- dennyvattakunnel
- May 15, 2021
- Uncategorized
ആസ്ട്രേലിയയിൽ കാട്ടുതീ പടരുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം ആശങ്ക ഉയർത്തേണ്ട വാർത്ത അല്ല അതെന്നു തോന്നാം. മറ്റൊരു ഭൂഖണ്ഡത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയെക്കുറിച്ച് നാം എന്തിന് വ്യാകുലപ്പെടണം അല്ലേ? അന്യൻറെ കൂരയ്ക്ക് തീ പിടിക്കുമ്പോൾ നാം എന്തിന് ഉറങ്ങാതെയിരിക്കണം? സഹാനുഭൂതിയില്ലായ്മയും നാം സുരക്ഷിതരാണെന്ന് അമിതമായ ആത്മവിശ്വാസവുമാണോ നമ്മുടെ ഈ നിസ്സംഗതയ്ക്ക് പിന്നിൽ?
2019 സെപ്റ്റംബറിലാണ് ആസ്ട്രേലിയയിൽ ഏറ്റവും വലിയ കാട്ടുതീ ആരംഭിച്ചത്. സ്വാഭാവികമായും തീ അണയുമെന്ന് അധികൃതർ കരുതി. ആസ്ട്രേലിയൻ പ്രധാന മന്ത്രി ആ അവസരത്തിൽ വിദേശ യാത്രയ്ക്ക് പോകുകയും ചെയ്തു. കാട്ടുതീയുടെ ഗൗരവം ആരും കണക്കിലെടുത്തില്ല. അതിന്റെ അനന്തരഫലം ഏറ്റവും ഭയാനകമായിരുന്നു. നാലുമാസമായി നീണ്ടു നിൽക്കുന്ന കാട്ടുതീയിൽ ഇതുവരെ മരിച്ചത് 23 പേർ ആണ്. നൂറുകണക്കിന് മനുഷ്യർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നിരവധിപ്പേരെ കാണാതെയായി. 1500 -ൽപ്പരം വീടുകൾ കത്തിനശിച്ചു. ഏറ്റവുമധികം ദുരന്തങ്ങൾ ഏറ്റുവാങ്ങിയത് കാട്ടിലെ മൃഗങ്ങളും, ഉരഗങ്ങളും, വൃഷസസ്യലതാദികളുമാണ്.
50 കോടി മൃഗങ്ങളാണ് ഭീകരമായ കാട്ടുതീയിൽ ഇതുവരെ മരിച്ചത്. ആസ്ട്രേലിയയിൽ മാത്രം കണ്ടുവരാറുള്ള കംഗാരു, കോല തുടങ്ങിയ മൃഗങ്ങളും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഉരഗങ്ങളും, സസ്യ വൃക്ഷങ്ങളും ഇക്കൂട്ടത്തിൽപ്പെടും. വ്യക്തമായ കണക്കുകൾ ഭാവിയിൽ പു റത്തു വരുമ്പോൾ ഈ കണക്ക് മേൽപ്പറഞ്ഞതിലും അധികമായിരിക്കും.
ആമസോൺ കാടുകൾ കത്തിയപ്പോൾ 900,000 ഹെക്ടർ വനഭൂമിയാണ് കത്തിയത്. കാലിഫോർണിയയിൽ 800,000 ഹെക്ടറും കത്തിനശിച്ചു. ഈ മൂന്ന് കാടുകളും സസ്യജന്തു സമ്പത്തിന് വൻ നാശനഷ്ടങ്ങളാണ് വരുത്തിയത്. മാത്രവുമല്ല ലോക കാലാവസ്ഥയിൽ വരും കാലയളവിൽ വൻ മാറ്റങ്ങളാണ് ഇവ സൃഷ്ടിക്കുക. അത് ഏത് രൂപത്തിലും ഭാവത്തിലും ആണെന്നത് കാത്തിരുന്ന കാണുകയേ നിവൃത്തിയുള്ളൂ.
അടുത്ത കാലത്തുണ്ടാകുന്ന കാട്ടുതീകളിൽ പലതും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണെന്ന് പറയുന്നുണ്ടെങ്കിലും മനുഷ്യനിർമ്മിതങ്ങളാണ് ഈ തീപിടുത്തങ്ങളെന്നു പരക്കെ ആക്ഷേപമുണ്ട്. ആസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്രതിവർഷം 20,000 മുതൽ 30,000 വരെ കാട്ടുതീകൾ ആ രാജ്യത്ത് ഉണ്ടാകാറുണ്ട്. എന്നാൽ ഇവയിൽ പകുതിയിലധികവും മനുഷ്യൻ സൃഷ്ടിക്കുന്നതാണ്. കാട്ടുതീയെ തുടർന്ന് തീയിട്ടു എന്ന് സംശയിക്കുന്ന നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
വനത്തെ ഗൗരവബോധത്തോടെ സംരക്ഷിക്കാത്തതാണ് പല സ്ഥലങ്ങളിലേയും കാട്ടുതീയുടെ പ്രധാനകാരണം. വികസിത രാജ്യങ്ങളിൽ പോലും സുരക്ഷിത സംരക്ഷണ സംവിധാനങ്ങൾ അപര്യാപ്തമാണ് എന്നാണ് അടുത്തകാലത്തെ സംഭവവികാസങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കാട്ടുതീയെ ഫലപ്രദമായി പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും ഒരു രാജ്യത്തിനും കഴിയുന്നില്ല എന്ന സത്യത്തിലേക്കാണ് നിലവിലെ സംഭവവികാസങ്ങൾ ചൂണ്ടുന്നത്.
