- dennyvattakunnel
- May 15, 2021
- Uncategorized
വേനലിൽ ചുട്ടുപൊള്ളുന്ന കേരളം കേരളം ആഗോളതാപനത്തിന്റെ ഇരയോ? നിത്യേന നിരവധിപേർക്ക് സൂര്യതാപമേൽക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.തികച്ചും ആശങ്കാജനകമായ ഒരു അവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. കേരളം ആഗോളതാപനത്തിന്റെ ഇരകൾ ആണെന്ന് UN അടുത്തകാലത്ത് മുന്നറിയിപ്പ് നൽകുകയുണ്ടായി. നമ്മുടെ ഭൂമിയെ നമ്മൾ സ്നേഹിക്കുവാൻ പഠിക്കുക. അല്ലെങ്കിൽ ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്നതുപോലെ കേരളം ഒരു മരുഭൂമിയായി മാറുവാൻ അധികനാൾ വേണ്ടിവരില്ല.
ഓർക്കുക:സൂര്യതാപം ഇനിയും വർദ്ധിച്ചാൽ വരുംകാലങ്ങളിൽ കേരളം കൂട്ടമരണങ്ങളുടെ ശവപ്പറമ്പായി മാറും. ഇനിയെങ്കിലും നമുക്ക് കണ്ണ് തുറന്നുകൂടെ ?നമുക്കുവേണ്ടിയും ,നമ്മുടെ ഹരിതഭൂമിക്കുവേണ്ടിയും …
ആഗോളതാപനത്തിൻറെ ഇരകളായി കേരളീയരും മാറിക്കഴിഞ്ഞിരിക്കുന്നു. സൂര്യതാപമേറ്റുള്ള മരണങ്ങൾ കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. മരണ തോത് വരും കാലങ്ങളിൽ കൂടുവാനാണ് സാധ്യത.ആഗോളതാപനം കേരളത്തെ ബാധിച്ചു തുടങ്ങിയതിൻറെ കാരണങ്ങൾ പലതാണ്. കേരളത്തിൻറെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് പ്രധാനമായും പശ്ചിമ ഘട്ട മലനിരകളാണ്. മഴമേഘങ്ങളെ തടഞ്ഞു നിർത്തുന്നതിലും, മഴ പെയ്യിക്കുന്നതിലും ഈ മലനിരകൾക്കുള്ള പങ്ക് വലുതാണ്. കേരളത്തിലെ നദികളുടെ പ്രധാന ജലസ്രോതസ്സാണ് ഈ മലനിരകളിലെ വനസമ്പത്താണ്. ഒന്നര നൂറ്റാണ്ട് മുൻപ് കേരളത്തിൽ 77 ശതമാനവും വനങ്ങളായിരുന്നു. എന്നാൽ മനുഷ്യൻറെ അനിയന്ത്രിതമായ ചൂഷണം നിമിത്തം ഇന്ന് 27 ശതമാനമായി കുറഞ്ഞു കഴിഞ്ഞു. വനങ്ങളുടെ നാശം കേരളത്തിലെ നദികളുടെ നീരൊഴുക്ക് കുറച്ചു.കുളങ്ങളുടെയും തണ്ണീർ തടങ്ങളുടെയും നാശം ഭൂഗർഭജലത്തിന്റെ തോത് കുറയ്ക്കുവാനും ഇടയാക്കി. പാറപൊട്ടിക്കലും, കായലോര കയ്യേറ്റങ്ങളുമെല്ലാം കേരളത്തെ ഇന്ന് കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത് കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളിലേക്കും, കൊടും വരൾച്ചയിലേക്കുമാണ്.
Book: അശാന്തിയുടെ പൂമരം
Publisher: ഗ്രീൻ ബുക്സ്
Author: ഡെന്നി തോമസ് വട്ടക്കുന്നേൽ