതരമായ അവസ്ഥയിൽ അർബുദം ബാധിച്ചു .ചികിത്സയ്ക്ക് ഭീമമായ ഒരു തുക ആവശ്യമായി വന്നു.തന്റെ പേരിലുള്ള ഇടത്തരം വീട് വിറ്റു ചികിത്സയ്ക്കുള്ള പണം സ്വരൂപിക്കാൻ ബൈഡൻ തീരുമാനിച്ചു. എന്നാൽ ഇക്കാര്യം അറിഞ്ഞ ഒബാമ വീടു വിൽപ്പനയിൽ നിന്നുംഅദ്ദേഹത്തെ പിന്തിരിപ്പിക്കുകയും ചികിത്സക്കായി സഹായം നല്കുകയും ചെയ്തു.

ജോ ബൈഡൻ സാധാരണക്കാരുടെയും പാവങ്ങളുടേയും പ്രസിഡണ്ട് ആയിരിക്കും എന്നാണ് യുഎസ് മാധ്യമങ്ങൾ വിലയിരുത്തുന്നത്. വംശീയ വിദ്വേഷത്തിന് പകരം യുഎസിൽ സാഹോദര്യവും സഹവർത്തിത്വവും തിരിച്ചു വരുന്ന കാലമാണ് വരാൻ പോകുന്നത്. നഷ്ടപ്പെട്ട സമത്വ ബോധത്തിലേക്ക് യുഎസിനെ തിരിച്ചെത്തിക്കുക എന്ന വെല്ലുവിളിയാണ് ബൈഡൻ എന്ന സമത്വവാദിയെ കാത്തിരിക്കുന്നത്.കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കും എന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്നെ ബൈഡൻ വ്യക്തമാക്കിയിരുന്നു. വ്യവസായ ലോബികളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷനേടൽ ആയിരുന്നു യുഎസ് ജനതയ്ക്ക് ഈ തിരഞ്ഞെടുപ്പ് എന്ന് നിസ്സംശയം പറയാം. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സംഘർഷങ്ങൾക്കും സമാധാന പ്രിയനായബൈഡൻ യുഗത്തിൽ അയവുണ്ടാകും . മികച്ച പരിസ്ഥിതി സ്നേഹിയായ ബൈഡന്റെ ഇടപെടലുകൾ കാലാവസ്ഥ ഉച്ചകോടി ഉൾപ്പെടെയുള്ള പരിസ്ഥിതി വേദികളിലും പ്രതിഫലിക്കുമെന്നത് പ്രകൃതിസ്നേഹികൾക്ക് ഏറെ ആശ്വാസം പകരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ ‘കൊടുങ്കാറ്റ്’ ദുർബലമായ ശേഷമുള്ള ശാന്തതയാണ് ഇനി യുഎസിലും ലോകത്തും കാണുക