ഇനി കേരളത്തിലേക്ക് വരാം. കേരളത്തിൻറെ മൊത്തം വിസ്തൃതിയുടെ 21 ശതമാനത്തിലധികം വനങ്ങളാണ്. ഇതിൻറെ നാലിലൊരുഭാഗം നിത്യഹരിതവനങ്ങളും ആണ്. ലോകത്തിലെ ഏറ്റവും വലിയ വൈവിധ്യമാർന്ന സസ്യസമ്പത്തുള്ള വനഭൂമികളിൽ ഒന്ന് കേരളത്തിലേതാണ്. നമ്മുടെ പരമ്പരാഗത ഔഷധങ്ങളുടെ ഉറവിടം ഈ വനമേഖലയാണ്. സിംഹവാലൻ കുരങ്ങ്, നീല യക്ഷി പക്ഷി, കരിം ചുണ്ടൻ മരംകൊത്തി, നീലഗിരി കാട്ടു പ്രാവ് തുടങ്ങിയ നിരവധി അപൂർവയിനം ജീവജാലങ്ങളും, വൈവിധ്യമാർന്ന ഷഡ്പദങ്ങളും, സസ്തനികളും കൊണ്ട് സമ്പന്നമാണ് കേരളത്തിലെ വനങ്ങൾ. നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതും സാമാന്യം സുഖകരമായ താപനില നമുക്ക് പ്രദാനം ചെയ്യുന്നതും, യഥേഷ്ടം മഴ നൽകുന്നതും ഈ വനഭൂമി നമുക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ ചിലതുമാത്രമാണ്. നിങ്ങൾ ബ്രേസ്ലെറ്റിനായി തിരയുകയാണെങ്കിൽ. ശരീരത്തെ ആലിംഗനം ചെയ്യുന്നത് മുതൽ ഘടനാപരമായത് വരെ, കഫുകൾ മുതൽ ചങ്ങലയും കഫുകളും വരെ ഓരോ രൂപത്തിനും അനുയോജ്യമായ എന്തെങ്കിലും ഉണ്ട്.
കാട്ടുതീ കേരളത്തിലും പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷേ നാമവയെ വേണ്ടവിധത്തിൽ ഗൗരവത്തിൽ എടുക്കാറുണ്ടോ? ഈ കാട്ടു തീകളിൽ ഏതൊക്കെയാണ് മനുഷ്യൻ സൃഷ്ടിച്ചത് എന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? കാട്ടിൽ വീഴുന്ന ഒരു തീപ്പൊരിയിൽ ഒരു രാജ്യം മാത്രമല്ല ഒരു ഭൂഖണ്ഡം തന്നെ അവസാനിച്ചേക്കാം! ആസ്ട്രേലിയ നമുക്ക് പറഞ്ഞു തരുന്ന പാഠം അതാണ്.
ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയപ്പോൾ കാട്ടുതീ നാട്ടുകാരെ ബാധിച്ചു കഴിഞ്ഞിരുന്നു. ആറു സംസ്ഥാനത്തെ ജനങ്ങളെയാണ് കാട്ടുതീ സാരമായി ബാധിച്ചത്. വനമേഖലയിൽ നിന്നും 150 കിലോമീറ്റർ അപ്പുറത്ത് പോലും പുകയും ചൂടും വ്യാപിച്ചു. കാട് നാടിൻറെ കുട ആണെന്ന സത്യം അറിയാതെപോയ ജനതയുടെ ജീവന് വേണ്ടിയുള്ള പരക്കം പാച്ചിൽ കാണുമ്പോഴും നാം ഉൾപ്പെടെ പലരും ഉറങ്ങുകയാണ്.
ആസ്ട്രേലിയയിലെ കാട്ടുതീ ഒരുപരിധിവരെ നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഒരു വലിയ കാട്ടുതീ സംഭവിച്ചാൽ എന്തായിരിക്കും പരിണതഫലം എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വലിയ കാട്ടുതീ ഉണ്ടായാൽ നിയന്ത്രിക്കുവാൻ എന്ത് മുൻകരുതലുകൾ ആണ് നമുക്കുള്ളത്? വനമേഖലയിലെയും, സമീപപ്രദേശങ്ങളിലെയും ജനങ്ങളെ അടിയന്തര സാഹചര്യത്തിൽ എങ്ങനെയാണ് നമ്മൾ രക്ഷിക്കുക? ഒരു അപ്രതീക്ഷിത പ്രളയം ഉണ്ടായപ്പോൾ നമ്മെ രക്ഷിക്കുവാൻ വള്ളവും വള്ളക്കാരായ ദൈവദൂതന്മാരും നമുക്കുണ്ടായിരുന്നു. ഒരു വലിയ കാട്ടുതീ ഉണ്ടായാൽആരാണ് നമ്മെ രക്ഷിക്കുവാൻ വരിക?!
ലോകത്തിൻറെ ഒരുഭാഗത്ത് ഒരു ദുരന്തം ഉണ്ടാകുമ്പോൾ അതിൻറെ കാരണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമാന സാഹചര്യം ഉള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർ ദുരന്തനിവാരണത്തിന് വേണ്ടത്ര മുൻകരുതലുകൾ എടുക്കുക. അന്യൻറ്റെ പുരകത്തുമ്പോൾ എൻറെ പുര മാത്രം കത്തില്ല എന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ ആണ് നമ്മൾ എങ്കിൽ അപ്രതീക്ഷിത ദുരന്തങ്ങളെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുകയേ നിവർത്തിയുള്ളൂ.